Wednesday, December 7, 2011

മരവിപ്പിച്ചാല്‍ പോരാ, റദ്ദാക്കണം: സിപിഐ എം

ചില്ലറവില്‍പ്പനരംഗത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര മന്ത്രിസഭാതീരുമാനം മരവിപ്പിച്ചാല്‍ പോരാ; റദ്ദാക്കുക തന്നെ ചെയ്യണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. തീരുമാനം മരവിപ്പിച്ചത് തൃപ്തികരമല്ല. അത് ഗൂഢാലോചനയാണ്. തീരുമാനം റദ്ദാക്കുംവരെ പ്രക്ഷോഭം തുടരും. വരുംദിവസങ്ങളില്‍ ശക്തമായ ജനകീയപ്രക്ഷോഭം വളര്‍ത്തിക്കൊണ്ടുവരും- എ കെ ജി ഭവനില്‍ വാര്‍ത്താസമ്മേളനത്തില്‍ കാരാട്ട്പറഞ്ഞു. "വിദേശനിക്ഷേപത്തെ എതിര്‍ക്കുക, ഇന്ത്യക്കാരുടെ ജീവിതം രക്ഷിക്കുക" എന്ന പേരിലുള്ള ലഘുലേഖയും കാരാട്ട് പുറത്തിറക്കി.

മരവിപ്പിക്കല്‍ തീരുമാനത്തിന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനംവരെയാണ് ആയുസ്സ്. തീരുമാനം പിന്‍വലിക്കുമെന്ന് ബുധനാഴ്ചത്തെ സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ പാര്‍ലമെന്റില്‍ എതിര്‍പ്പ് തുടരും. ഇടതുപക്ഷം ഒന്നാം യുപിഎ ഭരണത്തെ പിന്തുണച്ച കാലത്ത് ഇത്തരമൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ കൈക്കൊണ്ട തീരുമാനം പ്രതിപക്ഷത്തിന്റെയും ചില സഖ്യകക്ഷികളുടെയും എതിര്‍പ്പുമൂലം മരവിപ്പിച്ചു. ശീതകാലസമ്മേളനം തീരുംവരെയുള്ള ഈ മരവിപ്പിക്കല്‍കൊണ്ട് സിപിഐ എം എതിര്‍പ്പ് കുറയ്ക്കില്ല. പാര്‍ലമെന്റിന്റെ അഭിപ്രായം തീര്‍ത്തും അവഗണിച്ചാണ് ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതെന്ന് കാരാട്ട് ചൂണ്ടിക്കാട്ടി. 2009ലെ വാണിജ്യമന്ത്രാലയ പാര്‍ലമെന്ററി സ്ഥിരം സമിതി ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഹൈദരാബാദില്‍ ചേര്‍ന്ന എഐസിസി സമ്മേളനവും ഇതേഅഭിപ്രായം പ്രകടിപ്പിച്ചു. ഇതെല്ലാം തള്ളിയാണ് വിദേശനിക്ഷേപത്തിന് അനുമതി നല്‍കിയത്. പാര്‍ലമെന്ററി നടപടിക്രമങ്ങളോട് കോണ്‍ഗ്രസ് എന്നും കടുത്ത അവഗണനയാണ് കാട്ടിയിട്ടുള്ളത്- കാരാട്ട് പറഞ്ഞു.
(വി ബി പരമേശ്വരന്‍)

deshabhimani 071211

1 comment:

  1. ചില്ലറവില്‍പ്പനരംഗത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര മന്ത്രിസഭാതീരുമാനം മരവിപ്പിച്ചാല്‍ പോരാ; റദ്ദാക്കുക തന്നെ ചെയ്യണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. തീരുമാനം മരവിപ്പിച്ചത് തൃപ്തികരമല്ല. അത് ഗൂഢാലോചനയാണ്. തീരുമാനം റദ്ദാക്കുംവരെ പ്രക്ഷോഭം തുടരും. വരുംദിവസങ്ങളില്‍ ശക്തമായ ജനകീയപ്രക്ഷോഭം വളര്‍ത്തിക്കൊണ്ടുവരും- എ കെ ജി ഭവനില്‍ വാര്‍ത്താസമ്മേളനത്തില്‍ കാരാട്ട്പറഞ്ഞു. "വിദേശനിക്ഷേപത്തെ എതിര്‍ക്കുക, ഇന്ത്യക്കാരുടെ ജീവിതം രക്ഷിക്കുക" എന്ന പേരിലുള്ള ലഘുലേഖയും കാരാട്ട് പുറത്തിറക്കി.

    ReplyDelete