നമ്മുടെ നാടിന്റെ സാംസ്കാരികതയും ജനസമൂഹത്തിന്റെ വൈകാരികമനോഭാവങ്ങളും സംരക്ഷിക്കാനാണ് ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ സോഷ്യല്‍ മീഡിയാനെറ്റ്വര്‍ക്കുകള്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുന്നതിന് വിവരസാങ്കേതികവിദ്യാമന്ത്രി കപില്‍ സിബല്‍ കാരണമായി പറയുന്നത്. ബ്രോഡ്കാസ്റ്റിങ് മേഖല വിദേശികള്‍ക്കായി തുറന്നുകൊടുത്തപ്പോഴോ ടെലികാസ്റ്റിങ് മേഖലയിലൂടെ പാശ്ചാത്യാനുകൂല സംസ്കാരകൊടുങ്കാറ്റ് വീശിയടിച്ചപ്പോഴോ ഈ മന്ത്രിക്ക് ഇങ്ങനെയൊരുല്‍ക്കണ്ഠയുണ്ടായില്ല. ഇന്ത്യയിലെ തനത് സംസ്കൃതിയുടെയും ഭാവുകത്വത്തിന്റെയും ചിഹ്നങ്ങളെ പാശ്ചാത്യഭാവുകത്വത്തിന്റെ അധിനിവേശം വന്ന് കടപുഴകിക്കൊണ്ടിരുന്നപ്പോഴും ഇങ്ങനെയൊരു ഉല്‍ക്കണ്ഠയുണ്ടായില്ല. എന്നുമാത്രമല്ല, 1950കളില്‍ ജവാഹര്‍ലാല്‍ നെഹ്റു മന്ത്രിസഭ അംഗീകരിച്ച പ്രമേയം കാറ്റില്‍ പറത്തിക്കൊണ്ട് അച്ചടിമാധ്യമ മേഖലയില്‍ വിദേശനിക്ഷേപമാകാം എന്ന് നിശ്ചയിച്ചപ്പോഴും ഇറാഖിലടക്കം അമേരിക്കയ്ക്കുവേണ്ടി മാധ്യമ അട്ടിമറിപ്പണി നടത്തിയ ബസ്റ്റന്‍ ഗ്രൂപ്പ് അടക്കമുള്ളവര്‍ക്ക് ഇന്ത്യയില്‍ പത്രം നടത്താനുള്ള പട്ടുപരവതാനി വിരിച്ചപ്പോഴോ കപില്‍ സിബലിനും കൂട്ടര്‍ക്കും ഇത്തരം ഉല്‍ക്കണ്ഠകളുണ്ടായില്ല. അച്ചടിമാധ്യമമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചാല്‍ ഇന്ത്യന്‍ ജനതയുടെ ചിന്ത രാജ്യത്തിനെതിരായും സാമ്രാജ്യത്വത്തിന് അനുകൂലമായും വികലപ്പെടുത്തിയെടുക്കാനേ അതുപകരിക്കൂവെന്ന നെഹ്റു മന്ത്രിസഭയുടെ വിലയിരുത്തലിനെ കാറ്റില്‍പറത്താന്‍ ഇവര്‍ക്ക് ഒരു മടിയുമുണ്ടായിട്ടില്ല. അങ്ങനെയുള്ളവര്‍ പെട്ടെന്ന് സോഷ്യല്‍ മീഡിയാനെറ്റ്വര്‍ക്കിനെതിരെ തിരിയുകയും അതിനെ പെരുമാറ്റച്ചട്ടത്തിന് വിധേയമാക്കുകയും ചെയ്യുന്നതിന് പിന്നിലുള്ളത് ആ നെറ്റ്വര്‍ക്ക് ഉപയോഗിച്ച് വിവരസാങ്കേതികവിദ്യ വശമുള്ള ജനലക്ഷങ്ങള്‍ യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധവും ദേശവിരുദ്ധവുമായ നയങ്ങള്‍ക്കെതിരെ നാട്ടില്‍ പുതിയ അവബോധം സൃഷ്ടിക്കുന്നുവെന്നതാണ്.
