Tuesday, December 13, 2011

കുപ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് മുന്നോട്ട്

പാലക്കാട്: സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി വിവിധ തലങ്ങളിലുള്ള പാര്‍ടികമ്മിറ്റികളുടെ സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വളരെ പ്രാധാന്യമേറിയ ഒരു രാഷ്ട്രീയസാഹചര്യത്തിലാണ് പാര്‍ടിസമ്മേളനങ്ങള്‍ നടക്കുന്നത്. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയ ശാസ്ത്രത്തിനും കമ്യൂണിസ്റ്റ്പ്രസ്ഥാനങ്ങള്‍ക്കും എതിരായി ലോകാടിസ്ഥാനത്തില്‍ത്തന്നെ മുതലാളിത്ത സൈദ്ധാന്തികരും കോര്‍പറേറ്റ്മാധ്യമങ്ങളും ഉയര്‍ത്തിയ പ്രചാരണം ആരും മറക്കാനിടയില്ല. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ചരിത്രത്തില്‍ ഒരുദശകം അവസാനിക്കുകയാണെന്നും ഇനി മുതലാളിത്തമേ ഉള്ളുവെന്നും സാമൂഹ്യവികാസത്തിന്റെ അവസാനഘട്ടം മുതലാളിത്തമാണെന്നുമുള്ള പ്രചാരണങ്ങളെല്ലാം അവാസ്തവമാണെന്നു തെളിയിക്കുന്ന സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന വേളയിലാണ് കമ്യൂണിസ്റ്റ്പാര്‍ടിയുടെ സമ്മേളനങ്ങള്‍ നടക്കുന്നത്.

മുതലാളിത്തത്തിന്റെ പറുദീസയായ അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത പാശ്ചാത്യനാടുകളില്‍ ഭരണകൂടത്തെയും ഭരണവ്യവസ്ഥയെയും വെല്ലുവിളിച്ചുകൊണ്ടുള്ള ജനകീയസമരങ്ങള്‍ കലാപങ്ങളുടെ രൂപം കൈക്കൊള്ളുന്നത് ലോകം കണ്ണുതുറന്ന് കാണുകയാണ്. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പ്രക്ഷോഭം ഇന്ത്യന്‍ സാഹചര്യത്തിലും തീര്‍ത്തും പ്രസക്തമാണ്. "ഒരു ശതമാനത്തിന് വേണ്ടി നിങ്ങള്‍ ഭരിക്കുന്നു; ഞങ്ങള്‍ 99ശതമാനത്തിനുവേണ്ടി നില്‍ക്കുന്നു"വെന്ന് വാള്‍സ്ട്രീറ്റില്‍നിന്നുയരുന്ന ശബ്ദം ഇന്ത്യയിലെ പൊരുതുന്ന പ്രസ്ഥാനങ്ങളെയും ആവേശം കൊള്ളിക്കുകയാണ്. ഇവിടെ 10 ശതമാനത്തിനുവേണ്ടി ഭരിക്കുന്ന വര്‍ഗത്തിന്റെ ആധിപത്യത്തിനെതിരായ 90 ശതമാനത്തിന്റെ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് കമ്യൂണിസ്റ്റുകാരും മറ്റ് ഇടതുപക്ഷക്കാരും പോരാടുന്നത്. ഭരണവര്‍ഗ നയങ്ങളുടെ ഫലമായി പാപ്പരീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ പാവപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതീക്ഷ ഇടതുപക്ഷരാഷ്ട്രീയത്തിലും ഇടതുപക്ഷപാര്‍ടികളിലുമാണ്. ഭരണവര്‍ഗ പിന്തുണയോടെ നടക്കുന്ന കോര്‍പറേറ്റ്കൊള്ളയ്ക്കും അഴിമതിക്കുമെതിരായ പോരാട്ടത്തിന് ഇടതുപക്ഷക്കാര്‍ നേതൃത്വം കൊടുക്കുകയാണ്. ഇന്ത്യയിലെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ നായകന്‍ സിപിഐ എം ആണെന്നിരിക്കെ, ഈ പാര്‍ടിയെ തകര്‍ക്കാന്‍ ശത്രുവര്‍ഗം നടത്തുന്ന നീക്കങ്ങളില്‍ തെല്ലും അത്ഭുതപ്പെടേണ്ടതില്ല.

