Wednesday, December 7, 2011
മനുഷ്യമതില്‍ നാളെ; ജനലക്ഷങ്ങള്‍ കണ്ണികളാകും
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിസംഗത വെടിയണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ വ്യാഴാഴ്ച മനുഷ്യമതില്‍ തീര്‍ക്കും. ഭരണാധികാരികളുടെ മനുഷ്യത്വരഹിത നിലപാടില്‍ പ്രതിഷേധമുയര്‍ത്തി ജനലക്ഷങ്ങള്‍ മനുഷ്യമതിലില്‍ കണ്ണിചേരും. അണക്കെട്ടിനു സമീപത്തെ ആദ്യകണ്ണിയില്‍ തുടങ്ങി പെരിയാറിന്റെ തീരദേശങ്ങളിലൂടെ അറബിക്കടലിനരികിലെ കൊച്ചി മറൈന്‍ഡ്രൈവ് വരെ മനുഷ്യമതില്‍ നീളും. മനുഷ്യമതിലില്‍ ഒട്ടേറെ പ്രമുഖര്‍ കണ്ണിചേരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മതില്‍ ആരംഭിക്കുന്ന മുല്ലപ്പെരിയാറില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ , ഇ പി ജയരാജന്‍ , കെ ഇ ഇസ്മായില്‍ , ബിനോയ് വിശ്വം, കാനം രാജേന്ദ്രന്‍ , എന്‍ കെ പ്രേമചന്ദ്രന്‍ , മാത്യു ടി തോമസ്, വി സുരേന്ദ്രന്‍ പിള്ള, ജോര്‍ജ് സെബാസ്റ്റ്യന്‍ , ഇ കെ ബാബു, കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി തുടങ്ങിയവരും വിവിധ സാമുദായിക, വൈദിക ശ്രേഷ്ഠരും പങ്കാളികളാകും. പെരുമ്പാവൂരില്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത, ആര്‍ച്ച് ബിഷപ് ഡോ. സ്റ്റീഫന്‍ വട്ടപ്പാറ എന്നിവര്‍ പങ്കെടുക്കും. മതില്‍ അവസാനിക്കുന്ന എറണാകുളം മറൈന്‍ഡ്രൈവില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ , ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍ , വൈക്കം വിശ്വന്‍ , പ്രൊഫ. എം കെ സാനു, ഡോ. എം ലീലാവതി, ഡോ. സെബാസ്റ്റ്യന്‍ പോള്‍ , പ്രശസ്ത സാഹിത്യകാരന്മാരായ യു എ ഖാദര്‍ , പി വത്സല, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സിനിമാ സംവിധായകരായ ജയരാജ്, രഞ്ജിത്ത്, കമല്‍ , സിബിമലയില്‍ , ബി ഉണ്ണികൃഷ്ണന്‍ , ആഷിഖ്, അമല്‍ നീരദ്, ബിജിലാല്‍ , മുന്‍ അഡ്വക്കറ്റ് ജനറല്‍മാരായ സുധാകര പ്രസാദ്, എം കെ ദാമോദരന്‍ , എല്‍ഡിഎഫ് നേതാക്കളായ സി എന്‍ ചന്ദ്രന്‍ , കെ പി രാജേന്ദ്രന്‍ , മീനാക്ഷി തമ്പാന്‍ , എം സി ജോസഫൈന്‍ , വി പി രാമകൃഷ്ണപിള്ള, എ എ അസീസ് എംഎല്‍എ, ടി പി പീതാംബരന്‍ , എ സി ഷണ്‍മുഖദാസ്, പി സി തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവരും അണിചേരും. കണ്ണിയാകുന്നവര്‍ നിശ്ചയിച്ച കേന്ദ്രങ്ങളില്‍ പകല്‍ മൂന്നിന് എത്തണം. 3.30ന് റിഹേഴ്സലും വൈകിട്ട് നാലിന് മനുഷ്യമതിലും രൂപം കൊള്ളും. തുടര്‍ന്ന് പ്രതിജ്ഞയെടുക്കും. 15 മിനിറ്റ് നീളുന്ന മനുഷ്യമതിലിനു ശേഷം നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ പൊതുയോഗവും ചേരുമെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു.
വി എസ് ഇന്ന് വണ്ടിപ്പെരിയാറില്‍ ഉപവസിക്കും
മുല്ലപ്പെരിയാര്‍ : മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നും പ്രശ്നത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ബുധനാഴ്ച വണ്ടിപ്പെരിയാറില്‍ ഉപവസിക്കും. ആയിരക്കണക്കിനാളുകള്‍ വി എസിനൊപ്പം ഉപവാസസമരത്തില്‍ പങ്കെടുക്കും. എസ് രാജേന്ദ്രന്‍ എംഎല്‍എ നിരാഹാരമിരിക്കുന്ന വണ്ടിപ്പെരിയാറിലെ സമരപ്പന്തലില്‍ രാവിലെ ഒമ്പതരയോടെ വി എസ് ഉപവാസം ആരംഭിക്കും.
