ജനങ്ങളെ വലച്ച് ജനസമ്പര്‍ക്കം
പാലക്കാട്: ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ , വര്‍ഷങ്ങളായി ശരീരം തളര്‍ന്ന് കിടക്കുന്നവര്‍ , കണ്ണുകാണാത്തവര്‍ , വികലാംഗര്‍ തുടങ്ങി പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത ആയിരക്കണക്കിന് ആളുകളെയാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് കൊണ്ടുവന്നത്. ജീവിതത്തില്‍ ഇന്നുവരെ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്തവരെപോലും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ജനസമ്പര്‍ക്കപന്തലിലെത്തിച്ചിരുന്നു. അപൂര്‍വരോഗത്തിന് അടിമയായി ബുദ്ധിമാന്ദ്യം ബാധിച്ച ചെര്‍പ്പുളശേരി കൈലാസില്‍ അനൂപിനെ (25) ആദ്യമായിട്ട് പുറംലോകത്ത് എത്തിച്ചത് ചില കോണ്‍ഗ്രസുകാരുടെ പിടിവാശിയാണ്. അതുപോലെ നെന്മാറ വല്ലങ്ങി ശിവക്ഷേത്രത്തിലെ ശാന്തിക്കാരന്‍ ഹരിദേവന്‍ നമ്പൂതിരിയുടെയും ശ്യാമളയുടെയും പുത്രന്‍ ഉണ്ണികൃഷ്ണന്‍(18) ജന്മനാ വികലാംഗനാണ്. കോട്ടായി കുടക്കാട് അസീസ് - ഐഷാബി ദമ്പതികളുടെ മകന്‍ അസ്ഹര്‍ (17) നാല് വയസ്സുമുതല്‍ തളര്‍ന്ന് കിടപ്പാണ്. ജന്മനാ വികലാംഗരായ സമീറയേയും (26), സെമീമയേയും (16) കൊണ്ടാണ് തിരുവേഗപ്പുറ ആനമൂളി പറമ്പില്‍ മുഹമ്മദലി- റംല ദമ്പതികള്‍ എത്തിയത്. ഹൃദ്രോഗിയായ പറളി സ്വദേശി ചന്ദ്രന്‍ വൈകിട്ട്നാലുവരെ കാത്ത് കിടന്നിട്ടും മുഖ്യമന്ത്രി കാണാന്‍ വരാത്തതിനാല്‍ മടങ്ങിപ്പോയി- ഇത്തരത്തില്‍ എത്ര കഠിനഹൃദയനെയും കണ്ണീരണിയിപ്പിക്കുന്ന കാഴ്ചകളായിരുന്നു ജനസമ്പര്‍ക്ക പരിപാടിയില്‍ നിറയെ.
ഉദ്യോഗസ്ഥരുടെയും പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പിടിവാശി കാരണമാണ് പലരും ഇവിടെ എത്തിയത്. രോഗിയെ നേരിട്ട് ഹാജരാക്കിയില്ലെങ്കില്‍ അഞ്ചുപൈസയുടെ ധനസഹായം പ്രതീക്ഷിക്കേണ്ടെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞു. അതുപോലെ ഇവരെ നേരിട്ട് കണ്ടാലെ മുഖ്യമന്ത്രിക്ക് കാര്യങ്ങള്‍ ബോധ്യമാകുകയുള്ളുവെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും വാശിപിടിച്ചു. തുടര്‍ന്നാണ് അട്ടപ്പാടിയില്‍നിന്നും ചെര്‍പ്പുളശേരിയില്‍നിന്നും ഒറ്റപ്പാലത്തുനിന്നുമെല്ലാം രോഗികളുമായി ബന്ധുക്കള്‍ എത്തിയത്. ആംബുലന്‍സിലും ഓട്ടോറിക്ഷയിലും ജീപ്പിലുമൊക്കെ എത്തിയ ഇവര്‍ രാവിലെ ഏഴുമുതല്‍ വിക്ടോറിയ കോളേജ് മൈതാനത്ത് കാത്തുകിടന്നു. പകല്‍10.30 ഓടെ മുഖ്യമന്ത്രി ഇവരെ നേരില്‍കാണാനെത്തി. അതുകൊണ്ട് പലര്‍ക്കും ഉച്ചയോടെ മടങ്ങാന്‍ കഴിഞ്ഞു. എന്നാല്‍ ഭൂരിഭാഗംപേരും ഉച്ചക്കുശേഷവും കാത്തുകിടന്നു. രോഗികളെ കൊണ്ടുവന്ന ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ വാടക (വെയിറ്റിങ് ചാര്‍ജ് ഉള്‍പ്പെടെ) നല്‍കേണ്ട ബാധ്യത ബന്ധുക്കള്‍ക്കാണ്.
