Friday, December 9, 2011

ഉപക്ഷേപം പി ജെ ജോസഫില്‍നിന്ന് മാറ്റി

മുല്ലപ്പെരിയാര്‍പ്രശ്നം ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ഉപക്ഷേപം അവതരിപ്പിക്കുന്നതില്‍നിന്ന് ജലവിഭവമന്ത്രി പി ജെ ജോസഫിനെ ഒഴിവാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉപക്ഷേപം അവതരിപ്പിക്കാനാണ് തീരുമാനം. മുല്ലപ്പെരിയാര്‍വിഷയത്തില്‍ മുമ്പ് രണ്ടുവട്ടം പ്രത്യേക ചര്‍ച്ച നടന്നപ്പോഴും ഉപക്ഷേപം അവതരിപ്പിച്ചത് ജലവിഭവമന്ത്രിമാരാണ്. മന്ത്രിയെ ഒഴിവാക്കി പകരം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉപക്ഷേപം അവതരിപ്പിക്കണമെന്നാണ് ആദ്യം യുഡിഎഫ് നേതൃത്വം തീരുമാനിച്ചത്. ചീഫ് വിപ്പ് പി സി ജോര്‍ജ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തലയുടെ ഉപക്ഷേപമെന്നാണ് അറിയിച്ചത്. എന്നാല്‍ , ഉന്നതങ്ങളില്‍നിന്നുള്ള ഇടപെടലിനെതുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമാനം മാറ്റി. ചെന്നിത്തലയുടെ ഉപക്ഷേപം പരിഗണിക്കുന്നത് സര്‍ക്കാരിന്റെ താല്‍പ്പര്യമില്ലായ്മയ്ക്ക് തെളിവാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.

നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരാന്‍ സര്‍ക്കാരാണ് തീരുമാനിച്ചത്. ചട്ടം 130 അനുസരിച്ച് ഉപക്ഷേപം പരിഗണിക്കാനും തീരുമാനിച്ചു. നിരവധി അംഗങ്ങള്‍ ഇതിന് നോട്ടീസ് നല്‍കിയിരുന്നു. സഭയുടെ കാര്യോപദേശകസമിതി ചേര്‍ന്ന് ആരുടെ പ്രമേയം ചര്‍ച്ച ചെയ്യണമെന്ന് തീരുമാനിക്കണമെന്നാണ് ചട്ടം. കാര്യോപദേശകസമിതി വിളിച്ചുചേര്‍ത്തിട്ടില്ല. മുല്ലപ്പെരിയാര്‍വിഷയത്തില്‍ മുമ്പ് രണ്ടുതവണയാണ് സഭയില്‍ പ്രത്യേക ചര്‍ച്ച നടന്നത്. 1993ല്‍ അന്നത്തെ ജലവിഭവമന്ത്രി ടി എം ജേക്കബും 2009ല്‍ എന്‍ കെ പ്രേമചന്ദ്രനുമാണ് ഉപക്ഷേപം അവതരിപ്പിച്ചത്.

ഇത്തവണ പി ജെ ജോസഫിനെ ഒഴിവാക്കിയത് ബോധപൂര്‍വമാണ്. മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ കടുത്ത നിലപാടാണ് പി ജെ ജോസഫ് സ്വീകരിച്ചിട്ടുള്ളത്. മന്ത്രിമാര്‍ സമരം നടത്തരുതെന്ന മുഖ്യമന്ത്രിയുടെ വിലക്കിനെ മറികടന്ന് അദ്ദേഹം ഡല്‍ഹിയില്‍ ഉപവസിച്ചു. മുഖ്യമന്ത്രി അടഞ്ഞ അധ്യായമെന്ന് വിശേഷിപ്പിച്ച എജി പ്രശ്നവും വിടാന്‍ ഒരുക്കമല്ലെന്ന് ജോസഫ് പരോക്ഷമായി പ്രഖ്യാപിച്ചിട്ടുണ്ട്. എജിയെ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റി മുമ്പാകെ വിളിച്ചുവരുത്താന്‍ അദ്ദേഹംകൂടി പങ്കെടുത്ത യോഗമാണ് തീരുമാനിച്ചത്. ഏറ്റവുമൊടുവില്‍ എല്‍ഡിഎഫിന്റെ മനുഷ്യമതില്‍ പരിപാടിയെ നേരിട്ട് അഭിവാദ്യംചെയ്യാനും മന്ത്രി തയ്യാറായി. ഇതെല്ലാം യുഡിഎഫ് നേതൃത്വത്തെ ക്ഷുഭിതരാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ മന്ത്രി പരിധിവിട്ടെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിമാരുടെയും യുഡിഎഫ് നേതാക്കളുടെയും സംയുക്തയോഗത്തില്‍ വിമര്‍ശം ഉയര്‍ന്നിരുന്നു. ചട്ടം 130 അനുസരിച്ച് മൂന്നുമണിക്കൂര്‍ ചര്‍ച്ചയാണ് നിശ്ചയിച്ചിട്ടുള്ളത്. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി ഉപക്ഷേപം അവതരിപ്പിക്കും. തുടര്‍ന്ന് വിവിധ കക്ഷികളില്‍ തീരുമാനിച്ചവര്‍ സംസാരിക്കും. ജലവിഭവമന്ത്രി എന്നനിലയില്‍ പി ജെ ജോസഫിന് പ്രസംഗിക്കാന്‍ കഴിയില്ല. അതേസമയം, സ്പീക്കറുടെ അനുമതിയോടെ അദ്ദേഹത്തിന്റെ വകുപ്പുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാം. അല്ലെങ്കില്‍ കേരള കോണ്‍ഗ്രസിന് അനുവദിച്ച സമയത്തില്‍ സംസാരിക്കേണ്ടിവരും.

deshabhimani 091211

1 comment:

  1. മുല്ലപ്പെരിയാര്‍പ്രശ്നം ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ഉപക്ഷേപം അവതരിപ്പിക്കുന്നതില്‍നിന്ന് ജലവിഭവമന്ത്രി പി ജെ ജോസഫിനെ ഒഴിവാക്കി.

    ReplyDelete