Thursday, December 8, 2011

മുഖ്യമന്ത്രിയെ വരവേല്‍ക്കുന്നത് വികസന മുരടിപ്പ്

ജനസമ്പര്‍ക്ക പരിപാടി: പന്തല്‍ പൊളിച്ചുമാറ്റി; പാഴായത് ലക്ഷങ്ങള്‍

കാസര്‍കോട്: ജനസമ്പര്‍ക്ക പരിപാടിക്കായി കലക്ടറേറ്റില്‍ ഒരുക്കിയ പന്തല്‍ പൊളിച്ചുമാറ്റി. ലക്ഷങ്ങള്‍ ചെലവഴിച്ച് തയ്യാറാക്കിയ പന്തല്‍ പൊളിച്ചുമാറ്റിയതിലൂടെ ലക്ഷക്കണക്കിന് രൂപയാണ് സര്‍ക്കാരിന് നഷ്ടമായത്. ജനസമ്പര്‍ക്ക പരിപാടിക്കായി ജില്ലാപഞ്ചായത്ത് ഓഫീസിന് സമീപത്ത് നിന്നും കോടതിക്കടുത്തുള്ള മതില്‍ക്കെട്ടുവരെ പന്തലിട്ടിരുന്നു. ബുധനാഴ്ചയോടെ പന്തലിന്റെ മുക്കാല്‍ ഭാഗത്തോളം കരാറുകാര്‍ പൊളിച്ചുമാറ്റി. 20 ലക്ഷത്തോളം രൂപ ചെലവിലാണ് പന്തലും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയത്. ജനസമ്പര്‍ക്ക പരിപാടിയിലൂടെ സര്‍ക്കാരിന് കോടിക്കണക്കിന് രൂപയാണ് അനാവശ്യമായി നഷ്ടപ്പെടുന്നതെന്ന ധനവകുപ്പിന്റെ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്നതായിരുന്നു പന്തല്‍ പൊളിച്ചുമാറ്റല്‍ . മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രണ്ടിന് നടത്താനിരുന്ന പരിപാടിയാണ് മാറ്റിയത്.

10,000 പേര്‍ക്കിരിക്കാവുന്ന പന്തലാണ് കലക്ടറേറ്റിന് മുന്നില്‍ ഒരുക്കിയത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനായിരുന്നു പന്തലിന്റെ ചുമതല നല്‍കിയത്. പരിപാടിക്ക് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ പന്തലിട്ടു. അന്നുമുതല്‍ പൊളിച്ചുമാറ്റുന്നത് വരെയുള്ള വാടക കരാറുകാരന് നല്‍കണം. പരിപാടി വീണ്ടും നടത്തണമെങ്കില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് പന്തലിടണം. പരിപാടി മാറ്റിവച്ചതിലൂടെ സര്‍ക്കാരിന് പന്തലിനത്തില്‍ മാത്രം പത്തുലക്ഷം രൂപയെങ്കിലും നഷ്ടമുണ്ടാകും.

ജനസമ്പര്‍ക്ക പരിപാടി മൂലം ഒരുമാസത്തിന് മുകളിലായി ജില്ലയിലെ പ്രധാന ഓഫീസുകളിലെല്ലാം നാഥനില്ലാത്ത അവസ്ഥയാണ്. പരിപാടി മാറ്റിവച്ചിട്ടും ഉദ്യോഗസ്ഥന്മാര്‍ തിരികെ ഓഫീസുകളിലെത്താത്തത് ജനങ്ങളുടെ ദുരിതം വര്‍ധിപ്പിച്ചു. ഓഫീസുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകേണ്ട ജില്ലാ അധികാരികള്‍ അതിന് നേരെ കണ്ണടയ്ക്കുകയാണ്. കഴിഞ്ഞ മാസം 15 വരെയായിരുന്നു ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി. കോണ്‍ഗ്രസ് അനുകൂല സംഘടനയായ എന്‍ജിഒ അസോസിയേഷന്‍ ജനസേവന കേന്ദ്രങ്ങള്‍ എന്ന പേരിലാരംഭിച്ച ഓഫീസുകളിലൂടെ ഇപ്പോഴും അപേക്ഷ സ്വീകരിക്കുന്നുണ്ട്. ഈ അപേക്ഷകള്‍ ജനസമ്പര്‍ക്ക പരിപാടി മാറ്റിവച്ചതിന്റെ മറവില്‍ മുമ്പ് സ്വീകരിച്ച അപേക്ഷകള്‍ക്കൊപ്പം ഉള്‍പ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. പരിപാടിയില്‍ തീര്‍പ്പുകല്‍പ്പിക്കാമെന്ന ഉറപ്പിന്മേല്‍ ഇവര്‍ ജനങ്ങളില്‍ നിന്നും അപേക്ഷക്കൊപ്പം വന്‍തോതില്‍ പണം വാങ്ങുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

