വെനസ്വേലയുടെ തലസ്ഥാനമായ കാരക്കസില്‍ ഈമാസാദ്യം രൂപംകൊണ്ട ലാറ്റിനമേരിക്കന്‍ -കരീബിയന്‍ രാഷ്ട്രങ്ങളുടെ പുതിയ സംഘടന ആദ്യമുയര്‍ത്തിയ ആവശ്യം ക്യൂബയ്ക്കെതിരായ ഉപരോധം അമേരിക്ക പിന്‍വലിക്കണമെന്നാണ്. സെലാക് എന്ന ചുരുക്കപ്പേരുള്ള കമ്യൂണിറ്റി ഓഫ് ലാറ്റിന്‍ അമേരിക്കന്‍ ആന്‍ഡ് കരീബിയന്‍ സ്റ്റേറ്റ്സ് എന്ന സംഘടനയില്‍ 33 രാഷ്ട്രമാണ് ഉള്ളത്. 2010 ഫെബ്രുവരിയില്‍ മെക്സിക്കോയില്‍ ചേര്‍ന്ന ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളുടെ സമ്മേളനമാണ് ഇങ്ങനെയൊരു സഖ്യം രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഏകധ്രുവ ലോകമെന്ന അമേരിക്കന്‍ സങ്കല്‍പ്പത്തിനും സാമ്രാജ്യത്വ-ആഗോളവല്‍ക്കരണ നയങ്ങള്‍ക്കുമുള്ള മറുപടിയാണ് ഈ സംഘാടനത്തിലൂടെ ഉരുത്തിരിയുന്നതെന്ന അഭിപ്രായം വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസില്‍ നിന്ന് ഉയര്‍ന്നുകഴിഞ്ഞു. പുതിയ സമൂഹത്തിന്റെ ചാലകശക്തിയായി ക്യൂബയും ചിലിയും വെനസ്വേലയും പ്രവര്‍ത്തിക്കണമെന്ന ആഹ്വാനവും അദ്ദേഹം മുഴക്കി. അമേരിക്കയും കനഡയുമൊഴികെ മേഖലയിലെ എല്ലാ രാജ്യവും ഈ സഖ്യത്തിലുണ്ട്.
അമേരിക്കയുമായി അകന്നുനില്‍ക്കുന്നവര്‍ മാത്രമല്ല, സ്നേഹത്തില്‍ കഴിയുന്ന മെക്സിക്കോ, ചിലി, കൊളംബിയ എന്നിവിടങ്ങളിലെ ഭരണാധികാരികളും സമ്മേളനത്തില്‍ പങ്കുകൊണ്ടു. പ്രകടമായിത്തന്നെ സാമ്രാജ്യവിരുദ്ധ സ്വഭാവമുള്ള കൂടിച്ചേരലില്‍ ആദ്യന്തം പങ്കുകൊള്ളുക വഴി അമേരിക്കയോടൊപ്പമല്ല തങ്ങളുടെ മനസ്സ് എന്നാണവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുതലാളിത്തലോകം നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയും അമേരിക്കയില്‍ ഉയര്‍ന്നുപടരുന്ന സമരങ്ങളും നവലിബറല്‍ നയങ്ങള്‍ ആ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന ദുരിതങ്ങളുമെല്ലാം കണ്‍മുന്നില്‍ കാണുന്നവര്‍ക്ക് ഇങ്ങനെയൊരു ചുവടുമാറ്റം കൂടാതെ പിടിച്ചുനില്‍ക്കാനാകില്ല. അമേരിക്കയോട് അനുഭാവം പ്രകടിപ്പിക്കുന്നതുപോലും സ്വന്തം രാജ്യങ്ങളില്‍ ജനങ്ങളുടെ ശത്രുപ്പട്ടികയിലേക്കെത്താനുള്ള വഴിയാണെന്ന് ആ ഭരണാധികാരികള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. രണ്ടു നൂറ്റാണ്ടിലേറെയായി ലാറ്റിനമേരിക്കയുടെ സമ്പൂര്‍ണാധിപത്യത്തിനായി കൊതിക്കുന്ന അമേരിക്കയ്ക്ക് അടിതെറ്റിയിരിക്കുന്നു. ലോകപൊലീസ് എന്നതിനൊപ്പം ലാറ്റിനമേരിക്കയുടെ സ്വയം പ്രഖ്യാപിത കാരണവരായി, ഏതു രാജ്യത്തിന്റെയും ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന നാട്യവുമായി ആരാലും നിയന്ത്രിക്കപ്പെടാതെ മുന്നേറിയ അമേരിക്കയ്ക്ക് ഇനി അത്തരം ചിന്തകള്‍ തന്നെ മാറ്റിവയ്ക്കേണ്ടിവരും.
