Friday, December 2, 2011

ജനസമ്പര്‍ക്കം കഴിയുമ്പോള്‍ ജനം വെള്ളംകുടിച്ച് മരിക്കും: ക്രിസോസ്റ്റം

ഇരവിപേരൂര്‍ : ജനസമ്പര്‍ക്കം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചുവരുമ്പോഴേക്കും കേരളത്തിലെ ജനങ്ങളെല്ലാം വെള്ളംകുടിച്ച് മരിക്കുമെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പൊലീത്ത. കേരളമാകെ ജനസമ്പര്‍ക്കവുമായി ഓടുന്ന മുഖ്യമന്ത്രിയുടെ വിചാരം അദ്ദേഹത്തിന് ഒട്ടും സമയം ഇല്ലെന്നാണ്. ഇതെല്ലാം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ ജനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വെണ്ണിക്കുളം ഉപജില്ല സ്കൂള്‍ കലോത്സവ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി വലിയ സമര്‍ഥനാണ്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ കഴിവ് മിണ്ടാതിരിക്കുക എന്നതാണ്. സിഖുകാരനാണെങ്കിലും മിണ്ടാവേദത്തിലാണ് അദ്ദേഹം വിശ്വസിക്കുന്നത്. മുല്ലപ്പെരിയാര്‍ പൊട്ടിയാലും മലയാളികള്‍ വെള്ളംകുടിച്ച് ചത്താലും അദ്ദേഹം അത്രതന്നെ. ലോകബാങ്കില്‍ കഴിവ് തെളിയിച്ചയാള്‍ ഇപ്പോഴെന്താ ഇങ്ങനെ ആയതെന്ന് മനസിലാകുന്നില്ല. ഒരുമയുടെ പാഠമാണ് നാം ആദ്യം പഠിക്കേണ്ടത്. മുല്ലപ്പെരിയാര്‍പോലെയുള്ള സാമൂഹിക പ്രശ്നങ്ങളില്‍ ഒത്തൊരുമിച്ച് നില്‍ക്കണമെന്നും മാര്‍ ക്രിസോസ്റ്റം അഭിപ്രായപ്പെട്ടു.

ചെക്ക് വിതരണംചെയ്തില്ല; അപേക്ഷകര്‍ ദേശീയപാത ഉപരോധിച്ചു

കൊല്ലം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ധനസഹായത്തിന് അപേക്ഷ നല്‍കിയവര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ചെക്ക് വിതരണംചെയ്തില്ല. ചെക്കിനായി കാത്തുനിന്നുവലഞ്ഞ അപേക്ഷകര്‍ ദേശീയപാത ഉപരോധിച്ചു. വികാലാംഗരും രോഗികളും വൃദ്ധരും ഉള്‍പ്പെടെ അഞ്ഞൂറോളം വരുന്ന അപേക്ഷകരാണ് വ്യാഴാഴ്ച രാവിലെ 10.30ന് കൊല്ലം താലൂക്ക് ഓഫീസിനുമുന്നിലെ ദേശീയപാതയില്‍ കുത്തിയിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച കൊല്ലം ഫാത്തിമമാത നാഷണല്‍ കോളേജില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരിട്ട് അപേക്ഷ നല്‍കിയവരാണ് ധനസഹായത്തിനുള്ള ചെക്ക് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഗതഗാതം തടഞ്ഞത്.

ചൊവ്വാഴ്ച വൈകിട്ട്തന്നെ താലൂക്ക് ഓഫീസില്‍നിന്ന് ചെക്ക് വിതരണംചെയ്യുമെന്ന് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ , വൈകിട്ട് താലൂക്ക് ഓഫീസില്‍ എത്തിയവര്‍ക്ക് ചെക്ക് ലഭിച്ചില്ല. അപേക്ഷകള്‍ എല്ലാം കൊണ്ടുവന്നിട്ടില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ജീവനക്കാര്‍ അവധിയിലാണെന്ന കാരണം പറഞ്ഞ് ബുധനാഴ്ചയും ചെക്ക് നല്‍കിയില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് അഞ്ഞൂറോളം അപേക്ഷകള്‍ വ്യാഴാഴ്ച രാവിലെ തന്നെ താലൂക്ക് ഓഫീസിലെത്തി. ചെക്ക് വിതരണത്തിനുള്ള കൗണ്ടര്‍പോലും സജ്ജീകരിച്ചിരുന്നില്ല. വൃദ്ധരും വികലാംഗരും ഉള്‍പ്പെടെയുള്ളവര്‍ ചെക്ക് എപ്പോള്‍ വിതരണംചെയ്യുമെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോള്‍ ബാങ്കില്‍ പണമില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് കാത്തുനിന്നുവലഞ്ഞ അപേക്ഷകര്‍ സംഘടിച്ച് റോഡ് ഉപരോധിക്കുകയായിരുന്നു. വെസ്റ്റ് സിഐ കമറുദീന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി സമരക്കാരെ നീക്കി.

തുടര്‍ന്ന് എഡിഎം ഒ രാജു, ആര്‍ഡിഒ കെ സലീം, തഹസീല്‍ദാര്‍ ജെ ഗിരിജ എന്നിവരുടെ നേതൃത്വത്തില്‍നടന്ന ചര്‍ച്ചയില്‍ വില്ലേജ് ഓഫീസുകള്‍വഴി എത്രയും വേഗം ചെക്ക് വിതരണത്തിന് നടപടി സ്വീകരിക്കാമെന്ന് ഉറപ്പ്നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ചികിത്സാ സഹായം ഉള്‍പ്പെടെ 1924 പേര്‍ക്കാണ് ധനസഹായം അനുവദിച്ചത്. എസ്ബിടി ജെറോംനഗര്‍ ശാഖയിലെ ദുരിതാശ്വാസനിധി അക്കൗണ്ടില്‍ പണവും എത്തിയിരുന്നില്ല. ജനസമ്പര്‍ക്ക പരിപാടിയില്‍ നമ്പരിടാതെ അപേക്ഷ സ്വീകരിച്ചത് ജീവനക്കാരെയും വലച്ചു.