മുഖ്യമന്ത്രിയെ വരവേല്‍ക്കുന്നത് വികസന മുരടിപ്പ്

പാലക്കാട്: ജനസമ്പര്‍ക്കപരിപാടിയില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ച എത്തുന്ന മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത് നിരവധി പ്രശ്നങ്ങള്‍ . വികസന പ്രശ്നങ്ങള്‍ക്കുപുറമെ സംഘടനാപ്രശ്നങ്ങളും മുഖ്യമന്ത്രിയെ കാത്തിരിക്കുന്നു. ജില്ലയിലെ ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കഞ്ചിക്കോട് കോച്ച്ഫാക്ടറിക്ക് കഴിഞ്ഞ എല്‍ഡിഎഫ്സര്‍ക്കാര്‍ 434 ഏക്കര്‍ സ്ഥലം ഏറ്റെടുത്തുനല്‍കിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ ശിലയിടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ഒക്ടോബര്‍ 22ന് മുഖ്യമന്ത്രി ശിലയിടുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. പിന്നീട് സര്‍ക്കാരില്‍നിന്ന് ഒരു അറിയിപ്പും ലഭിച്ചില്ലെന്നു പറഞ്ഞ് റെയില്‍വേയും കൈയൊഴിയുകയാണ്. കോച്ച്ഫാക്ടറി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന എം ബി രാജേഷ് ്എംപിയുടെ ആരോപണത്തെ ശരിവയ്ക്കുന്നതാണ് നിലവിലെ പ്രതിസന്ധി. ഇക്കാര്യത്തില്‍ വ്യക്തമായ ഒരു വിശദീകരണം നല്‍കാനും സര്‍ക്കാരിനു കഴിയുന്നില്ല. ജില്ലയിലെ വ്യവസായമേഖലയെ തകര്‍ക്കുന്നതാണ് സര്‍ക്കാര്‍ നിലപാ.ട് പാലക്കാടിന് അനുവദിച്ച ഐഐടിക്ക്വേണ്ടി സ്ഥലം കണ്ടെത്താനുള്ള നടപടിയും എങ്ങുമായില്ല. ഈ രീതിയില്‍ ജില്ലയില്‍ വികസനമുരടിപ്പാണ് പ്രകടമാകുന്നത്.

സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയില്‍ മെഡിക്കല്‍കോളേജ് അനുവദിക്കാത്തതും ജനങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍തലത്തില്‍ മെഡിക്കല്‍കോളേജ് തുടങ്ങണമെന്ന ആവശ്യവുമായി വിവിധ സംഘടനകള്‍ സമരത്തിലാണ്. വാളയാറിലെ ഗതാഗതക്കുരുക്കും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നു. ഗതാഗതപ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രിതന്നെ പങ്കെടുത്ത യോഗത്തിലെടുത്ത തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെട്ടു. സംയോജിത ചെക്ക്പോസ്റ്റെന്ന പദ്ധതിയും അട്ടിമറിച്ചു. ആരോഗ്യമേഖല കുത്തഴിഞ്ഞു കിടക്കുകയാണ്. നൂറിലധികം ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താതെ കിടക്കുമ്പോഴും ജില്ലയില്‍ നിന്ന് ഡോക്ടര്‍മാരെ മറ്റിടങ്ങളിലേക്ക് സ്ഥലംമാറ്റുന്ന നടപടി ജനങ്ങളുടെ എതിര്‍പ്പിനിടയാക്കിയിരുന്നു. ഡിഎംഒയെപോലും സ്ഥലംമാറ്റാനുള്ള നീക്കം ഹൈക്കോടതി ഇടപെട്ടാണ് തടഞ്ഞത്.

