Wednesday, December 7, 2011

കേരളത്തിന് ഒറ്റ മനസ്സ്; വി എസ് ഉപവാസം തുടങ്ങി


മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്നും പ്രശ്നത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വണ്ടിപ്പെരിയാറില്‍ ഉപവാസം ആരംഭിച്ചു. കേരളം ഒരേ മനസോടെ സമര മുഖത്താണെന്ന് വി എസ് പറഞ്ഞു.

എല്‍ഡിഎഫ് നേതൃത്വത്തില്‍ വ്യാഴാഴ്ച അറബിക്കടല്‍ തീരംവരെ മനുഷ്യമതില്‍ കെട്ടും. അതുപോലെ കെപിസിസിയുടെ നേതൃത്വത്തിലും സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും സമരമുഖത്താണ്. കേരളത്തിലെ 35 ലക്ഷം ജനങ്ങളുടെ സുരക്ഷ കണ്ടില്ലെന്ന് കരുതാന്‍ കേന്ദ്രത്തിനാവില്ല. വെള്ളം തരുന്ന ജനങ്ങളെ കൊലയ്ക്ക് കൊടുക്കരുതെന്നാണ് കേരളം തമിഴ്നാടിനോട് അഭ്യര്‍ഥിക്കുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമ സമരങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് വി എസ് അഭ്യര്‍ഥിച്ചു. ലക്ഷ്യം കാണുന്നതുവരെ ശക്തമായ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച വാരിലെ പതിനൊന്നു മണിയോടെയാണ് വി എസ് സമരപ്പന്തലിലെത്തിയത്. ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ഏഴുദിവസമായി നിരാഹാരം നടത്തിവരുന്ന പന്തലിലാണ് വി എസും ഉപവാസമിരിക്കുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി ഇ എം അഗസ്തിയും ഐഎന്‍ടിയുസി നേതാവ് ടി ആര്‍ അയ്യപ്പനും രണ്ടു ദിവസമായി ഇതേ സമരവേദിയില്‍ ഉപവസിക്കുന്നുണ്ട്. വി എസിനൊപ്പം മുന്‍ മന്ത്രിമാരായ എന്‍ കെ പ്രേമചന്ദ്രന്‍ , മാത്യു ടി തോമസ്, വി സുരേന്ദ്രന്‍പിള്ള എന്നിവരും എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോന്‍ , എ കെ ശശീന്ദ്രന്‍ , വി എസ് സുനില്‍കുമാര്‍ , ഇ എസ് ബിജിമോള്‍ എന്നിവരും പി സി തോമസും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. നേതാക്കളെ കൂടാതെ ആയിരക്കണക്കിനന് ജനങ്ങളും ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

പണം വാങ്ങിയവരുടെ പേര് ജയലളിത വെളിപ്പെടുത്തണം: വി എസ്

വണ്ടിപ്പെരിയാര്‍ : തമിഴ്നാട് സര്‍ക്കാരില്‍ നിന്ന് പണവും ഭൂമിയും വാങ്ങിക്കൂട്ടിയ കേരള നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത തയാറാകണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ . മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ ചില നേതാക്കള്‍ പണം വാങ്ങിയിട്ടുണ്ടെന്ന് ജയലളിത പറഞ്ഞിരുന്നു. ഇത്തരം നേതാക്കളുടെ പേര് ജയലളിത എത്രയും പെട്ടെന്ന് വെളിപ്പെടുത്തണമെന്നും അങ്ങനെ വെളിപ്പെടുത്തിയാല്‍ അതിനെ സ്വാഗതം ചെയ്യുമെന്നും വിഎസ് പറഞ്ഞു. ജയലളിതയുടെ പ്രസ്താവന യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്ന് മുന്‍ ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. തമിഴ്നാടിന് കൊടുക്കുന്ന വെള്ളത്തില്‍ കുറവ് വരുത്താതെ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് അംഗീകരിച്ചാല്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

