Saturday, December 10, 2011

ആധാര്‍ പദ്ധതി അവസാനിപ്പിക്കണം

യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ എ ഐ) അഥവാ ആധാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന സംവിധാനത്തിന് നിയമസാധുത നല്‍കാനുളള ബില്ല് പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി തിരസ്‌കരിച്ചു. എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന പദ്ധതിയാണ് ആധാര്‍. അതിനായി ശിക്ഷാനടപടികള്‍ സ്വീകരിക്കാനുള്ള അധികാരത്തോടുകൂടിയ പ്രത്യേക അധികാരസ്ഥാനമായാണ് യു ഐ എ ഐ വിഭാവനം ചെയ്തിരുന്നത്. അതു സംബന്ധിച്ച നിയമനിര്‍മാണത്തിനുള്ള ബില്ലാണ് ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ഇപ്പോള്‍ തിരസ്‌കരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച കമ്മറ്റിയുടെ റിപ്പോര്‍ട്ട് താമസംവിനാ പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. പ്രതിപക്ഷത്തിന്റെയോ ഭരണമുന്നണിയുടെയോ എന്തിനു ഭരണകക്ഷിയില്‍തന്നെ എല്ലാവരുടെയും പിന്തുണയേയില്ലാതെ മന്‍മോഹന്‍സിംഗ് പാസാക്കിയെടുക്കാന്‍ ശ്രമിച്ച ബില്ലാണ് ഇപ്പോള്‍ തിരസ്‌കരിക്കപ്പെട്ടിരിക്കുന്നത്. ബഹു ബ്രാന്‍ഡ് ചില്ലറ വില്‍പനമേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിക്കാനുള്ള നീക്കം പിന്‍വലിക്കേണ്ടിവന്നതിനു തൊട്ടുപിന്നാലെവന്ന ഈ തിരസ്‌കാരം മന്‍മോഹന്‍സിംഗ് ഗവണ്‍മെന്റിനേറ്റ മറ്റൊരു പ്രഹരമാണെന്നതില്‍ തര്‍ക്കമില്ല.

അനേകായിരം കോടി രൂപ പൊതുഖജനാവില്‍നിന്നു ചിലവഴിച്ച് നടപ്പാക്കാന്‍ ശ്രമമാരംഭിച്ച ആധാര്‍ പദ്ധതി വ്യാപകമായ എതിര്‍പ്പാണ് ക്ഷണിച്ചുവരുത്തിയിരുന്നത്. പ്രതിപക്ഷത്തിന്റെയും ഭരണമുന്നണിയിലെയും കോണ്‍ഗ്രസിലെതന്നെ ഒരു വിഭാഗത്തിന്റെയും എതിര്‍പ്പ് വകവെയ്ക്കാതെയാണ് ഏകപക്ഷീയമായി ഡോ മന്‍മോഹന്‍സിംഗ് ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ഉറച്ചത്. രാഷ്ട്രീയവൃത്തങ്ങള്‍ ഉയര്‍ത്തിയതിനുപുറമെ കേന്ദ്ര ആസൂത്രണകമ്മിഷന്‍, ധനമന്ത്രാലയം, ആഭ്യന്തരമന്ത്രാലയം എന്നിവയും പദ്ധതിയെ എതിര്‍ത്ത് രംഗത്തുവന്നിരുന്നു. രാജ്യത്തെ പത്രമാധ്യമങ്ങളും ബഹുജനാഭിപ്രായവും ഇത്തരമൊരു പദ്ധതിക്കെതിരെ നിലയുറപ്പിച്ചിട്ടും അതുമായി മുന്നോട്ടുപോകാനാണ് പ്രധാനമന്ത്രിയും ധനമന്ത്രി പ്രണബ് മുഖര്‍ജിയും അടക്കം പദ്ധതിയെ അനുകൂലിക്കുന്നവര്‍ ശ്രമിച്ചിരുന്നത്.

ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ദേശീയ ജനസംഖ്യാ രജിസ്റ്ററി (നാഷണല്‍  പോപ്പുലേഷന്‍ രജിസ്റ്ററി-എന്‍ പി ആര്‍) നിര്‍വഹിച്ചുവരുന്ന അതേ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനാണ് അപ്രായോഗികവും രാജ്യസുരക്ഷയ്ക്കുതന്നെ അപകടകരവുമായ ആധാര്‍ പദ്ധതി. ആധാര്‍ പദ്ധതി സാമ്പത്തിക ഉള്‍കൊള്ളലിന്റെ അടിത്തറയാണെന്ന നിലപാടാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രഖ്യാപിച്ചിരുന്നത്. ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ പ്രധാനമന്ത്രി രാജ്യത്തിന്റെ ജീവിത യാഥാര്‍ഥ്യങ്ങളില്‍നിന്നും ബഹുകാതം അകലെയാണെന്ന സംശയം ബലപ്പെടുത്തും.

