മുല്ലപ്പെരിയാര്‍ ദുരന്തം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രബുദ്ധകേരളം പെരിയാറിന്റെ തീരഭൂമിയില്‍ പ്രതിരോധ മനുഷ്യമതില്‍ തീര്‍ത്തു. ഭരണ- പ്രതിപക്ഷ- രാഷ്ട്രീയ- സാമുദായിക- ഭാഷാ വ്യത്യാസമില്ലാതെ കേരളീയസമൂഹത്തിന്റെ നേര്‍പരിച്ഛേദം ഒറ്റമനസ്സോടെയാണ് മതില്‍ തീര്‍ത്തത്. മതിലില്‍ അണിനിരന്ന ജനലക്ഷങ്ങള്‍ , പ്രാണഭീതിയില്‍ കഴിയുന്ന 40 ലക്ഷം മനുഷ്യര്‍ക്കുനേരെ ഉറക്കംനടിക്കുന്ന കേന്ദ്ര- സംസ്ഥാന ഭരണാധികാരികള്‍ക്ക് കനത്തതാക്കീത് നല്‍കി. വെള്ളം തരാം, ജീവന്‍ തരൂ എന്ന മുദ്രാവാക്യമുയര്‍ത്തി പുതിയ അണക്കെട്ടിനുവേണ്ടി നടക്കുന്ന പോരാട്ടത്തിന്റെ ഭാഗമായി എല്‍ഡിഎഫ് ആഹ്വാനംചെയ്ത മനുഷ്യമതിലില്‍ മലയാളികള്‍ക്കൊപ്പം പതിനായിരക്കണക്കിന് തമിഴ്വംശജരും കുമളിയിലെ കശ്മീരികളുമടക്കം അണിനിരന്നു.
മന്ത്രി പി ജെ ജോസഫ് വണ്ടിപ്പെരിയാറ്റില്‍ മനുഷ്യമതിലിന് അഭിവാദ്യം അര്‍പ്പിക്കാനെത്തിയത് ആവേശമുയര്‍ത്തി. ഇതോടൊപ്പം തലസ്ഥാനത്ത് സെക്രട്ടറിയറ്റുമുതല്‍ രാജ്ഭവന്‍വരെയും കണ്ണൂരില്‍ റെയില്‍വേ സ്റ്റേഷന്‍മുതല്‍ കലക്ടറേറ്റുവരെയും ഐക്യദാര്‍ഢ്യത്തിന്റെ മനുഷ്യമതിലും എല്‍ഡിഎഫ് ആഭിമുഖ്യത്തില്‍ സൃഷ്ടിച്ചു. മറ്റു ജില്ലാകേന്ദ്രങ്ങളില്‍ ജനകീയകൂട്ടായ്മയും സംഘടിപ്പിച്ചു. മുല്ലപ്പെരിയാര്‍വിഷയത്തില്‍ കേരളത്തിന്റെ ആശങ്കയും ഒപ്പം ഐക്യവും ലോകത്തിന് തെളിയിച്ചുകൊടുത്ത മനുഷ്യമതിലില്‍ ബിഷപ്പുമാരും വൈദികശ്രേഷ്ഠരും കന്യാസ്ത്രീകളും പള്ളി ഇമാമുമാരും പൂജാരിമാരും അടക്കമുള്ള ആത്മീയനേതൃത്വവും ഒഴുകിയെത്തി. ലോകശ്രദ്ധയാകര്‍ഷിച്ച ഈ സഹനസമരം ദേശീയ വാര്‍ത്താചാനലുകളടക്കം തല്‍സമയം റിപ്പോര്‍ട്ടു ചെയ്തു. അണക്കെട്ടിനുതാഴെ ആദ്യ ജനവാസകേന്ദ്രമായ വള്ളക്കടവില്‍ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനാണ് ആദ്യകണ്ണിയായത്.