മുല്ലപ്പെരിയാര്‍ : വിദഗ്ധസമിതി ചെയര്‍മാന്റെ മൊഴിക്കുപിന്നില്‍ ഗൂഢാലോചന- വി എസ്
മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ എജിയുടെ വെളിപ്പെടുത്തലിനു സമാനമായി വിദഗ്ധസമിതി ചെയര്‍മാന്‍ കോടതിയില്‍ നല്‍കിയ മൊഴിക്കുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എജിയുടെയും വിഗദ്ധസമിതി ചെയര്‍മാന്‍ എം കെ പരമേശ്വരന്‍നായരുടെയും പ്രസ്താവനയുടെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. സാമാന്യബോധമുള്ള ഒരാള്‍ക്കും ചിന്തിക്കാന്‍ കഴിയാത്ത വാദഗതിയാണ് ഇവര്‍ നടത്തിയത്. പ്രധാനമന്ത്രിയും സുപ്രീംകോടതിയില്‍ തമിഴ്നാടിന്റെ അഭിഭാഷകനും ഇതേവാദം ഉന്നയിച്ചേക്കും. ഭീഷണിയില്‍ കഴിയുന്ന ലക്ഷക്കണക്കിന് ആള്‍ക്കാരെ സര്‍ക്കാര്‍ കൊഞ്ഞനം കാട്ടുകയാണെന്ന് വി എസ് പറഞ്ഞു.
ഹൈക്കോടതിയില്‍ കേസ് തോല്‍പ്പിക്കുക, സുപ്രീംകോടതിയിലും ഉന്നതാധികാരസമിതിയുടെ പരിഗണനാവിഷയത്തിലും കേരളത്തിന്റെ താല്‍പ്പര്യം ഹനിക്കുക- ഇതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കരുതണം. മുഖ്യമന്ത്രിയും റവന്യുമന്ത്രിയും കെപിസിസിയെയും അവഹേളിച്ചു. മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ നടക്കുന്ന സമരം നിരര്‍ഥകമാണെന്നാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ , ചെന്നിത്തല അവിടെ സമരം നടത്തി. ഇ എം അഗസ്തിയും നിരാഹാരം തുടങ്ങുന്നു. മാണിയും ജോസഫും സമരം നടത്തി. സമരത്തിന്റെ പേരില്‍ അക്രമം ഒരു കാരണവശാലും ഉണ്ടാകരുത്. അണക്കെട്ടിന്റെ ഷട്ടര്‍ പിടിച്ചെടുക്കുന്നതുപോലുള്ള സമരം ഭരണകക്ഷിക്കാരില്‍നിന്ന് ഉണ്ടായത് ഗാന്ധിയന്‍ മാതൃകയില്‍ നടക്കുന്ന സമരത്തെ അട്ടിമറിക്കാനാണ്. അതിര്‍ത്തിയില്‍ അക്രമം അഴിച്ചുവിടുന്നത് ആശങ്കാജനകമാണ്. അതില്‍നിന്ന് എല്ലാവരും പിന്തിരിയണമെന്ന് വി എസ് അഭ്യര്‍ഥിച്ചു. മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ പാര്‍ടി നിലപാട് ജനറല്‍ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് വി എസ് ചോദ്യത്തിനു മറുപടി നല്‍കി.
deshabhimani 071211
Labels:
പോരാട്ടം,
മുല്ലപ്പെരിയാര്‍,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിസംഗത വെടിയണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ വ്യാഴാഴ്ച മനുഷ്യമതില്‍ തീര്‍ക്കും. ഭരണാധികാരികളുടെ മനുഷ്യത്വരഹിത നിലപാടില്‍ പ്രതിഷേധമുയര്‍ത്തി ജനലക്ഷങ്ങള്‍ മനുഷ്യമതിലില്‍ കണ്ണിചേരും. അണക്കെട്ടിനു സമീപത്തെ ആദ്യകണ്ണിയില്‍ തുടങ്ങി പെരിയാറിന്റെ തീരദേശങ്ങളിലൂടെ അറബിക്കടലിനരികിലെ കൊച്ചി മറൈന്‍ഡ്രൈവ് വരെ മനുഷ്യമതില്‍ നീളും. മനുഷ്യമതിലില്‍ ഒട്ടേറെ പ്രമുഖര്‍ കണ്ണിചേരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ReplyDelete