സാമ്പത്തിക ലക്ഷ്യംവച്ച് അമേരിക്കയുടെ ഒട്ടേറെ കടന്നാക്രമണങ്ങളുണ്ടായ മേഖലയാണ് ഇത്. ഗ്വാട്ടിമാലയിലും ചിലിയിലും പനാമയിലും ഗ്രനഡയിലും ഹെയ്ത്തിയിലുമെല്ലാം അമേരിക്ക കടന്നുകയറി. അട്ടിമറികളും കൊലപാതകങ്ങളും ആഭ്യന്തരക്കുഴപ്പങ്ങളും സംഘടിപ്പിച്ചു. അന്താരാഷ്ട്ര മര്യാദകളും നിയമങ്ങളും പാലിക്കാതെയുള്ള ഇത്തരം നീക്കങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ കരുത്തുള്ളതാണ് പുതിയ സഖ്യം. സാമ്രാജ്യത്വത്തിനെതിരെ യോജിച്ചുനിന്നു പൊരുതാന്‍ തയ്യാറെടുക്കുന്ന സെലാക്, യുഎസിന്റെ അപ്രമാദിത്തത്തിന്റെ കടയ്ക്കലാണ് കത്തിവച്ചിരിക്കുന്നത്. ക്യൂബയുടെ ഇതിഹാസതുല്യനായ നേതാവ് ഫിദല്‍ കാസ്ട്രോയെ വധിക്കാന്‍ പലകുറി ശ്രമിച്ചു പരാജയപ്പെട്ടവരാണ് അമേരിക്കക്കാര്‍ . ക്യൂബയുടെ ചെറുത്തുനില്‍പ്പിനു മുന്നില്‍ എന്നും യുഎസിന് തോറ്റുപിന്മാറേണ്ടിവന്നിട്ടേയുള്ളൂ. ആ ക്യൂബ ഒറ്റയ്ക്കല്ല എന്ന പ്രഥമ പ്രഖ്യാപനംതന്നെ സെലാക് സഖ്യത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വിളിച്ചോതുന്നുണ്ട്. തങ്ങള്‍ക്ക് അനഭിമതരായ രാഷ്ട്രത്തലവന്മാര്‍ക്കും നേതാക്കള്‍ക്കും നേരെ എന്നും ആയുധം ചൂണ്ടുകയും ആക്രമണം നടത്തുകയും ചെയ്യുന്ന അമേരിക്കയ്ക്ക് ആള്‍ബലം കൊണ്ടും ആയുധബലം കൊണ്ടും ഇച്ഛാശക്തികൊണ്ടും വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുന്ന ഒന്നാണ് സെലാക് സഖ്യമെന്നു കരുതുന്നവര്‍ ഒട്ടേറെയുണ്ട്്.
അമേരിക്കന്‍ ഐക്യനാടുകള്‍ ലാറ്റിനമേരിക്കയില്‍ നടത്തിയ ഇടപെടലുകളുടെയാകെ ലക്ഷ്യം കച്ചവടമാണ്. പ്രതിസന്ധിയില്‍പ്പെട്ട് പാപ്പരീകരിക്കപ്പെട്ട ആണവ വ്യവസായഭീമന്മാരെ രക്ഷിക്കാനാണ് ഇന്ത്യയുമായി ആണവ കരാറുണ്ടാക്കിയത്. ചില്ലറവ്യാപാരരംഗത്തെ വമ്പന്മാരെ സേവിക്കാനാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ചില്ലറവ്യാപാരരംഗത്ത് വര്‍ധിച്ച വിദേശനിക്ഷേപാനുമതിക്കായി അമേരിക്കന്‍ ഭരണകൂടം സമ്മര്‍ദം ചെലുത്തുന്നത്. അതുപോലെ തന്നെ യുഎസില്‍ പ്രവര്‍ത്തിക്കുന്ന ഭീമന്‍ കോര്‍പറേറ്റുകള്‍ക്ക് വിപണി ഒരുക്കിക്കൊടുക്കാനും അനന്തമായ ലാഭസാധ്യതയുടെ വാതില്‍ തുറന്നിടാനുമാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും അമേരിക്ക കടന്നുകയറിയത്. അത്തരം കുതന്ത്രങ്ങളില്‍ മനംമടുത്ത ഭൂരിപക്ഷത്തിന്റെ കൂട്ടായ്മയാണ് ലാറ്റിനമേരിക്കന്‍ - കരീബിയന്‍ ജനത പുതിയ രാഷ്ട്രസഖ്യത്തെ കാണുന്നത്. രാഷ്ട്രങ്ങളുടെ എണ്ണത്തില്‍ മാത്രമല്ല, ജനങ്ങളുടെ പിന്തുണയിലും ഐക്യത്തിലും ഭൂരിപക്ഷത്തിന്റെ പ്രാതിനിധ്യം സെലാക്കിനുണ്ട്്. അക്ഷരാര്‍ഥത്തില്‍ അമേരിക്കയുടെ ഒറ്റപ്പെടലാണ് സംഭവിക്കുന്നത്.
സാമ്പത്തികവും രാഷ്ട്രീയവുമായ കാര്യങ്ങളില്‍ യോജിച്ച നീക്കം സെലാക് വിഭാവനം ചെയ്യുന്നു. പ്രധാന അംഗരാഷ്ട്രങ്ങളുടെ മുഖമുദ്ര തന്നെ സാമ്രാജ്യത്വ വിരോധമാണ്. ആ നിലയ്ക്ക് ബാലാരിഷ്ടതകള്‍ മറികടന്ന് വേഗംതന്നെ സെലാക് അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ ഇടപെട്ടുതുടങ്ങാനാണ് സാധ്യത. ഫാക്ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയ്ക്ക് വിട്ടുകൊടുക്കണമെന്ന് ബ്രിട്ടനോട് സെലാക് ആവശ്യപ്പെട്ടത് അത്തരം ഇടപെടലുകളുടെ സൂചന തന്നെയാണ്. ലോകാധിപത്യത്തിന് അരയുംതലയും മുറുക്കി പ്രയത്നിക്കുന്ന അമേരിക്കയ്ക്ക് സ്വന്തം മേഖലയില്‍ തന്നെ പിടിച്ചുനില്‍ക്കാന്‍ പറ്റാതാവുകയാണ്. അമേരിക്കയുടെ അധിനിവേശ മോഹങ്ങള്‍ക്കാകെ കരിനിഴല്‍ വീഴ്ത്തുന്ന സഖ്യമാണ് നിലവില്‍ വന്നതെന്ന് നിസ്സംശയം പറയാം.
deshabhimani editorial 131211

ReplyDelete