Friday, December 16, 2011

ജനസമ്പര്‍ക്കം: തള്ളിക്കയറി ഭരണകക്ഷിക്കാര്‍ ; ശ്വാസംമുട്ടി രോഗികള്‍

"പബ്ലിസിറ്റി" ലക്ഷ്യമാക്കി ജനസമ്പര്‍ക്കം മാരക രോഗികളോടും ക്രൂരത

തൃശൂര്‍ : സര്‍ക്കാരിന്റെ പാവങ്ങളോടുള്ള കൊടും ക്രൂരതയ്ക്ക് ഒടുവിലത്തെ തെളിവായി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കം. വികലാംഗര്‍ , അവശത അനുഭവിക്കുന്നവര്‍ , ഗുരുതര അസുഖമുള്ളവര്‍ , ട്യൂബിട്ടു കിടക്കുന്നവര്‍ , അര്‍ധബോധാവസ്ഥയിലുള്ളവര്‍ , മസ്തിഷ്കാഘാതം സംഭവിച്ചവര്‍ .. സഹായം പ്രതീക്ഷിച്ച് എത്തിയ ഈ പാവങ്ങള്‍ക്കും വേദന മാത്രം നല്‍കുകയായിരുന്നു പരിപാടി. കനിവ് തേടി പൊരിവെയിലില്‍ മണിക്കൂറുകളോളം കിടന്ന രോഗികളില്‍ ചിലര്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭിച്ചെങ്കിലും ഭൂരിഭാഗം പേര്‍ക്കും രേഖാമൂലമുള്ള അറിയിപ്പ് ലഭിക്കാത്തതിനാല്‍ പിന്നേയും കാത്തിരിക്കേണ്ടിവന്നു. പൊടിയും കാറ്റുമടിച്ച് പലരുടേയും രോഗം വഷളായി. മുമ്പ് ധനസഹായം അനുവദിച്ചവരേയും സര്‍ക്കാര്‍ ഓഫീസുകള്‍ വഴി ധനസഹായം കിട്ടുമായിരുന്നവരേയുമാണ് സര്‍ക്കാര്‍ പബ്ലിസിറ്റിക്കും പ്രതിച്ഛായക്കുമായി പൊരിവെയിലില്‍ മൈതാനത്തെത്തിച്ച് ദ്രോഹിച്ചത്. ആംബുലന്‍സിലും, സ്ട്രെക്ച്ചറിലും വീല്‍ചെയറിലും പലരേയും കണ്ടപ്പോള്‍ ഈ അവസ്ഥയില്‍ ഇവരെ ഇങ്ങോട്ടെത്തിക്കേണ്ടായിരുന്നുവെന്നും സഹായം എത്തിച്ചാല്‍ മതിയായിരുന്നല്ലോ എന്നും മുഖ്യമന്ത്രിതന്നെ പറയേണ്ടി വന്നു.

രാവിലെ ഒമ്പതിന് തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച പരിപാടിയില്‍ ലഭിച്ച പരാതികളില്‍ പകുതിയോളം മാത്രമാണ് തീരുമാനമായത്. ലക്ഷത്തോളം പരാതി ലഭിച്ചെന്നാണ് അധികൃതര്‍ അറിയിച്ചത്. ബിപിഎല്‍ , പട്ടയം അപേക്ഷകള്‍ ഉള്‍പ്പെടെ 28,000 പരാതികളില്‍ ടോക്കണ്‍ കൊടുത്ത് താലൂക്ക് ഓഫീസിലേക്ക് പറഞ്ഞുവിട്ടു. ആവശ്യത്തിന് കുടിവെള്ളമോ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യമോ സമീപത്ത് ഏര്‍പ്പെടുത്തിയിരുന്നില്ല. ഭക്ഷണ വിതരണം ഉണ്ടായിരുന്നുവെങ്കിലും ഭൂരിഭാഗംപേര്‍ക്കും കിട്ടിയില്ല. രാത്രി 12 വരെ ഗതാഗത സൗകര്യം ഉണ്ടെന്നറിയിച്ചിരുന്നെങ്കിലും ഏതാനും ചില കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്.