ഇവിടെ നിന്നും ആരംഭിച്ച് ജനലക്ഷങ്ങള്‍ തോളോടുതോള്‍ അണിനിരന്ന മനുഷ്യമതിലില്‍ 196 കിലോമീറ്റര്‍ അകലെ അറബിക്കടലോരത്ത് മറൈന്‍ഡ്രൈവില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അവസാനകണ്ണിയായി. ഇവിടെ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ , വൈദികശ്രേഷ്ഠരായ കണ്ടത്തില്‍ കോര്‍ എപ്പിസ്കോപ്പ, ഫാ. ജയിംസ് മലേപ്പള്ളി എന്നിവരും അണിചേര്‍ന്നു. വണ്ടിപ്പെരിയാറില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കരിങ്കുളം ചപ്പാത്തില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും കണ്ണിയായി. വ്യാഴാഴ്ച പകല്‍ മൂന്നിനാണ് ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍നിന്നുള്ള ജനലക്ഷങ്ങള്‍ നിശ്ചിതകേന്ദ്രങ്ങളില്‍ അണിനിരന്നത്. 3.30ന് ട്രയല്‍ നടന്നു. നാലിന് കാല്‍മണിക്കൂര്‍ മനുഷ്യമതിലായി അണിനിരന്ന് പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് പ്രധാനകേന്ദ്രങ്ങളില്‍ പൊതുസമ്മേളനവും ചേര്‍ന്നു. വള്ളക്കടവ്, വണ്ടിപ്പെരിയാര്‍ , മ്ലാമല, ചപ്പാത്ത് സമരകേന്ദ്രം, അയ്യപ്പന്‍കോവില്‍ , കാഞ്ചിയാര്‍ , കട്ടപ്പന, ഇരട്ടയാര്‍ , ശാന്തിഗ്രാം, നാലുമുക്ക്, കാമാക്ഷി, തങ്കമണി, മരിയാപുരം, ഇടുക്കി, ചെറുതോണി, തടിയമ്പാട്, കരിമ്പന്‍ , ചേലച്ചുവട്, കീരിത്തോട്, പാംബ്ല, ലോവര്‍ പെരിയാര്‍ , നീണ്ടപാറവരെ ഇടുക്കി ജില്ലയില്‍ 122 കിലോമീറ്ററും നേര്യമംഗലം, കോതമംഗലം, പെരുമ്പാവൂര്‍ , ആലുവ, എന്നിവിടങ്ങളിലൂടെ എറണാകുളം ജില്ലയില്‍ 74 കിലോമീറ്ററും അടക്കം 196 കിലോമീറ്ററിലാണ് പ്രതിരോധമതില്‍ കെട്ടിയത്. വള്ളക്കടവില്‍ കുമളിയിലെ അമ്പതോളം കശ്മീരി വ്യാപാരികള്‍ കണ്ണികളായി. ശ്രീലങ്കയില്‍നിന്നുള്ള തമിഴ്വംശജരെ പുനരധിവസിപ്പിച്ചിരിക്കുന്ന ഗവിയില്‍നിന്ന് നൂറുകണക്കിന് തൊഴിലാളികള്‍ പ്രകടനമായെത്തി മതിലില്‍ അണിചേര്‍ന്നു. എ കെ ജിയുടെ കുടിയിറക്കുസമരം നടന്ന കീരിത്തോട്ടില്‍ ആംഗ്ലിക്കന്‍ ബിഷപ് ലേവി ഐക്കരയും മ്ലാമലയില്‍ മുന്‍മന്ത്രി പി കെ ശ്രീമതിയും പങ്കാളിയായി.
