Sunday, December 18, 2011

ഗുരുതര സത്യപ്രതിജ്ഞാ ലംഘനം

രണ്ടു സംസ്ഥാനങ്ങള്‍ തമ്മില്‍ കോടതിയില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ പക്ഷംപിടിച്ച കേന്ദ്രമന്ത്രിയുടെ നിലപാട് ഗുരുതരമായ സത്യപ്രതിജ്ഞാലംഘനം. ആഭ്യന്തരമന്ത്രിയെന്ന പദവി കളങ്കപ്പെടുത്തുന്നതാണ് പ്രസ്താവനയെന്നും വിമര്‍ശമുയര്‍ന്നു. സുപ്രീംകോടതിയുടെ സ്വതന്ത്രമായ നിയമവ്യവഹാര പ്രക്രിയയെ തടസ്സപ്പെടുത്തുകകൂടിയാണ് ചിദംബരം ചെയ്തത്. പ്രധാനമന്ത്രിയുടെ ഭരണനിര്‍വഹണനടപടികളെയും ഇത് പ്രതിസന്ധിയിലാക്കും.

മുല്ലപ്പെരിയാര്‍വിഷയത്തില്‍ ഉണ്ടാകുന്ന സുപ്രീംകോടതി വിധി തമിഴ്നാടിന് അനുകൂലമാകുമെന്നാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പറഞ്ഞത്. ഇക്കാര്യത്തില്‍ വ്യക്തമായ ഉറപ്പ് തനിക്ക് ഉണ്ടെന്ന ചിദംബരത്തിന്റെ പരസ്യവിളംബരം ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിലുള്ള കൈകടത്തലാണ്. അതിനിടെ, മുല്ലപ്പെരിയാര്‍പ്രശ്നം സമവായത്തോടെ പരിഹരിക്കാനാകുമെന്ന് റഷ്യയില്‍നിന്ന് മടങ്ങവെ വിമാനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇരുമുഖ്യമന്ത്രിമാരും അതിനാവശ്യമായ നടപടികള്‍ എടുക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുല്ലപ്പെരിയാറിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്സഭാ, രാജ്യസഭാ സെക്രട്ടറിയറ്റുകളെ അറിയിച്ചു. സര്‍വകക്ഷിസംഘത്തെ അയക്കണമെന്ന് കേരളത്തില്‍നിന്നുള്ള എംപിമാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
(ദിനേശ് വര്‍മ)

ചിദംബരത്തെ പുറത്താക്കണം: വി എസ്

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഇരു സംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ചയ്ക്ക് സാഹചര്യമുണ്ടാക്കണമെന്നാണ് കഴിഞ്ഞദിവസം പ്രധാനമന്ത്രി കേരളത്തിലെ സര്‍വകക്ഷിസംഘത്തോടു പറഞ്ഞത്. എന്നാല്‍ , തമിഴ്നാട്ടില്‍ മലയാളികള്‍ക്കെതിരെ ആക്രമണം നടത്തുന്ന സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം അണിചേര്‍ന്നതിനു തുല്യമാണ് ചിദംബരത്തിന്റെ ഇപ്പോഴത്തെ പ്രസ്താവന. ആഭ്യന്തരമന്ത്രി പരസ്യമായി പക്ഷം ചേര്‍ന്നിരിക്കയാണ്. പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ആശങ്കയേ മുല്ലപ്പെരിയാറിന്റെ കാര്യത്തിലുള്ളൂവെന്നും തെരഞ്ഞെടുപ്പ് വേഗം നടത്തിയാല്‍ ആശങ്ക തീര്‍ന്നുകൊള്ളും എന്ന ചിദംബരത്തിന്റെ പ്രസ്താവന അസംബന്ധവും നിരുത്തരവാദപരവുമാണ്. സുപ്രീംകോടതി വിധി എന്തായിരിക്കുമെന്ന് ഉറപ്പുണ്ടെന്നു പറയുകവഴി കടുത്ത നിയമലംഘനമാണ് ചിദംബരം നടത്തിയത്.

സ്ഥിരം അഴിമതിക്കാരനായ ചിദംബരം സ്പെക്ട്രംകേസിലും ക്രിമിനല്‍കേസ് പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചതിലും പ്രതിസ്ഥാനത്താണ്. ചിദംബരത്തെ അടിയന്തരമായി പുറത്താക്കുന്നില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ നിലപാടും പക്ഷപാതപരമാണെന്നു കരുതാന്‍ നിര്‍ബന്ധിതമാകും. പ്രധാനമന്ത്രിയെ കാണാന്‍പോയ സര്‍വകക്ഷി സംഘനേതാവ് എന്ന നിലയിലും കേരള മുഖ്യമന്ത്രി എന്ന നിലയിലും ചിദംബരത്തെ പുറത്താക്കണമെന്ന് കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നതായി കേന്ദ്രത്തെ അറിയിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ബാധ്യതയുണ്ട്- വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

ഹൈക്കമാന്‍ഡിന് പരാതി നല്‍കും: മുഖ്യമന്ത്രി

കോട്ടയം: മുല്ലപ്പെരിയാര്‍ പ്രശ്നത്തിലെ ചിദംബരത്തിന്റെ പ്രസ്താവനയ്ക്കെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലും കേന്ദ്രമന്ത്രിയെന്ന നിലയിലും ചിദംബരം ഇത്തരത്തിലുള്ള പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു. ഇത് ഒരിക്കലും ന്യായീകരിക്കാനാവില്ല. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടാന്‍ സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ തമിഴ്നാട് പ്രശ്നത്തെ വഷളാക്കാന്‍ ശ്രമിക്കുകയാണ്. തമിഴ്നാട് പുതിയ അണക്കെട്ടിനെ എന്തുകൊണ്ടാണ് എതിര്‍ക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 181211

1 comment:

  1. രണ്ടു സംസ്ഥാനങ്ങള്‍ തമ്മില്‍ കോടതിയില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ പക്ഷംപിടിച്ച കേന്ദ്രമന്ത്രിയുടെ നിലപാട് ഗുരുതരമായ സത്യപ്രതിജ്ഞാലംഘനം. ആഭ്യന്തരമന്ത്രിയെന്ന പദവി കളങ്കപ്പെടുത്തുന്നതാണ് പ്രസ്താവനയെന്നും വിമര്‍ശമുയര്‍ന്നു. സുപ്രീംകോടതിയുടെ സ്വതന്ത്രമായ നിയമവ്യവഹാര പ്രക്രിയയെ തടസ്സപ്പെടുത്തുകകൂടിയാണ് ചിദംബരം ചെയ്തത്. പ്രധാനമന്ത്രിയുടെ ഭരണനിര്‍വഹണനടപടികളെയും ഇത് പ്രതിസന്ധിയിലാക്കും.

    ReplyDelete