Sunday, December 18, 2011

സമാപനച്ചടങ്ങില്‍ മന്ത്രി ഗണേഷിന് കാണികളുടെ കൂവല്‍

പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍ സിനിമാമന്ത്രി കെ ബി ഗണേഷ്‌കുമാറിന് ചലച്ചിത്രപ്രേമികളുടെ കൂവല്‍. വിവാദങ്ങളിലൂടെയും അനാവശ്യ ഇടപെടലുകളിലൂടെയും ചലച്ചിത്രമേളയുടെ ശോഭ കെടുത്തിയതിന് മന്ത്രിക്ക് കാണികള്‍ നല്‍കിയ ഉപഹാരമായിരുന്നു കൂവല്‍. ഇതോടെ അടുത്ത ഫെസ്റ്റിവല്‍ മുതല്‍ പ്രതിഷേധക്കാര്‍ക്കും ബഹളം വെക്കുന്നവര്‍ക്കും ഡെലിഗേറ്റ് പാസ് നല്‍കില്ലെന്ന് മന്ത്രി സദസിനെനോക്കി ഭീഷണിപ്പെടുത്തി. തനിക്കെതിരെ കൂവിയവര്‍ക്കെതിരായുള്ള മന്ത്രിയുടെ ഭീഷണിപ്രസംഗം കേട്ട് വിദേശ പ്രതിനിധികളടക്കം നെറ്റി ചുളിച്ചു.

സമാപനചടങ്ങിനിടെ മന്ത്രിക്ക് സ്വാഗതം ആശംസിച്ചപ്പോഴാണ് കാണികള്‍ കൂവല്‍ തുടങ്ങിയത്. തുടര്‍ന്ന് ഗണേഷ്‌കുമാറിനെ സംസാരിക്കാന്‍ ക്ഷണിച്ചതോടെ കൂവല്‍ ശക്തമായി. ചലച്ചിത്രഅക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശനും കാണികളുടെ വക കൂവല്‍ സമ്മാനം ലഭിച്ചു. എന്നാല്‍ മേളയുടെ താളപ്പിഴകള്‍ക്ക് കാണികളോട് മാപ്പ് പറഞ്ഞ പ്രിയദര്‍ശന്‍, ഇത്തവണയുണ്ടായ പാകപ്പിഴകള്‍ അടുത്തവര്‍ഷം ഉണ്ടാകാതെ നോക്കുമെന്നും മികച്ച മേള അടുത്തവര്‍ഷം സമ്മാനിക്കുമെന്നും ചലച്ചിത്രപ്രേമികള്‍ക്ക് ഉറപ്പ് നല്‍കി മാന്യത കാട്ടി. മന്ത്രിക്ക് നിറയെ കൂവല്‍ ലഭിച്ചുവെങ്കിലും മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോളിന് നിറഞ്ഞ കയ്യടി ലഭിച്ചു.

ചടങ്ങില്‍ സംസാരിച്ച മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പ്രതിഷേധിച്ച കാണികള്‍ക്കെതിരെ ആഞ്ഞടിച്ചു.  ചലച്ചിത്രമേളയെ അലങ്കോലപ്പെടുത്താന്‍ ക്വട്ടേഷന്‍ എടുത്തവരാണ് പ്രതിഷേധിക്കുന്നത്. ഇത്തവണ ഏറ്റവും കൂടുതല്‍ സിനിമ കണ്ടവര്‍ക്കരായിരിക്കും അടുത്ത വര്‍ഷം മുന്‍ഗണനാക്രമത്തില്‍ പാസ് നല്‍കുക. തീയേറ്ററുകളില്‍ 6000 സീറ്റേ ഉള്ളൂവെങ്കില്‍ അത്രയും പാസ് മാത്രമേ അനുവദിക്കൂ. അടുത്ത വര്‍ഷത്തെ ഫെസ്റ്റിവലിന്റെ ജോലികള്‍ ഈ മാസം തന്നെ തുടങ്ങും. അതിന് താന്‍ നേതൃത്വം നല്‍കും. സെന്‍സര്‍  ചെയ്യാത്ത ചിത്രം കാണാനാണ് ചിലര്‍ മേളയില്‍ വരുന്നത്. മൂന്ന് ഷോ കാണിച്ചിട്ടും ചില ചിത്രങ്ങള്‍ വീണ്ടും കാണിക്കാന്‍ മുറവിളിയാണ്.

മാന്യമായ പ്രതിഷേധമാകാം. എന്നാല്‍ വിദേശ ഡെലിഗേറ്റുകള്‍ക്ക് മുന്നില്‍ കൂക്കിവിളിക്കുന്നതല്ല കേരള സംസ്‌കാരം. താന്‍ 26 വര്‍ഷമായി സിനിമയില്‍ നില്‍ക്കുന്നയാളാണ്. സിനിമയെ കുറിച്ച് തന്നെ ആരും പഠിപ്പിക്കേണ്ട. ഈ ചടങ്ങില്‍ കൂവാനായി നിങ്ങളെ വിട്ടവരെ അറിയാം. തന്നെ ആരും കൂവുന്നതിലോ കരിങ്കൊാടി കാണിക്കുന്നതിലോ കുഴപ്പമില്ല. എന്നാല്‍ രാജ്യത്താകമാനം മലയാള സിനിമയുടെ മുഖമുദ്ര പതിപ്പിച്ച അക്കാദമി ചെയര്‍മാന്‍ പ്രയിദര്‍ശനെ കൂവിയത് ശരിയല്ല. അദ്ദേഹം അധികാരമേറ്റതുമുതല്‍ ഉടന്‍ രാജിവയ്ക്കും എന്ന തരത്തിലുള്ള വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ വരുന്നത്. എന്നാല്‍ പ്രിയദര്‍ശന്‍ അഞ്ചുവര്‍ഷവും ചെയര്‍മാന്‍ സ്ഥാനത്തു തുടരും. പ്രിയദര്‍ശനും താനും തിരുവനന്തപുരത്താണ് വളര്‍ന്നത്. അതിനാല്‍ വേല തങ്ങളോട് വേണ്ടെന്നും ഭീഷണിയുടെ സ്വരത്തില്‍ ഗണേഷ്‌കുമാര്‍ പറഞ്ഞു.

janayugom 171211

1 comment:

  1. പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍ സിനിമാമന്ത്രി കെ ബി ഗണേഷ്‌കുമാറിന് ചലച്ചിത്രപ്രേമികളുടെ കൂവല്‍. വിവാദങ്ങളിലൂടെയും അനാവശ്യ ഇടപെടലുകളിലൂടെയും ചലച്ചിത്രമേളയുടെ ശോഭ കെടുത്തിയതിന് മന്ത്രിക്ക് കാണികള്‍ നല്‍കിയ ഉപഹാരമായിരുന്നു കൂവല്‍. ഇതോടെ അടുത്ത ഫെസ്റ്റിവല്‍ മുതല്‍ പ്രതിഷേധക്കാര്‍ക്കും ബഹളം വെക്കുന്നവര്‍ക്കും ഡെലിഗേറ്റ് പാസ് നല്‍കില്ലെന്ന് മന്ത്രി സദസിനെനോക്കി ഭീഷണിപ്പെടുത്തി. തനിക്കെതിരെ കൂവിയവര്‍ക്കെതിരായുള്ള മന്ത്രിയുടെ ഭീഷണിപ്രസംഗം കേട്ട് വിദേശ പ്രതിനിധികളടക്കം നെറ്റി ചുളിച്ചു.

    ReplyDelete