Tuesday, December 6, 2011

പാര്‍ടിക്കെതിരായ വിവാദം വിലപ്പോകില്ല: പിണറായി


മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിവാദമുണ്ടാക്കി സിപിഐ എമ്മിനെ അപഹസിക്കാനുള്ള നീക്കം വിലപ്പോകില്ലെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ താല്‍പ്പര്യത്തിന് അനുകൂലമല്ലാത്ത നേരിയ മനോഭാവംപോലും പാര്‍ടി പൊളിറ്റ് ബ്യൂറോക്കില്ലെന്ന് വിവാദമുണ്ടാക്കുന്നവര്‍ മനസ്സിലാക്കണം. പിബി നിലപാടില്‍ അവ്യക്തതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ടി സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

തമിഴ്നാടിന് തുടര്‍ന്നും വെള്ളം കൊടുക്കണമെന്നും അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാന്‍ നടപടിയെടുക്കണമെന്നുമാണ് പിബി പറഞ്ഞത്. രണ്ടു സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ട വിഷയമാണിത്. സംസ്ഥാനസര്‍ക്കാരുകള്‍മാത്രം വിചാരിച്ചാല്‍ പ്രശ്നം തീരില്ല. അതിനാല്‍ കേന്ദ്രം ഇടപെടണം. ഇരുകൂട്ടരെയും വിളിപ്പിച്ച് ചര്‍ച്ച ചെയ്യണമെന്നും പിബി പറഞ്ഞു. ആശങ്കയകറ്റാന്‍ പലകാര്യങ്ങള്‍ ചെയ്യണം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 120 അടിയാക്കുക, പുതിയ ഡാം നിര്‍മിക്കുക എന്നിവയാണിവ. സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലെ തീരുമാനവും ഇതുതന്നെയായിരുന്നു. ഇവ കേരളത്തിന്റെ ആവശ്യങ്ങളാണ്. എന്നാല്‍ ബ്രിട്ടീഷ് ഭരണകാലം മുതലുള്ളതും ജനാധിപത്യഭരണം വന്നശേഷം പുതുക്കിയതുമായ ഒരു കരാറാണ് തമിഴ്നാടും കേരളവും തമ്മില്‍ മുല്ലപ്പെരിയാറിന്റെ കാര്യത്തിലുള്ളത്. അതുകൊണ്ടു തന്നെ തമിഴ്നാട് കൂടി പങ്കാളിയാകുന്ന കൂടിയാലോചന ആവശ്യമാണ്. അതിന് കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കണം. ഇതു തന്നെയാണ് പിബിയും പറഞ്ഞത്. കേരളത്തിന്റെ ഒരു ആവശ്യവും പിബി തള്ളിയിട്ടില്ല. മുല്ലപ്പെരിയാറിന് ബലക്ഷയമില്ലെന്ന് പറഞ്ഞിരുന്നുവെങ്കില്‍ അങ്ങനെ വാദിക്കാമായിരുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുവ്യക്തമായ നിലപാട് സ്വീകരിച്ച ഒരേയൊരു ദേശീയ പാര്‍ടി സിപിഐ എം ആണ്. ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള പ്രത്യേക മനോഭാവവും പിബി സ്വീകരിച്ചിട്ടില്ല. എന്നിട്ടും പാര്‍ടിയുടെ സുവ്യക്തമായ നിലപാടിനെ മറ്റേതു വിഷയത്തിലുമെന്നപോലെ അപഹാസ്യമായി ചിത്രീകരിക്കാനാണ് ചിലര്‍ ശ്രമിച്ചതെന്ന് പിണറായി ചൂണ്ടിക്കാട്ടി.

deshabhimani 061211

1 comment:

  1. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിവാദമുണ്ടാക്കി സിപിഐ എമ്മിനെ അപഹസിക്കാനുള്ള നീക്കം വിലപ്പോകില്ലെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

    ReplyDelete