ഉദ്യോഗസ്ഥരും പൊലീസും പ്രത്യേകം രംഗത്തുണ്ടായെങ്കിലും പൊതുജനങ്ങള്‍ക്ക് ആവശ്യമായ സഹായം ലഭിച്ചില്ലെന്ന പരാതി വ്യാപകമാണ്. വന്‍ജനക്കൂട്ടമുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ പ്രത്യേക സുരക്ഷാ സന്നാഹമാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരുന്നത്. പട്ടയം ലഭിക്കുന്നതിനും ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുമുള്ള അപേക്ഷകള്‍ പരിഗണിക്കില്ലെന്നറിയിച്ചതോടെ ആളുകളുടെ എണ്ണം കുറഞ്ഞു. ഉദ്ഘാടനം നടക്കുമ്പോഴടക്കം കസേരകള്‍ കാലിയായിരുന്നു. ഭരണകക്ഷി നേതാക്കളും ശിങ്കിടികളും ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെ പൊതിഞ്ഞുനിന്ന് തിരക്ക്കൂട്ടിയതിനാല്‍ പലര്‍ക്കും ബുദ്ധിമുട്ടുകള്‍ വിശദീകരിക്കാനായില്ല. ടോള്‍ വിരുദ്ധ സമരക്കാരുടെ പ്രതിഷേധവുമുണ്ടായി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ലക്ഷങ്ങള്‍ പൊടിച്ച് ഒരുക്കിയ പന്തലും വേദിയും കോര്‍പറേഷന്‍ സ്റ്റേഡിയത്തിന് ദോഷമായിട്ടുണ്ട്.

ലഭിച്ച പരാതിയില്‍ 90 ശതമാനവും താഴേതട്ടില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിഹരിക്കാവുന്നവയായിരുന്നു. അപേക്ഷ എഴുതി നല്‍കുന്നതിന് പ്രതിഫലം വാങ്ങുന്ന സംഘങ്ങളും പരസ്യമായി വിലസി. സാമ്പത്തിക സഹായം വാങ്ങിക്കൊടുക്കാന്‍ കമീഷന്‍ വ്യവസ്ഥയില്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളും രംഗത്തുണ്ടായി. സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ അധ്യക്ഷനായി. എംഎല്‍എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍ , ബി ഡി ദേവസി, വി എസ് സുനില്‍കുമാര്‍ , സി രവീന്ദ്രനാഥ്, കെ വി അബ്ദുള്‍ ഖാദര്‍ , ടി എന്‍ പ്രതാപന്‍ , ബാബു എം പാലിശേരി, എം പി വിന്‍സന്റ്, പി എ മാധവന്‍ , ഗീത ഗോപി, മേയര്‍ ഐ പി പോള്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ദാസന്‍ , കലക്ടര്‍ പി എം ഫ്രാന്‍സിസ്, ഐജി ബി സന്ധ്യ, കമീഷണര്‍ പി വിജയന്‍ , എസ ്പി ദേബേഷ്കുമാര്‍ ബെഹ്റ, എഡിഎം ഡോ. പി കെ ജയശ്രീ, ഡെപ്യൂട്ടി കലക്ടര്‍ പി മേരിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

ജനസമ്പര്‍ക്കം: തള്ളിക്കയറി ഭരണകക്ഷിക്കാര്‍ ; ശ്വാസംമുട്ടി രോഗികള്‍

തൃശൂര്‍ : മുഖ്യമന്ത്രിക്കൊപ്പം തള്ളിക്കയറിയ ഭരണകക്ഷിക്കാരും യൂത്ത് കോണ്‍ഗ്രസുകാരും ശയ്യാവലംബികളായ രോഗികളെ ദുരിതത്തിലാക്കി. പലര്‍ക്കും ശ്വാസംമുട്ടി. ചിലര്‍ക്ക് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി ധരിപ്പിക്കാനായില്ല. ജില്ലയിലെ ചില ഭരണകക്ഷി എംഎല്‍എമാരും മുഖ്യമന്ത്രിക്കൊപ്പം കൂടിയതോടെ തിരക്ക് നിയന്ത്രിക്കാന്‍ എല്‍ഡിഎഫ് എംഎല്‍എമാരടക്കം പരാതികള്‍ സ്വീകരിച്ച് നടപടിക്ക് നിര്‍ദേശം നല്‍കി. കെ രാധാകൃഷ്ണന്‍ , ബാബു എം പാലിശേരി, ബി ഡി ദേവസി, കെ വി അബ്ദുള്‍ഖാദര്‍ , സി രവീന്ദ്രനാഥ്, വി എസ് സുനില്‍കുമാര്‍ , ഗീത ഗോപി എന്നിവര്‍ രോഗികള്‍ക്കും പരാതിക്കാര്‍ക്കും തുണയായി നിന്നു.

