Tuesday, December 6, 2011

നിയമപാലനത്തിന്റെ പേരില്‍ കൊലപാതകം പരിഷ്‌കൃതസമൂഹത്തിന് അപമാനം

ഇരുട്ടിന്റെ മറവിലും വളവുകളിലും പതിയിരുന്ന് റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ പൊലീസ് നടത്തിയ ശ്രമം തലസ്ഥാന നഗരിയില്‍ ഒരു ജീവന്‍കൂടി അപഹരിച്ചിരിക്കുന്നു. തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എം ആര്‍ പ്രദീപ് കുമാറാണ് ഒരു പരിഷ്‌കൃത പൊലീസ് സേനയ്ക്കും യോജിക്കാത്ത നിയമപരിപാലന നിര്‍വഹണത്തിന് ഇരയായത്. റോഡ് നിയമപരിപാലനത്തിന്റെ പേരില്‍ പൊലീസ് നടത്തുന്ന വഴിവിട്ട പരിശോധനയ്ക്ക് ഇരയാവുന്ന ആദ്യത്തെ രക്തസാക്ഷിയല്ല പ്രദീപ്കുമാര്‍.
കേരളത്തില്‍ വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ ആരിലും ഉല്‍ക്കണ്ഠയുളവാക്കാന്‍ പോരുന്നവയാണ്. നിയമാനുസൃതം ഹെല്‍മറ്റ് ഉപയോഗിക്കാതിക്കല്‍, റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കാതിരിക്കല്‍, ആവശ്യമായ ലൈസന്‍സിന്റെ അഭാവം, മദ്യപിച്ച് വാഹനം ഓടിക്കല്‍, അമിതവേഗത തുടങ്ങി അപകടകാരണങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ പൊലീസ് ജാഗ്രത പാലിക്കണമെന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമുണ്ടാവാന്‍ വഴിയില്ല. റോഡ് നിയമങ്ങള്‍ ശരിയായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും അമിതവേഗം കണ്ടെത്താനും മറ്റും ആധുനിക ഉപകരണങ്ങള്‍ ഇന്ന് പൊലീസ് സേനയ്ക്ക് ലഭ്യമാണ്. അവയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ തികച്ചും പരിഷ്‌കൃത മാര്‍ഗങ്ങളിലൂടെ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താനും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും പൊലീസിന് കഴിയുന്നതാണ്. എന്നാല്‍ ഇപ്പോഴും പ്രാകൃതരീതികള്‍ അവലംബിക്കുന്നത് സ്വാഭാവികമായും ജനങ്ങളില്‍ ആശങ്കവളര്‍ത്തുന്നതില്‍ അദ്ഭുതമില്ല.

കുറ്റകൃത്യങ്ങള്‍ കണ്ടെത്തി ക്വോട്ട തികയ്ക്കാനും പലപ്പോഴും നിയമലംഘകരെ പിഴിഞ്ഞ് സ്വന്തം പോക്കറ്റ് നിറയ്ക്കാനും പൊലീസ് സേനയില്‍ ഒരു വിഭാഗമെങ്കിലും ശ്രമിക്കുന്നത് പരസ്യമായ രഹസ്യമാണ്. സമൂഹത്തിന്റെ സ്വസ്ഥതയും നിലനില്‍പും തന്നെ അപകടപ്പെടുത്തുന്ന ക്രിമിനല്‍ സംഘങ്ങള്‍ പൊലീസിന്റെ മൂക്കിനു താഴെ അഴിഞ്ഞാടുന്നത് കണ്ടിട്ടും നിസഹായമായി നോക്കിനില്‍ക്കുന്ന അതേ പൊലീസിന്റെ നിയമപാലന ശുഷ്‌കാന്തിയില്‍ ജനങ്ങള്‍ക്കു സംശയമുണ്ടായാല്‍ അതിന് ആരെയും കുറ്റപ്പെടുത്താനാവില്ല. കഴിഞ്ഞ ദിവസം കവടിയാറിലുണ്ടായ അപകടത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ ഉള്‍പ്പെട്ട പേരൂര്‍ക്കട സ്റ്റേഷനതിര്‍ത്തി ഇത്തരം സാമൂഹ്യവിരുദ്ധരുടെയും ഗുണ്ടകളുടെയും താവളങ്ങള്‍ ഉള്‍പ്പെട്ട പ്രദേശമാണ്. അത്തരക്കാരെ നിയന്ത്രിക്കാനോ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനോ കഴിയാത്തതിന്റെ പേരില്‍ വിമര്‍ശനമേല്‍ക്കേണ്ടിവന്നവര്‍ തന്നെയാണ് ഒരു യാത്രക്കാരന്റെ ജീവന്‍ കവരാന്‍ നിമിത്തമായതെന്നത് സംഭവത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു.

നിയമപാലനത്തിന് അനുവദനീയമല്ലാത്ത പ്രാകൃത മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് പരിഷ്‌കൃത പൊലീസ് സേനയ്ക്കും സമൂഹത്തിനും വച്ചുപൊറുപ്പിക്കാനാവില്ല. കവടിയാറില്‍ നടന്നതുപോലെ വാഹനയാത്രക്കാരെ പതിയിരുന്നു പിടികൂടാന്‍ ശ്രമിക്കുന്നത് തുടരാന്‍ യാതൊരു കാരണവശാലും അനുവദിച്ചുകൂട. അത് തലസ്ഥാന നഗരിയിലും കേരളത്തിലെവിടെയും ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് സേനാ മേധാവികളും ഗവണ്‍മെന്റും നടപടി സ്വീകരിക്കണം. പ്രദീപ് കുമാറിന്റെ മരണത്തില്‍ കലാശിച്ച സംഭവങ്ങളെപ്പറ്റി വിശദമായ അന്വേഷണം നടത്തണം. അതിനുത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതകകുറ്റത്തിനു കേസെടുത്ത് വിചാരണചെയ്യണം.

നിയമലംഘനങ്ങളില്‍ നിന്നും കുറ്റകൃത്യങ്ങളില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കുകയെന്ന ചുമതലയാണ് പൊലീസ് സേനയില്‍ നിക്ഷിപ്തമായിട്ടുള്ളത്. അതേ സേനയിലെ അംഗങ്ങള്‍തന്നെ നിയമപാലനത്തിന്റെ പേരില്‍ പണപ്പിരിവുനടത്തുന്നതും അതിനുവേണ്ടി നിരപരാധികളെ മരണത്തിലേക്ക് തള്ളിവിടുന്നതും ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. കവടിയാറിലെ സംഭവം പൊലീസ് സേനാമേധാവികളുടേയും ഗവണ്‍മെന്റിന്റെയും കണ്ണുതുറപ്പിക്കണം.

janayugom editorial 061211

No comments:

Post a Comment