മറൈന്‍ഡ്രൈവില്‍ പ്രൊഫ. എം കെ സാനു, സിപിഐ എം നേതാക്കളായ വൈക്കം വിശ്വന്‍ , എം സി ജോസഫൈന്‍ , എം വി ഗോവിന്ദന്‍ , സംവിധായകരായ സിബി മലയില്‍ , അമല്‍ നീരദ്, ബി ഉണ്ണിക്കൃഷ്ണന്‍ എന്നിവരും അണിചേര്‍ന്നു. പെരുമ്പാവൂരില്‍ മാര്‍ത്തോമ്മാ സഭ വലിയ മെത്രാപോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, ഡോ. എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപോലീത്ത, ഡോ. തോമസ് ഐസക് എന്നിവര്‍ പങ്കെടുത്തു. മനുഷ്യമതിലിന് പിന്തുണ അറിയിച്ച് ശ്രേഷ്ഠ കാത്തോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ , ബിഷപ് ജോര്‍ജ് പുന്നക്കോട്ടില്‍ എന്നിവര്‍ സന്ദേശം അയച്ചു. യോഗത്തില്‍ അത് വായിച്ചു. കളമശേരിയില്‍ സംവിധായകര്‍ റാഫി- മെക്കാര്‍ട്ടിന്‍ , നാദിര്‍ഷ, പാലാരിവട്ടത്ത് വിനയന്‍ എന്നിവരും പങ്കെടുത്തു. തിരുവനന്തപുരത്ത് രാജ്ഭവന്‍മുതല്‍ സെക്രട്ടറിയറ്റുവരെ നീണ്ട മനുഷ്യമതിലിനൊപ്പം എട്ട് കേന്ദ്രങ്ങളില്‍ പൊതുയോഗവും സത്യപ്രതിജ്ഞയും നടന്നു. രാജ്ഭവനുമുന്നില്‍ കവയിത്രി ബി സുഗതകുമാരി ആദ്യകണ്ണിയായി. തുടര്‍ന്ന് സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ലിമിസ് കത്തോലിക്കാ ബാവാ, സിഎസ്ഐ ദക്ഷിണ മേഖല മഹാ ഇടവക ബിഷപ് ധര്‍മരാജ് റസാലം, പാളയം ഇമാം ജമാലുദീന്‍ മങ്കട, സംവിധായകരായ ടി വി ചന്ദ്രന്‍ , ടി കെ രാജീവ്കുമാര്‍ , നടന്‍ ജോബി, നേതാക്കളായ ടി ശിവദാസമേനോന്‍ , സി കെ ചന്ദ്രപ്പന്‍ , സി ദിവാകരന്‍ , പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ മതിലിന്റെ ഭാഗമായി. സെക്രട്ടറിയറ്റിനുമുന്നില്‍ അവസാനകണ്ണിയായി കവി ഡി വിനയചന്ദ്രന്‍ അണിചേര്‍ന്നു.
സര്‍വകക്ഷിസംഘത്തെ അയക്കുന്നത് കേന്ദ്രം ഗൗനിക്കാത്തതിനാല്‍ : പിണറായി
മുല്ലപ്പെരിയാര്‍ : മുഖ്യമന്ത്രിയും മന്ത്രിമാരും പലതവണ ഡല്‍ഹിയില്‍ പോയിട്ടും കേന്ദ്രസര്‍ക്കാര്‍ ഗൗനിക്കാത്തതിനാലാണ് സര്‍വകക്ഷിസംഘത്തെ വീണ്ടും അയക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വണ്ടിപ്പെരിയാറില്‍ മനുഷ്യമതിലിനുശേഷം ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനലക്ഷങ്ങളുടെ അടിയന്തരപ്രശ്നമായതിനാല്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണം. രണ്ട് സംസ്ഥാന മുഖ്യമന്ത്രിമാരുമായും ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കണം. മുല്ലപ്പെരിയാര്‍പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചപറ്റിയെന്നും പിണറായി പറഞ്ഞു. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഇടുക്കി താങ്ങുമെന്ന സര്‍ക്കാര്‍നിലപാട് കാര്യങ്ങള്‍ വിവേചനബുദ്ധിയോടെ പരിശോധിച്ചുള്ളതായിരുന്നില്ല. അണ പൊട്ടിയുണ്ടാകുന്ന കുത്തൊഴുക്ക് താങ്ങാനുള്ള ശക്തി ഇടുക്കിക്ക് ഉണ്ടോയെന്നത് ഉറപ്പിച്ചുപറയാനാകില്ല. സംഭവിക്കാന്‍ പാടില്ലാത്ത ഇത്തരം പിഴവിന് ന്യായീകരണമില്ലെന്നും പിണറായി പറഞ്ഞു. മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ കേരളത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ കേന്ദ്ര ഭരണാധികാരികള്‍ തയ്യാറാകേണ്ടിവരുമെന്ന് ചപ്പാത്തിലെ സമരപ്പന്തല്‍ സന്ദര്‍ശിക്കെ പിണറായി പറഞ്ഞു.
കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങളുടെ ജീവന്റെ പ്രശ്നമാണ് കേരള ജനത ഒരു മനസ്സോടെ ഉയര്‍ത്തുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രവും കോടതിയും അനുകൂലനിലപാട് സ്വീകരിക്കണം. മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ തുടരുന്ന സമരം പ്രകോപനപരമാകരുതെന്നും പിണറായി അഭ്യര്‍ഥിച്ചു. കേരളത്തിന് തമിഴ്നാടിനെയോ തിരിച്ചോ ഒഴിവാക്കാനാകില്ല. അതുകൊണ്ടുതന്നെ സമാധാനപരമായ യോജിച്ച പോരാട്ടം ഈ ലക്ഷ്യം നേടാനായി തുടരണമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ അണക്കെട്ടിന് ഉടന്‍ അനുമതി നല്‍കണം: വി എസ്
കൊച്ചി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കേരളത്തിന് പ്രധാനമന്ത്രി ഉടന്‍ അനുമതി നല്‍കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍നിന്നുള്ള ആറ് കേന്ദ്രമന്ത്രിമാര്‍ പ്രധാനമന്ത്രിയെകണ്ട് ഇക്കാര്യം വേഗം സാധിച്ചെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യമതിലിന്റെ ഭാഗമായി കൊച്ചി മറൈന്‍ഡ്രൈവില്‍ ചേര്‍ന്ന വന്‍ പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു വി എസ്.
മുല്ലപ്പെരിയാര്‍ അപകടാവസ്ഥയിലാണെന്നതിന് വിദഗ്ധരിലടക്കം രണ്ടുപക്ഷമില്ല. തമിഴ്നാടിന് നല്‍കുന്ന വെള്ളം പുതിയ അണക്കെട്ടില്‍നിന്നു നല്‍കുമെന്നതും കേരളത്തിന്റെ ഉറച്ച തീരുമാനമാണ്. വസ്തുതകള്‍ അവരെ ബോധ്യപ്പെടുത്താന്‍ പ്രധാനമന്ത്രിക്കു കഴിയും. അതിന് അദ്ദേഹം തയ്യാറാകണം. പുതിയ അണക്കെട്ടിന് അനുമതി നല്‍കാന്‍ ഇന്ത്യയുടെ ഭരണത്തലവനുള്ള അധികാരം പ്രയോഗിക്കണം. അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ ധരിപ്പിച്ച തെറ്റായ കാര്യങ്ങള്‍ കേരളത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എടുത്തുപയോഗിക്കുന്നു. അത്രയുമായിട്ടും എജി വീഴ്ചയൊന്നും വരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് അത്ഭുതകരമാണ്. കെപിസിസി ക്കുപോലും മുഖ്യമന്ത്രിയുടെ നിലപാട് ബോധ്യമായിട്ടില്ല-വി എസ് പറഞ്ഞു.