കാര്‍ഷികമേഖലയും ആകെ തകര്‍ന്നു. കുറേ വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കര്‍ഷകര്‍ വീണ്ടും ആത്മഹത്യയില്‍ അഭയം തേടുന്ന ദുരവസ്ഥയാണ്. കഴിഞ്ഞമാസം പെരുവെമ്പിലും കൊട്ടേക്കാടും രണ്ടു ക്ഷീരകര്‍ഷകരാണ് കടബാധ്യതയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. കര്‍ഷകര്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാവുകയും രാസവളങ്ങള്‍ക്ക് ക്രമാതീതമായി വിലവര്‍ധിച്ചതും കര്‍ഷകരെ പ്രതിസന്ധിയിലാക്കി. കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിന ്സ്വീകരിച്ച നടപടിയും ഫലപ്രദമായില്ല. ദ്രുതകര്‍മസേന (ആര്‍ആര്‍ടി) രൂപീകരിച്ചെങ്കിലും ആവശ്യത്തിന് തസ്തികയോ ജീവനക്കാരെയൊ സൃഷ്ടിക്കാത്തതിനാല്‍ അതും നിര്‍ജീവമായി. വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചാല്‍ ലഭിക്കുന്ന നഷ്ടപരിഹാരം യുഡിഎഫ് സര്‍ക്കാര്‍ വെട്ടിക്കുറച്ചതും കര്‍ഷകരുടെ എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്. മാലിന്യം നിറഞ്ഞ മണ്ണിലേക്കാണ് മുഖ്യമന്ത്രി വ്യാഴാഴ്ച കാലുകുത്തുന്നത്. ഉയര്‍ന്ന അളവില്‍ കോളിഫോംബാക്ടീരിയ കണ്ടെത്തിയതിനാല്‍ പാലക്കാട് നഗരത്തിലുള്‍പ്പെടെ ജില്ലയിലെ വെള്ളം കുടിക്കാന്‍ യോഗ്യമല്ലെന്നാണ് സിഎജി റിപ്പോര്‍ട്ട്. വാട്ടര്‍ അതോറിട്ടിയുടെ ഗുരുതരവീഴ്ചയാണ് ഇത്തരം സാഹചര്യമൊരുക്കയതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കുഴികള്‍ നിറഞ്ഞ റോഡ് ഗതാഗതയോഗ്യമാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണവും പാതിവഴിയിലായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏറെക്കുറെ നിര്‍മാണം പൂര്‍ത്തിയായ സ്റ്റേഡിയം ഇപ്പോള്‍ സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

deshabhimani 081211

1 comment:

  1. ജനസമ്പര്‍ക്ക പരിപാടിക്കായി കലക്ടറേറ്റില്‍ ഒരുക്കിയ പന്തല്‍ പൊളിച്ചുമാറ്റി. ലക്ഷങ്ങള്‍ ചെലവഴിച്ച് തയ്യാറാക്കിയ പന്തല്‍ പൊളിച്ചുമാറ്റിയതിലൂടെ ലക്ഷക്കണക്കിന് രൂപയാണ് സര്‍ക്കാരിന് നഷ്ടമായത്. ജനസമ്പര്‍ക്ക പരിപാടിക്കായി ജില്ലാപഞ്ചായത്ത് ഓഫീസിന് സമീപത്ത് നിന്നും കോടതിക്കടുത്തുള്ള മതില്‍ക്കെട്ടുവരെ പന്തലിട്ടിരുന്നു. ബുധനാഴ്ചയോടെ പന്തലിന്റെ മുക്കാല്‍ ഭാഗത്തോളം കരാറുകാര്‍ പൊളിച്ചുമാറ്റി. 20 ലക്ഷത്തോളം രൂപ ചെലവിലാണ് പന്തലും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയത്. ജനസമ്പര്‍ക്ക പരിപാടിയിലൂടെ സര്‍ക്കാരിന് കോടിക്കണക്കിന് രൂപയാണ് അനാവശ്യമായി നഷ്ടപ്പെടുന്നതെന്ന ധനവകുപ്പിന്റെ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്നതായിരുന്നു പന്തല്‍ പൊളിച്ചുമാറ്റല്‍ . മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രണ്ടിന് നടത്താനിരുന്ന പരിപാടിയാണ് മാറ്റിയത്.

    ReplyDelete