ഇടപ്പള്ളി അമൃത ആശുപത്രിയില്‍ നേഴ്സുമാരെ ആക്രമിച്ച സംഭവം സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നേഴ്സുമാര്‍ക്ക് കൃത്യമായ സേവനവ്യവസ്ഥയുള്ള കേരളത്തില്‍ ഇത്തരം സംഭവമുണ്ടാകുന്നത് അപലപനീയമാണ്. നേഴ്സുമാരുടെ സംരക്ഷണത്തിന് നിയമം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സമരം തുടരുന്ന നേഴ്സിങ് സംഘടനയുടെ നേതാക്കള്‍ വ്യാഴാഴ്ച ആലുവ ഗസ്റ്റ് ഹൗസിലെത്തി വി എസിന് പരാതിനല്‍കി. പരാതി അടിയന്തരമായി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് വി എസ് ഉറപ്പുനല്‍കി.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ, സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ എന്നിവര്‍ ആശുപത്രിയിലെത്തി. നേഴ്സുമാരുടെ സംഘടനാ ഭാരവാഹികളെ തല്ലിച്ചതച്ചപോലുള്ള അപമാനകരമായ സാഹചര്യം കേരളത്തിലാദ്യമാണെന്ന് പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. വെള്ളിയാഴ്ച ചേരുന്ന നിയമസഭാസമ്മേളനത്തില്‍ പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. താന്‍ പിടിച്ച മുയലിന് നാലുകൊമ്പ് എന്ന തരത്തിലുള്ള നിലപാട് മാനേജ്മെന്റിനുണ്ടങ്കില്‍ അത് അപകടകരമാണ്്. പ്രശ്നത്തില്‍ ഇടപെടണമെന്ന് തീരുമാനിക്കുന്ന സ്ഥിതി ഡിവൈഎഫ്ഐപോലുള്ള സംഘടനകള്‍ക്കുണ്ടാകാതിരിക്കാന്‍ മാനേജ്മെന്റ് ശ്രദ്ധിക്കണം. കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ഉറവയെന്ന് ആളുകള്‍ വിശ്വസിക്കുന്ന അമൃതാനന്ദമയിയുടെ പേരിലുള്ള ആശുപത്രിയില്‍ നാലാംകിട സിനിമയിലേതുപോലെ സമരക്കാരെ ആളൊഴിഞ്ഞ മൂലയില്‍ കൊണ്ടുപോയി മര്‍ദിച്ചത് ഭൂഷണമല്ല. പ്രശ്നത്തില്‍ മാതാ അമൃതാനന്ദമയി നേരിട്ടിടപെടണമെന്നും ഇതിനായി മഠാധിപതികളുമായി ബന്ധപ്പെടുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നേഴ്സുമാരെ ആക്രമിച്ച കുറ്റവാളികളെ ശിക്ഷിക്കണം. ആശുപത്രി മാനേജ്മെന്റോ, ട്രസ്റ്റ് ഭാരവാഹികളോ അറിഞ്ഞുകൊണ്ടാണ് ആക്രമണം നടന്നതെന്നു കരുതുന്നില്ല. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും മറ്റും നേഴ്സുമാര്‍ സമരംചെയ്തപ്പോള്‍ പ്രശ്നം പാര്‍ലമെന്റ് ചര്‍ച്ചചെയ്തു. ഇത്തരത്തില്‍ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാന്‍ തയ്യാറാകണം. ക്ലേശംസഹിച്ച് ഒറ്റക്കെട്ടായിനിന്ന് അവകാശങ്ങള്‍ക്കായി പൊരുതാന്‍ നേഴ്സുമാര്‍ തയ്യാറാകണമെന്നും സമരത്തിന് ഡിവൈഎഫ്ഐയുടെ പിന്തുണയുണ്ടാകുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
സമരക്കാരെ കാണാനെത്തിയ മേയര്‍ ടോണി ചമ്മണിയോടൊപ്പം പി ശ്രീരാമകൃഷ്ണന്‍ ആശുപത്രി മാനേജ്മെന്റുമായി ചര്‍ച്ച നടത്തി. പ്രശ്നപരിഹാരത്തിന് എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടു. കേരളത്തില്‍ നിലവിലുള്ള സേവന-വേതന കരാറില്‍നിന്ന് വ്യത്യസ്തമായി അമൃതയിലെ ജീവനക്കാര്‍ കടുത്ത ചൂഷണം അനുഭവിക്കുന്നതായി രാവിലെ സമരക്കാരെ സന്ദര്‍ശിച്ച ടി വി രാജേഷ് എംഎല്‍എ പറഞ്ഞു. സേവനത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍നിന്ന് ഇത്തരം തൊഴിലാളിവിരുദ്ധ നിലപാടുകള്‍ പ്രതീക്ഷിക്കുന്നതല്ല. എംഎല്‍എയെന്ന നിലയില്‍ പ്രശ്നത്തില്‍ ഇടപെടാന്‍ മുഖ്യമന്ത്രിയോടും ആരോഗ്യമന്ത്രിയോടും ആവശ്യപ്പെടുമെന്നും രാജേഷ് സമരക്കാര്‍ക്ക് ഉറപ്പുനല്‍കി.
സമരം ന്യായം; ഇടപെടും: മന്ത്രി
ഇടപ്പള്ളി അമൃത ആശുപത്രിയില്‍ നേഴ്സുമാര്‍ നടത്തുന്ന സമരം തികച്ചും ന്യായമാണെന്ന് തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതിദയനീയ സാഹചര്യത്തില്‍ തുച്ഛമായ വേതനത്തിനാണ് നേഴ്സുമാര്‍ പണിയെടുക്കുന്നത്. ഇതു സംബന്ധിച്ച് തൊഴില്‍വകുപ്പ് നടപടിയെടുത്തുവരികയാണ്. അമൃതയില്‍ തൊഴില്‍വകുപ്പ് ഇടപെട്ടിട്ടുണ്ട്. സമരം സംബന്ധിച്ച് ചര്‍ച്ചയ്ക്കെത്തിയ നേതാക്കളെ മര്‍ദിച്ചത് അംഗീകരിക്കാനാകില്ല. കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം തൊഴില്‍വകുപ്പിന് വേഗത്തില്‍ നടപടിയെടുക്കാന്‍ ചില പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
deshabhimani 091211
ഇടപ്പള്ളി അമൃത ആശുപത്രിയില്‍ നേഴ്സുമാരെ ആക്രമിച്ച സംഭവം സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നേഴ്സുമാര്‍ക്ക് കൃത്യമായ സേവനവ്യവസ്ഥയുള്ള കേരളത്തില്‍ ഇത്തരം സംഭവമുണ്ടാകുന്നത് അപലപനീയമാണ്. നേഴ്സുമാരുടെ സംരക്ഷണത്തിന് നിയമം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സമരം തുടരുന്ന നേഴ്സിങ് സംഘടനയുടെ നേതാക്കള്‍ വ്യാഴാഴ്ച ആലുവ ഗസ്റ്റ് ഹൗസിലെത്തി വി എസിന് പരാതിനല്‍കി. പരാതി അടിയന്തരമായി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് വി എസ് ഉറപ്പുനല്‍കി.
ReplyDelete