Friday, December 9, 2011

വൈ ദിസ് കൊലവെറി

ഇരിങ്ങാലക്കുട: സംസ്കൃതോത്സവ വേദിയിലെ നാടക മത്സരവേദിയിലെത്തിയാല്‍ മനസ്സില്‍ വരിക യൂട്യൂബില്‍ ഹിറ്റായ ധനുഷിന്റെ പാട്ടാണ്. വൈ ദിസ് കൊലവെറി ഡീ. സംസ്കൃതോത്സവത്തോട് സംഘാടകര്‍ കാണിക്കുന്ന അവഗണന ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിലെ ഗ്രൗണ്ടില്‍ തയ്യാറാക്കിയ വേദിയില്‍ എത്തുന്നവര്‍ക്ക് ബോധ്യമാകും. ഉദ്ഘാടന ദിനത്തില്‍ നാടക മത്സരങ്ങള്‍ രാവിലെ ഒമ്പതിന് ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നുവെങ്കിലും രണ്ട് മണിക്കൂറോളം വൈകിയാണ്് തുടങ്ങിയത്. വേദിയിലെത്തിയ ചുരുക്കം പ്രേക്ഷകര്‍ക്ക് വെയില്‍ കൊള്ളാതെ ഇരിക്കാനുള്ള പന്തല്‍ പോലും സംഘാടകര്‍ ഒരുക്കിയിരുന്നില്ല. സ്റ്റേജിന് മുന്നില്‍ ഷാമിയാന പന്തലില്‍ പത്തോളം പ്ലാസ്റ്റിക് കസേരകള്‍ മാത്രം.

വെള്ളം, വെളിച്ചം, മൈക്ക് ഒന്നുമില്ല; മേള പാളി

ഇരിങ്ങാലക്കുട: ഇതെന്തൊരു കലോല്‍സവം. വെള്ളമില്ല, വെളിച്ചമില്ല, മൈക്ക് ചത്തു, വേദിക്ക് വലുപ്പമില്ല പരാതികളുടെ കുത്തൊഴുക്ക്. ആരോടു പറയാന്‍ ആരുകേള്‍ക്കാന്‍ . ആരാണ് സംഘാടകര്‍ ആര്‍ക്കും അറിയില്ല. ഇടം വലം പാഞ്ഞ് പരാതിപറയുന്ന രക്ഷാകര്‍ത്താക്കളും അധ്യാപകരും. ജില്ലാസ്കൂള്‍ കലോല്‍സവവേദി ചൂടുപിടിച്ച രണ്ടാം ദിവസത്തെ ചിത്രം ഇങ്ങനെ. ഗാനമേള നടക്കേണ്ട മുനിസിപ്പല്‍ ഗ്രൗണ്ടിലെ അഞ്ചാം നമ്പര്‍ വേദിയില്‍ മത്സരാര്‍ഥികള്‍ക്ക് നിന്നുതിരിയാന്‍ പോലും ഇടമില്ലെന്ന് പകല്‍ പതിനൊന്നുമുതല്‍ പരാതിപ്പെടാന്‍ തുടങ്ങിയതാണ്. ഒരു മണിക്ക് തുടങ്ങേണ്ട മത്സരം ആരംഭിക്കുന്നുവെന്ന് പ്രഖ്യാപിച്ചത് 7.30ന്. ഗാനമേളക്ക് മിക്സറില്ലായിരുന്നു. ഏഴ് സംഗീതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ആംപ്ലിഫയര്‍ വെറും 250 വാട്സ്. ആവശ്യത്തിനു മൈക്രോഫോണില്ല. കാണികള്‍ക്ക് ഇരിക്കാന്‍ കസേരയില്ല. ഒടുവില്‍ ഗാനമേളവേദി മത്സരാര്‍ഥികളും രക്ഷകര്‍ത്താക്കളും കൈയേറി. പാണഞ്ചേരി പഞ്ചായത്തംഗവും രക്ഷകര്‍ത്താവുമായ സിന്ധു സുരേഷ് പൊട്ടിത്തെറിച്ചു. ആരു കേള്‍ക്കാന്‍ സംഘാടകരായി ആരുമില്ല. ഒടുവില്‍ പൊലീസിനെ വിട്ടു. എഇഒയും വന്നു. മത്സരം ബോയ്സ് ഹൈസ്കൂളിലെ ഒമ്പതാം നമ്പര്‍ വേദിയിലേക്ക് മാറ്റി. മത്സരാര്‍ഥികളെ അങ്ങോട്ടെത്തിക്കാന്‍ വാഹനവും ഏര്‍പ്പെടുത്തി.

ഉച്ചക്ക് 12ന് ആരംഭിക്കേണ്ട നാടകമത്സരം തുടങ്ങുന്നുവെന്ന് പ്രഖ്യാപിച്ചത് രാത്രി 7.30ന്. വെളിച്ചമില്ലാതെ എന്തുനാടകം.സ്റ്റേജില്‍ ആവശ്യത്തിന് ലൈറ്റില്ല. സ്റ്റേജ് മൈക്ക് തഥൈവ. അവിടെയും ബഹളം. ഉച്ചക്ക് ഒന്നിന് ആരംഭിക്കേണ്ട എച്ച് എസ് മിമിക്രി രാത്രി എട്ടിനും തുടങ്ങിയിട്ടില്ല. ഘോഷയാത്രയില്‍ ആയിരത്തോളം കുട്ടികള്‍ 3 കിലോമീറ്റര്‍ നടന്നും ആടിയും പാടിയും വന്നപ്പോള്‍ കുടിക്കാന്‍ ഒരു തുള്ളിവെള്ളമില്ല. കുടിവെള്ളത്തിന് ബഹളമുണ്ടാക്കേണ്ട അവസ്ഥ. ഒടുവില്‍ ഗവ ഗേള്‍സിലെ കുട്ടികള്‍ സമീപത്തെ കിണറുകളില്‍ നിന്ന് കോരിക്കൊണ്ടുവന്ന വെള്ളംകൊണ്ട് ദാഹം തീര്‍ത്തു. അവിടെയും തിരിഞ്ഞുനോക്കാന്‍ സംഘാടകരില്ല. ഒരു ടര്‍പ്പായയും നാലു പലകയും കൊണ്ട് തട്ടിക്കൂട്ടിയ സ്റ്റേജിന് ലക്ഷം രൂപയാണെന്ന് നാട്ടുകാര്‍ . വിധിനിര്‍ണ്ണയത്തെക്കുറിച്ചും പരാതി വ്യാപകമായിരുന്നു. ഇത്രയും ഗതികെട്ട ഒരു കലോത്സവം കണ്ടിട്ടില്ലെന്ന് അധ്യാപകരും രക്ഷകര്‍ത്താക്കളും ഒരുപോലെ.

deshabhimani 091211

1 comment:

  1. സംസ്കൃതോത്സവ വേദിയിലെ നാടക മത്സരവേദിയിലെത്തിയാല്‍ മനസ്സില്‍ വരിക യൂട്യൂബില്‍ ഹിറ്റായ ധനുഷിന്റെ പാട്ടാണ്. വൈ ദിസ് കൊലവെറി ഡീ. സംസ്കൃതോത്സവത്തോട് സംഘാടകര്‍ കാണിക്കുന്ന അവഗണന ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിലെ ഗ്രൗണ്ടില്‍ തയ്യാറാക്കിയ വേദിയില്‍ എത്തുന്നവര്‍ക്ക് ബോധ്യമാകും.

    ReplyDelete