സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് 2009ല്‍ കേരള ഗവണ്‍മെന്റ് പ്രഖ്യാപിച്ച മിനിമം വേജ് നടപ്പിലാക്കിക്കാന്‍ തൊഴില്‍വകുപ്പുമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
മിനിമം വേജ് നടപ്പിലാക്കുക, എട്ടുമണിക്കൂര്‍ ജോലി, പി എഫ്, ഇ എസ് ഐ, ലീവ് ആനുകൂല്യങ്ങള്‍ നല്‍കുക എന്നീ ആവശ്യങ്ങളാണ് നഴ്‌സുമാര്‍ ഉന്നയിക്കുന്നത്. മുംബൈയിലും കൊല്‍ക്കത്തയിലും ഡല്‍ഹിയിലും മലയാളികളായ നഴ്‌സുമാര്‍ക്കെതിരായി നടന്ന ആക്രമണം രാജ്യത്തെ ജനങ്ങള്‍ മറക്കാന്‍ സമയമായിട്ടില്ല. ഇത്തരം സംഭവങ്ങളുടെ തുടര്‍ച്ചയെന്ന നിലയിലാണ് കൊല്ലത്ത് ശങ്കേഴ്‌സ് ആശുപത്രിയിലെ നഴ്‌സുമാര്‍ തങ്ങളുടെ അടിയന്തരാവശ്യങ്ങള്‍ മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ തയ്യാറായത്. ഇതിന്റെ പേരില്‍ യാതൊരു കാരണവുമില്ലാതെ ജോലി ചെയ്തുകൊണ്ടിരുന്ന നഴ്‌സസിനെ ആശുപത്രിയില്‍ നിന്നു പുറത്താക്കി. ജനാധിപത്യപരമായും സമാധാനപരമായും പ്രതിഷേധം രേഖപ്പെടുത്തിയ നഴ്‌സസിനെ വാടക ഗുണ്ടകളെക്കൊണ്ട് തല്ലി. കൊല്ലത്ത് മിയ്യണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന അസീസിയ മെഡിക്കല്‍ കോളജിലെ നഴ്‌സുമാര്‍ അവകാശങ്ങളുന്നയിക്കുകയും ബാഡ്ജ് കുത്തി പ്രതിഷേധിക്കുകയും ചെയ്തതിന്റെ പേരില്‍ ആശുപത്രിയിലെ നഴ്‌സിനെ ആശുപത്രിയില്‍ നിന്നും പുറത്താക്കി. ഇവിടെയും നാട്ടുകാരല്ലാത്ത കുറച്ചാളുകളെ മാനേജ്‌മെന്റ് കൊണ്ടുവന്ന് നഴ്‌സിനെ ഭീഷണിപ്പെടുത്തി.
ജീവകാരുണ്യത്തിന്റെയും ആതുരശുശ്രൂഷയുടെയും പേരില്‍ പ്രവര്‍ത്തിക്കുന്ന അമൃതാ ആശുപത്രിയിലെ നഴ്‌സസിനെ ബി ജെ പി, ആര്‍ എസ് എസ് ഗുണ്ടകള്‍ ആക്രമിച്ച സംഭവം.
സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം 2009 ജൂണ്‍ 1 മുതല്‍ നടപ്പിലാക്കേണ്ടതാണ്. ഇത് നടപ്പിലാക്കണമെന്നാവശ്യപ്പെടുന്ന നഴ്‌സുമാരെ ആശുപത്രിയില്‍ നിന്ന് പുറത്താക്കുകയും പിരിച്ചുവിടുകയും ഗുണ്ടകളെക്കൊണ്ട് ആക്രമിക്കുകയും ചെയ്യുന്ന നടപടി ജനാധിപത്യവിശ്വാസികള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ല. തൊഴില്‍വകുപ്പ് വിളിക്കുന്ന കോണ്‍ഫറന്‍സുകളില്‍ മാനേജ്‌മെന്റ് പങ്കെടുക്കാതെ മാറി നില്‍ക്കുന്നു. തൊഴിലാളിസംഘടനകളെ അവര്‍ അംഗീകരിക്കാന്‍ തയ്യാറല്ല. സംഘടിക്കാനും കരാറുണ്ടാക്കാനും ഭരണഘടനാപരമായിത്തന്നെ തൊഴിലാളികള്‍ക്ക് അവകാശമുണ്ട്. ഭരണഘടനാപരമായ അവകാശത്തെ ലംഘിക്കുകയും ജനാധിപത്യപരമായ നഴ്‌സുമാരുടെ അവകാശങ്ങളെ വാടകഗുണ്ടകളെക്കൊണ്ട് തല്ലിത്തകര്‍ക്കാന്‍ ശ്രമിക്കുന്ന സ്വകാര്യആശുപത്രി മാനേജ്‌മെന്റിന് മുന്നില്‍ മുട്ടുമടക്കാന്‍ തൊഴിലാളികള്‍ തയ്യാറല്ല. എന്തു വിലകൊടുത്തും ഈ സമരത്തെ വിജയിപ്പിക്കണമെന്ന് എ ഐ ടി യു സി പ്രഖ്യാപിക്കുന്നു. സ്വകാര്യ ആശുപത്രികളിലെ സമാധാനപരമായ അന്തരീക്ഷം സംരക്ഷിക്കാനും മിനിമം വേജ് നടപ്പിലാക്കുന്നതിനും അടിയന്തിരമായി കേരള ഗവണ്‍മെന്റ് ഇടപെടണമെന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
janayugom 091211
സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് 2009ല്‍ കേരള ഗവണ്‍മെന്റ് പ്രഖ്യാപിച്ച മിനിമം വേജ് നടപ്പിലാക്കിക്കാന്‍ തൊഴില്‍വകുപ്പുമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
ReplyDeleteകേരളത്തില്‍നിന്ന് അന്യസംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന നേഴ്സുമാരുടെ പ്രശ്നങ്ങള്‍ പ്രവാസി ക്ഷേമസമിതി നേരിട്ട് പഠിച്ച് സര്‍ക്കാരിന്് ശുപാര്‍ശ നല്‍കുമെന്ന് പ്രവാസി ക്ഷേമത്തിനുള്ള നിയമസഭാ സമിതി അറിയിച്ചു. ഇതിനായി സമിതി ഉടന്‍ കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങള്‍ സന്ദര്‍ശിച്ച് നേഴ്സുമാരില്‍നിന്നും ബന്ധപ്പെട്ടവരില്‍നിന്നും തെളിവെടുക്കും.
ReplyDeleteകൊച്ചി: ശമ്പളപരിഷ്ക്കരണവും മറ്റാവശ്യങ്ങളും ഉന്നയിച്ച് എറണാകുളം അമൃത ആശുപത്രിയിലെ നേഴ്സുമാര്‍ മൂന്നുദിവസമായി നടത്തി വന്ന സമരം ഒത്തു തീര്‍ന്നു. നേഴ്സിങ്ങ് സംഘടനാപ്രതിനിധികളും രാഷ്ട്രീയനേതാക്കളും മാനേജ്മെന്റ് പ്രതിനിധികളും വ്യാഴാഴ്ച രാത്രി വൈകി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ReplyDeleteനേഴ്സുമാരുടെ ശമ്പള പരിഷ്ക്കരണത്തെയും മറ്റ് സേവന-വേതന വ്യവസ്ഥകളെയും സംബന്ധിച്ച് മൂന്ന് മാസത്തിനുള്ളില്‍ പഠിച്ച് യൂണിയന്‍ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് അനുകൂല തീരുമാനമെടുക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ ഉറപ്പ് നല്‍കി. സംഘടനാ പ്രവര്‍ത്തനത്തിന്റെ പേരില്‍ നടപടി സ്വീകരിച്ച നഴ്സിങ് ജീവനക്കാരനെ ആശുപത്രിയില്‍ തുടരാനനുവദിക്കും. ആറ് മാസം പൂര്‍ത്തിയാക്കിയ നേഴ്സുമാര്‍ക്ക് അനുഭവ പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ബോണ്ട് കാലാവധി കഴിഞ്ഞ നേഴ്സുമാര്‍ക്കും ആശുപത്രിയില്‍ നിന്ന് പോകുന്ന നേഴ്സുമാര്‍ക്കും സര്‍ട്ടിഫിക്കറ്റ് മടക്കി നല്‍കാനും തീരുമാനമായി. സമരം ചെയ്തവര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാവില്ല.
പി രാജീവ് എംപി, ഹൈബി ഈഡന്‍ എംഎല്‍എ, കലക്ടര്‍ പി ഐ ഷെയ്ക്ക് പരീത്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പുതിയതായി രൂപീകരിച്ച നേഴ്സുമാരുടെ സംഘടനാഭാരവാഹികളെ ചര്‍ച്ചയ്ക്ക് വിളിച്ചുവരുത്തി ചൊവ്വാഴ്ച ജീവനക്കാരും ഗുണ്ടകളും ചേര്‍ന്ന് ആക്രമിച്ചിരുന്നു തുടര്‍ന്നാണ് സമരം തുടങ്ങിയത്.