Tuesday, December 6, 2011

ഉന്നതാധികാരസമിതി സന്ദര്‍ശിക്കും ചര്‍ച്ചയാകാമെന്ന് തമിഴ്നാട്

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും വാദം വീണ്ടും കേള്‍ക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി തീരുമാനിച്ചു. സമിതി അംഗങ്ങള്‍ അണക്കെട്ട് സന്ദര്‍ശിക്കാനും തീരുമാനമായി. ജനുവരി രണ്ട്, മൂന്ന് തീയതികളിലാണ് വാദംകേള്‍ക്കല്‍ . അതിനിടെ, ഒന്നര ആഴ്ചയ്ക്കുശേഷം കേരളവുമായി ഉദ്യോഗസ്ഥതല ചര്‍ച്ചയാകാമെന്ന് തമിഴ്നാട് കേന്ദ്രത്തെ അറിയിച്ചു. ഈ മാസം 15നോ 16നോ ചര്‍ച്ച നടത്താമെന്നാണ് തമിഴ്നാട് അറിയിച്ചത്. ഇതേ തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ട് കേന്ദ്ര ജലവിഭവ സെക്രട്ടറി ധ്രുവ് വിജയ്സിങ് സംസ്ഥാന ജലവിഭവ സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.

ഇതിനിടെ കേന്ദ്രസേനയെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ച്ചയായ ഭൂചലനങ്ങള്‍ അണക്കെട്ടിന്റെ ഉറപ്പിനെ ബാധിച്ചോയെന്ന് പരിശോധിക്കുന്നതിന് ഉന്നതാധികാരസമിതിയിലെ സാങ്കേതികവിദഗ്ധരായ സി ഡി തട്ടെ, ഡി കെ മെഹ്ത എന്നിവര്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മുല്ലപ്പെരിയാറിലെ സ്ഥിതി ആശങ്കാജനകമാണെന്ന് വ്യക്തമാക്കുന്ന റൂര്‍ക്കി ഐഐടിയുടെ റിപ്പോര്‍ട്ട് തെളിവായി പരിഗണിക്കാനും തിങ്കളാഴ്ച ചേര്‍ന്ന ഉന്നതാധികാരസമിതി തീരുമാനിച്ചു. സമിതിയുടെ നടപടിക്രമം വൈകുമെന്നതിനാല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ വിദഗ്ധരെ സാക്ഷികളായി വിസ്തരിക്കില്ല. തിങ്കളാഴ്ച കേന്ദ്ര ജലവിഭവവകുപ്പ് സെക്രട്ടറി ധ്രുവ് വിജയ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയശേഷം അഡീഷണല്‍ ചീഫ്സെക്രട്ടറി കെ ജയകുമാറാണ് തമിഴ്നാട് ചര്‍ച്ചയ്ക്ക് സന്നദ്ധരായ കാര്യം അറിയിച്ചത്. അസൗകര്യങ്ങള്‍ കാരണമാണ് തിങ്കളാഴ്ച ചര്‍ച്ചയ്ക്ക് എത്താതിരുന്നതെന്ന് തമിഴ്നാട് അറിയിച്ചതായും ജയകുമാര്‍ പറഞ്ഞു.

കേരളവും തമിഴ്നാടുമായി തിങ്കളാഴ്ച ഉദ്യോഗസ്ഥതല ചര്‍ച്ച നടത്താനായിരുന്നു കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ , ചര്‍ച്ചയ്ക്കില്ലെന്ന് തമിഴ്നാട് അറിയിക്കുകയായിരുന്നു. കേന്ദ്ര ജലവിഭവ വകുപ്പ് സെക്രട്ടറി തമിഴ്നാടുമായി വീണ്ടും ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് 15നോ 16നോ ചര്‍ച്ചയാകാമെന്ന് തമിഴ്നാട് അറിയിച്ചത്. അപ്പോഴേക്കും ജലനിരപ്പ് സ്വാഭാവികമായി കുറയുമെന്ന പ്രതീക്ഷ തമിഴ്നാടിനുണ്ട്. ജലനിരപ്പ് അടിയന്തരമായി 120 അടിയാക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ പ്രതിരോധിക്കാന്‍ തമിഴ്നാടിന് ഇതുവഴി കഴിയും. തിങ്കളാഴ്ചത്തെ ഉന്നതാധികാരസമിതി യോഗത്തില്‍ ഇരുപക്ഷത്തെയും ഓരോ അഭിഭാഷകരെ വാദം അവതരിപ്പിക്കാന്‍ അനുവദിച്ചു. ഈയിടെയുണ്ടായ ഭൂചലനങ്ങളുടെ വിശദാംശം കേരളത്തിന്റെ അഭിഭാഷകന്‍ മോഹന്‍ കട്ടാര്‍ക്കി അവതരിപ്പിച്ചു. ഭൂചലനമടക്കം പരിഗണിക്കാമെന്ന് സമിതി അറിയിച്ചു. ഐഐടി വിദഗ്ധരെ സാക്ഷികളായി വിസ്തരിക്കണമെന്ന കേരളത്തിന്റെ ആവശ്യം സമിതി അനുവദിച്ചില്ല. പകരം റിപ്പോര്‍ട്ട് പരിഗണിക്കാമെന്ന് അറിയിച്ചു.

