Sunday, December 11, 2011

ക്രൈസ്തവ സഭകള്‍ കമ്മ്യൂണിസ്റ്റ് വിരോധം വെടിയണം: സി കെ ചന്ദ്രപ്പന്‍

സഹ്യനപ്പുറവും ലോകമുണ്ടെന്ന് മനസ്സിലാക്കി കേരളത്തിലെ ക്രൈസ്തവ സഭകള്‍ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം വെടിയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പ്രസ്താവിച്ചു.മൂവാറ്റുപുഴയില്‍ ടി എം അബുനഗറില്‍ സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കമ്മ്യൂണിസ്റ്റുകാര്‍ തങ്ങള്‍ക്കെതിരാണെന്നാണ് കേരളത്തിലെ ക്രൈസ്തവ നേതാക്കള്‍ സഭാ വിശ്വാസികളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത് കഥയറിയാതെയുള്ള ആട്ടം കാണലാണ്. വത്തിക്കാനിലടക്കം ലോകമെങ്ങുമുള്ള ക്രൈസ്തവ സഭകള്‍ മാനവരാശി നേരിടുന്ന വെല്ലുവിളികളെ ചെറുക്കാന്‍ കമ്മ്യൂണിസ്റ്റുകാരുമായി സഖ്യചര്‍ച്ചകള്‍ നടത്തുന്ന കാലമാണിത്. ഭീഷണികള്‍ നേരിടാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അവിടങ്ങളില്‍ ഇരുകൂട്ടരും തീരുമാനിച്ച് ഉറപ്പിച്ചു കഴിഞ്ഞു. ബ്രസീലടക്കമുള്ള രാജ്യങ്ങളില്‍ വൈദികര്‍, കന്യാസ്ത്രീകള്‍, മതമേലധ്യക്ഷന്മാര്‍ എന്നിങ്ങനെ എല്ലാവരും സഭയ്‌ക്കെതിരായ കടന്നാക്രമണങ്ങളെ ചെറുക്കാന്‍ കമ്മ്യൂണിസ്റ്റുകാരെയാണ് കൂട്ടുപിടിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സംഘടിത ശക്തികളെന്ന നിലയില്‍ ഇരുകൂട്ടരും തമ്മില്‍ ലോകവ്യാപകമായി ഉരുത്തിരിഞ്ഞു വന്ന സൗഹൃദത്തെയും ചര്‍ച്ചകളെയും കുറിച്ച് അറിയാത്തവരല്ല ഇവിടുത്തെ സഭാനേതാക്കള്‍. എന്നാല്‍ അവര്‍ ബോധപൂര്‍വ്വം അനുയായികളെ വഴിതെറ്റിക്കുകയാണെന്ന് ചന്ദ്രപ്പന്‍ പറഞ്ഞു.

ഭക്ഷ്യസുരക്ഷ ഇന്നും ഒരു മരിചീകയായി തുടരുന്ന സാഹചര്യത്തില്‍ ഇക്കാര്യമുന്നയിച്ച് രാജ്യത്ത് വന്‍ പ്രക്ഷോഭത്തിന് സിപിഐ തയ്യാറെടുക്കുകയാണെന്നും ഈ മാസം 15ന് ഭക്ഷ്യസുരക്ഷാദിനമായി ആചരിക്കുമെന്നും ചന്ദ്രപ്പന്‍ പറഞ്ഞു. സാമ്പത്തിക മേഖലയില്‍ പ്രശ്‌നങ്ങളുയര്‍ത്തി യൂറോപ്പിലാകെ ജനം തെരുവിലിറങ്ങിയിട്ടും ഇന്ത്യയിലെ ഭരണാധികാരികള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കി നയം മാറ്റത്തിന് തയ്യാറാവുന്നില്ല. ഐ എന്‍ ടി യു സി ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകള്‍ ഇതിനെതിരെ സന്ധിയില്ലാ സമരത്തിന് തയ്യാറെടുത്തു കഴിഞ്ഞ കാര്യം ചന്ദ്രപ്പന്‍ ചൂണ്ടിക്കാട്ടി.

ഇന്നത്തെ സാമ്പത്തിക നയങ്ങളുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ട അഴിമതി രാഷ്ട്രീയരംഗവും ജൂഡീഷ്യറിയും മാധ്യമലോകവുമടക്കം സകലമേഖലകളിലും പടര്‍ന്നു പിടിച്ചു കഴിഞ്ഞു.  ആഗോളവല്‍ക്കരണത്തിന്റെ രാഷ്ട്രീയം രാജ്യത്തെ നടപ്പായതു മുതലുണ്ടായ മാറ്റങ്ങളാണിതെന്ന് ചന്ദ്രപ്പന്‍ പറഞ്ഞു. പ്രധാനമന്ത്രിയായിരിക്കെ 1991-ല്‍ നരസിംഹറാവു ദേശസാല്‍ക്കരണ ചേരിചേരാനയങ്ങള്‍ പൊളിച്ചടുക്കിയതിന്റെ ദുരന്തഫലങ്ങളും ജനം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നു. സാമ്രാജ്യത്വത്തിനു വേണ്ടി റാവുവിനെക്കാള്‍ വാശിയോടെ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ തുടരുന്ന ജനവിരുദ്ധനയങ്ങളുടെ ആപത്തും ശാപവും ദൈന്യതയിലേക്ക് തള്ളിവിട്ടത് കോടിക്കണക്കായ സാധാരണക്കാരെയാണെന്ന് ചന്ദ്രപ്പന്‍ ചൂണ്ടിക്കാട്ടി.

രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷമാണ് പ്രതിനിധി സമ്മേളനം ആരംഭിച്ചത്. പ്രസീഡിയം അംഗങ്ങളായ പി രാജു, കെ വിജയന്‍പിള്ള, ടി സി സഞ്ജിത്ത്, എസ് ശ്രീകുമാരി, കെ രാജു എന്നിവരാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്.

janayugom 111211

1 comment:

  1. സഹ്യനപ്പുറവും ലോകമുണ്ടെന്ന് മനസ്സിലാക്കി കേരളത്തിലെ ക്രൈസ്തവ സഭകള്‍ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം വെടിയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പ്രസ്താവിച്ചു.മൂവാറ്റുപുഴയില്‍ ടി എം അബുനഗറില്‍ സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete