നൂറുകോടിയില്‍പ്പരം ജനങ്ങള്‍ നിവസിക്കുന്ന ഇന്ത്യയുടെ സമ്പന്നമായ വ്യാപാരമേഖലയിലേക്ക് വിദേശ ബഹുരാഷ്ട്ര കുത്തക കമ്പനികളെ ക്ഷണിച്ചുവരുത്താനുള്ള യുപിഎ സര്‍ക്കാരിന്റെ തീരുമാനം മരവിപ്പിക്കാനിടയായത് ജനങ്ങളുടെ മഹത്തായ വിജയമാണ്. ഇക്കൂട്ടരെ ക്ഷണിച്ചുവരുത്തുന്നത് ആര്‍ക്കുവേണ്ടിയാണെന്നുള്ള ചോദ്യത്തിന് ഉത്തരം പറയാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. ഉത്തരം പറഞ്ഞാലും ഇല്ലെങ്കിലും ഇന്ത്യക്കാര്‍ക്കുവേണ്ടിയല്ലെന്ന് വ്യക്തമാണ്. അഞ്ചുകോടിയോളം ചെറുകിട-ഇടത്തരം വ്യാപാരികളെ തൊഴില്‍രഹിതരാക്കി തെരുവിലേക്ക് വലിച്ചെറിയാന്‍ ഇടവരുത്തുന്നതാണ് ഈ തീരുമാനമെന്ന് അറിയാത്തവരല്ല ഇന്ത്യ ഭരിക്കുന്നത്. പക്ഷേ, അവര്‍ക്ക് ഇന്ത്യന്‍ ജനതയേക്കാള്‍ പ്രിയപ്പെട്ടത് ബഹുരാഷ്ട്ര കുത്തകകളാണെന്ന് പലതവണ വ്യക്തമായതാണ്. ആഗോളവല്‍ക്കരണനയം തികഞ്ഞ പരാജയമാണെന്ന് പകല്‍പോലെ വ്യക്തമായ സാഹചര്യത്തിലാണ് പാപ്പരായ നയം ഇന്ത്യയില്‍ പൂര്‍വാധികം ഊര്‍ജസ്വലമായി നടപ്പാക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അമിതതാല്‍പ്പര്യം കാണിക്കുന്നത്.
സാമ്രാജ്യത്വ സാമ്പത്തികനയം ആവിഷ്കരിച്ച് ആഗോളതലത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ നേതൃത്വം നല്‍കിയ അമേരിക്കന്‍ ഐക്യനാടുകളിലെ ഭരണാധികാരികള്‍ക്കുപോലും ആഗോളവല്‍ക്കരണനയം പരാജയമാണെന്ന് അനുഭവത്തില്‍ ബോധ്യംവന്നുകാണണം. തകര്‍ന്ന പടുകൂറ്റന്‍ ബാങ്കുകളെയും ഇന്‍ഷുറന്‍സ് കമ്പനികളെയും വ്യവസായഭീമന്മാരെയും താങ്ങിനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തി ഖജനാവില്‍നിന്ന് ജനങ്ങളുടെ നികുതിപ്പണം എടുത്ത് നല്‍കേണ്ടിവന്നു. എന്നിട്ടും ധനപ്രതിസന്ധിയില്‍നിന്ന് മോചനമുണ്ടായില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് സ്വകാര്യവല്‍ക്കരണ നടപടി അടിച്ചേല്‍പ്പിക്കാന്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ പിടിവാശി കാണിക്കുന്നത്.
സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടിക്കെതിരെ ചെറുകിട-ഇടത്തരക്കാരായ വ്യാപാരികള്‍ യോജിച്ച് സമരംചെയ്യാന്‍ തയ്യാറായി. പ്രതിപക്ഷം പാര്‍ലമെന്റിനകത്ത് ഏകസ്വരത്തില്‍ പ്രതിഷേധിച്ചു. ഒരാഴ്ച പാര്‍ലമെന്റ് സ്തംഭിച്ചു. യുപിഎ സഖ്യത്തിലെ ഘടകകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസിനും ഡിഎംകെക്കും വാക്കിലെങ്കിലും പ്രതിഷേധിക്കേണ്ടിവന്നു. യുപിഎ സര്‍ക്കാരിന്റെ നിലനില്‍പ്പിന് കോട്ടംവരുത്തുന്ന ഒന്നും തൃണമൂല്‍കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് മുന്‍കൂട്ടി ഉറപ്പുനല്‍കിയ മമത ബാനര്‍ജി തനിനിറം പുറത്തുകാണിക്കുകയാണ് ചെയ്തത്. അക്ഷരാര്‍ഥത്തില്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. തീരുമാനത്തില്‍നിന്ന് പിന്മാറ്റമില്ലെന്ന് ആണയിട്ടുപറഞ്ഞ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രതിപക്ഷം വിട്ടുവീഴ്ചയില്ലാതെ ശബ്ദമുയര്‍ത്തിയപ്പോള്‍ അതിന്റെ ഭവിഷ്യത്ത് തിരിച്ചറിഞ്ഞതുകൊണ്ടാണ് തീരുമാനം മരവിപ്പിക്കാന്‍ തയ്യാറായത്. തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ചതുകൊണ്ടുമാത്രം ഇന്ത്യന്‍ ജനതയെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല. ബഹുരാഷ്ട്ര കുത്തകകള്‍ മൂലധനമിറക്കിയാല്‍ 80,000 പേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കുമെന്ന് പറയുന്നത് തെറ്റിദ്ധാരണ പരത്തലാണ്. അഞ്ചുകോടിയില്‍പ്പരം വ്യാപാരികളും അവരുടെ കുടുംബാംഗങ്ങളും പട്ടിണിക്കാരായി മാറുമെന്ന വസ്തുത സൗകര്യപൂര്‍വം മറച്ചുപിടിച്ചാണ് പ്രധാനമന്ത്രി ഈ വാദം ഉന്നയിക്കുന്നത്. അതുകൊണ്ടുതന്നെ ചെറുകിട-ഇടത്തരം വ്യാപാരരംഗം വാള്‍മാര്‍ട്ട് പോലുള്ള വന്‍കിട കുത്തകകള്‍ക്ക് തീറെഴുതുന്ന രാജ്യദ്രോഹ നടപടി പൊറുക്കാന്‍ കഴിയുന്നതല്ല. ഈ തീരുമാനം ഉപേക്ഷിച്ചേ മതിയാകൂ. ചെറുത്തുനില്‍പ്പ് അതുവരെ തുടരുമെന്ന് യുപിഎ സര്‍ക്കാര്‍ തിരിച്ചറിയണം. അല്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കും.
deshabhimani editiorial 101211

ReplyDelete