പി ജെ ജോസഫ് മനുഷ്യമതിലിനെ അഭിവാദ്യം ചെയ്തു
ഇടുക്കി: എല്‍ഡിഎഫ് നേതൃത്വത്തില്‍ കേരള ജനത ഒറ്റക്കെട്ടായി അണിനിരന്ന മനുഷ്യമതിലിനെ ജലവിഭവ വകുപ്പ് മന്ത്രി പി ജെ ജോസഫ് അഭിവാദ്യം ചെയ്തു. വണ്ടിപ്പെരിയാറിലെത്തിയാണ് ജോസഫ് മതിലില്‍ അണിനിരന്ന എല്‍ഡിഎഫ് നേതാക്കളെയും ബഹുജനങ്ങളെയും അഭിവാദ്യം ചെയ്ത് മടങ്ങി. സൈന്യമെത്തി പുതിയ അണക്കെട്ട് നിര്‍മ്മിക്കണം: കൃഷ്ണയ്യര്‍ കൊച്ചി: 35 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് സൈന്യത്തെ ഇറക്കി പുതുക്കിപ്പണിയാന്‍ കേന്ദ്രം തയാറാവണമെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ . 50 കൊല്ലത്തെ ആയുസ് പ്രവചിക്കപ്പെട്ട അണക്കെട്ട് നിര്‍മ്മിച്ചിട്ട് 116 കൊല്ലം പിന്നിട്ടിട്ടും അണക്കെട്ട് പുതുക്കിപ്പണിയണമെന്ന കേരളത്തിന്റെ ആവശ്യത്തോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന നിലപാടാണ് തമിഴ്നാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവിക്കാനുള്ള സമരം
"നാല്‍പത് ലക്ഷം ജനതയുടെ ജീവന്‍ സംരക്ഷിക്കാനുള്ള ഈ സമരം തമിഴ്നാടിനെതിരായി തിരിച്ചുവിടാനുള്ള ഏത് ശ്രമത്തെയും ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. അത്തരം പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്ന നീക്കങ്ങളെ ഞങ്ങള്‍ തള്ളിക്കളയുന്നു" കേരളം ഒരേ മനസോടെ ഏകസ്വരത്തില്‍ ഏറ്റുചൊല്ലി. കേരളവും തമിഴ്നാടും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ബന്ധത്തിന് കോട്ടം വരുത്തുന്ന അക്രമസമരങ്ങളെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും സമാധാനപരമായ ജനകീയ സമരത്തിന് കേരള ജനത ഒരേ മനസോടെ ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ അണിനിരക്കുമെന്നുമുള്ള ആഹ്വാനമായി മനുഷ്യമതില്‍ മാറി. പലയിടങ്ങളിലും മനുഷ്യമതില്‍ മനുഷ്യക്കോട്ടയായി മാറി.
വെള്ളം തരുന്ന ജനങ്ങളെ കൊല്ലരുത്: വി എസ്
കൊച്ചി: 116 കൊല്ലമായി തമിഴ്ജനതയ്ക്ക് വെള്ളം നല്‍കുന്ന കേരള ജനതയെ കൊലക്ക് കൊടുക്കുന്ന നടപടിയില്‍ നിന്ന് തമിഴ്നാട് പിന്‍തിരിയണമെന്ന് വി എസ് അച്യുതാനന്ദന്‍ . തമിഴ്നാടിന് നല്‍കി വരുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുത്താതെ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്നും ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്നുമുള്ള കേരളത്തിന്റെ ന്യായമായ ആവശ്യം തമിഴ്നാടിന് അംഗീകരിക്കേണ്ടി വരും. ജനാധിപത്യ രീതിയിലുള്ള ലക്ഷങ്ങള്‍ അണിനിരന്ന സമരം തമിഴ്നാട്ടിന്റെ കണ്ണുതുറപ്പിക്കുമെന്നും വിഎസ് പറഞ്ഞു.
