Sunday, December 18, 2011

വൈസ്ചാന്‍സലര്‍മാരുടെ സമ്മേളനം ഉയര്‍ത്തുന്നത് അപായമണി

ഇന്ത്യന്‍ സര്‍വകലാശാലകള്‍ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. അവയുടെ നിലനില്‍പ്പുതന്നെ വന്‍വെല്ലുവിളിയെ നേരിടുന്നു. വിദേശ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ അനുവദിക്കപ്പെട്ടാല്‍ നമ്മുടെ സര്‍വകലാശാലകള്‍ പലതും അടച്ചുപൂട്ടേണ്ടിവരും. സര്‍വകലാശാലകളെ സംബന്ധിച്ച ഈ അപായ മണിമുഴങ്ങിയത് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി കൊച്ചിയില്‍ സംഘടിപ്പിച്ച വൈസ് ചാന്‍സലര്‍മാരുടെ വാര്‍ഷിക പൊതുയോഗത്തില്‍ നിന്നുമാണ്.
1993 ല്‍ രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് ഔപചാരികമായി തുടക്കമിട്ട നവ ഉദാര സാമ്പത്തിക നയങ്ങളുടെ പശ്ചാത്തലത്തില്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സര്‍വകലാശാല വിദ്യാഭ്യാസത്തെപ്പറ്റിയുള്ള പൊന്നയ്യ കമ്മറ്റി സര്‍വകലാശാലകളുടെ വിഭവ സമാഹരണത്തെപ്പറ്റി നിരൂപദ്രവമെന്ന പ്രതീതി ജനിപ്പിച്ച ചില നിര്‍ദ്ദേശങ്ങള്‍ മുന്‍വച്ചു. സര്‍വകലാശാലകള്‍ ആവശ്യമായ ഫണ്ടിന്റെ നിശ്ചിത ശതമാനം സ്വയം സമാഹരിക്കണം. ആദ്യത്തെ അഞ്ചുവര്‍ഷം ആവര്‍ത്തന ചിലവിന്റെ പതിനഞ്ചു ശതമാനം. പത്തു വര്‍ഷം പൂര്‍ത്തിയാവുമ്പോഴേക്കും അത് 25 ശതമാനമാക്കി ഉയര്‍ത്തണം. നവഉദാരവല്‍ക്കരണ നയങ്ങളുടെ രണ്ട് ദശാബ്ദങ്ങള്‍ പിന്നിടുമ്പോള്‍ ആ ലക്ഷ്യം ഒരു വിദൂരസ്വപ്നമായി നിലനില്‍ക്കുക മാത്രമല്ല പൊതുഖജനാവിനെ ആശ്രയിച്ച് നിലനില്‍ക്കുന്ന ഇന്ത്യന്‍ സര്‍വകലാശാലകള്‍ അടച്ചു പൂട്ടലിനെ തന്നെ നേരിടുന്നുവെന്നതാണ് കൊച്ചിയില്‍ നടക്കുന്ന വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനം നല്‍കുന്ന മുന്നറിയിപ്പ്.

രണ്ടു പതിറ്റാണ്ട് പിന്നിട്ട നവ ഉദാരീകരണ നയങ്ങളുടെ ഞെട്ടിപ്പിക്കുന്ന കെടുതികളുടെയും തകര്‍ച്ചകളുടെയും മുന്നില്‍ സ്തബ്ദരായി നില്‍ക്കുന്ന ഒരു ജനതയുടെ തലയിലേക്കാണ് ഇടിത്തീപോലെ ഈ മുന്നറിയിപ്പ് വന്നു പതിയ്ക്കുന്നത്. നവഉദാരീകരണ സാമ്പത്തിക നയങ്ങള്‍ കാര്‍ഷിക വ്യാവസായമേഖലകളെയാകെ തകര്‍ക്കുകയും തളര്‍ത്തുകയും ചെയ്തതിന്റെ കഥകളും കണക്കുകളും സര്‍ക്കാരുകള്‍ക്കു തന്നെ മറച്ചുവെക്കാനാവാത്ത വിധം പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഈ സാമ്പത്തിക കെടുതികള്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിലക്കയറ്റത്തിന്റെയും പട്ടിണിയുടെയും തൊഴിലില്ലായ്മയുടെയും മറ്റനവധി ജീവിത ദുരിതങ്ങളുടെ രൂപം പൂണ്ടിരിക്കുന്നു. അത്തരം ഒരു തകര്‍ച്ചയുടെ ക്ഷുഭിത സമുദ്രത്തില്‍ വിദ്യാഭ്യാസ മേഖലക്കു മാത്രം സുരക്ഷിത തുരുത്തായി നിലനില്‍ക്കാനാവില്ല.

