Friday, December 2, 2011

വരുമാനമില്ലാത്ത ഭാര്യയുടെ ഫോണിന് കുടിശ്ശിക വന്നാല്‍ ...

സ്വന്തമായി വരുമാനമില്ലാത്ത ഭാര്യയുടെ പേരിലുള്ള ഫോണിന് കുടിശ്ശിക വന്നാല്‍ എന്തുചെയ്യും? ഫോണ്‍ കട്ടാക്കാമെന്നത് ശരി. എന്നാല്‍ കുടിശ്ശിക കിട്ടണ്ടേ? അതിനെന്താണ് എളുപ്പവഴി? പൊതുമേഖലാസ്ഥാപനമായ മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് പ്രശ്നം പരിഹരിക്കാന്‍ വഴി കണ്ടുപിടിച്ചു. അതേവീട്ടില്‍ ഭര്‍ത്താവിന്റെ പേരിലും ഫോണുണ്ട്. അവര്‍ അത് കട്ട് ചെയ്തു. ഭര്‍ത്താവ് വിട്ടില്ല. അദ്ദേഹം കേസിനുപോയി. കേസ് സുപ്രീംകോടതി വരെ നീണ്ടു. ഒടുവില്‍ സുപ്രീംകോടതി പ്രശ്നത്തില്‍ അന്തിമ തീര്‍പ്പുണ്ടാക്കി. വീട്ടമ്മയായ ഭാര്യയുടെ പേരിലുള്ള ടെലിഫോണ്‍ ബില്ലിന് കുടിശ്ശിക അടയ്ക്കാതിരുന്നാല്‍ ഭര്‍ത്താവിന്റെ പേരിലുള്ള ഫോണ്‍ കട്ട്ചെയ്യാം- കോടതി വിധിച്ചു.

സുര്‍ജിത് സിങ്ങും ഭാര്യയും ഡല്‍ഹിയില്‍ ഒരു വീട്ടിലാണ് താമസം. ഈ വീട്ടില്‍ രണ്ട് ഫോണുണ്ട്. ഒരെണ്ണം സിങ്ങിന്റെ പേരില്‍ത്തന്നെ. രണ്ടാമത്തേത് ഭാര്യയുടെ പേരിലും. സിങ്ങിന്റെ പേരില്‍ ത്തന്നെ മൂന്നാമത്തെ ഫോണുണ്ട്. അത് ഓഫീസിലാണ്. ഭാര്യയുടെ പേരിലുള്ള ഫോണിനാണ് കുടിശ്ശിക വന്നത്. അടയ്ക്കാതെ വന്നപ്പോള്‍ സിങ്ങിന്റെ പേരിലുള്ള രണ്ട്ഫോണും അധികൃതര്‍ കട്ടാക്കി. സിങ്ങ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഭാര്യയും താനും നിയമപരമായി വേറിട്ട വ്യക്തിത്വങ്ങളായതിനാല്‍ ഭാര്യയുടെ തെറ്റിന് തന്നെ ശിക്ഷിക്കാനാകില്ലെന്നായിരുന്നു സിങ്ങിന്റെ വാദം. കോടതി ഹര്‍ജി തള്ളി. അപ്പീലും തള്ളപ്പെട്ടു. തുടര്‍ന്നാണ് സിങ് സുപ്രീംകോടതിയിലെത്തിയത്. ബോംബെ ഹൈക്കോടതിയുടെ ഒരു വിധിയും വാദത്തിനനുകൂലമായി സിങ്ങിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ഉദ്ധരിച്ചു. അച്ഛന്റെ പേരിലുള്ള ഫോണിന്റെ ബില്ലടയ്ക്കാത്തതിന് മകന്റെ പേരിലുള്ള ഫോണ്‍ കട്ട്ചെയ്തതിനെതിരെയായിരുന്നു ആ വിധി.

