Friday, December 9, 2011

തൊഴിലാളി അല്ലാത്ത ചെയര്‍മാന് ലോട്ടറി ക്ഷേമനിധി അംഗത്വം

ലോട്ടറിത്തൊഴിലാളി ബോര്‍ഡ് ചെയര്‍മാനായി നിയമിതനായ കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറിക്ക് അനധികൃതമായി ക്ഷേമനിധി അംഗത്വം. എറണാകുളം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍കൂടിയായ ബാബു ജോസഫാണ് ചട്ടവിരുദ്ധമായി ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം നേടിയത്. തൊഴിലാളികള്‍ക്ക് മാത്രം അംഗത്വത്തിന് അകാശമുള്ള ക്ഷേമനിധിയിലാണ് ലോട്ടറി വില്‍പ്പനയുമായി ഒരു ബന്ധവുമില്ലാത്ത ബാബുജോസഫിന് അംഗത്വം നല്‍കിയത്. ഇതോടെ പാവപ്പെട്ട തൊഴിലാളികള്‍ക്കുള്ള ആനുകൂല്ല്യങ്ങള്‍ ഇനി ചെയര്‍മാനും കൈപ്പറ്റാം.

കഴിഞ്ഞ സെപ്തംബര്‍ 10നും നവംബര്‍ 30നുമിടയില്‍ ബോര്‍ഡ് നല്‍കിയ 69 പുതിയ അംഗത്വങ്ങളില്‍ കുന്നത്തുനാട് താലൂക്കില്‍നിന്നുള്ള ഒമ്പതാമത്തെ അംഗത്വമാണ് ബാബു ജോസഫിന്റേത്. ചട്ടപ്രകാരം ലോട്ടറി വില്‍പ്പനക്കാരല്ലാത്തവര്‍ക്ക് ക്ഷേമനിധി അംഗത്വം നല്‍കാന്‍ പാടില്ല. മാസം കുറഞ്ഞത് 10,000 ടിക്കറ്റെങ്കിലും വില്‍ക്കുന്നവര്‍ക്കും ബന്ധപ്പെട്ട ട്രേഡ് യൂണിയന്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കുമാണ് അംഗത്വം നല്‍കേണ്ടത്. വിമുക്തഭടന്മാരും വികലാംഗരും ഒഴികെയുള്ളവര്‍ അംഗത്വത്തിലേക്ക് വരുമ്പോള്‍ അവര്‍ മറ്റു സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. ലോട്ടറിത്തൊഴിലാളിയായ ഒരാള്‍ക്ക് ബോര്‍ഡ് ചെയര്‍മാനാകാന്‍ തടസ്സമില്ല. ചെയര്‍മാന്‍ ക്ഷേമനിധി അംഗമാകണമെന്നുമില്ല. അംഗത്വവ്യവസ്ഥകള്‍ ഇതായിരിക്കെയാണ് ജില്ലാ പഞ്ചായത്തംഗത്തിനുള്ള ഓണറേറിയം കൈപ്പറ്റുന്ന ബാബു ജോസഫ് ക്ഷേമനിധി അംഗത്വമെടുത്തത്.

ചികിത്സാസഹായം, മക്കളുടെ വിവാഹാവശ്യത്തിനുള്ള ആനുകൂല്യങ്ങള്‍ എന്നിവയ്ക്കു പുറമെ തൊഴിലാളിക്ക് കിട്ടുന്ന ബോണസും ഇനി ചെയര്‍മാനും ലഭിക്കും. 1000 രൂപയും 1000 രൂപയ്ക്കുള്ള ലോട്ടറി ടിക്കറ്റുമായിരുന്നു മുന്‍ വര്‍ഷത്തെ ഓണം ബോണസ്. അപകടമരണം സംഭവിച്ചാലുള്ള ഒരു ലക്ഷം രൂപയുടെ സഹായം, മരണാനന്തര സഹായമായ 50,000 രൂപ തുടങ്ങിയ ആനുകൂല്ല്യങ്ങളും ക്ഷേമനിധിയില്‍ നിന്നു കിട്ടും. ചെയര്‍മാനെന്നനിലയില്‍ നിയമപ്രകാരം കിട്ടുന്ന മറ്റാനുകൂല്യങ്ങള്‍ക്ക് പുറമെയാണിത്. 5000 രൂപയോളം അലവന്‍സ്, യാത്രയ്ക്ക് വാഹനം, യാത്രാബത്ത എന്നിവ കൂടാതെ ഒരു സിറ്റിങ്ങിന് 400 രൂപ പ്രകാരവും ചെയര്‍മാന് കിട്ടും. കിലോമീറ്ററിന് ആറു രൂപ പ്രകാരമായിരുന്നു മുന്‍ വര്‍ഷം യാത്രാബത്ത.

ബോര്‍ഡ് വിഭജനത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന് കിട്ടിയ ക്ഷേമനിധിയിലേക്ക് പാര്‍ടി നിയോഗിച്ചതിനു പിന്നാലെയാണ് ബാബു ജോസഫ് ബോര്‍ഡില്‍ അംഗത്വ അപേക്ഷ നല്‍കിയത്. കഴിഞ്ഞ 20നാണ് ബാബു ജോസഫിനെ നിയമിച്ചത്. 22ന് അപേക്ഷ നല്‍കി. നിയുക്ത ചെയര്‍മാനായതിനാല്‍ ജില്ലാ ക്ഷേമനിധി ഓഫീസര്‍ സംസ്ഥാന ക്ഷേമനിധി ഓഫീസറുടെ അറിവോടെ ചട്ടം മറികടന്ന് അംഗത്വം അനുവദിച്ചു. 25ന് ചെയര്‍മാനായി ചുമതലയേറ്റു. ബോര്‍ഡ് ചെയര്‍മാനാകാന്‍ ക്ഷേമനിധി അംഗത്വം വേണമെന്ന് നിര്‍ബന്ധമുള്ളതിനാലാണ് അംഗത്വമെടുത്തതെന്ന് ബാബു ജോസഫ് പറഞ്ഞു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ബോര്‍ഡ് രൂപീകരിച്ചപ്പോള്‍ എം വി ജയരാജനായിരുന്നു ചെയര്‍മാന്‍ . അദ്ദേഹം ക്ഷേമനിധിയില്‍ അംഗമായിരുന്നില്ല. 11 അംഗ ബോര്‍ഡില്‍ യുഡിഎഫിലെ മറ്റു കക്ഷികള്‍ക്ക് അംഗത്വം നല്‍കിയിട്ടില്ല. ഐഎന്‍ടിയുസിയെ ഉള്‍പ്പെടെ പുറത്തുനിറുത്തി മാണി വിഭാഗത്തിലെ ജോസ് പാലമറ്റത്തെ അംഗമായി നോമിനേറ്റ് ചെയ്തതിനു പിന്നാലെയാണ് ചെയര്‍മാന്റെ പുതിയ വിവാദം. ഈ തര്‍ക്കങ്ങള്‍ക്കിടയില്‍ വ്യാഴാഴ്ച ബോര്‍ഡിന്റെ ആദ്യ യോഗവും ചേരുന്നുണ്ട്.
(എം എസ് അശോകന്‍)

deshabhimani 091211

1 comment:

  1. ലോട്ടറിത്തൊഴിലാളി ബോര്‍ഡ് ചെയര്‍മാനായി നിയമിതനായ കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറിക്ക് അനധികൃതമായി ക്ഷേമനിധി അംഗത്വം. എറണാകുളം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍കൂടിയായ ബാബു ജോസഫാണ് ചട്ടവിരുദ്ധമായി ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം നേടിയത്. തൊഴിലാളികള്‍ക്ക് മാത്രം അംഗത്വത്തിന് അകാശമുള്ള ക്ഷേമനിധിയിലാണ് ലോട്ടറി വില്‍പ്പനയുമായി ഒരു ബന്ധവുമില്ലാത്ത ബാബുജോസഫിന് അംഗത്വം നല്‍കിയത്. ഇതോടെ പാവപ്പെട്ട തൊഴിലാളികള്‍ക്കുള്ള ആനുകൂല്ല്യങ്ങള്‍ ഇനി ചെയര്‍മാനും കൈപ്പറ്റാം.

    ReplyDelete