Tuesday, December 13, 2011

ഫ്രഞ്ച് വലതുപക്ഷത്ത് ഭിന്നത

പാരീസ്: ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ വലതുപക്ഷത്ത് ഭിന്നത മൂര്‍ച്ഛിച്ചു. വീണ്ടും അങ്കത്തിനൊരുങ്ങുന്ന വലതുപക്ഷ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്കെതിരെ അതേപക്ഷത്തുനിന്ന് തന്നെ രണ്ട് പ്രമുഖ സ്ഥാനാര്‍ഥികളായി. മുന്‍ പ്രധാനമന്ത്രി ഡൊമിനിക് ഡി വില്ലെപൈന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണിത്. വലതുപക്ഷക്കാരനായ മുന്‍ പ്രതിരോധമന്ത്രി ഹെര്‍വെ മോറിന്‍ നേരത്തെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരുന്നു. സര്‍ക്കോസിയുടെ കക്ഷിയായ യുഎന്‍പിയില്‍നിന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ രാജിവച്ച വില്ലെപൈന്‍ അധികം വോട്ട് പിടിച്ചില്ലെങ്കില്‍പോലും സര്‍ക്കോസിയുടെ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കുമെന്നാണ് സൂചന. ഇത് പ്രതിപക്ഷ സോഷ്യലിസ്റ്റ് പാര്‍ടിക്ക് അനുകൂലമായേക്കും. ഫ്രാന്‍സ്വാ ഹോളോങ് ആണ് സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥി.

പ്രധാനമന്ത്രിയാകുന്നതിനുമുമ്പ് വിദേശമന്ത്രിയായിരുന്ന വില്ലെപൈന്‍ അമേരിക്കയുടെ ഇറാഖ് കടന്നാക്രമണത്തെ എതിര്‍ക്കാന്‍ അന്നത്തെ പ്രസിഡന്റ് ജാക് ഷിറാക്കിനൊപ്പം നേതൃത്വം നല്‍കിയിരുന്നു. എന്നാല്‍ , ഇപ്പോള്‍ സര്‍ക്കോസി ലിബിയയില്‍ അട്ടിമറിക്ക് നാറ്റോയെ നയിക്കുന്ന ചുമതല അമേരിക്കയില്‍നിന്ന് ഏറ്റെടുക്കുകയായിരുന്നു. സര്‍ക്കോസി ഫ്രാന്‍സിന്റെ പരമാധികാരം അപകടത്തിലാക്കിയെന്നാണ് വില്ലെപൈനിന്റെ പ്രധാന വിമര്‍ശനം. തീവ്ര വലതുപക്ഷക്കാരനായ ലീ പെന്നിന്റെ സ്ഥാനാര്‍ഥിത്വവും സര്‍ക്കോസിക്കായിരിക്കും കൂടുതല്‍ ദോഷമുണ്ടാക്കുക എന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

deshabhimani 131211

1 comment:

  1. ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ വലതുപക്ഷത്ത് ഭിന്നത മൂര്‍ച്ഛിച്ചു.

    ReplyDelete