Friday, December 9, 2011

ജനങ്ങളെയും ചലച്ചിത്ര പ്രേമികളെയും നല്ല ചിത്രങ്ങളെയും അകറ്റിനിര്‍ത്തുന്ന മേള

കേരളത്തിന്റെ പതിനാറാമത് രാഷ്ട്രാന്തര ചലച്ചിത്രമേള (ഐ എഫ് എഫ് കെ) ഇന്ന് ആരംഭിക്കുകയാണ്. പതിവിനുവിപരീതമായി വിവാദങ്ങളുടെയും വിമര്‍ശനങ്ങളുടെയും പ്രതിഷേധപ്രകടനങ്ങളുടെയും അകമ്പടിയോടെയാണ് മേളയ്ക്ക് തിരശ്ശീല ഉയരുന്നത്. നാളിതുവരെ തലസ്ഥാന നഗരിയില്‍ നടന്ന രാഷ്ട്രാന്തര ചലച്ചിത്രമേളകളില്‍ മലയാള സിനിമയുടെ പ്രാതിനിധ്യം ഏറ്റവും ശുഷ്‌കമായ ഒന്നായി പതിനാറാമത് ഐ എഫ് എഫ് കെ ചരിത്രത്തില്‍ സ്ഥാനം പിടിക്കുമെന്ന് ചലച്ചിത്ര വിദ്യാര്‍ഥികള്‍ പറയുന്നു. മത്സരവിഭാഗത്തില്‍ ഒരൊറ്റ ചിത്രംപോലും മലയാളത്തിന്റേതായി ഇല്ല എന്നത് അപമാനകരം തന്നെ.

ചലച്ചിത്ര നടനായ സിനിമാമന്ത്രി കെ ഗണേഷ്‌കുമാറിന്റെ ഊതിവീര്‍പ്പിച്ച കൊച്ച് 'ഈഗോ'യാണ് വിവാദങ്ങളുടെയെല്ലാം പ്രഭവ കേന്ദ്രമെന്ന് ചലച്ചിത്ര മേളയിലെ മുതിര്‍ന്ന തലമുറ വിലയിരുത്തുന്നു. മന്ത്രിയുടെ ഈഗോയ്‌ക്കൊപ്പം ഭരണരാഷ്ട്രീയത്തിന്റെ വിവേചനരഹിതമായ ഇടപെടലുകളും പ്രതിസ്ഥാനത്തുണ്ടെന്ന് മേളയെ സ്‌നേഹിക്കുന്നവര്‍ പറയുന്നു. സിനിമകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രി തന്നെ നേരിട്ട് ഇടപെട്ട് ചിത്രത്തിന്റെ ഡി വി ഡി പ്രദര്‍ശനം മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ സംഭവം തരംതാണ ഇടപെടലായി. വിവാദത്തെ തുടര്‍ന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നടത്തിയ പ്രദര്‍ശനം കണ്ടിറങ്ങിയവര്‍ ഒന്നടങ്കം അത് മികച്ച സൃഷ്ടിയാണെന്ന് അഭിപ്രായപ്പെടുകയുമുണ്ടായി. പ്രേക്ഷകരാണ് ഒരു ചലച്ചിത്രത്തിന്റെ ഏറ്റവും വലിയ വിധികര്‍ത്താക്കളെന്ന് മന്ത്രിയും പരിവാരങ്ങളും വിസ്മരിച്ചുവെങ്കില്‍ അവരോടും അവരുടെ സംവേധന ക്ഷമതയോടും സഹതപിക്കയല്ലാതെ ആസ്വാദകര്‍ക്ക് മറ്റെന്തു നിവൃത്തി.