സിപിഐ എമ്മിന്റെ തകര്‍ച്ച ആഗ്രഹിക്കുന്ന സാമ്രാജ്യത്വവും ഭരണകൂടവും അവരുടെ സ്തുതിപാഠകരായ വലതുപക്ഷമാധ്യമങ്ങളും പാര്‍ടിസമ്മേളനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് പ്രചരിപ്പിക്കുന്ന കള്ളക്കഥകള്‍ ജനങ്ങളില്‍ ഒരാശയക്കുഴപ്പവും സൃഷ്ടിക്കാന്‍ കഴിയുന്നതല്ലായെന്ന് വ്യക്തമാക്കട്ടെ. ഓരോ സമ്മേളനം കഴിയുമ്പോഴും ചേരിതിരിവിന്റെയും പക്ഷങ്ങളുടെയും വര്‍ണപ്പൊലിയോടെയുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളുടെ ഭാവനാവിലാസം മാത്രമാണെന്ന തിരിച്ചറിവ് പാര്‍ടി ബന്ധുക്കള്‍ക്കും ജനങ്ങള്‍ക്കും ഉണ്ട്. ഇതിന്റെ ഉത്തമ ഉദാഹരണമാണ് ലോക്കല്‍ -ഏരിയ സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് നടന്ന വളണ്ടിയര്‍മാര്‍ച്ചും ബഹുജന പ്രകടനങ്ങളും. സംഘാടകരുടെ പ്രതീക്ഷയെ കവച്ചുവയ്ക്കുന്ന വന്‍ ജനപങ്കാളിത്തമാണ് റാലികളില്‍ പ്രകടമായത്. ജില്ലയിലെ മഹാഭൂരിപക്ഷം ബ്രാഞ്ച്-ലോക്കല്‍ -ഏരിയ സമ്മേളനങ്ങളിലും കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് ഏകകണ്ഠമായിട്ടായിരുന്നു. അപൂര്‍വം ഇടങ്ങളില്‍നടന്ന വോട്ടെടുപ്പാകട്ടെ, പാര്‍ടിസഖാക്കളുടെ ജനാധിപത്യാവകാശത്തിന്റെ ശരിയായ വിനിയോഗമായിരുന്നു. ജനാധിപത്യാവകാശത്തെ നിഷേധിക്കുന്ന പാര്‍ടിയല്ല സിപിഐ എം. ഏരിയ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ജില്ലയിലെ പാര്‍ടി, ജില്ലാസമ്മേളനത്തിലേക്കു നീങ്ങുകയാണ്. ജനുവരി 6, 7, 8 തീയതികളില്‍ വടക്കഞ്ചേരിയില്‍ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തോടെ കൂടുതല്‍ കരുത്തോടെ, ഊര്‍ജത്തോടെ മുന്നോട്ടുപോകുന്ന പാര്‍ടിയെ ആയിരിക്കും കുപ്രചാരകര്‍ക്കു കാണേണ്ടിവരിക.

deshabhimani 131211

1 comment:

  1. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി വിവിധ തലങ്ങളിലുള്ള പാര്‍ടികമ്മിറ്റികളുടെ സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വളരെ പ്രാധാന്യമേറിയ ഒരു രാഷ്ട്രീയസാഹചര്യത്തിലാണ് പാര്‍ടിസമ്മേളനങ്ങള്‍ നടക്കുന്നത്. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയ ശാസ്ത്രത്തിനും കമ്യൂണിസ്റ്റ്പ്രസ്ഥാനങ്ങള്‍ക്കും എതിരായി ലോകാടിസ്ഥാനത്തില്‍ത്തന്നെ മുതലാളിത്ത സൈദ്ധാന്തികരും കോര്‍പറേറ്റ്മാധ്യമങ്ങളും ഉയര്‍ത്തിയ പ്രചാരണം ആരും മറക്കാനിടയില്ല. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ചരിത്രത്തില്‍ ഒരുദശകം അവസാനിക്കുകയാണെന്നും ഇനി മുതലാളിത്തമേ ഉള്ളുവെന്നും സാമൂഹ്യവികാസത്തിന്റെ അവസാനഘട്ടം മുതലാളിത്തമാണെന്നുമുള്ള പ്രചാരണങ്ങളെല്ലാം അവാസ്തവമാണെന്നു തെളിയിക്കുന്ന സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന വേളയിലാണ് കമ്യൂണിസ്റ്റ്പാര്‍ടിയുടെ സമ്മേളനങ്ങള്‍ നടക്കുന്നത്.

    ReplyDelete