2010 ജൂലൈ-ഡിസംബര്‍ ഘട്ടത്തില്‍ ഓര്‍ക്കുട്ടില്‍നിന്ന് 236 കമ്യൂണിറ്റികളെ പുറത്താക്കാന്‍ തങ്ങളോട് ആവശ്യപ്പെടുകയുണ്ടായി എന്നും അത് ഇന്ത്യയിലെ പ്രമുഖരായ രാഷ്ട്രീയനേതാക്കളെ വിമര്‍ശിക്കുന്ന ഉള്ളടക്കം വന്നതിന്റെ പേരിലാണെന്നും ഗൂഗിള്‍ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. നൂറ് ദശലക്ഷം ഉപയോക്താക്കളാണ് ഗൂഗിളിന് ഇന്ത്യയിലുള്ളത്. ഗൂഗിളിന് കല്‍പ്പന ലഭിച്ചത് ഇന്ത്യന്‍ നിയമനിര്‍വഹണാധികാരികളില്‍നിന്നാണത്രെ. ഇതിന്റെ അര്‍ഥം വിമര്‍ശത്തില്‍ അസഹിഷ്ണുതയുള്ള യുപിഎ രാഷ്ട്രീയ നേതൃത്വമാണ് ഇതിനുപിന്നിലുള്ളത് എന്നാണ്. കേവലം പത്രത്താളുകളില്‍ പരിമിതപ്പെട്ടുപോകുമായിരുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് കുംഭകോണം, സ്പെക്ട്രം കുംഭകോണം തുടങ്ങിയവയൊക്കെ രാജ്യത്തെ ചിന്തിക്കുന്നവര്‍ക്കിടയില്‍ വ്യാപകമായ സംസാരമാക്കിയതിനുപിന്നില്‍ സോഷ്യല്‍ മീഡിയാനെറ്റ്വര്‍ക്കുകളിലൂടെയുള്ള ജനങ്ങളുടെ ഇടപെടലുകളുണ്ട്. കുംഭകോണങ്ങളുടെ ആരും കാണാത്ത വശങ്ങള്‍ , അതേക്കുറിച്ചറിയാവുന്നവര്‍ ജനശ്രദ്ധയില്‍കൊണ്ടുവരുന്നതിന് ഈ നെറ്റ്വര്‍ക്കുകളെ കാര്യമായ രീതിയില്‍ ഉപയോഗിച്ചിട്ടുമുണ്ട്. അങ്ങനെ രാജ്യത്ത് പടരുന്ന ചിന്ത നെറ്റ്വര്‍ക്ക് ഉപയോക്താക്കളില്‍ മാത്രമായി ഒതുങ്ങിനിന്നില്ല. സാധാരണക്കാരിലേക്കുവരെ അത് പടര്‍ന്നെത്തി. ഇത് തങ്ങളുടെ രാഷ്ട്രീയഭാവിക്ക് നല്ലതല്ല എന്ന യുപിഎ രാഷ്ട്രീയനേതൃത്വത്തിന്റെ വിലയിരുത്തലാണ് ഇപ്പോഴത്തെ നീക്കത്തിന്റെ പിന്നില്‍ .
ജനങ്ങള്‍ക്ക് സ്വതന്ത്രമായി ആശയവിനിമയം നടത്താനും അഭിപ്രായങ്ങള്‍ രൂപപ്പെടുത്താനും തെറ്റായ അഭിപ്രായങ്ങളെ എതിര്‍വാദങ്ങള്‍കൊണ്ട് തിരുത്തിക്കാനുമൊക്കെ ഉപയുക്തമാവുന്ന വേദിയാണിന്ന് സോഷ്യല്‍ മീഡിയാനെറ്റ്വര്‍ക്കുകള്‍ . അപകീര്‍ത്തികരങ്ങളായ അഭിപ്രായങ്ങള്‍ അവയില്‍ വന്നാല്‍ അതിനെ നേരിടാനുള്ള നിയമങ്ങള്‍ നിലവിലുണ്ട്. എന്നിട്ടും വന്‍തുകയ്ക്കുള്ള പിഴ ശിക്ഷാഭീഷണിയും പെരുമാറ്റച്ചട്ടഭീഷണിയുമായി സര്‍ക്കാര്‍ രംഗത്തുവരുന്നത് അസഹിഷ്ണുതകൊണ്ടും അരക്ഷിതത്വബോധംകൊണ്ടുമാണ് എന്ന് വ്യക്തം. വന്‍നേട്ടമുണ്ടാക്കുമെന്നുപറഞ്ഞ് ആവിഷ്കരിച്ച സാമ്പത്തികപരിഷ്കാരനയങ്ങള്‍ തകര്‍ച്ചയിലായതും വരവിലെ അസമത്വം ഇരുപതുവര്‍ഷംകൊണ്ട് ഇരട്ടിയായതും രാജ്യത്തിന്റെ പലഭാഗത്തും കര്‍ഷക ആത്മഹത്യകളുണ്ടാകുന്നതും സാമ്രാജ്യത്വം സാമ്പത്തിക പരമാധികാരത്തെ തുടരെ ആക്രമിച്ച് ഇന്ത്യയുടെ എല്ലാ മേഖലകളിലും അധീശത്വം സ്ഥാപിക്കുന്നതും ദാസ്യമനോഭാവത്തോടെ യുപിഎ സര്‍ക്കാര്‍ കീഴടങ്ങിക്കൊടുക്കുന്നതുമെല്ലാം സോഷ്യല്‍ മീഡിയാ നെറ്റ്വര്‍ക്ക് ഉപയോഗിച്ച് ജനങ്ങള്‍ വ്യാപകമായി ചര്‍ച്ചചെയ്യുന്നുണ്ട് എന്നത് സര്‍ക്കാരിനെ കുറച്ചൊന്നുമല്ല അസ്വസ്ഥപ്പെടുത്തുന്നത്. ഫേസ്ബുക്ക്, ഗൂഗിള്‍ , യാഹൂ, എംഎസ്എന്‍ തുടങ്ങിയവയിലൂടെ നിത്യേന ദശലക്ഷക്കണക്കിന് സന്ദേശങ്ങളാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഏതെങ്കിലും ഒരു സമിതിയെക്കൊണ്ട് ഇതെല്ലാം പരിശോധിപ്പിച്ച് സ്വീകാര്യമായതിനുമാത്രം പച്ചക്കൊടി കാണിക്കുക എന്നത് പ്രായോഗികമല്ല. വൈയക്തികമായ നിലയിലാണ് സ്വീകാര്യതയും അസ്വീകാര്യതയും നിര്‍ണയിക്കപ്പെടുക എന്നതുകൊണ്ട് ആ ചുമതല ഏതെങ്കിലും ഇലക്ട്രോണിക് സംവിധാനത്തെ ഏല്‍പ്പിക്കുക സാധ്യവുമല്ല. എന്നിട്ടും ഈ വഴിക്ക് കപില്‍ സിബല്‍ ചിന്തിക്കുന്നുവെങ്കില്‍ അദ്ദേഹം വിഡ്ഢികളുടെ സ്വര്‍ഗത്താണെന്ന് പറയേണ്ടിവരും.