ഇന്ത്യയുമായുള്ള താരതമ്യത്തില്‍ ജനസംഖ്യയില്‍ എത്രയോ താഴെനില്‍ക്കുന്ന ബ്രിട്ടനില്‍ നടപ്പാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഒരു പദ്ധതിയാണ് ലോകജനസംഖ്യയില്‍ ആറിലൊന്നിലേറെ അതിവസിക്കുന്ന നമ്മുടെ രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. രാജ്യത്തെയും ജനങ്ങളെയും സംബന്ധിക്കുന്ന നിര്‍ണായക പ്രാധാന്യമുള്ള ഈ വിവരസമാഹാരത്തിന്റെ സുരക്ഷിതത്വത്തെപ്പറ്റി പല കേന്ദ്രങ്ങളും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഈ വിവരസമാഹാരം രാഷ്ട്രസുരക്ഷക്കെതിരായിതന്നെ പ്രയോജനപ്പെടുത്താന്‍ ഭീകരവാദികളടക്കം രാഷ്ട്രവിരുദ്ധ ശക്തികള്‍ക്കു കഴിയുമെന്നത് നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യമാണ്. ഇത് ഭരണഘടന പൗരന് ഉറപ്പുനല്‍കുന്ന വ്യക്തിപരമായ സ്വകാര്യതയുടെ ലംഘനത്തിനുപോലും ഉപയോഗപ്പെടുത്താവുന്നതാണ്. വ്യക്തിയുടെ സ്വകാര്യതയില്‍ കടന്നുകയറുന്ന ഭരണകൂടഭീകരതയിലേയ്ക്കുപോലും ഈ വിവരസമാഹാരം പ്രയോജനപ്പെടുത്തികൂടായ്കയില്ല.

പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ റിപ്പോര്‍ട്ട് ജനവികാരത്തിന്റെ പ്രതിഫലനംകൂടിയാണെന്നു പ്രധാനമന്ത്രിയും ഗവണ്‍മെന്റും തിരിച്ചറിയേണ്ടതാണ്. പട്ടിണിപാവങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയ ഭക്ഷ്യധാന്യംപോലും നല്‍കാന്‍ വിസമ്മതിക്കുകയും നിയമനിര്‍മാണത്തിനു കുറ്റകരമായ കാലതാമസം വരുത്തുകയും ചെയ്ത ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ കാണിക്കുന്ന അമിത താല്‍പര്യം പരിഹാസ്യമാണ്. പാര്‍ലമെന്റിന്റെയും ജനങ്ങളുടെയും വികാരം കണക്കിലെടുത്ത് ഈ പദ്ധതിക്ക് തിരശീലയിടാന്‍ കേന്ദ്ര ഗവണ്‍മെന്റും പ്രധാനമന്ത്രിയും സന്നധമാകണം.

janayugom editorial 101211

1 comment:

  1. യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ എ ഐ) അഥവാ ആധാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന സംവിധാനത്തിന് നിയമസാധുത നല്‍കാനുളള ബില്ല് പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി തിരസ്‌കരിച്ചു. എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന പദ്ധതിയാണ് ആധാര്‍. അതിനായി ശിക്ഷാനടപടികള്‍ സ്വീകരിക്കാനുള്ള അധികാരത്തോടുകൂടിയ പ്രത്യേക അധികാരസ്ഥാനമായാണ് യു ഐ എ ഐ വിഭാവനം ചെയ്തിരുന്നത്. അതു സംബന്ധിച്ച നിയമനിര്‍മാണത്തിനുള്ള ബില്ലാണ് ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ഇപ്പോള്‍ തിരസ്‌കരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച കമ്മറ്റിയുടെ റിപ്പോര്‍ട്ട് താമസംവിനാ പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. പ്രതിപക്ഷത്തിന്റെയോ ഭരണമുന്നണിയുടെയോ എന്തിനു ഭരണകക്ഷിയില്‍തന്നെ എല്ലാവരുടെയും പിന്തുണയേയില്ലാതെ മന്‍മോഹന്‍സിംഗ് പാസാക്കിയെടുക്കാന്‍ ശ്രമിച്ച ബില്ലാണ് ഇപ്പോള്‍ തിരസ്‌കരിക്കപ്പെട്ടിരിക്കുന്നത്.

    ReplyDelete