എന്നാല്‍ ആ കേസിലെ സ്ഥിതിയല്ല സിങ്ങിന്റെ കേസിലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അവിടെ അച്ഛന്‍ സാമ്പത്തികമായി മകനെ ആശ്രയിച്ച് ജീവിക്കുന്ന വ്യക്തിയാണെന്ന വാദം ഉണ്ടായിരുന്നില്ല. ആ നിലയ്ക്ക് ആ വാദം ഈ കേസില്‍ നിലനില്‍ക്കില്ല. ഇതു തമ്മില്‍ വ്യത്യാസമുണ്ട്. സ്വന്തം വരുമാനം കൊണ്ട് ജീവിക്കുന്ന ബന്ധു ഫോണ്‍ ബില്‍ കുടിശ്ശിക വരുത്തിയാല്‍ അതിന്റെ പേരില്‍ അതേ വിലാസത്തില്‍ പ്രവര്‍ത്തിക്കുന്നതാണെങ്കില്‍പ്പോലും മറ്റൊരാളുടെ ഫോണ്‍ കട്ടാക്കാനാകില്ല. എന്നാല്‍ ഫോണ്‍ കണക്ഷന്‍ എടുത്തിരിക്കുന്നയാള്‍ മറ്റേയാളെ സാമ്പത്തികമായി ആശ്രയിച്ച് ജീവിക്കുകയാണെങ്കില്‍ സ്ഥിതി വ്യത്യസ്തമാണ്. ഉദാഹരണത്തിന് പ്രായപൂര്‍ത്തിയാകാത്ത മകന്റെ പേരിലും അച്ഛന്റെ പേരിലും ഒരേ വിലാസത്തില്‍ ഫോണുണ്ടെങ്കില്‍ രണ്ടിന്റെയും ബില്ലടയ്ക്കുന്നത് അച്ഛനായിരിക്കുമല്ലോ. അപ്പോള്‍ ഇതിലൊരു ഫോണില്‍ കുടിശ്ശിക വന്നാല്‍ മറ്റേ ഫോണ്‍ കട്ട്ചെയ്യാം. ഭാര്യയുടെയും ഭര്‍ത്താവിന്റെയും കാര്യത്തിലും സമാന സ്ഥിതിയുണ്ട്. ഭാര്യയും ഭര്‍ത്താവും സ്വന്തമായി വരുമാനമുള്ളവരും ഇരുവരുടെയും പേരില്‍ ഫോണുണ്ടാകുകയും ചെയ്താല്‍ ഒരെണ്ണത്തിന് കുടിശ്ശിക വന്നതിന്റെ പേരില്‍ മറ്റേത് റദ്ദാക്കിക്കൂടാ. ആന്ധ്രാ ഹൈക്കോടതിയിലെ മറ്റൊരു വിധികൂടി ഹര്‍ജിക്കാരന്‍ ഉദ്ധരിച്ചു. അവിടെ അമ്മയുടെ പേരിലുള്ള ഫോണിന് കുടിശ്ശിക വന്നതിന് മകന്റെ ഫോണ്‍ കട്ട്ചെയ്ത നടപടിയാണ് കോടതി റദ്ദാക്കിയത്. ആ കേസിലും അമ്മ മകനെ സാമ്പത്തികമായി ആശ്രയിച്ചിരുന്നതായി പറയുന്നില്ല. അവര്‍ സാമ്പത്തികമായി ആശ്രയിച്ചിരുന്നത് ഭര്‍ത്താവിനെയാകാം. ഒരുപക്ഷേ അവര്‍ക്ക് സ്വന്തമായി തൊഴിലുണ്ടായിരുന്നിരിക്കാം. അക്കാര്യങ്ങള്‍ വ്യക്തമാകാത്തിടത്തോളം ഈ കേസില്‍ അത് ബാധകമാകില്ല.

കുടിശ്ശിക വന്നാല്‍ "ഉപഭോക്താവി"ന്റെ ഫോണ്‍ കട്ട്ചെയ്യാം എന്നേ ഇന്ത്യന്‍ ടെലിഗ്രാഫ് നിയമത്തില്‍ പറയുന്നുള്ളൂ എന്നൊരു വാദം സുര്‍ജിത് സിങ്ങ് ഉയര്‍ത്തി. ചട്ടങ്ങളുടെ വാച്യാര്‍ഥമെടുത്താല്‍ തന്റെ വാദം അംഗീകരിക്കേണ്ടി വരുമെന്നായിരുന്നു സിങ്ങിന്റെ നിലപാട്. പക്ഷേ നിയമത്തില്‍ വാച്യാര്‍ഥം മാത്രം പരിഗണിച്ചാല്‍ പോരാ എന്ന് മുന്‍കാല വിധികള്‍ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി. 2008 ഏപ്രില്‍ 21ന് ജ. എച്ച് കെ സേമ, ജ. മാര്‍ക്കണ്ഡേയ കട്ജു എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു വിധി.

അഡ്വ. കെ ആര്‍ ദീപ deshabhimani sthree

1 comment:

  1. സ്വന്തമായി വരുമാനമില്ലാത്ത ഭാര്യയുടെ പേരിലുള്ള ഫോണിന് കുടിശ്ശിക വന്നാല്‍ എന്തുചെയ്യും? ഫോണ്‍ കട്ടാക്കാമെന്നത് ശരി. എന്നാല്‍ കുടിശ്ശിക കിട്ടണ്ടേ? അതിനെന്താണ് എളുപ്പവഴി? പൊതുമേഖലാസ്ഥാപനമായ മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് പ്രശ്നം പരിഹരിക്കാന്‍ വഴി കണ്ടുപിടിച്ചു. അതേവീട്ടില്‍ ഭര്‍ത്താവിന്റെ പേരിലും ഫോണുണ്ട്. അവര്‍ അത് കട്ട് ചെയ്തു. ഭര്‍ത്താവ് വിട്ടില്ല. അദ്ദേഹം കേസിനുപോയി. കേസ് സുപ്രീംകോടതി വരെ നീണ്ടു. ഒടുവില്‍ സുപ്രീംകോടതി പ്രശ്നത്തില്‍ അന്തിമ തീര്‍പ്പുണ്ടാക്കി. വീട്ടമ്മയായ ഭാര്യയുടെ പേരിലുള്ള ടെലിഫോണ്‍ ബില്ലിന് കുടിശ്ശിക അടയ്ക്കാതിരുന്നാല്‍ ഭര്‍ത്താവിന്റെ പേരിലുള്ള ഫോണ്‍ കട്ട്ചെയ്യാം- കോടതി വിധിച്ചു.

    ReplyDelete