ഇന്ത്യയില്‍ ഇപ്പോള്‍ത്തന്നെ വിവരസാങ്കേതികവിദ്യാനിയമം നിലവിലുണ്ട്. അതുപ്രകാരം കൈമാറ്റംചെയ്യപ്പെടുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം സേവനദാതാക്കളില്‍ നിക്ഷിപ്തമാണ്്. ഈ വ്യവസ്ഥ ഉപയോഗിച്ച് കേസ് നടത്തിയിട്ടും ശിക്ഷിച്ചിട്ടുമുണ്ട് ഇന്ത്യയില്‍ . ഈ നിയമം നിലവിലിരിക്കെ ഇത് കണ്ടില്ലെന്ന് നടിച്ച് പെരുമാറ്റച്ചട്ടത്തെയും പിഴശിക്ഷയെയും കുറിച്ച് സിബല്‍ സംസാരിക്കുമ്പോള്‍ യഥാര്‍ഥ ഉദ്ദേശ്യം മറ്റുചിലതാണെന്ന് വ്യക്തം. ഒരു ഫേസ്ബുക്ക് പരാമര്‍ശത്തില്‍ സോണിയ ഗാന്ധി വിമര്‍ശിക്കപ്പെട്ടു എന്നതിന്റെ പേരിലാണ് ഇപ്പോള്‍ ഈ കോലാഹലം എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. സൈബര്‍ സര്‍വീസ് ദാതാക്കളെ വിളിച്ചുവരുത്തി ഭീഷണിയുടെ സ്വരത്തില്‍ കപില്‍ സിബല്‍ സംസാരിച്ചത് ആ സോണിയാവിമര്‍ശമാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ പത്തുശതമാനത്തില്‍ താഴെമാത്രമേ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ വരുന്നുള്ളൂവെന്നാണ് ഔദ്യോഗിക കണക്ക്. അത്രയും പേര്‍ക്കിടയില്‍ വ്യാപരിക്കുന്ന രാഷ്ട്രീയ സന്ദേശങ്ങള്‍പോലും യുപിഎ സര്‍ക്കാരിനെ അസ്വസ്ഥമാക്കുന്നുവെങ്കില്‍ , അതിന്റെ അടിസ്ഥാനത്തില്‍ മാധ്യമമാരണ നീക്കങ്ങളുമായി അത് നീങ്ങുന്നുവെങ്കില്‍ അടിയന്തരാവസ്ഥയുടെ കിരാതനാളുകളെയാവും രാഷ്ട്രം ഓര്‍ക്കുക.
deshabhimani editorial 091211
സോഷ്യല്‍ മീഡിയാ നെറ്റ്വര്‍ക്കിനെതിരായ കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം സദുദ്ദേശ്യപരമാണെന്ന് കരുതുന്നവരുണ്ടാവില്ല. ഒരുവശത്ത് പ്രിന്റ് മീഡിയ വിദേശനിക്ഷേപങ്ങള്‍ക്കായി നിരുപാധികം തുറന്നുകൊടുക്കുന്ന അതേ സര്‍ക്കാര്‍തന്നെയാണ് മറുവശത്ത് സോഷ്യല്‍ മീഡിയാനെറ്റ്വര്‍ക്കിനെയും വെബ്സൈറ്റുകളെയും പെരുമാറ്റച്ചട്ടഭീഷണികൊണ്ട് നേരിടുന്നത് എന്നതുകൊണ്ടാണ് സര്‍ക്കാര്‍ നീക്കത്തിനുപിന്നില്‍ ഉദ്ദേശശുദ്ധിയുണ്ടെന്നു പറയാനാവില്ല എന്നുവരുന്നത്.
ReplyDelete