മുല്ലപ്പെരിയാര്‍ ദേശീയപ്രശ്നമായി കാണണം: കോടിയേരി
കെ.ചപ്പാത്ത്: മുല്ലപ്പെരിയാര്‍ പ്രശ്നത്തെ ദേശീയപ്രശ്നമായി കണ്ട് കേന്ദ്രസര്‍ക്കാര്‍ പരിഹരിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളവും തമിഴ്നാടും തമ്മിലുള്ള തര്‍ക്കമായല്ല ഇതിനെ കാണേണ്ടത്. അണക്കെട്ടിലെ ജലനിരപ്പ് 120 അടിയാക്കാന്‍ കേന്ദ്രം ഇടപെടണം. ഇതിനായി സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തില്‍ അടിയന്തരമായി സമ്മര്‍ദ്ദം ചെലുത്തണം. ചപ്പാത്തില്‍ മനുഷ്യമതിലില്‍ പങ്കാളിയായ ശേഷം പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നു വരുന്ന വെള്ളം ഇടുക്കി അണക്കെട്ട് താങ്ങുമെന്ന് സംസ്ഥാനസര്‍ക്കാര്‍ പ്രതിനിധികള്‍ കോടതിയില്‍ ഉയര്‍ത്തുന്ന വിചിത്രവാദം കേരളത്തിന്റെ പൊതുനിലപാടിന് വിരുദ്ധമാണ്. ഇത് സുപ്രീംകോടതിയിലെ കേരളത്തിന്റെ കേസ് ദുര്‍ബലമാക്കും. 2006ല്‍ കേരളത്തിന് എതിരായി സുപ്രീംകോടതിവിധി വന്നതിന് സമാനമായ സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. 450 കുടുംബങ്ങളെ എട്ടു സ്കൂളുകളിലേക്ക് മാറ്റി പാര്‍പ്പിക്കുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഈ സ്കൂളുകള്‍ ഉള്‍പ്പെടെ ഒലിച്ചുപോകുമെന്നതും ലക്ഷക്കണക്കിനാളുകളെ ദുരന്തം ബാധിക്കുമെന്നതും സര്‍ക്കാര്‍ കോടതിയില്‍ മറച്ചു. തമിഴ്നാടും കേരളവും തമ്മില്‍ ഈ വിഷയത്തില്‍ പ്രകോപനമരുത്. കണ്‍മുന്നില്‍ തമിഴ്നാട്ടുകാര്‍ ആക്രമിക്കപ്പെടില്ലെന്ന് മലയാളികള്‍ ഉറപ്പാക്കി മാതൃക കാട്ടണം-കോടിയേരി പറഞ്ഞു.
ചപ്പാത്തില്‍ സമരസമിതി രക്ഷാധികാരി ഫാ. ജോയി നിരപ്പേല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാര്‍ത്തോമ്മാ യുവജനസഖ്യം പ്രസിഡന്റ് മാര്‍ ജോസഫ് ബര്‍ണബാസ്, മുന്‍മന്ത്രിമാരായ കെ ഇ ഇസ്മയില്‍ എംപി, എന്‍ കെ പ്രേമചന്ദ്രന്‍ , എംഎല്‍എമാരായ എ കെ ശശീന്ദ്രന്‍ , ഇ എസ് ബിജിമോള്‍ , വി എസ് സുനില്‍കുമാര്‍ , കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി കെ ഫ്രാന്‍സിസ് ജോര്‍ജ്, കെ അജിത, വിവിധ തലങ്ങളിലെ മറ്റു ജനപ്രതിനിധികള്‍ , രാഷ്ട്രീയനേതാക്കള്‍ തുടങ്ങിയവര്‍ മനുഷ്യമതിലില്‍ അണിചേര്‍ന്നു.
