Wednesday, December 7, 2011

ജനങ്ങള്‍ അക്രമസമരത്തില്‍ നിന്ന് പിന്തിരിയണം: സിപിഐ എം

മുല്ലപ്പെരിയാര്‍ പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന പൊതു ആവശ്യത്തെ ദുര്‍ബലപ്പെടുത്തുന്ന അക്രമങ്ങളില്‍നിന്നും എല്ലാവരും പിന്തിരിയണമെന്ന് സി.പി.ഐ (എം). കേരള-തമിഴ്നാട് ജനതകള്‍ തമ്മില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാഹോദര്യത്തിന് പോറലേല്‍ക്കരുത്. ഇരു സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും ഫലപ്രദമായി ഇടപെട്ട് മുല്ലപ്പെരിയാര്‍ പ്രശ്നം എത്രയും വേഗം പരിഹരിക്കം. കേരള അതിര്‍ത്തിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ തെറ്റായ പ്രക്ഷോഭരീതികള്‍ സ്വീകരിക്കുകയും അത് തമിഴ്നാട്ടില്‍ മലയാളികള്‍ക്കെതിരായ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ഛിദ്രശക്തികള്‍ക്ക് അവസരമൊരുക്കിക്കൊടുത്തിരിക്കുകയുമാണ്. തമിഴ്നാടിനുള്ള വെള്ളം നഷ്ടപ്പെടുത്താന്‍ കുമിളിയില്‍ ഷട്ടര്‍ തകര്‍ക്കുന്നതിനുള്ള സമരാഭാസമാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയത്. ഇതേത്തുടര്‍ന്ന് മലയാളികളുടെ വാഹനം തടയുക, കട കത്തിക്കുക, ദമ്പതിമാരെ ആക്രമിക്കുക തുടങ്ങിയ തികച്ചും അപലപനീയവും പ്രതിഷേധാര്‍ഹവുമായ ചെയ്തികളാണ് തമിഴ്നാട്ടിലെ ചില ഭാഗങ്ങളില്‍ തലയുയര്‍ത്തിയിരിക്കുന്നത്.

കേരളത്തിലെയും തമിഴ്നാട്ടിലെയും അന്യസംസ്ഥാനക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തെയോ സാധാരണ ജീവിതത്തെയോ തടസ്സപ്പെടുത്തുന്ന ഏത് നീക്കത്തെയും അക്രമത്തെയും ശക്തമായി അടിച്ചമര്‍ത്തണം. സമാധാന ജീവിതത്തിന് ഭംഗം വരുത്തുന്നവരെ തടയാന്‍ ഇരുസംസ്ഥാനങ്ങളിലെയും കമ്യൂണിസ്റ്റുകാരും ഇടതുപക്ഷപ്രവര്‍ത്തകരും ജനാധിപത്യശക്തികളും ഉടനെ രംഗത്തിറങ്ങണം. "കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും" എന്ന മുദ്രാവാക്യം യാഥാര്‍ത്ഥ്യമാക്കാന്‍ നടത്തുന്ന നീക്കത്തിനുള്ള തിരിച്ചടിയാകും വിവേകശൂന്യമായ പ്രക്ഷോഭവും അക്രമങ്ങളും. ഇതിനെ അമര്‍ച്ചചെയ്യാനും സമാധാനം കാത്തുസുക്ഷിക്കാനും തമിഴ്-മലയാളി ഭേദമെന്യേ എല്ലാവരും ഒന്നിക്കണമെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani news

1 comment:

  1. കേരളത്തിലെയും തമിഴ്നാട്ടിലെയും അന്യസംസ്ഥാനക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തെയോ സാധാരണ ജീവിതത്തെയോ തടസ്സപ്പെടുത്തുന്ന ഏത് നീക്കത്തെയും അക്രമത്തെയും ശക്തമായി അടിച്ചമര്‍ത്തണം. സമാധാന ജീവിതത്തിന് ഭംഗം വരുത്തുന്നവരെ തടയാന്‍ ഇരുസംസ്ഥാനങ്ങളിലെയും കമ്യൂണിസ്റ്റുകാരും ഇടതുപക്ഷപ്രവര്‍ത്തകരും ജനാധിപത്യശക്തികളും ഉടനെ രംഗത്തിറങ്ങണം.

    ReplyDelete