ഗുജറാത്ത്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ ഇതിനോടകം തന്നെ ഉന്നത വിദ്യാഭ്യാസരംഗം കയ്യൊഴിഞ്ഞുകഴിഞ്ഞു. വിദ്യാഭ്യാസ രംഗത്ത് ഗവണ്‍മെന്റുകള്‍ സൃഷ്ടിക്കുന്ന ശൂന്യത കയ്യടക്കുന്നത് നിക്ഷിപ്ത മൂലധന താല്‍പര്യങ്ങളാണ്. ആ താല്‍പര്യങ്ങള്‍ സാമൂഹ്യ സാമ്പത്തിക നീതിയുടെയും ധാര്‍മികതയുടെയും മുഖപടമണിയാത്ത ലാഭക്കൊതിയില്‍ വേരുറപ്പിച്ചവയാണ്. അനുസ്യൂതം വളര്‍ന്നു വിന്യസിക്കുന്ന മൂലധന താല്പര്യത്തെപ്പറ്റി കമ്മ്യൂണിസ്റ്റ് മാനിഫസ്റ്റോ നടത്തുന്ന വിലയിരുത്തല്‍ ഇവിടെ പ്രസക്തമാണ്. ''തന്റെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ നിരന്തരം വികസിക്കുന്ന വിപണിക്കുവേണ്ടി ഭൂഗോളം മുഴുവന്‍ നെട്ടോട്ടത്തിലാണ് മുതലാളി ഏര്‍പ്പെട്ടിരിക്കുന്നത്. അത് എവിടെയും കൂടുകൂട്ടും, എല്ലായിടത്തും വാസമുറപ്പിക്കും, എല്ലായിടത്തും ബന്ധങ്ങള്‍ സ്ഥാപിക്കും''. മൂലധനത്തിന്റെ പുതിയ മേച്ചില്‍ പുറമാണ് ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ രംഗം. വരും തലമുറകളെയും രാഷ്ട്രത്തിന്റെ ഭാവിയെതന്നെയും തകര്‍ക്കുകയായിരിക്കും നവഉദാരീകരണ സാമ്പത്തികനയം വിദ്യാഭ്യാസരംഗത്ത് നടത്തുന്ന ഈ കയ്യേറ്റം.

അമേരിക്ക ഇന്നു സാക്ഷ്യം വഹിക്കുന്ന വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിലെ അഗണ്യമായ ധാരകളിലൊന്ന് നവഉദാരീകരണ നയങ്ങളുടെ ഇരകളായി മാറിയ അവിടത്തെ വിദ്യാര്‍ഥികളാണെന്ന് നാം തിരിച്ചറിയണം. ഇന്ത്യാ ഗവണ്‍മെന്റ് പിന്തുടരുന്നത് അമേരിക്കന്‍ മാതൃകയാണ്. ഉന്നത വിദ്യാഭ്യാസത്തിന്റെ സിംഹഭാഗവും ബാങ്കിംഗ് ധനകാര്യ മേഖലയടക്കം സ്വകാര്യ മൂലധനത്തില്‍ നിന്നു കണ്ടെത്തുക എന്നതാണ് ഇന്ത്യാ ഗവണ്‍മെന്റ് അനുവര്‍ത്തിക്കുന്ന നയം. കുറഞ്ഞ കൂലിക്ക് പണിയെടുക്കാന്‍ മാത്രം പ്രാഥമിക വിദ്യാഭ്യാസം സിദ്ധിച്ച വിപുലമായ ഒരു തൊഴില്‍ സേനയെ വാര്‍ത്തെടുക്കാന്‍ പ്രാഥമിക വിദ്യാഭ്യാസ തലത്തിലേക്ക് പരമാവധി ഫണ്ടുകള്‍ തിരിച്ചുവിടുക. ഉന്നത വിദ്യാഭ്യാസം തേടുന്നവരില്‍ നിന്നും അതിന്റെ മുഴുവന്‍ ചിലവും പലിശസഹിതം തിരിച്ചുപിടിക്കുക, അതിനാവശ്യമായ വിദ്യാഭ്യാസ വായ്പകള്‍ക്ക് ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുക. ഇത് സമൂഹത്തില്‍ കടുത്ത അനീതിയും അസമത്വവുമായിരിക്കും സൃഷ്ടിക്കുക. വരുമാനം കുറഞ്ഞ മഹാഭൂരിപക്ഷത്തിനുമെതിരെ ഉന്നത വിദ്യാഭ്യാസത്തിന്റെ വാതിലുകള്‍ കൊട്ടിയടക്കപ്പെടും

ആഗോളവല്‍ക്കരണത്തിന്റെ കുത്തൊഴുക്കില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ ദേശീയ സാമ്പത്തിക പ്രാധാന്യവും അതിന്റെ സാമൂഹ്യ ദൗത്യവുമാണ് വിസ്മരിക്കപ്പെടുന്നത്, അവഗണിക്കപ്പെടുന്നത്. അത് വിവരത്തിലും വിജ്ഞാനത്തിലും അധിഷ്ടിതമായ ഒരു സമൂഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ ആയിരിക്കും നിഷേധിക്കുക. സര്‍വകലാശാലകള്‍ക്കു കൈവരിക്കാനാവുന്ന വിഭവശേഷിക്ക് സാമൂഹ്യവും രാഷ്ട്രീയവും ധാര്‍മ്മികവുമായ പരിധികളുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന്റെ വിപണിവല്‍ക്കരണം ഒരു കാരണവശാലും അനുവദിക്കാനാവില്ല.

janayugom editorial 171211

1 comment:

  1. ഇന്ത്യന്‍ സര്‍വകലാശാലകള്‍ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. അവയുടെ നിലനില്‍പ്പുതന്നെ വന്‍വെല്ലുവിളിയെ നേരിടുന്നു. വിദേശ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ അനുവദിക്കപ്പെട്ടാല്‍ നമ്മുടെ സര്‍വകലാശാലകള്‍ പലതും അടച്ചുപൂട്ടേണ്ടിവരും. സര്‍വകലാശാലകളെ സംബന്ധിച്ച ഈ അപായ മണിമുഴങ്ങിയത് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി കൊച്ചിയില്‍ സംഘടിപ്പിച്ച വൈസ് ചാന്‍സലര്‍മാരുടെ വാര്‍ഷിക പൊതുയോഗത്തില്‍ നിന്നുമാണ്.

    ReplyDelete