കേരളത്തില്‍ കര്‍ഷക ആത്മഹത്യ പിടിച്ചുനിര്‍ത്തുന്നതില്‍ മുന്‍ എല്‍എഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ണായകപുരോഗതി കൈവരിച്ചെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ രേഖകള്‍ വ്യക്തമാക്കുന്നു. 1995 മുതല്‍ 2010 വരെയുള്ള 16 വര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍ അവസാന എട്ടുവര്‍ഷത്തില്‍ വാര്‍ഷിക ശരാശരിയില്‍ 221 കുറയ്ക്കാന്‍ കേരളത്തിനായി. ഇതില്‍ എല്‍ഡിഎഫ് ഭരിച്ച 2006-2011 കാലത്താണ് ഈ തോത് കുറയ്ക്കാന്‍ സഹായിച്ചത്. ഇതില്‍ 2008-2010 കാലഘട്ടത്തിലാണ് മികച്ച പ്രവര്‍ത്തനമുണ്ടായത്.
എന്നാല്‍ , എല്ലാ പ്രതികൂലസാഹചര്യങ്ങളേയും മറികടന്ന് കേരളം കൈവരിച്ച നേട്ടം കേന്ദ്രസര്‍ക്കാരിന്റെ സ്വതന്ത്രവ്യാപാര കരാറുകള്‍ പ്രാബല്യത്തിലാകുന്നതോടെ തകര്‍ക്കപ്പെടുമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി സായ്നാഥ് ദ ഹിന്ദുവിലെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. കേരള കര്‍ഷകര്‍ ഭക്ഷ്യവിളയേക്കാള്‍ നാണ്യവിള ഉല്‍പ്പാദനവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. നാണ്യവിളകളുടെ വില നിര്‍ണയിക്കുന്നതില്‍ ആഗോള കോര്‍പറേറ്റുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. ഇതിനാല്‍ മറ്റ് ഏത് ഇന്ത്യന്‍ സംസ്ഥാനത്തേക്കാളും ആഗോളതലത്തിലെ ചാഞ്ചാട്ടം കേരള കര്‍ഷകരെ നേരിട്ട് ബാധിക്കും. അവസാനദശകത്തിലെ ആദ്യവര്‍ഷങ്ങളില്‍ വാനില കിലോയ്ക്ക് നാലായിരം രൂപവരെ കേരളത്തിലെ കര്‍ഷകര്‍ക്ക് ലഭിച്ചു. ഇപ്പോള്‍ വില 80 രൂപ മാത്രം. വന്‍ തുക വായ്പയെടുത്താണ് കര്‍ഷകര്‍ വാനില കൃഷി ആരംഭിച്ചത്. നിരവധി പേര്‍ കടത്തില്‍ മുങ്ങിത്താഴുമ്പോള്‍ ചിലര്‍ നൈരാശ്യത്താല്‍ ജീവനൊടുക്കി.
കാപ്പി, കുരുമുളക് തുടങ്ങിയ നാണ്യവിളകളുടെ വിലയിലെ ചാഞ്ചാട്ടവും കേരളത്തില്‍ നേരിട്ട് പ്രതിഫലിക്കും. കാപ്പിയുടെ വില നിയന്ത്രിക്കുന്നത് നാല് ആഗോള കുത്തക കമ്പനികളാണ്. ലാഭം വര്‍ധിപ്പിക്കാനായി ഉല്‍പ്പാദകര്‍ക്ക് പരമാവധി വില കുറച്ച് നല്‍കാനാണ് കമ്പനികള്‍ ശ്രമിക്കുക. രാജ്യത്ത് ഭക്ഷ്യവിള കര്‍ഷകരേക്കാള്‍ കൂടുതല്‍ ആത്മഹത്യയില്‍ അഭയം തേടുന്നത് നാണ്യവിള കര്‍ഷകരാണെന്നും കണക്കുകള്‍ തെളിയിക്കുന്നു. കൃഷിച്ചെലവേറിയതിനാല്‍ കൂടുതല്‍ പണം കടമെടുത്ത് സാഹസത്തിന് മുതിരുന്നത് നാണ്യവിളകര്‍ഷകരാണ്. അതിനാല്‍ പോയ 16 വര്‍ഷത്തിനിടെ കര്‍ഷക ആത്മഹത്യയുടെ വാര്‍ഷിക ശരാശരിയില്‍ ഗണ്യമായ കുറവുണ്ടാക്കാന്‍ കേരളത്തിന് സാധിച്ചു. 2005ല്‍ കടാശ്വാസ കമീഷന്‍ രൂപീകരിച്ചതടക്കമുള്ള നടപടികള്‍ കേരളം സ്വീകരിച്ചത് കര്‍ഷക ആത്മഹത്യ കുറയാന്‍ സഹായിച്ചു.
പ്രതിസന്ധിയിലായ ഭക്ഷ്യവിള മേഖലയിലും ഈ കാലഘട്ടത്തില്‍ പുരോഗതി കൈവരിച്ചു. 2005നും 2010നുമിടയില്‍ നെല്ലിന്റെ താങ്ങു വില 700 രൂപയില്‍നിന്ന് കേരളം 1400 രൂപയാക്കി. സ്വതന്ത്ര വ്യാപാരകരാറുമായി കേന്ദ്രം മുന്നോട്ട് പോകുന്നതിനാല്‍ കേരളത്തിന്റെ നാണ്യവിള കലവറയായ വയനാട്ടില്‍ ഇപ്പോള്‍ വീണ്ടും കര്‍ഷക ആത്മഹത്യ ഉയരുന്നു. ആത്മഹത്യ പിടിച്ചുനിര്‍ത്താന്‍ കേരളം കൈവരിച്ച നേട്ടം ഇതോടെ നഷ്ടമാകുകയാണെന്ന് സായ്നാഥ് ചൂണ്ടിക്കാട്ടുന്നു. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 16 വര്‍ഷത്തെ കണക്ക് പ്രകാരം അവസാന എട്ടുവര്‍ഷത്തില്‍ കര്‍ഷക ആത്മഹത്യയുടെ വാര്‍ഷിക ശരാശരിയില്‍ മുന്നില്‍ മഹാരാഷ്ട്രയും ആന്ധ്രപ്രദേശുമാണ്. മധ്യപ്രദേശും ഛത്തീസ്ഗഢും തൊട്ടുപിന്നാലെയുണ്ട്. കേരളത്തെ കൂടാതെ പശ്ചിമബംഗാള്‍ , തമിഴ്നാട്, ഉത്തര്‍പ്രദേശ്, കര്‍ണാടകം എന്നിവിടങ്ങളില്‍ അവസാന എട്ടുവര്‍ഷത്തില്‍ കര്‍ഷകരുടെ ആത്മഹത്യാനിരക്ക് കുറഞ്ഞു. എന്നാല്‍ , കേന്ദ്രം ഉദാരവല്‍ക്കരണനയവുമായി മുന്നോട്ടുപോകുന്നതിനാല്‍ ഈ സംസ്ഥാനങ്ങളിലും ആത്മഹത്യാനിരക്ക് ഉയരുകയാണെന്നും റിപ്പോര്‍ട്ട് വിവരിക്കുന്നു. 16 വര്‍ഷത്തിനിടെ ഇന്ത്യയില്‍ രണ്ടരലക്ഷത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു.
deshabhimani 061211
No comments:
Post a Comment