ഡാം സുരക്ഷാ അതോറിറ്റി ബില്‍ ഉടന്‍ പാസാക്കണം: പി ജെ ജോസഫ്
തേക്കടി: ഡാം സുരക്ഷാ അതോറിറ്റി ബില്‍ പാര്‍ലമെന്റില്‍ ഉടന്‍ പാസാക്കണമെന്ന് മന്ത്രി പി ജെ ജോസഫ് പറഞ്ഞു. പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരനടപടി സ്വീകരിക്കണം. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ഇടുക്കി അണക്കെട്ടും തകരുമെന്നും ലക്ഷക്കണക്കിന് പേര്‍ക്ക് ജീവഹാനി സംവിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും മന്ത്രി പറഞ്ഞു. നിയമസഭാസമിതിയുടെ മുല്ലപ്പെരിയാര്‍ സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്രസര്‍ക്കാര്‍ വിചാരിച്ചാല്‍ ഒരാഴ്ച കൊണ്ട് നിയമം പാസാക്കാം. ഡല്‍ഹിയില്‍ എ കെ ആന്റണിയെ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ബില്ലിന്റെ കാര്യത്തില്‍ ദേശീയപാര്‍ടികള്‍ അഭിപ്രായം വ്യക്തമാക്കണം. വസ്തുതകള്‍ മനസിലാക്കി കേന്ദ്രസര്‍ക്കാര്‍ പുതിയ അണക്കെട്ടിന് പാരിസ്ഥിതിക അനുമതി നല്‍കണം. തമിഴ്നാടിന് ഒരിക്കലും സത്യം മൂടിവെക്കാന്‍ കഴിയില്ല. സഭാസമിതിയുടെ സന്ദര്‍ശനത്തില്‍ നിന്ന് തമിഴ്നാട് വിട്ടുനിന്നത് ഇവിടെയുണ്ടാകുന്നത് ഗുണകരമാകില്ലെന്ന് തോന്നിയത് കൊണ്ടാകും. ഗ്യാലറിയിലെ ചോര്‍ച്ച കാണുന്നത് ഗുണകരമല്ലെന്ന് തമിഴ്നാടിന് ബോധ്യപ്പെട്ടിരിക്കാം. 1979ല്‍ കേന്ദ്ര ജലകമീഷന്‍ അണക്കെട്ട് സുരക്ഷിതമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതിയില്‍ എജിയുടെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മന്ത്രിസഭായോഗത്തില്‍ എല്ലാം വ്യക്തമാക്കിയെന്നും ഇനി പ്രതികരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
യുഡിഎഫ് കേരളീയരെ വഞ്ചിച്ചു: വൈക്കം വിശ്വന്‍
കൊച്ചി: മുല്ലപ്പെരിയാര്‍വിഷയത്തില്‍ എജിയുടെ നിലപാടിന് അംഗീകാരം നല്‍കിയതിലൂടെ യുഡിഎഫ് മന്ത്രിസഭ കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. മനുഷ്യമതിലില്‍ പങ്കെടുത്തശേഷം മറൈന്‍ഡ്രൈവില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളജനതയെ വഞ്ചിച്ചതിലൂടെ മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാനുള്ള യോഗ്യത നഷ്ടമായി. എജി കോടതിയില്‍ പറഞ്ഞതു തെറ്റാണെന്നു പറഞ്ഞവരാണ് പിന്നീട് മന്ത്രിസഭ ചേര്‍ന്ന് ആ നിലപാട് ശരിവച്ചത്. ഈ നിലപാട് മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ പാര്‍ടിയെപ്പോലും ബോധ്യപ്പെടുത്താനായിട്ടില്ല. മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ സംസ്ഥാനത്തെ ജനതതിയാകെ ഒറ്റക്കെട്ടായി തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചിട്ടും ഇക്കാര്യത്തില്‍ യുക്തമായ തീരുമാനമെടുക്കേണ്ട പ്രധാനമന്ത്രി കരിങ്കല്ലിന് കാറ്റു പിടിച്ചതുപോലെ ഇരിക്കുകയാണ്. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഇടുക്കി താങ്ങിക്കൊള്ളുമെന്നു പറയുന്നവര്‍ മുല്ലപ്പെരിയാര്‍ തകര്‍ച്ചയിലാണെന്നു സമ്മതിക്കുകയാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
മന്ത്രിമാര്‍ ഉണരുന്നില്ല: ജ.കൃഷ്ണയ്യര്‍
കൊച്ചി: മുല്ലപ്പെരിയാറില്‍ ദുരന്തമുണ്ടായി ഒരു മനുഷ്യജീവനെങ്കിലും നഷ്ടമായാല്‍ അതിന്റെ ഉത്തരവാദി കേന്ദ്രവും കേരള-തമിഴ്നാട് സര്‍ക്കാരുകളുമായിരിക്കുമെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ജനങ്ങള്‍ ഒന്നാകെ ആശങ്ക പ്രകടിപ്പിച്ചിട്ടും മന്ത്രിമാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല. എന്തുകൊണ്ട് പുതിയ ഡാം നിര്‍മിക്കാന്‍ അനുവദിക്കുന്നില്ല. ഇവര്‍ മനുഷ്യരോ രാക്ഷസരോ എന്നും കൃഷ്ണയ്യര്‍ ചോദിച്ചു. എല്‍ഡിഎഫ് തീര്‍ത്ത മനുഷ്യമതിലില്‍ അണിചേര്‍ന്നശേഷം മറൈന്‍ഡ്രൈവില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ഡാം നിര്‍മിക്കണമെന്ന കേരളത്തിന്റെ അടിയന്തര ആവശ്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ഇടുക്കിയില്‍ സമീപകാലത്തുണ്ടായ ഭൂചലനങ്ങള്‍ നല്‍കുന്ന താക്കീത് അവഗണിച്ചാല്‍ മഹാഅപരാധമാകും. ഡാംനിര്‍മാണത്തിന് എത്ര പണം വേണമെങ്കിലും ഈ ദരിദ്രരുടെ നാട് കണ്ടെത്തും. കേന്ദ്രം അനുമതി നല്‍കിയാല്‍ മതി- കൃഷ്ണയ്യര്‍ പറഞ്ഞു.