സര്‍ക്കാര്‍ വിവേചനബുദ്ധിയോടെ വിഷയം കൈകാര്യം ചെയ്യണം: പിണറായി
ഇടുക്കി: 35 ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തുന്ന വിഷയം വിവേചനബുദ്ധിയോടെയല്ല കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ കൈകാര്യം ചെയ്യുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . അണക്കെട്ടിലെ ജലനിരപ്പ് ഉടന്‍ 120 അടിയായി നിജപ്പെടുത്തണം. പുതിയ അണക്കെട്ട് നിര്‍മ്മിച്ചാലും തമിഴ്നാടിന് കൊടുക്കുന്ന വെള്ളത്തിന്റെ അളവില്‍ കുറവു വരുത്തില്ലെന്ന് കേരളം ഉറപ്പ് പറഞ്ഞ സാഹചര്യത്തില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള പാരിസ്ഥിതിക അനുമതി കേന്ദ്രം നല്‍കണം. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്ന രീതിയിലേക്ക് പ്രശ്നം വഷളാവാതെ നോക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. അക്രമസമരങ്ങളില്‍ നിന്ന് ജനങ്ങള്‍ പിന്തിരിയണം. കേരളത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ശക്തമായ ജനകീയ പ്രക്ഷോഭത്തിനാണ് കേരളം സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന് സുരക്ഷ തമിഴ്നാടിന് വെള്ളം
കൊച്ചി: ജാതി മത രാഷ്ട്രീയ വ്യാത്യാസമില്ലാതെ എല്‍ഡിഎഫ് നേതൃത്വത്തില്‍ കേരള ജനത ഒരുമ്മിച്ച് ശബ്ദമുയര്‍ത്തി "കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം". മനുഷ്യമതിലിന്റെ പലാരിവട്ടം ടൗണ്‍ ഭാഗത്ത് ആയിരങ്ങള്‍ അണിചേര്‍ന്നു. ഹോട്ടല്‍ റിണയസന്‍സ് മുതല്‍ ചങ്കുചങ്കല്‍ റോഡ് വരെയുള്ള ദൂരം ജനങ്ങള്‍ മൂന്നും നാലും നിരയായിട്ടാണ് മതിലില്‍ അണിചേര്‍ന്നത്. മനുഷ്യമതിലിന് ആവേശം പകര്‍ന്നു കൊണ്ട് സംവിധായകന്‍ വിനയന്‍ , സിപിഐ എം സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ എന്‍ രവീന്ദ്രനാഥ്, കെ എം സുധാകരന്‍ , ജില്ലാ സെക്രട്ടറിയേറ്റംഗം കെ ജെ ജേക്കബ്, മനശാസ്ത്രജഞന്‍ കെ എസ് ഡേവിഡ്, ഫുട്ബോള്‍ താരം സി സി ജേക്കബ് തുടങ്ങിയ പ്രമുഖര്‍ മതിലില്‍ പങ്കാളികളായി. സിപിഐ എം ജില്ലാ കമ്മറ്റിയംഗം സി കെ മണിശങ്കര്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു.
deshabhimani
കേരളത്തിലെ നാല്‍പതുലക്ഷത്തോളം വരുന്ന ജനതയുടെ ജീവരക്ഷ ഉറപ്പാക്കുന്നതിന് മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിനായി ഞങ്ങള്‍ ഒത്തുചേരുന്നു. തമിഴ്നാടിന് കരാര്‍ പ്രകാരം ഇന്ന് ലഭിക്കുന്ന ജലം ഉറപ്പ് വരുത്തുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും ഇതിനാല്‍ പ്രഖ്യാപിക്കുന്നു. "കേരള ജനതയുടെ സുരക്ഷ, തമിഴ്നാടിന് ജലം" എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കുന്നതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു. പ്രതിജ്ഞ, പ്രതിജ്ഞ, പ്രതിജ്ഞ
ReplyDelete