Sunday, December 11, 2011

റിലയന്‍സ് മെട്രോയെ ഡല്‍ഹി മെട്രോ ഏറ്റെടുക്കുന്നു

ഡല്‍ഹി മെട്രോയോടനുബന്ധിച്ച് ഇന്ദിര ഗാന്ധി വിമാനത്താവളത്തിലേക്ക് തുടങ്ങിയ റിലയന്‍സ് മെട്രോ ഡല്‍ഹി മെട്രോ റെയില്‍കോര്‍പറേഷന്‍ (ഡിഎംആര്‍സി) ഏറ്റെടുക്കുന്നു. പൊതുമേഖലയിലുള്ള ഡിഎംആര്‍സി ട്രെയിനുകള്‍ പുലര്‍ത്തുന്ന കാര്യക്ഷമത റിലയന്‍സ് മെട്രോക്കില്ലാത്തതും യാത്രനിരക്ക് കൂടുതലായതും കാരണമാണ് ഈ നടപടി. ഭാവിയില്‍ സ്വകാര്യപങ്കാളിത്തം വേണ്ടെന്നും ഇതോടെ ഡല്‍ഹി മെട്രോ കോര്‍പറേഷന്‍ തീരുമാനിച്ചു. കാര്യക്ഷമതയുടെ പേരില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന കേന്ദ്രസര്‍ക്കാരിന്റെ നയത്തിന് ശക്തമായ മറുപടിയാണിത്.

ന്യൂഡല്‍ഹി സ്റ്റേഷന്‍മുതല്‍ വിമാനത്താവളംവരെയാണ് റിലയന്‍സ് മെട്രോ സര്‍വീസ് നടത്തുന്നത്. ബാക്കി ഡിഎംആര്‍സി വകയാണ്. സര്‍വീസ് റിലയന്‍സ് ഏറ്റെടുത്തപ്പോള്‍ ഉറപ്പു നല്‍കിയ സേവനങ്ങളോ ആധുനീകരണമോ നടത്തില്ല എന്നതാണ് പ്രധാന ആക്ഷേപം. വേഗം, ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം തുടങ്ങി വിവിധ മേഖലകളില്‍ നാലുമാസത്തിനിടെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ലാഭംമാത്രം നോക്കി സര്‍വീസ് നടത്തുന്നതിനാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടെന്നും പരാതിയുണ്ട്. ഉയര്‍ന്ന നിരക്ക് നല്‍കാന്‍ തയ്യാറായിട്ടും യാത്രക്കാര്‍ വിമാനത്താവളത്തിലും മറ്റു സ്റ്റേഷനുകളിലും കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ ഡിഎംആര്‍സി നടത്തിയ ആദ്യ പരീക്ഷണംതന്നെ തൃപ്തികരമല്ല. ഡിഎംആര്‍സി നയിക്കുന്ന ഇ ശ്രീധരനാണ് റിലയന്‍സ് മെട്രോ പ്രകടനത്തിലുള്ള അതൃപ്തി അറിയിച്ചത്. താമസിയാതെ അത് ഏറ്റെടുക്കുന്നതാണ് നല്ലതെന്ന സന്ദേശവും അദ്ദേഹം നല്‍കി.

നിശ്ചയിച്ച സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നത് റിലയന്‍സ് മെട്രോയുടെ താളം തെറ്റിച്ചിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങുമ്പോഴേക്കും ട്രെയിന്‍ ഓടണമെന്നായിരുന്നു കരാര്‍ . എന്നാല്‍ , ഗെയിംസ് കഴിഞ്ഞ് അഞ്ചു മാസത്തിനുശേഷമാണ് ഓടിത്തുടങ്ങിയത്. തുടങ്ങിയ സമയത്താകട്ടെ അവര്‍ ഉറപ്പു നല്‍കിയ 120 കിലോമീറ്റര്‍ വേഗം പ്രാവര്‍ത്തികമാക്കാനും കഴിഞ്ഞില്ല. വിമാനസമാനമായ ഇരിപ്പിട സൗകര്യങ്ങളും അതിവേഗവുമാണ് എയര്‍പോര്‍ട്ട് മെട്രോയെ വ്യത്യസ്തമാക്കുമെന്ന് പറഞ്ഞിരുന്നത്.

കൊച്ചിമെട്രോ തലവനാകില്ല: ഇ ശ്രീധരന്‍

ന്യൂഡല്‍ഹി: കൊച്ചിമെട്രോയുടെ തലവനാകുമെന്ന വാര്‍ത്ത ഡല്‍ഹി മെട്രോ മേധാവി ഇ ശ്രീധരന്‍ നിഷേധിച്ചു. 31ന് ഡല്‍ഹി മെട്രോ എംഡി സ്ഥാനത്ത്നിന്ന് വിരമിക്കാനിരിക്കെ കൊച്ചിമെട്രോയുടെ തലപ്പത്തേക്ക് അദ്ദേഹമെത്തുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഡല്‍ഹിമെട്രോ കോര്‍പ്പറേഷനായിരിക്കും കൊച്ചി മെട്രോയുടെ നിര്‍മ്മാണച്ചുമതലയെന്നും ഡല്‍ഹിയിലിരുന്ന് കൊച്ചി മെട്രോ പദ്ധതിയില്‍ പങ്കാളിയാവുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

deshabhimani 111211

1 comment:

  1. ഡല്‍ഹി മെട്രോയോടനുബന്ധിച്ച് ഇന്ദിര ഗാന്ധി വിമാനത്താവളത്തിലേക്ക് തുടങ്ങിയ റിലയന്‍സ് മെട്രോ ഡല്‍ഹി മെട്രോ റെയില്‍കോര്‍പറേഷന്‍ (ഡിഎംആര്‍സി) ഏറ്റെടുക്കുന്നു. പൊതുമേഖലയിലുള്ള ഡിഎംആര്‍സി ട്രെയിനുകള്‍ പുലര്‍ത്തുന്ന കാര്യക്ഷമത റിലയന്‍സ് മെട്രോക്കില്ലാത്തതും യാത്രനിരക്ക് കൂടുതലായതും കാരണമാണ് ഈ നടപടി. ഭാവിയില്‍ സ്വകാര്യപങ്കാളിത്തം വേണ്ടെന്നും ഇതോടെ ഡല്‍ഹി മെട്രോ കോര്‍പറേഷന്‍ തീരുമാനിച്ചു. കാര്യക്ഷമതയുടെ പേരില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന കേന്ദ്രസര്‍ക്കാരിന്റെ നയത്തിന് ശക്തമായ മറുപടിയാണിത്.

    ReplyDelete