Friday, December 2, 2011

കുടുംബങ്ങളെ മാറ്റുമെന്ന് സര്‍ക്കാര്‍ , ബിജിമോള്‍ ആശുപത്രിയില്‍

മുല്ലപ്പെരിയാര്‍ ഡാമിനു സമീപത്തു താമസിക്കുന്ന 450 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജലനിരപ്പ് ദിവസേന പരിശോധിക്കാന്‍ മുല്ലപ്പെരിയാറിലും ഇടുക്കിയിലും ഡിജിറ്റല്‍ സെന്‍സറുകള്‍ സ്ഥാപിക്കും. ഇരു ഡാമുകളിലും ഇന്‍ഫ്രാറെഡ് ക്യാമറകള്‍ സ്ഥാപിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അടിയന്തിരസാഹചര്യം നേരിടാമെന്നും ദുരന്തനിവാരണസേനയുടെ സഹായം തേടുമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ഇടുക്കിയിലെ എല്ലാ റോഡുകളും യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കും. പൊതുതാല്‍പര്യഹര്‍ജികളിലാണ് സര്‍ക്കാര്‍ കോടതിയെ മുല്ലപ്പെരിയാറില്‍ ഏര്‍പ്പെടുത്തുന്ന സംവിധാനങ്ങളെക്കുറിച്ച് അറിയിച്ചത്.

മുല്ലപ്പെരിയാര്‍ ആശങ്ക പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആറു ദിവസമായി വണ്ടിപ്പെരിയാര്‍ ചപ്പാത്തില്‍ ഉപവാസസമരം നടത്തുന്ന പീരുമേട് എംഎല്‍എ ഇ എസ് ബിജിമോളെ ആശുപത്രിയിലേക്കുമാറ്റി. ബിജിമോളുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് കട്ടപ്പനയിലെ സ്വകാര്യാശുപത്രിയിലേക്കുമാറ്റിയത്. വൈക്കം എംഎല്‍എ കെ അജിത്ത് നിരാഹാരമാരംഭിച്ചിട്ടുണ്ട്. കേരളമൊട്ടാകെ പ്രക്ഷോഭം ശക്തമായിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റില്‍ വെള്ളിയാളെചയും ശക്തമായ പ്രക്ഷോഭമുയര്‍ത്തുകയാണ്.

പടരുന്ന പ്രക്ഷോഭത്തിനിടെ കേരളത്തിന്റെ ആശങ്ക വീണ്ടുമുയര്‍ത്തി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.6 അടിയായി. ബുധനാഴ്ച 136.4 അടിയായിരുന്ന ജലനിരപ്പ് പെരിയാര്‍ വനമേഖലയിലെ ശക്തമായ മഴയെ തുടര്‍ന്നാണ് ഉയര്‍ന്നത്. അണക്കെട്ടിലെ ചോര്‍ച്ചയും വര്‍ധിച്ചു. ജലനിരപ്പ് ഉയരുന്നത് ദുര്‍ബലാവസ്ഥയിലുള്ള അണക്കെട്ടിന്റെ സ്ഥിതി കൂടുതല്‍ അപകടത്തിലാക്കുമെന്ന് ജലവിഭവവകുപ്പ് അധികൃതര്‍ പറഞ്ഞു. സെക്കന്‍ഡില്‍ 2461 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് എത്തുന്നത്. പെന്‍സ്റ്റോക്ക് പൈപ്പിലൂടെയും ഇറച്ചില്‍പാലം വഴിയും തമിഴ്നാട് 1823 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. സ്പില്‍വേ കവിഞ്ഞ് 349 ഘനയടി വെള്ളം പെരിയാറ്റിലൂടെ ഇടുക്കിയിലേക്കും പോകുന്നു. ആകെ 2172 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് പുറത്തേക്ക് പോകുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് അണക്കെട്ടിന്റെ ഗ്യാലറിയിലടക്കം കൂടുതല്‍ ചോര്‍ച്ചയുണ്ടായിരുന്നു. പുറംഭിത്തിയിലെ ചോര്‍ച്ചയും ശക്തമാണ്.

deshabhimani news

1 comment:

  1. മുല്ലപ്പെരിയാര്‍ ഡാമിനു സമീപത്തു താമസിക്കുന്ന 450 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജലനിരപ്പ് ദിവസേന പരിശോധിക്കാന്‍ മുല്ലപ്പെരിയാറിലും ഇടുക്കിയിലും ഡിജിറ്റല്‍ സെന്‍സറുകള്‍ സ്ഥാപിക്കും. ഇരു ഡാമുകളിലും ഇന്‍ഫ്രാറെഡ് ക്യാമറകള്‍ സ്ഥാപിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

    ReplyDelete