Wednesday, December 7, 2011

ടോള്‍ : അലയടിച്ചാര്‍ത്ത പ്രതിഷേധം

പാലിയേക്കര: ദേശീയപാതയിലെ ടോള്‍ കൊള്ളയ്ക്കെതിരെ ജനകീയ പ്രതിഷേധം ആര്‍ത്തിരമ്പി. ദേശീയപാത പാലിയേക്കര ടോള്‍ പ്ലാസയില്‍ ആരംഭിച്ച പിരിവിനെതിരെ സിപിഐ എം- ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ഞായറാഴ്ച അര്‍ധരാത്രി മുതലാണ് വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. എഐവൈഎഫ് സിപിഐ എം എല്‍ തുടങ്ങിയ സംഘടനകളും പ്രതിഷേധവുമായി എത്തി. ജനകീയ പ്രക്ഷോഭത്തിനുമുന്നില്‍ ഒടുവില്‍ അധികാരികള്‍ ടോള്‍ പിരിവ് നിര്‍ത്തലാക്കി.

ഒല്ലൂര്‍ , അഞ്ചേരി, പുത്തൂര്‍ ഈസ്റ്റ്, വെസ്റ്റ് കമ്മിറ്റികളില്‍നിന്നും സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ടോള്‍ പ്ലാസയിലേക്ക് മാര്‍ച്ച് ചെയ്തു. കേന്ദ്രം ഉപരോധിച്ചു. തുടര്‍ന്ന് ടോള്‍ പിരിവ് നിര്‍ത്തി. സിപിഐ എം, ഡിവൈഎഫ്ഐ നേതാക്കളും കെഎംസി അധികൃതരും ഇരിങ്ങാലക്കുട ഡിവൈഎസ്പി രഞ്ജന്റെ സാന്നിധ്യത്തില്‍ ആദ്യതവണ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. പുലര്‍ച്ചെ രണ്ടോടെ പ്രവര്‍ത്തകര്‍ ടോള്‍ ബൂത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇതോടെ ചര്‍ച്ചക്കുശേഷമേ ഇനി ടോള്‍ പിരിക്കുകയുള്ളൂവെന്ന് ടോള്‍ പ്ലാസയുടെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പി പ്രകാശ് സമര നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. രണ്ടരയോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. തിങ്കളാഴ്ച രാവിലെ 6.30ന് കൊടകര ഏരിയയില്‍ സിപിഐ എം, ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ നിന്നും ഒല്ലൂര്‍ ഏരിയകമ്മിറ്റിയുടെ പ്രകടനം പാലിയേക്കരയില്‍നിന്നും ആരംഭിച്ച് ടോള്‍പ്ലാസയിലെത്തി. കനത്ത പൊലീസ് സന്നാഹത്തില്‍ സമരക്കാരെ തടഞ്ഞു. പ്രതിഷേധയോഗം സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. സി രവീന്ദ്രനാഥ് എംഎല്‍എ അധ്യക്ഷനായി. യോഗത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം യു പി ജോസഫ്, കൊടകര ഏരിയ സെക്രട്ടറി കെ കെ രാമചന്ദ്രന്‍ , ഒല്ലൂര്‍ ഏരിയ സെക്രട്ടറി വര്‍ഗീസ് കണ്ടംകുളത്തി, ടി എസ് ബൈജു, എന്‍ എന്‍ ദിവാകരന്‍ , കെ എം വാസുദേവന്‍ , എം ആര്‍ രഞ്ജിത്ത്, പി കെ ശിവരാമന്‍ , വി കെ സുബ്രഹ്മണ്യന്‍ , എം കെ ശിവരാമന്‍ , കെ എ സുരേഷ്, പി തങ്കം, ടി വി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 071211

1 comment:

  1. ദേശീയപാതയിലെ ടോള്‍ കൊള്ളയ്ക്കെതിരെ ജനകീയ പ്രതിഷേധം ആര്‍ത്തിരമ്പി. ദേശീയപാത പാലിയേക്കര ടോള്‍ പ്ലാസയില്‍ ആരംഭിച്ച പിരിവിനെതിരെ സിപിഐ എം- ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ഞായറാഴ്ച അര്‍ധരാത്രി മുതലാണ് വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. എഐവൈഎഫ് സിപിഐ എം എല്‍ തുടങ്ങിയ സംഘടനകളും പ്രതിഷേധവുമായി എത്തി. ജനകീയ പ്രക്ഷോഭത്തിനുമുന്നില്‍ ഒടുവില്‍ അധികാരികള്‍ ടോള്‍ പിരിവ് നിര്‍ത്തലാക്കി.

    ReplyDelete