"പുതിയ അണൈ കെട്ടവേണ്ടും"
ഇടുക്കി: ജലം തരാം പകരം ജീവന്‍ തരണമെന്ന മുദ്രാവാക്യം ഉയര്‍ത്തി പെരിയാര്‍ തീരത്ത് തമിഴ് ജനവിഭാഗങ്ങള്‍ ഒറ്റമനസോടെ മനുഷ്യമതില്‍ അണിചേര്‍ന്നു. തോട്ടം മേഖലയില്‍നിന്നും അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്നും ആയിരക്കണക്കിന് തമിഴ് വംശജരാണ് മനുഷ്യമതില്‍ പങ്കെടുക്കാന്‍ ഒഴുകിയെത്തിയത്. പണിമുടക്കി കുടുംബസമേതമാണ് വിവിധ കേന്ദ്രങ്ങളില്‍ അവര്‍ അണിനിരന്നത്. "കെട്ടവേണ്ടും കെട്ടവേണ്ടും പുതിയ അണൈ കെട്ടവേണ്ടും, കേരള മക്കളിന്‍ ഉയിര്‍ കാപ്പാത്തുവേണ്ടും" തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അവര്‍ ഉയര്‍ത്തി. ജനകീയ സമരത്തെ തമിഴ്നാടിനെതിരായി തിരിച്ചുവിടാനുള്ള ശ്രമത്തെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് അവര്‍ പ്രതിജ്ഞയെടുത്തു.
മുല്ലപ്പെരിയാര്‍ നദീമുഖവും അണക്കെട്ടും സ്ഥിതിചെയ്യുന്ന വള്ളക്കടവ് മേഖലയില്‍ തമിഴ്വംശജരാണ് തിങ്ങിപ്പാര്‍ക്കുന്നത്. തൊഴിലാളി കേന്ദ്രമായ പീരുമേട്, മൂന്നാര്‍ , ഏലപ്പാറ, ശാന്തന്‍പാറ മേഖലകളില്‍നിന്നുള്ളവര്‍ കിലോമീറ്ററുകള്‍ക്കകലെ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ ഉച്ചയേടെതന്നെ ഇവര്‍ നിലയുറപ്പിച്ചു. വള്ളക്കടവ്, പീരുമേട്, മ്ലാമല, ഏലപ്പാറ, ചപ്പാത്ത്, പാംപ്ല, ആഡിറ്റ്, കുടകല്ല് തുടങ്ങി മനുഷ്യമതില്‍ കടന്നുപോയ പാതയോരങ്ങളിലെല്ലാം തമിഴ് തൊഴിലാളികള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ പരിഛേദം ദൃശ്യമായി. കൈക്കുഞ്ഞുങ്ങളുമായാണ് സ്ത്രീകള്‍ പങ്കെടുക്കാനെത്തിയത്.
