Sunday, December 11, 2011

നിലയ്ക്കാത്ത പോരാട്ടത്തിന്റെ ഓര്‍മയുമായി സി എച്ച് മാസ്റ്റര്‍

തൃക്കരിപ്പൂര്‍ : സിപിഐ എം ജില്ലാ സമ്മേളനത്തിന് കാലിക്കടവില്‍ വേദിയായതോടെ അധ്യാപനത്തിലൂടെ കമ്യൂണിസം പ്രചരിപ്പിച്ച പഴയ സമര പോരാളിക്ക് വാര്‍ധക്യത്തിന്റെ അവശതയിലും ആവേശകരമായ ഓര്‍മകളാണ് നിറയുന്നത്. ചന്തേര പടിഞ്ഞാറെക്കരയിലെ സി എച്ച് കേശവന്‍ മാസ്റ്ററാണ് 93ന്റെ നിറവിലും ആവേശം ചോരാതെ മനസ്സുതുറന്നത്.
1943ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കരിവെള്ളൂരിലെ പ്രവര്‍ത്തകനായിരുന്ന മാസ്റ്റര്‍ പിന്നീട് ചന്തേരയിലേക്ക് താമസം മാറി. 48ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കാസര്‍കോട് താലൂക്ക് കമ്മിറ്റിയംഗമായി. കരിന്തളം നെല്ലെടുപ്പ് സമരത്തില്‍ പങ്കാളിയായ മാസ്റ്ററെ 1948ല്‍ ദേശ രക്ഷാ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് 13 മാസം ജയിലിലടച്ചു. കണ്ണൂര്‍ , വെല്ലൂര്‍ , സേലം ജയിലുകളിലായിരുന്നു തടവ്. സ്വാതന്ത്ര്യ സമര സേനാനിയും അധ്യാപക നേതാവുമായ സി എച്ച് ഉപ്പ് സത്യഗ്രഹത്തിലും പങ്കെടുത്തു. കരിവെള്ളൂര്‍ കേസില്‍ 176ാം പ്രതി യാക്കിയതോടെ എംഎസ്പിക്കാരുടെ കണ്ണിലെ കരടായി. കരിവെള്ളൂര്‍ കേസിലെ പ്രതികളില്‍ ജീവിച്ചിരിക്കുന്ന അവസാനത്തെ കണ്ണിയാണ്. വിദ്യാര്‍ഥിയായിരിക്കെ ഹരിജനോദ്ധാരണത്തിന് ഫണ്ട് ശേഖരിക്കാന്‍ പയ്യന്നൂരിലെത്തിയ മഹാത്മാ ഗാന്ധിയെ നേരിട്ട് കാണുകയും കുട്ടികളില്‍നിന്ന് ശേഖരിച്ച 15 രൂപ നേരിട്ട് ഏല്‍പിച്ചതും മറക്കാനാകാത്ത അനുഭവമാണെന്ന് സി എച്ച് മാസ്റ്റര്‍ പറഞ്ഞു. അധ്യാപകനായ വി വി കുഞ്ഞമ്പുവിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഫണ്ട് പിരിവും ഗാന്ധിജിക്ക് കൈമാറലും.

പിലിക്കോട്ടെയും കരിവെള്ളൂരിലെയും യുവാക്കളെ സംഘടിപ്പിച്ച് എ വിയുടെ നേതൃത്വത്തില്‍ ഹിന്ദി പഠിപ്പിക്കുകയും ഇവരെ ഉപയോഗിച്ച് ആദ്യമായി അഭിനവ് ഭാരത് യുവക്സംഘം രൂപീകരിച്ചു. ഉദിനൂര്‍ സെന്‍ട്രല്‍ സ്കൂളിലാണ് അധ്യാപക ജീവിതം ആരംഭിച്ചത്. പിന്നീട് പിലിക്കോട് മാപ്പിള സ്കൂളില്‍ അധ്യാപകനായിരിക്കെ ജന്മിത്തത്തിനെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി സമരം നയിച്ചതിന്റെ പേരില്‍ കമ്യൂണിസം പ്രചരിപ്പിച്ചു എന്നാരോപിച്ച് വീണ്ടും ആറു മാസം ജയിലിലടച്ചു. മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ജോലിയില്‍ പ്രവേശിക്കാനായില്ല. മൂന്നര വര്‍ഷം സ്കൂളിന് പുറത്ത് നില്‍ക്കേണ്ടിവന്നു. ദീര്‍ഘകാലം ദേശാഭിമാനി ഏജന്റായിരുന്ന മാസ്റ്റര്‍ നിരോധിച്ച പത്രം രഹസ്യമായി എത്തിച്ച് കൊടുത്തതിന്റെ പേരില്‍ പൊലീസിന്റെ കൊടിയ മര്‍ദനത്തിനിരയായി. ടി സി നാരായണന്‍ നമ്പ്യാര്‍ , പരിയാരം കൃഷ്ണന്‍ നമ്പ്യാര്‍ , പി ആര്‍ നമ്പ്യാര്‍ എന്നിവര്‍ സഹപ്രവര്‍ത്തകരായിരുന്നു. പിലിക്കോട് പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാണിയാട്ട് സര്‍വീസ് സഹകരണബാങ്ക് സ്ഥാപക അംഗമാണ്.
(പി മഷൂദ്)

deshabhimani 111211

1 comment:

  1. സിപിഐ എം ജില്ലാ സമ്മേളനത്തിന് കാലിക്കടവില്‍ വേദിയായതോടെ അധ്യാപനത്തിലൂടെ കമ്യൂണിസം പ്രചരിപ്പിച്ച പഴയ സമര പോരാളിക്ക് വാര്‍ധക്യത്തിന്റെ അവശതയിലും ആവേശകരമായ ഓര്‍മകളാണ് നിറയുന്നത്. ചന്തേര പടിഞ്ഞാറെക്കരയിലെ സി എച്ച് കേശവന്‍ മാസ്റ്ററാണ് 93ന്റെ നിറവിലും ആവേശം ചോരാതെ മനസ്സുതുറന്നത്.

    ReplyDelete