കോണ്‍ഗ്രസുകാര്‍ ശുപാര്‍ശയുമായി കൊണ്ടുവന്നവര്‍ക്കും മുന്‍കൂട്ടി തയ്യാറാക്കിയ ലിസ്റ്റിലുള്ളവര്‍ക്കുമാണ് മുഖ്യമന്ത്രിയെ ആദ്യം കാണാന്‍ പറ്റിയത്. പബ്ലിസിറ്റി മാനേജ്മെന്റിന്റെ ഭാഗമായി ഒന്നോ രണ്ടോ എതിര്‍കക്ഷിക്കാരെയും പട്ടികയില്‍പ്പെടുത്തി. അര്‍ഹതയുള്ളവരായിട്ടും ഇവരുടെ രോഗവിവരം പറയാതെ രാഷ്ട്രീയം മനസ്സിലാക്കും വിധം യൂണിയന്റെ പേരുവച്ച് മൈക്കില്‍ അനൗണ്‍സ്മെന്റ് നടത്താനും ഉദ്യോഗസ്ഥര്‍ തയ്യാറായി. മസ്തിഷ്കാഘാതം സംഭവിച്ചവരെപ്പോലും പബ്ലിസിറ്റിക്കായി തിരക്കിലേക്ക് കൊണ്ടുവന്നു. പൊടിയും കാറ്റും വിയര്‍പ്പുമടിച്ചത് ഇന്‍ഫക്ഷന്‍ഭീഷണി ഉയര്‍ത്തി.

പ്രസവം എടുത്തപ്പോള്‍ ഡോക്ടര്‍മാര്‍ക്കുണ്ടായ പിഴവില്‍ മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനം തകരാറിലായ ഏഴുവയസ്സുള്ള കുട്ടിയേയും തോളിലിട്ടാണ് കൊടുങ്ങല്ലൂര്‍ സ്വദേശികളായ മുഹമ്മദ് ഹനീഫും ഭാര്യ സാബിറയും എത്തിയത്. ആദ്യം ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ 1000 രൂപ മാത്രമാണ് അനുവദിച്ചത്. ഏറെ പരിശ്രമത്തിനൊടുവിലാണ് മുഖ്യമന്ത്രിയെ ഇവര്‍ക്ക് കാണാനായതും സഹായം അനുവദിച്ചതും. മാരകരോഗിയായ ചാലക്കുടി സ്വദേശി ദേവസിക്കുട്ടിയെ കണ്ടപ്പോള്‍ ഇയാളെ ഈ അവസ്ഥയില്‍ കൊണ്ടുവരേണ്ടതില്ലായിരുന്നുവെന്ന് മുഖ്യമന്ത്രിക്ക് പറയേണ്ടിവന്നു. കാഴ്ച നഷ്ടപ്പെട്ട് കിടപ്പിലായ കൈപ്പറമ്പ് സ്വദേശിനി സിമി വിന്‍സെന്റ് എന്ന ഇരുപതുകാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഡോക്ടര്‍ എത്തി പരിശോധിച്ചു. നഗരത്തിലെ സ്വകാര്യകോളേജില്‍ പഠിക്കുമ്പോഴാണ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് കാഴ്ച നഷ്ടമായത്. എന്തെങ്കിലും കിട്ടുമെന്നു കരുതിയാണ് ഏറെ ക്ലേശിച്ചാണെങ്കിലും രോഗികളുമായി ബന്ധുക്കള്‍ എത്തിയത്.

പരാതി നല്‍കാനെത്തിയ വീട്ടമ്മ കുഴഞ്ഞുവീണു.

തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ വീട്ടമ്മ സമീപത്തെ ആംബുലന്‍സില്‍ മണിക്കൂറുകളോളം ആരും തിരിഞ്ഞുനോക്കാനില്ലാതെ കിടന്നു. എല്‍ത്തുരുത്ത് സ്വദേശിനി ബിനുവിനാണ് തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റത്. രാത്രി ഏഴിനാണ് സംഭവം. ബിനു ഉള്‍പ്പെടെ 11 പേര്‍ക്കാണ് പരിക്കേറ്റത്. ചാവക്കാട് അകലാട് സ്വദേശി മുഹമ്മദ് ബാസിത് (11), മുടിക്കോട് സ്വദേശി വേലായുധന്‍ (67), കൃഷ്ണന്‍ കുട്ടി (77), അന്നമനട സ്വദേശി രാധ (50), തൃശൂര്‍ സ്വദേശി ബേബി, പുല്ലാനി സ്വദേശി ലീല (43), കോട്ടപ്പടി സ്വദേശി ദേവി, ചെന്ത്രാപ്പിന്നി സ്വദേശി സുധിന്‍(45) മുളയം സ്വദേശി സുശീല (40), എന്നിവരെയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. അവശനിലയില്‍ കൊണ്ടുവന്ന അജ്ഞാതനായ വൃദ്ധനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ആദ്യ ജനസമ്പര്‍ക്കത്തിലെ കബളിപ്പിക്കല്‍ : വികലാംഗന്‍ കുത്തിയിരിപ്പ് നടത്തി

തൃശൂര്‍ : ഏഴുകൊല്ലം മുമ്പ് ജനസമ്പര്‍ക്ക പരിപാടിയില്‍ ഉമ്മന്‍ചാണ്ടി പട്ടയ വാഗ്ദാനം നല്‍കി കബളിപ്പിച്ചതില്‍ പ്രതിഷേധിച്ച് വികലാംഗന്റെ കുത്തിയിരിപ്പ് പ്രതിഷേധം. വളര്‍കാവ് വലിയപറമ്പില്‍ വിജയനാണ് മുഖ്യമന്ത്രിയുടെ വേദിക്കരികില്‍ പ്രതിഷേധിച്ചത്. വിജയന് രണ്ട് സെന്റ് സ്ഥലത്തിന് പട്ടയം നല്‍കുമെന്നായിരുന്നു 2004ല്‍ കലക്ടറേറ്റ് വളപ്പില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. ഇക്കാര്യം പത്രങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഭരണത്തില്‍ നിന്ന് പോകും വരെയും നടപടിയുണ്ടായില്ല. അന്നത്തെ പത്ര വാര്‍ത്തകളുമായാണ് വിജയന്‍ കുത്തിയിരുപ്പ് നടത്തിയത്. ഇത്തവണയും പട്ടയം വാഗ്ദാനം ചെയ്ത ഉമ്മന്‍ചാണ്ടിയോട് കഴിഞ്ഞ തവണത്തേതുപോലെ കളിപ്പിക്കല്‍ ആകുമോയെന്നായിരുന്നു വിജയന്റെ ചോദ്യം.

കാത്തുകിടന്ന് ആരോഗ്യനില വഷളായി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി

തൃശൂര്‍ : ജനസമ്പര്‍ക്ക പരിപാടിയില്‍ സഹായം കാത്തുകിടന്ന് അപകടനില വഷളായ കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വാഹനാപകടത്തില്‍ പരിക്കേറ്റ് അര്‍ധബോധാവസ്ഥയില്‍ കഴിയുന്ന അകലാട് കാരേടത്ത് മുഹമ്മദ് ബാസിതിനെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കഴുത്തില്‍ ട്യൂബിട്ട് കിടക്കുന്ന ബാസിതിന് ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടായതോടെ ഉമ്മ മൈമുന പലരുടെയും സഹായം തേടിയെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. മാധ്യമ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് മെഡിക്കല്‍ ടീമെത്തിയത്. ഡെപ്യുട്ടി ഡിഎംഒ ശ്രീദേവി കുട്ടിയെ പരിശോധിച്ചപ്പോള്‍ നില വഷളാണെന്നറിഞ്ഞ് ഉടന്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. മുഖ്യമന്ത്രിയെ കണ്ടയുടന്‍ കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക്് മാറ്റി. ബാസിതിന് സര്‍ക്കാര്‍ സഹായം അനുവദിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷം മുമ്പ് മാരുതി കാര്‍ ഇടിച്ചാണ് പരിക്കേറ്റത്. കാര്‍ നിര്‍ത്താതെ പോയി.