(കെ ടി രാജീവ്)
deshabhimani 091211
മുല്ലപ്പെരിയാര്‍ ദുരന്തം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രബുദ്ധകേരളം പെരിയാറിന്റെ തീരഭൂമിയില്‍ പ്രതിരോധ മനുഷ്യമതില്‍ തീര്‍ത്തു. ഭരണ- പ്രതിപക്ഷ- രാഷ്ട്രീയ- സാമുദായിക- ഭാഷാ വ്യത്യാസമില്ലാതെ കേരളീയസമൂഹത്തിന്റെ നേര്‍പരിച്ഛേദം ഒറ്റമനസ്സോടെയാണ് മതില്‍ തീര്‍ത്തത്. മതിലില്‍ അണിനിരന്ന ജനലക്ഷങ്ങള്‍ , പ്രാണഭീതിയില്‍ കഴിയുന്ന 40 ലക്ഷം മനുഷ്യര്‍ക്കുനേരെ ഉറക്കംനടിക്കുന്ന കേന്ദ്ര- സംസ്ഥാന ഭരണാധികാരികള്‍ക്ക് കനത്തതാക്കീത് നല്‍കി. വെള്ളം തരാം, ജീവന്‍ തരൂ എന്ന മുദ്രാവാക്യമുയര്‍ത്തി പുതിയ അണക്കെട്ടിനുവേണ്ടി നടക്കുന്ന പോരാട്ടത്തിന്റെ ഭാഗമായി എല്‍ഡിഎഫ് ആഹ്വാനംചെയ്ത മനുഷ്യമതിലില്‍ മലയാളികള്‍ക്കൊപ്പം പതിനായിരക്കണക്കിന് തമിഴ്വംശജരും കുമളിയിലെ കശ്മീരികളുമടക്കം അണിനിരന്നു.
ReplyDeleteമുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയണമെന്ന പ്രമേയം സഭ ഏകകണ്ഠമായി പാസാക്കി. മുല്ലപ്പെരിയാര്‍ പ്രശ്നം ചര്‍ച്ചചെയ്യാന്‍ വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനമാണ് പ്രമേയം പാസാക്കിയത്. അണക്കെട്ടിന്റെ കാലപ്പഴക്കവും അണക്കെട്ട് പരിസരത്ത് നിരന്തരമുണ്ടാകുന്ന ഭൂചലനങ്ങളും ആശങ്കയുണര്‍ത്തുന്നതാണ്. കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും എന്ന നിലപാടില്‍ നിന്ന് കേരളം പുറകോട്ട് പോകില്ല. അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി പുനക്രമീകരിക്കണം. അണക്കെട്ടിന്റെ സുരക്ഷസംബന്ധിച്ച നിയമ നടപടികള്‍ അനന്തമായി നീളുന്നത് ആശങ്കയ്ക്കിടയാക്കുന്നുവെന്ന് ഉപക്ഷേപം അവതരിപ്പിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പുതിയ അണക്കെട്ട് മാത്രമാണ് പ്രശ്നത്തിന് പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇടപെട്ടതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോടതിയില്‍ വിവാദ പരാമര്‍ശം നടത്തിയ എ ജിയെ സഭയില്‍ വിളിച്ചു വരുത്തണം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മന്ത്രിസഭയ്ക്ക് ഏകാഭിപ്രായമല്ലില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രശ്നത്തില്‍ ഇടപെടാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം കേന്ദ്രം ഏറ്റെടുക്കണമെന്ന് ധനമന്ത്ര കെ എം മാണി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ നിലപാട് തെറ്റാണെങ്കില്‍ കേന്ദ്രമത് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ അണക്കെട്ട് വിഷയത്തില്‍ 25നകം തീരുമാനമുണ്ടാകണമെന്ന് ജലവിഭവ മന്ത്രി പി ജെ ജോസഫ് പറഞ്ഞു. പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ 25ന് ശേഷം രാജ്ഘട്ടില്‍ മരണംവരെ നിരാഹാരസമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ ജിയുടെ വിവാദ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.
ReplyDelete