അണക്കെട്ടിന് ബലക്ഷയമുണ്ടെന്ന കേരളത്തിന്റെ വാദം തമിഴ്നാടിന് വേണ്ടി ഹാജരായ ബാലാജി എതിര്‍ത്തതോടെയാണ് ബലക്ഷയമുണ്ടോയെന്ന് പരിശോധിക്കാന്‍ വിദഗ്ധരെ അയക്കാന്‍ തീരുമാനിച്ചത്. ഈ മാസം സമിതിയംഗങ്ങള്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും. ജനുവരി ആദ്യം ചേരുന്ന സമിതി യോഗം റിപ്പോര്‍ട്ട് പരിശോധിക്കും. കേരളം നല്‍കിയ റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ സമിതി തമിഴ്നാടിന് പത്തുദിവസം അനുവദിച്ചു. 2012 ഫെബ്രുവരിയിലാണ് സമിതി അന്തിമ റിപ്പോര്‍ട്ട് തയ്യറാക്കേണ്ടത്. അതിനിടെ അണക്കെട്ടിന്റെ സുരക്ഷയ്ക്ക് സിഐഎസ്എഫിനെ വിന്യസിക്കണമെന്ന ആവശ്യത്തോട് പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കം തടയണമെന്ന് എംഡിഎംകെ നേതാവ് വൈകോ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കണ്ട് ആവശ്യപ്പെട്ടു.
(എം പ്രശാന്ത്)

മുഖ്യമന്ത്രിയുടെ വിലക്ക് തള്ളി മന്ത്രിമാര്‍ സമരംനടത്തി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിലക്ക് ലംഘിച്ച് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മന്ത്രി കെ എം മാണി ഇടുക്കിയിലെ ചപ്പാത്തിലും മന്ത്രി പി ജെ ജോസഫ് ഡല്‍ഹിയിലും ഉപവാസസമരം നടത്തി. മുഖ്യമന്ത്രിയെ നിഷേധിച്ച് കേരള കോണ്‍ഗ്രസ് എം മന്ത്രിമാര്‍ സമരം നടത്തിയതില്‍ കെപിസിസി നിര്‍വാഹകസമിതിയില്‍ രൂക്ഷവിമര്‍ശം ഉയര്‍ന്നു. ഭരണത്തിന്റെ കൂട്ടുത്തരവാദിത്തം തകര്‍ക്കുന്ന നടപടിയാണിതെന്ന് എം എം ഹസ്സന്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റപ്പെടുത്തി. ഇതിന് അവസാനം വേണമെന്ന് യോഗം നിര്‍ദേശിച്ചു. എന്നാല്‍ , കോണ്‍ഗ്രസിന്റെ വിമര്‍ശത്തിന് മന്ത്രിമാര്‍ സമരകേന്ദ്രങ്ങളില്‍ത്തന്നെ മറുപടി നല്‍കി. ജനങ്ങളുടെ രക്ഷയ്ക്ക് പ്രാര്‍ഥനായജ്ഞം നടത്തിയാല്‍ ഭരണത്തിന്റെ കൂട്ടുത്തരവാദിത്തം തകരില്ലെന്ന് മാണി പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ഉണ്ടാകുന്നത് പ്രകൃതിദുരന്തമാകില്ല, മനുഷ്യനിര്‍മിത ദുരന്തമായിരിക്കും. ജനം ആശങ്കയില്‍ കഴിയുമ്പോള്‍ മന്ത്രിയായതുകൊണ്ട് പ്രാര്‍ഥനായജ്ഞത്തില്‍നിന്ന് മാറിനില്‍ക്കാനാകില്ലെന്നും മാണി പറഞ്ഞു.