നല്‍കിയ ധനസഹായം പലതും മുമ്പ് പ്രഖ്യാപിച്ചത്

തൃശൂര്‍ : മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിയില്‍ നല്‍കിയ ധനസഹായങ്ങളില്‍ പലതും മുന്‍പ് പ്രഖ്യാപിച്ചവ. അപകടം സംഭവിച്ചവരുടേതടക്കം അഞ്ച് കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കിയാണ് പരിപാടി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തത്. എംഎല്‍എമാരുടെയും ജില്ലാ അധികാരികളുടെയും ശുപാര്‍ശയില്‍ പ്രഖ്യാപിച്ചിരുന്ന സഹായങ്ങളാണ് ഇവയില്‍ മിക്കതും. അപകടമരണം സംഭവിച്ച ടാക്സി ഡ്രൈവര്‍ താണിക്കുടം അനൂപിന്റെ പിതാവ് അബ്രഹാം രണ്ടു ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. ബസില്‍നിന്നും വീണ് മരിച്ച നിഷിതയുടെ അമ്മ വലിയകത്ത് ബുഷ്റയ്ക്ക് ഒരു ലക്ഷം രൂപയും ഓട്ടുകമ്പനിയില്‍ തൊഴിലാളിയായിരുന്ന പുതുക്കാട് പങ്കജാക്ഷന്റെ കുടുംബത്തിന് 5 ലക്ഷം രൂപയും മുഖ്യമന്ത്രി നല്‍കി. യന്ത്രത്തില്‍ കുടുങ്ങിയാണ് പങ്കജാക്ഷന് കാലുകള്‍ നഷ്ടമായത്. അദ്ദേഹത്തിന്റെ ഭാര്യ ഭാരതി സഹായമേറ്റുവാങ്ങി. മരണമടഞ്ഞ മനക്കൊടി പൊന്‍മാണി സ്റ്റീഫന്റെ പിതാവ് ലൂയിസിന് ഒരു ലക്ഷം രൂപ നല്‍കി. കൈപ്പറമ്പ് അറയ്ക്കല്‍ ആന്റണിക്ക് ഒരു ലക്ഷം രൂപ മരണാനന്തര സഹായമായി അനുവദിച്ചു. തുടര്‍ന്ന് സ്റ്റേജിനരികില്‍ ആംബുലന്‍സില്‍വന്ന ശയ്യാവലംബികളായ ഏഴു രോഗികളുടെ പരാതികേട്ടു, അതിനുശേഷം വികലാംഗരുടെ പരാതി കേള്‍ക്കാനായി മുഖ്യമന്ത്രി പവലിയനിലേക്കു പോയി.

ജനസമ്പര്‍ക്ക പരിപാടിക്ക് ധനവകുപ്പിന്റെ മൂക്കുകയര്‍

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് ധനവകുപ്പിന്റെ മൂക്കുകയര്‍ . പരിപാടിയില്‍ വിവിധ സഹായപദ്ധതികള്‍ക്കായി പണം വിതരണംചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സര്‍ക്കുലര്‍ കലക്ടറേറ്റിലെത്തി. സര്‍ക്കുലര്‍ ജില്ലയിലെ വിവിധ താലൂക്ക് ഓഫീസുകളിലേക്ക് അയച്ചു. ചികിത്സാ സഹായമെന്നപേരില്‍ വിതരണംചെയ്യുന്ന തുക കുറഞ്ഞത് ആയിരമായി പരിമിതപ്പെടുത്തണമെന്നാണ് ധനവകുപ്പിന്റെ നിര്‍ദേശം. വരുമാന സര്‍ട്ടിഫിക്കറ്റില്ലാതെ വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ക്കാണിത്. ഗുരുതരമായ രോഗം ബാധിച്ചവര്‍ക്ക് ബന്ധപ്പെട്ട ചികിത്സാരേഖകളുടെ അടിസ്ഥാനത്തില്‍ ആയിരംമുതല്‍ അയ്യായിരം രൂപവരെയും മേജര്‍ ഓപ്പറേഷന് വിധേയരായവര്‍ക്ക് ഇരുപത്തയ്യായിരം രൂപവരെയായി നിജപ്പെടുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. പരിപാടിയിലെ ധനസഹായവിതരണം ധനവകുപ്പിന് വന്‍ ബാധ്യത വരുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നിയന്ത്രണം.