ചലച്ചിത്ര പ്രേമികള്‍ സംഘടിച്ച് ചലച്ചിത്ര അക്കാദമിയിലേയ്ക്ക് മാര്‍ച്ച് സംഘടിപ്പിക്കേണ്ട ഗതികേടുണ്ടാക്കിയതിലും പതിനാറാമത് മേള ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് തുടക്കം കുറിക്കുന്നത്. മേളയില്‍ പങ്കെടുക്കാന്‍ ഫീസ് നിര്‍ണയിക്കുന്നതിലും വൈകിയുള്ള രജിസ്‌ട്രേഷന്‍ പിഴത്തുക നിശ്ചയിച്ചതിലുമൊക്കെ സാധാരണക്കാരായ ചലച്ചിത്ര പ്രേമികളെ വിസ്മരിക്കുന്ന അപക്വതയാണ് സംഘാടകര്‍ പ്രകടിപ്പിച്ചത്. സിനിമാ സംഘടനകളെ പ്രതിനിധീകരിച്ചെത്തുന്നവര്‍ക്കായി ബാല്‍ക്കണിയിലെ സീറ്റുകള്‍ മുഴുവന്‍ സംവരണം ചെയ്യുക വഴി മേള നടക്കുന്ന പ്രദര്‍ശനശാലകളില്‍ വരേണ്യവല്‍ക്കരണത്തിനും അക്കാദമി തുടക്കം കുറിച്ചു. ഇതും ചരിത്രം സൃഷ്ടിക്കലാണെന്ന് സംഘാടകര്‍ക്ക് അഭിമാനിക്കാം! ഇതിനെതിരെ ചലച്ചിത്ര പ്രേമികള്‍ ഇതിനകം രംഗത്തുവന്നിട്ടുണ്ട്. ശേഷം ഭാഗം തിയറ്ററുകളില്‍ എന്നു പറയുകയേ നിവൃത്തിയുള്ളു. മേളയുടെ തയ്യാറെടുപ്പിനു നേതൃത്വം നല്‍കേണ്ട അക്കാദമി അധ്യക്ഷന്‍ തന്റെ സമയം വേണ്ടത്ര ആ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാക്കിയില്ലെന്ന പരാതിയും ചലച്ചിത്ര പ്രേമികളില്‍ നിന്നും ഉയരുന്നുണ്ട്.

ഫെസ്റ്റിവല്‍ പാക്കേജിനെപ്പറ്റിയും വ്യാപകമായി ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. മുന്‍ മേളകളില്‍ പ്രശംസ പിടിച്ചുപറ്റിയതും രാഷ്ട്രാന്തര ചലച്ചിത്ര മേളാവൃത്തങ്ങളില്‍ ചര്‍ച്ചയ്ക്കു വിധേയരുമായ പല ലോകോത്തര സംവിധായകരുടേയും നിര്‍മാതാക്കളുടേയും ചിത്രങ്ങള്‍ തികച്ചും രാഷ്ട്രീയ പരിഗണനകളുടെ അടിസ്ഥാനത്തില്‍ അവഗണിക്കപ്പെട്ടതായി പരാതി ഉയര്‍ന്നിട്ടുണ്ട്. മികച്ച ലാറ്റിന്‍ അമേരിക്കന്‍ ആഫ്രിക്കന്‍ ചിത്രങ്ങളില്‍ പലതും ഇത്തരത്തില്‍ തഴയപ്പെട്ടവയുടെ പട്ടികയില്‍ പെടും. മാനുഷിക മൂല്യങ്ങള്‍ക്കും ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്ന ചിത്രങ്ങളാണ് ഇത്തരത്തില്‍ അവഗണിക്കപ്പെടുന്നതെന്നത് നല്‍കുന്ന സന്ദേശം മൂല്യങ്ങളെക്കാള്‍ മൂലധന താല്‍പര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതായിരിക്കും ഈ മേള എന്നതു തന്നെ. അത് കേരളത്തിന്റെ രാഷ്ട്രാന്തര ചലച്ചിത്രമേളയുടെ മൗലിക സ്വത്വത്തിനു തന്നെ സംഭവിക്കുന്ന അവഭ്രംശമാണെന്നു ശങ്കിക്കേണ്ടിയിരിക്കുന്നു. മേളത്തലേന്ന് ഏറെ വൈകിയിട്ടും ഷെഡ്യൂള്‍പോലും യഥാസമയം പ്രസിദ്ധീകരിക്കാതെ മേളയുടെ സ്വഭാവത്തെ തന്നെ അട്ടിമറിക്കുകയാണ് സംഘാടകര്‍.

സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌ക്കാരവും അതുലഭിക്കുന്ന പ്രതിഭാധനമായ ചലച്ചിത്ര വ്യക്തിത്വവും കേരളത്തിന്റെ അന്താരാഷ്ട്ര മേളയുടെ അന്തസ്സിന്റെ പ്രതീകമായിരുന്നു. ഇത്തവണ അതുണ്ടാവില്ല. തങ്ങളേക്കാള്‍ പ്രതിഭാധനരായ ചലച്ചിത്രകാരന്മാര്‍ ആകാശത്തിനു താഴെ മറ്റാരുമില്ലെന്ന ചിന്തയായിരിക്കാം സിനിമാ മന്ത്രിയേയും അക്കാദമി അധ്യക്ഷനേയും അത്തരം ഒരു തീരുമാനത്തിനു പ്രേരിപ്പിച്ചിട്ടുണ്ടാവുക.

പ്രചരണം ഏറെ വേണ്ടെന്നുവെച്ചിരിക്കുന്നു. ഈ മേള എക്കാലത്തും സിനിമ കാണുന്നവരും കാണാത്തവരുമായ നാട്ടുകാര്‍ക്ക് മറ്റൊരു ഉത്സവമായിരുന്നു. മേളയെ ജനങ്ങളില്‍ നിന്ന് കഴിയാവുന്നത്ര അകറ്റി നിര്‍ത്താനായിരിക്കാം പ്രചരണരാഹിത്യത്തിന്റെ മറ്റൊരുചരിത്രം കൂടി ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. ജനങ്ങളേയും ചലച്ചിത്ര പ്രേമികളേയും നല്ല ചലച്ചിത്രങ്ങളെയും എത്ര ഏറെ അകറ്റി നിര്‍ത്താന്‍കഴിയുമൊ അത്രയും അകറ്റി നിര്‍ത്തിക്കൊണ്ട് മറ്റൊരു അന്താരാഷ്ട്ര ചലച്ചിത്ര മേളകൂടി ആരംഭിക്കുന്നു. ഇത് ചലച്ചിത്ര പ്രേമികള്‍ക്കും സംഘാടകര്‍ക്കും നല്‍കുന്ന പാഠമെന്താണെന്ന് വരും ദിനങ്ങള്‍ അനാവരണം ചെയ്യും.

janayugom editorial 091211

1 comment:

  1. കേരളത്തിന്റെ പതിനാറാമത് രാഷ്ട്രാന്തര ചലച്ചിത്രമേള (ഐ എഫ് എഫ് കെ) ഇന്ന് ആരംഭിക്കുകയാണ്. പതിവിനുവിപരീതമായി വിവാദങ്ങളുടെയും വിമര്‍ശനങ്ങളുടെയും പ്രതിഷേധപ്രകടനങ്ങളുടെയും അകമ്പടിയോടെയാണ് മേളയ്ക്ക് തിരശ്ശീല ഉയരുന്നത്. നാളിതുവരെ തലസ്ഥാന നഗരിയില്‍ നടന്ന രാഷ്ട്രാന്തര ചലച്ചിത്രമേളകളില്‍ മലയാള സിനിമയുടെ പ്രാതിനിധ്യം ഏറ്റവും ശുഷ്‌കമായ ഒന്നായി പതിനാറാമത് ഐ എഫ് എഫ് കെ ചരിത്രത്തില്‍ സ്ഥാനം പിടിക്കുമെന്ന് ചലച്ചിത്ര വിദ്യാര്‍ഥികള്‍ പറയുന്നു. മത്സരവിഭാഗത്തില്‍ ഒരൊറ്റ ചിത്രംപോലും മലയാളത്തിന്റേതായി ഇല്ല എന്നത് അപമാനകരം തന്നെ.

    ReplyDelete