വാഗ്ദാനങ്ങള്‍ നല്‍കി തങ്ങളെ കൊണ്ടുവന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അന്വേഷിച്ച് പലരും മൈതാനത്ത് അലയുന്നുണ്ടായിരുന്നു. പരാതി നല്‍കാന്‍വേണ്ടി പൊരിവെയിലത്ത് കാത്തുനിന്ന് പലരും തളര്‍ന്ന് വീണു. ഭക്ഷണം പൊലീസുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രം. ഇവരുടെ ഭക്ഷണശാലയില്‍നിന്ന് എന്തെങ്കിലും കിട്ടുമോ എന്നറിയാന്‍ എത്തിയവര്‍ക്ക് തനി പൊലീസ് മുറയിലുള്ള "ആട്ട്" കേട്ട് മടങ്ങേണ്ടിവന്നു. "മുഖ്യമന്ത്രി പരാതി സ്വീകരിച്ച രോഗികളെ വേദിക്ക് സമീപം കിടത്തിയിരിക്കുന്നത് അസൗകര്യമുണ്ടാക്കുന്നു. ദയവായി വളണ്ടിയര്‍മാര്‍ ഇവരെ പുറത്താക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം" എന്ന് പലതവണ സംഘാടകര്‍ വിളിച്ചുപറയുന്നതും കേള്‍ക്കാം. "അടിപ്പെരണ്ടയില്‍ നിന്നുകൊണ്ടുവന്ന വേലന്റെ മകന്‍ ഭാസ്കരനെ മുഖ്യമന്ത്രിയെ കാണിക്കാനായി വളണ്ടിയര്‍മാര്‍ വീല്‍ചെയറില്‍ കൊണ്ടുപോയതാണ്. ഇതുവരെയും തിരിച്ചെത്തിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഭാര്യ ഇവിടെ കാത്ത് നില്‍ക്കുകയാണ്".. എന്ന അനൗണ്‍സ്മെന്റ് മുഴങ്ങിയപ്പോള്‍ ആര്‍ക്കും ചിരിക്കാന്‍ കഴിഞ്ഞില്ല. "എന്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇത്രയും ക്രൂരത കാണിക്കുന്നു" എന്ന ചോദ്യമാണ് പലരും ഉന്നയിച്ചത്.
ജനസമ്പര്‍ക്കപരിപാടിയില്‍ നേരത്തെ പരാതി നല്‍കിയ പലര്‍ക്കും ലഭിച്ചത്" താങ്കളുടെ പരാതി പരിഗണനക്കായി അയച്ചിരിക്കുന്നു" എന്ന പതിവ് ഉദ്യോഗസ്ഥതല മറുപടിയാണ്. ഈ മറുപടിക്കായി മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ടിവന്ന നിരവധി പേരെ കാണാമായിരുന്നു. തീരെ അവശരായവര്‍ക്ക് ചില സാമ്പത്തിക സഹായങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്നാല്‍ ഈ സഹായങ്ങള്‍ അവര്‍ക്ക് വീടുകളില്‍ എത്തിച്ച്നല്‍കേണ്ടതായിരുന്നുവെന്ന് സഹായത്തിനെത്തിയവരെ കണ്ടാല്‍ ആര്‍ക്കും തോന്നിപോവും.