കൂട്ടുത്തരവാദിത്തത്തിന്റെ പേര് പറഞ്ഞിരുന്നാല്‍ അണക്കെട്ട് പൊട്ടി ലക്ഷങ്ങള്‍ മരിക്കുമെന്ന് പി ജെ ജോസഫ് ഡല്‍ഹിയില്‍മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആദ്യം സമരരംഗത്തിറങ്ങിയത് താനാണ്. അന്നൊന്നും ഒരു യുഡിഎഫും ഒപ്പമുണ്ടായില്ല. പിന്നെന്തിനാണ് ഇപ്പോള്‍ കൂട്ടുത്തരവാദിത്തത്തെക്കുറിച്ച് പറയുന്നത്. എന്ത് കൂട്ടുത്തരവാദിത്തം? അതിലൊന്നും ഒരു കാര്യവുമില്ല- ജോസഫ് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പ്രശ്നത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ലെന്നും ജോസഫ് കുറ്റപ്പെടുത്തി. ഡല്‍ഹിയിലെ ബിര്‍ള ഹൗസില്‍ ഉച്ചവരെ മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം സത്യഗ്രഹം നടത്തിയ ജോസഫ് മാധ്യമങ്ങള്‍ക്കുവേണ്ടി ഉച്ചയ്ക്കുശേഷം സമരകേന്ദ്രം രാജ്ഘട്ടിലേക്ക് മാറ്റി. തിങ്കളാഴ്ച അവധിയായതിനാല്‍ ബിര്‍ള ഹൗസില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. വൈകിട്ട് ഉപവാസസമരം അവസാനിപ്പിച്ച് മാണി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാന്‍ രാത്രി തിരുവനന്തപുരത്തെത്തി. ഹൈക്കോടതിയില്‍ കേരളവിരുദ്ധ വാദം അവതരിപ്പിച്ച അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണിയെ നീക്കണമെന്ന നിലപാടാണ് മാണിയുടേത്. കെപിസിസി നിര്‍വാഹസമിതിയിലും എജിയെ നീക്കണമെന്ന പൊതുവികാരം ഉയര്‍ന്നു. എന്നാല്‍ , മന്ത്രി തിരുവഞ്ചൂരിനെയും എജിയെയും കൈവിടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേത്.

കുമളിയിലും കമ്പംമെട്ടിലും സംഘര്‍ഷം

ഇടുക്കി: മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റായ കുമളിയിലും കമ്പംമെട്ടിലും മലയാളി-തമിഴ് സംഘര്‍ഷം. കമ്പംമെട്ടില്‍ നൂറിലധികം വാഹനങ്ങള്‍ തകര്‍ത്തു. ഒരു ജീപ്പ് കത്തിച്ചു. അതിര്‍ത്തി മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തമിഴ്നാട് രജിസ്ട്രേഷനുള്ള ബൊലീറോ ജീപ്പാണ് രാത്രി 7.30 ന് കത്തിച്ചത്. സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാല് പൊലീസുകരടക്കം അഞ്ചുപേരെ കട്ടപ്പന സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്പംമെട്ടിലാണ് നൂറിലധികം വാഹനങ്ങള്‍ തകര്‍ത്തത്. കുമളിയില്‍ ഇന്ത്യന്‍ റിസര്‍വ് പൊലീസ് സേനയെ വിന്യസിച്ചു. കുമളിയില്‍ ചെറിയ തോതില്‍ ലാത്തിച്ചാര്‍ജ് നടത്തി. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന നിരവധി വാഹനങ്ങള്‍ കമ്പത്തും ലോവര്‍ക്യാമ്പിലും അടിച്ചു തകര്‍ത്തു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുമളിയില്‍ തമിഴ്നാട്ടില്‍നിന്നുള്ള നിരവധി തീര്‍ഥാടകര്‍ കുടുങ്ങിയിട്ടുണ്ട്. കമ്പംമെട്ടില്‍ തടഞ്ഞിട്ട വാഹനങ്ങള്‍ക്കിടയില്‍ കടന്ന് പ്രശ്നമുണ്ടാക്കാന്‍ സമൂഹവിരുദ്ധര്‍ ശ്രമിച്ചു. കട്ടപ്പന, മൂന്നാര്‍ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പൊലീസ്സംഘം നിരവധി തവണ ലാത്തി വീശി ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ ശ്രമിച്ചെങ്കിലും ആളുകള്‍ പിരിഞ്ഞു പോകാതെ നില്‍ക്കുകയാണ്. കേരളത്തില്‍നിന്ന് വിനോദയാത്രക്ക് പോയ നിരവധി വാഹനങ്ങള്‍ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടപ്പുണ്ട്. അവിടെ പഠിക്കുന്ന വിദ്യാര്‍ഥികളും ആശങ്കയിലാണ്. കട്ടപ്പനയില്‍ തമിഴ്നാട് സ്വദേശികളുടെ കടകളും തകര്‍ത്തു.

deshabhimani 061211

No comments:

Post a Comment