എജിക്കെതിരെ നടപടിയില്ല; അനുബന്ധ സത്യവാങ്മൂലം നല്‍കും

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ വിവാദ പരാമര്‍ശം നടത്തിയ എ ജി കെ പി ദണ്ഡപാണിയുടെ പേരില്‍ നടപടിയെടുക്കില്ല. എ ജിയുമായി ബന്ധപ്പെട്ട വിവാദം അടഞ്ഞ അധ്യായമാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ബുധനാഴ്ച നടന്ന മന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാര്‍ കേസില്‍ ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അനുബന്ധ സത്യവാങ്മൂലം നല്‍കും. ഇതിനായി നാലംഗ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , കെ എം മാണി, ആര്യാടന്‍ മുഹമ്മദ്, പി ജെ ജോസഫ് എന്നിവരാണ് സമിതി അംഗങ്ങള്‍ . 15ന് മുന്‍പായി പുതിയ സത്യവാങ്മൂലം നല്‍കും. സമിതിയുടെ ആദ്യ യോഗം ബുധനാഴ്ച നടക്കും.

എ ജി യെ മന്ത്രിസഭാ യോഗത്തില്‍ വിളിച്ചു വരുത്തിയിരുന്നു. അദ്ദേഹം നല്‍കിയ വിശദീകരണം മന്ത്രിസഭ അംഗീകരിച്ചു. ജലനിരപ്പും ജനങ്ങളുടെ സുരക്ഷയും തമ്മില്‍ ബന്ധമില്ലെന്ന് കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ കാര്യങ്ങള്‍ വളച്ചൊടിച്ചതാണെന്നും എ ജി വിശദീകരിച്ചു. മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം കെ പരമേശ്വരന്‍ നായര്‍ , അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ , ദുരന്ത നിവാരണവകുപ്പ് സെക്രട്ടറി കെ ബി വത്സലകുമാരി എന്നിവരേയും മന്ത്രി സഭായോഗത്തിലേക്ക് വിളിച്ചിരുന്നു.

അണക്കെട്ട് പരിസരത്ത് നിരന്തരമുണ്ടാകുന്ന ഭൂചലനങ്ങളുടെ പശ്ചാത്തലത്തില്‍ ജലനിരപ്പ് 120 അടിയാക്കണമെന്ന് കാണിച്ച് കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി സംഘത്തെ ഡല്‍ഹിയിലേക്ക് അയക്കും. ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് കൊടുക്കേണ്ടതില്ലെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു.

എജി തുടരുന്നത് ശരിയല്ല: സുധീരന്‍

അഡ്വക്കറ്റ് ജനറലിനെതിരെ നടപടി എടുക്കാതിരുക്കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. എജി തുടരുന്നത് ശരിയല്ല. ഒരു ഉദ്യോഗസ്ഥനെ സംരക്ഷിക്കലാണോ, കേരളത്തിന്റെ പൊതു താല്‍പ്പര്യമാണോ പ്രധാനം എന്ന് ഓര്‍ക്കണം. പാളിച്ച തിരുത്തുമ്പോള്‍ അതിന് ഇടയായ സാഹചര്യവും പരിശോധിക്കണം. ശരിയായ നിലക്കല്ല സര്‍ക്കാര്‍ നീങ്ങുന്നത് എന്നതിന് തെളിവാണിത്. സത്യവാങ്മൂലം മാറ്റിനല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത് നന്നായെന്ന് മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പ്രതികരിച്ചു. അതേസമയം തെറ്റു പറ്റിയത് തിരുത്തുമ്പോള്‍ അതിന് ഉത്തരവാദിയാരെന്ന് വ്യക്തമാക്കണം. -അദ്ദേഹം തുടര്‍ന്നു.

deshabhimani news

1 comment:

  1. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്നും പ്രശ്നത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വണ്ടിപ്പെരിയാറില്‍ ഉപവാസം ആരംഭിച്ചു. കേരളം ഒരേ മനസോടെ സമര മുഖത്താണെന്ന് വി എസ് പറഞ്ഞു.

    ReplyDelete