(വി എസ് വിഷ്ണുപ്രസാദ്)
അരക്കോടിയുടെ ഇവന്റ് മാനേജ്മെന്റ് മാമാങ്കം
പാലക്കാട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് കൊഴുപ്പേകിയത് ഇവന്റ്മാനേജ്മെന്റ് സംഘങ്ങളുടെ ഇടപെടല്‍ . വന്‍കിട വ്യാപാരസ്ഥാപനങ്ങളുടെ പരിപാടികളും താരവിവാഹങ്ങളും മെഗാഷോകളും ഉള്‍പ്പെടെ ഏറ്റെടുത്ത് നടത്തുന്ന ഇവന്റ് മാനേജ്മെന്റ് സംഘങ്ങളാണ് ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിയും ഉഷാറാക്കിയത്. അരക്കോടി രൂപയാണ് പരിപാടിയുടെ ചെലവ് കണക്കാക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കാണ് പരിപാടിയുടെ നടത്തിപ്പ്ചുമതല നല്‍കിയിരുന്നത്. വകുപ്പ് തലവന്മാര്‍ ചുമതല ഇവന്റ് മാനേജ്മെന്റ് സംഘങ്ങള്‍ക്ക് ടെന്‍ഡര്‍ നല്‍കി.
മെഗാഷോകള്‍ക്ക് സജ്ജീകരിക്കുന്നത് പോലുള്ള പ്രൗഢഗംഭീരമായ വേദിയാണ് വിക്ടോറിയ കോളേജ് മൈതാനത്ത് ഒരുക്കിയത്. ശീതീകരണ സംവിധാനങ്ങളും തത്സമയദൃശ്യ സംവിധാനങ്ങളും ഇവര്‍ ഒരുക്കി. ഒരാഴ്ച മുമ്പുതന്നെ വിക്ടോറിയ കോളേജ് ഗ്രൗണ്ടില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടി കഴിഞ്ഞതവണ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചത് സിവില്‍സ്റ്റേഷനിലായിരുന്നു. എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോ ള്‍ സ്കൂളുകളിലാണ് ജനസമ്പര്‍ക്ക പരിപാടി നടത്തിയത്. പൊതുഖജനാവില്‍നിന്ന് ലക്ഷങ്ങള്‍പൊടിച്ച് സ്വകാര്യ ഇവന്റ്മാനേജ്മെന്റ് കമ്പനികളെ സഹായിക്കുന്ന പരിപാടിക്കെതിരെ തുടക്കം മുതല്‍ ആക്ഷേപം ഉയര്‍ന്നിരുന്നു.
അഴിമതി അന്വേഷിക്കണം: ഡിവൈഎഫ്ഐ
പാലക്കാട്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ പേരില്‍ നടന്ന ധൂര്‍ത്തും ഫണ്ട് വെട്ടിപ്പും അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. പാലക്കാട് നടന്ന ജനസമ്പര്‍ക്ക പരിപാടിക്ക് പന്തലും സ്റ്റേജിനും മാത്രമായി ഒരു കോടിരൂപയിലധികമാണ് ചെലവായിരിക്കുന്നത്. ഈ ചെലവുകള്‍ ഒരുതരത്തിലുള്ള ഓഡിറ്റിങ്ങിനും വിധേയമാക്കുന്നില്ല. പരാതി നല്‍കാന്‍ വരുന്നവര്‍ക്ക് ഭക്ഷണം കൊടുക്കാനെന്നപേരില്‍ വ്യാപക പിരിവ് നടത്തിയിട്ടുണ്ട്. എന്നാല്‍ നിരവധി പേര്‍ ഭക്ഷണംകിട്ടാതെ തളര്‍ന്നുവീണ കാഴ്ചയാണുണ്ടായത്. കഴിഞ്ഞ ഒരുമാസമായി സര്‍ക്കാര്‍ ഓഫീസുകളില്‍ അപേക്ഷസ്വീകരിക്കല്‍ മാത്രമാണ് നടന്നത്. താഴെതലങ്ങളില്‍ തീര്‍പ്പാക്കേണ്ട ഫയലുകള്‍ പോലും തീര്‍പ്പാക്കിയില്ല. നാമമാത്രമായ ചികിത്സാധനസഹായ വിതരണം മാത്രമാണ് നടന്നത്. തുടര്‍ നടപടിക്ക് വിധേയമായ അപേക്ഷകളും തീര്‍പ്പാക്കിയതായി വാര്‍ത്തനല്‍കി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണം. അഴിമതി അന്വേഷിക്കുകയും വേണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
പരാതികള്‍ കാണാനില്ല
പാലക്കാട്: ജനസമ്പര്‍ക്ക പരിപാടിയില്‍ ഒരുമാസം മുമ്പ് നല്‍കിയ പല പരാതികളും കാണാനില്ല. വിവിധ വകുപ്പുകളില്‍ നിന്നും ഫയല്‍നമ്പര്‍ ഇട്ട് നല്‍കിയ പരാതികളാണ് കാണാതായത്. ടോക്കണ്‍ എടുത്ത് ജനങ്ങള്‍ കൗണ്ടറുകളില്‍ എത്തിയപ്പോഴാണ് പരാതികള്‍ കാണാതായ വിവരം അറിയിച്ചത്. സര്‍വേയര്‍ ഗ്രേഡ്-രണ്ട് തസ്തികയിലേക്ക് അപേക്ഷിച്ച് പിഎസ്സി ലിസ്റ്റില്‍ ഉള്‍പ്പെട്ട സംസ്ഥാനത്തെ 1874 ഉദ്യോഗാര്‍ഥികളുടെ പരാതിയാണ് കാണാതായവയില്‍ പ്രധാനം. ഉദ്യോഗാര്‍ഥികളെ പ്രതിനിധീകരിച്ച് മാങ്കാവ് ന്യൂകോളനിയില്‍ മണികണ്ഠന്‍ നവംബര്‍ 14ന് പരാതി നല്‍കി. 1027 എന്ന നമ്പറില്‍ പരാതി ഫയലില്‍ സ്വീകരിച്ചു. എന്നാല്‍ വ്യാഴാഴ്ച ജനസമ്പര്‍ക്ക പരിപാടിക്കെത്തിയപ്പോള്‍ പരാതി കാണാനില്ല എന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഉദ്യോഗസ്ഥര്‍ഇക്കാര്യം രേഖാമൂലം എഴുതി നല്‍കിയിട്ടുണ്ട്.
deshabhimani 091211
വാഗ്ദാനങ്ങള്‍ നല്‍കി തങ്ങളെ കൊണ്ടുവന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അന്വേഷിച്ച് പലരും മൈതാനത്ത് അലയുന്നുണ്ടായിരുന്നു. പരാതി നല്‍കാന്‍വേണ്ടി പൊരിവെയിലത്ത് കാത്തുനിന്ന് പലരും തളര്‍ന്ന് വീണു. ഭക്ഷണം പൊലീസുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രം. ഇവരുടെ ഭക്ഷണശാലയില്‍നിന്ന് എന്തെങ്കിലും കിട്ടുമോ എന്നറിയാന്‍ എത്തിയവര്‍ക്ക് തനി പൊലീസ് മുറയിലുള്ള "ആട്ട്" കേട്ട് മടങ്ങേണ്ടിവന്നു. "മുഖ്യമന്ത്രി പരാതി സ്വീകരിച്ച രോഗികളെ വേദിക്ക് സമീപം കിടത്തിയിരിക്കുന്നത് അസൗകര്യമുണ്ടാക്കുന്നു. ദയവായി വളണ്ടിയര്‍മാര്‍ ഇവരെ പുറത്താക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം" എന്ന് പലതവണ സംഘാടകര്‍ വിളിച്ചുപറയുന്നതും കേള്‍ക്കാം.
ReplyDelete