ഓഫീസുകളില്‍ അധികാരികളില്ല ജനസമ്പര്‍ക്ക പരിപാടി ജനങ്ങള്‍ക്ക് യാതനയാകുന്നു

കാസര്‍കോട്: ജനസമ്പര്‍ക്ക പരിപാടി മൂലം ആവശ്യങ്ങള്‍ക്കായി ഓഫീസുകളിലെത്തുന്ന ജില്ലയിലെ ജനങ്ങള്‍ രണ്ടുമാസമായി ദുരിതത്തിലായി. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി വില്ലേജ് ഓഫീസുകളുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും അധികാരികളെ ജില്ലാ ആസ്ഥാനത്തേക്ക് വിളിക്കുന്നതാണ് ജനങ്ങളെ ദുരിതത്തിലാക്കിയത്. ജനസമ്പര്‍ക്ക പരിപാടി മാറ്റി വച്ചതോടെ തങ്ങളുടെ സാധാരണ ആവശ്യങ്ങള്‍ നടപ്പിലാകാന്‍ ഇനിയും കാത്തിരിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍ . പരാതികള്‍ക്ക് അടിയന്തര പരിഹാരമുണ്ടാക്കാനാണ് ഇത്തരത്തില്‍ ഉദ്യോഗസ്ഥരെ ജില്ലാ ആസ്ഥാനത്തേക്ക് വിളിപ്പിക്കുന്നതെന്നായിരുന്നു ഇതിന് നല്‍കിയ വിശദീകരണം.

ജനസമ്പര്‍ക്ക പരിപാടിക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി കഴിഞ്ഞ മാസം 15 ആയിരുന്നു. അന്നുമുതല്‍ ജില്ലയിലെ മിക്ക ഓഫീസുകളില്‍ ഭൂരിഭാഗവും ജീവനക്കാരില്ലാതെ അടഞ്ഞുകിടക്കുകയാണ്. ബാങ്കുകളില്‍ വായ്പാ തിരിച്ചടവും പുതുക്കലും നടക്കുന്നതിനാല്‍ സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് വില്ലേജ് ഓഫീസുകളില്‍ നിന്നും വരുമാന സര്‍ടിഫിക്കറ്റുകളുള്‍പ്പെടെ നിരവധി രേഖകള്‍ ലഭിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ വില്ലേജ് ഓഫീസുകളിലെത്തിയാല്‍ ഉദ്യോഗസ്ഥരില്ലാത്തിനാല്‍ പലപ്പോഴും നിരാശരായി മടങ്ങേണ്ട അവസ്ഥയാണ്. കൂലിപ്പണിയെടുത്ത് നിത്യജീവിതം കഴിക്കുന്ന സാധാരണക്കാര്‍ക്ക് ഏറെ നഷ്ടമാണ് ഇതിലൂടെ ഉണ്ടാകുന്നത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണാന്‍ മുഖ്യമന്ത്രി നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി ആരംഭിക്കുന്നതിന് മുമ്പുതന്നെ ജനങ്ങള്‍ക്ക് ദ്രോഹമായിരിക്കുകയാണ്.

പരിപാടി മാറ്റിവച്ചെങ്കിലും വ്യാഴാഴ്ചയും മിക്ക ഓഫീസുകളിലും ഉദ്യോഗസ്ഥരില്ലാത്ത സ്ഥിതിയായിരുന്നു. ഓഫീസുകളിലുള്ള ജീവനക്കാരോട് മേലുദ്യോഗസ്ഥന്‍ എന്നെത്തുമെന്ന് അന്വേഷിച്ചാല്‍ അറിയില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. അതിനിടെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ എന്‍ജിഒ അസോസിയേഷന്‍ ജനസേവന കേന്ദ്രങ്ങള്‍ എന്നപേരില്‍ ആരംഭിച്ച ഓഫീസുകളിലൂടെ 15ന് ശേഷം സ്വീകരിച്ച അപേക്ഷകള്‍ ജനസമ്പര്‍ക്ക പരിപാടി മാറ്റിവച്ചതിന്റെ മറവില്‍ മുമ്പ് സ്വീകരിച്ച അപേക്ഷകള്‍ക്കൊപ്പം ഉള്‍പ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. പുതുക്കിയ തിയതി ലഭിക്കാത്തതിനാല്‍ ഉദ്യോഗസ്ഥള്‍ക്ക് ജില്ലാ ആസ്ഥാനത്ത് നിന്നും ഓഫീസുകളിലേക്ക് പോകാനുള്ള അനുമതിയും ലഭിച്ചിട്ടില്ല. ഓഫീസുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകേണ്ട ജില്ലാ അധികാരികള്‍ അതിന് നേരെ കണ്ണടയ്ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

deshabhimani 021211

1 comment:

  1. ജനസമ്പര്‍ക്കം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചുവരുമ്പോഴേക്കും കേരളത്തിലെ ജനങ്ങളെല്ലാം വെള്ളംകുടിച്ച് മരിക്കുമെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പൊലീത്ത.

    ReplyDelete