മറ്റുജില്ലകളില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ലഭിച്ച ഇത്തരം അപേക്ഷകള്‍ അതാത് താലൂക്ക് ഓഫീസുകളില്‍ പരിശോധിച്ച് തഹസില്‍ദാരുടെ ശുപാര്‍ശ പ്രകാരമുള്ള ചികിത്സാ സഹായമാണ് പരിപാടിയില്‍ വിതരണംചെയ്തിരുന്നത്. ധനവകുപ്പ് ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണം സഹായം ലഭിക്കുമെന്നു കരുതി അപേക്ഷ സമര്‍പ്പിച്ച ആയിരക്കണക്കിന് ആളുകള്‍ക്ക് തിരിച്ചടിയാകും. 22ന് നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ജില്ലയിലെ വിവിധ താലൂക്കുകളില്‍ പതിനായിരത്തോളം അപേക്ഷകളാണ് എത്തിയിരിക്കുന്നത്. കലക്ടറേറ്റില്‍ മാത്രം മൂവായിരത്തോളം അപേക്ഷകളെത്തി. ധനവകുപ്പിന്റെ പുതിയ സര്‍ക്കുലര്‍ അനുസരിച്ച് അപേക്ഷകള്‍ തരംതിരിച്ച് ധനസഹായം തിട്ടപ്പെടുത്തുന്ന പ്രവര്‍ത്തനത്തിലാണ് താലൂക്ക് ഓഫീസുകള്‍ .

deshabhimani 161211

1 comment:

  1. സര്‍ക്കാരിന്റെ പാവങ്ങളോടുള്ള കൊടും ക്രൂരതയ്ക്ക് ഒടുവിലത്തെ തെളിവായി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കം. വികലാംഗര്‍ , അവശത അനുഭവിക്കുന്നവര്‍ , ഗുരുതര അസുഖമുള്ളവര്‍ , ട്യൂബിട്ടു കിടക്കുന്നവര്‍ , അര്‍ധബോധാവസ്ഥയിലുള്ളവര്‍ , മസ്തിഷ്കാഘാതം സംഭവിച്ചവര്‍ .. സഹായം പ്രതീക്ഷിച്ച് എത്തിയ ഈ പാവങ്ങള്‍ക്കും വേദന മാത്രം നല്‍കുകയായിരുന്നു പരിപാടി. കനിവ് തേടി പൊരിവെയിലില്‍ മണിക്കൂറുകളോളം കിടന്ന രോഗികളില്‍ ചിലര്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭിച്ചെങ്കിലും ഭൂരിഭാഗം പേര്‍ക്കും രേഖാമൂലമുള്ള അറിയിപ്പ് ലഭിക്കാത്തതിനാല്‍ പിന്നേയും കാത്തിരിക്കേണ്ടിവന്നു. പൊടിയും കാറ്റുമടിച്ച് പലരുടേയും രോഗം വഷളായി. മുമ്പ് ധനസഹായം അനുവദിച്ചവരേയും സര്‍ക്കാര്‍ ഓഫീസുകള്‍ വഴി ധനസഹായം കിട്ടുമായിരുന്നവരേയുമാണ് സര്‍ക്കാര്‍ പബ്ലിസിറ്റിക്കും പ്രതിച്ഛായക്കുമായി പൊരിവെയിലില്‍ മൈതാനത്തെത്തിച്ച് ദ്രോഹിച്ചത്. ആംബുലന്‍സിലും, സ്ട്രെക്ച്ചറിലും വീല്‍ചെയറിലും പലരേയും കണ്ടപ്പോള്‍ ഈ അവസ്ഥയില്‍ ഇവരെ ഇങ്ങോട്ടെത്തിക്കേണ്ടായിരുന്നുവെന്നും സഹായം എത്തിച്ചാല്‍ മതിയായിരുന്നല്ലോ എന്നും മുഖ്യമന്ത്രിതന്നെ പറയേണ്ടി വന്നു.

    ReplyDelete