പണിമുടക്ക് ഒത്തുതീര്‍ന്നതിനെ തുടര്‍ന്ന് ഇടപ്പള്ളി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലെ നഴ്‌സുമാര്‍ ഇന്നലെ മുതല്‍ ജോലിക്ക് കയറി. അതേസമയം നഴ്‌സുമാരുടെ സമരം നടക്കുന്ന വേളയില്‍ ആശുപത്രിയില്‍ ജോലിക്ക് നിയോഗിച്ച് പീഡിപ്പിച്ചെന്നാരോപിച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ ഇന്നലെ പഠിപ്പ് മുടക്കി സമരമാരംഭിച്ചു.
വ്യാഴാഴ്ച വൈകീട്ട് ആരംഭിച്ച മാരത്തോണ്‍ ചര്‍ച്ചക്കൊടുവില്‍ ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നത്. നഴ്‌സുമാരുടെ പ്രധാന ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചിട്ടുണ്ട്. രോഗി നഴ്‌സ് അനുപാതം കുറയ്ക്കുക, ജോലി സമയം ആറ് മണിക്കൂറാക്കുക എന്നിവയായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍. ഇക്കാര്യങ്ങളില്‍ വിശദമായ പഠനം നടത്തിയ ശേഷം മൂന്ന് മാസത്തിനകം തീരുമാനമെടുക്കും. അതുവരെ നിലവിലുള്ള സേവന വേതന വ്യവസ്ഥകള്‍ തുടരും.
യൂണിയന്‍ രൂപീകരിച്ചതിന്റെ പേരില്‍ നടപടിക്ക് വിധേയരാക്കിയ നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹിയെ തിരിച്ചെടുക്കും. സ്ഥലം മാറ്റിയ മറ്റൊരു ഭാരവാഹിയെ തിരിച്ചു കൊണ്ടു വരും. സമരം ചെയ്തവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകില്ലെന്നും മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിട്ടുണ്ട്.
പി രാജീവ് എം പി, ഹൈബി ഈഡന്‍ എം എല്‍ എ, സി ഐ ടി യു നേതാവ് കെ ചന്ദ്രന്‍പിള്ള എന്നിവരുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് അമൃതാനന്ദമയീ മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃത സ്വരൂപാനന്ദപുരി, മെഡില്‍ക്കല്‍ ഡയറക്ടര്‍ ഡോ. പ്രേംനായര്‍, അഡ്വ. ശ്രീകുമാര്‍, എച്ച് ആര്‍ മാനേജര്‍ ശിവരാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അമിത ജോലി ഭാരവും മേലധികാരികളുടെ പീഡനവുമാണ് നഴ്‌സിങ് വിദ്യാര്‍ഥികളെ സമരത്തിനിറക്കിയത്്. നഴ്‌സുമാര്‍ സമരം ആരംഭിച്ചതോടെ 14 ഉം 16 ഉം മണിക്കൂര്‍ നഴ്‌സിങ് വിദ്യാര്‍ഥികള്‍ ജോലിയെടുക്കേണ്ടി വന്നു. ഇതിനെതിരേ പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞ വിദ്യാര്‍ഥികളെ അസഭ്യം പറഞ്ഞതായി ആക്ഷേപമുണ്ട്. അസഭ്യം പറഞ്ഞവര്‍ മാപ്പു പറയാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍. അതേസമയം പരാതി പറഞ്ഞ വിദ്യാര്‍ഥികള്‍ക്ക് പണം നല്‍കി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായി പറയുന്നു. സമരം ഒത്തുതീര്‍പ്പാക്കുതു സംബന്ധിച്ച് രക്ഷകര്‍ത്താക്കളുമായി ഇന്ന് ചര്‍ച്ച നടക്കും.
janayugom 101211

ReplyDelete