Sunday, December 18, 2011

യുഡിഎഫ് ഭരണത്തില്‍ മൂന്നാമത്തെ ലോഡ്ഷെഡിങ്

യുഡിഎഫ് അധികാരമേറ്റ് എട്ടുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തുന്നത് മൂന്നാം തവണ. ശനിയാഴ്ച മുതലാണ് സംസ്ഥാനത്ത് വൈദ്യുതിബോര്‍ഡ് വീണ്ടും ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തിയത്. ശനിയാഴ്ച സംസ്ഥാനത്ത് എല്ലായിടത്തും വൈകിട്ട് ആറരമുതല്‍ 10.30 വരെ അര മണിക്കുര്‍ വൈദ്യുതി നിലച്ചു. മലബാര്‍ മേഖലയിലും ഗ്രാമപ്രദേശങ്ങളിലും ഒരു മണിക്കൂര്‍വരെ നിയന്ത്രണമുണ്ടായി.

യുഡിഎഫ് ഭരണത്തിലേറി മാസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ എട്ടുദിവസം ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നു. തെലുങ്കാന പ്രതിസന്ധിമൂലം കല്‍ക്കരി ലഭ്യത കുറഞ്ഞത് വൈദ്യുതി ഉല്‍പ്പാദനത്തെ ബാധിച്ചുവെന്ന പേരിലായിരുന്നു അത്. കോളാര്‍ ലൈന്‍ തകരാറിലായതിനെത്തുടര്‍ന്ന് മൂന്നുദിവസവും ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തി. താല്‍ച്ചര്‍ -കോളാര്‍ ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വന്നതെന്നാണ് ഇപ്പോള്‍ ബോര്‍ഡിന്റെ വാദം. എന്നാല്‍ , മുല്ലപ്പെരിയാറിന്റെ മറവില്‍ ഇടുക്കിയിലെ ജലനിരപ്പ് കുറയ്ക്കാന്‍ വൈദ്യുതി ഉല്‍പ്പാദനം കൂട്ടിയശേഷം കായംകുളം താപനിലയമടക്കം അടച്ചിട്ടശേഷമാണ് ബോര്‍ഡ് കേരളത്തെ ഇരുട്ടിലാക്കിയത്. മൂഴിയാര്‍ പദ്ധതിയിലെ വൈദ്യുതി ഉല്‍പ്പാദനവും കുറച്ചു. ഇതാണ് ബോര്‍ഡിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്.

കോളാര്‍ ലൈന്‍ തകരാറിലായിട്ടും കേരളത്തിന് 550 മെഗവാട്ട് വൈദ്യുതി കിട്ടുന്നുണ്ട്. എല്‍ഡിഎഫ് കാലത്ത് ഇത് 400 മെഗാവാട്ടുവരെയായി കുറഞ്ഞിരുന്നു. അന്ന് രാഷ്ട്രീയ പകപോക്കാന്‍ കേരളത്തിന്റെ വൈദ്യുതിവിഹിതം കേന്ദ്രം മനഃപൂര്‍വം വെട്ടികുറയ്ക്കുകയായിരുന്നു. എന്നിട്ടും മികച്ച മാനേജ്മെന്റിലൂടെയും ഡീസല്‍ വൈദ്യുതി വാങ്ങി വിതരണംചെയ്താണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ ഇരുട്ടില്‍നിന്ന് രക്ഷിച്ചത്. ഡീസല്‍ വൈദ്യുതി വാങ്ങി നല്‍കിയാല്‍ നഷ്ടമുണ്ടാകുമെന്നാണ് ബോര്‍ഡിന്റെ വാദം. ഈ വര്‍ഷം ബോര്‍ഡിന്റെ പ്രവര്‍ത്തനലാഭം 36 കോടി രൂപയാണ്. സമഗ്ര പരിശോധന പൂര്‍ത്തിയായാല്‍ ലാഭം 50 കോടി കവിയും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ബോര്‍ഡിന്റെ കടം 4500 കോടിയായിരുന്നത് അഞ്ചുവര്‍ഷം കൊണ്ട് 1500 കോടി രൂപയായി കുറച്ചിരുന്നു.

deshabhimani 181211

1 comment:

  1. യുഡിഎഫ് അധികാരമേറ്റ് എട്ടുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തുന്നത് മൂന്നാം തവണ. ശനിയാഴ്ച മുതലാണ് സംസ്ഥാനത്ത് വൈദ്യുതിബോര്‍ഡ് വീണ്ടും ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തിയത്. ശനിയാഴ്ച സംസ്ഥാനത്ത് എല്ലായിടത്തും വൈകിട്ട് ആറരമുതല്‍ 10.30 വരെ അര മണിക്കുര്‍ വൈദ്യുതി നിലച്ചു. മലബാര്‍ മേഖലയിലും ഗ്രാമപ്രദേശങ്ങളിലും ഒരു മണിക്കൂര്‍വരെ നിയന്ത്രണമുണ്ടായി.

    ReplyDelete