Saturday, December 17, 2011

ബ്രിട്ടീഷ് വാഴ്ചയെ വിറപ്പിച്ച കേരളത്തിന്റെ "മോസ്കോ"

കേരളത്തിലെ തൊഴിലാളിവര്‍ഗത്തിന്റെ സമരോത്സുകതയെ ത്രസിപ്പിച്ച നാടാണ് അന്തിക്കാട്. നാടിന്റെ മോചന പോരാട്ടങ്ങളില്‍ ശ്രദ്ധേയമായ ചെത്തുതൊഴിലാളി സമരത്തിന്റെ ആസ്ഥാനം. കയ്യൂരിന്റെയും കരിവള്ളൂരിന്റെയും പുന്നപ്ര-വയലാറിന്റെയുംചോര തിളയ്ക്കുന്ന സമരാവേശം ഏറ്റെടുത്ത ചരിത്രഭൂമി. ബ്രീട്ടിഷ് ഭരണത്തേയും മര്‍ദക വാഴ്ചയേയും വെല്ലുവിളിച്ച അന്തിക്കാടന്‍ പോരാളികളുടെ സമരവീര്യം തലമുറകളിലൂടെ ആവേശ പ്രവാഹമായി ഒഴുകുന്നു.

പഴയ കൊച്ചിസര്‍ക്കാരിന്റെ രേഖകളില്‍ അന്തിക്കാട് വിശേഷിപ്പിക്കപ്പെട്ടത് "കേരളത്തിലെ മോസ്കോ"എന്നാണ്. അന്തിക്കാട് കേന്ദ്രീകരിച്ച ചെത്തുതൊഴിലാളി സമരം 1941-46 കാലഘട്ടത്തിലാണ് നടന്നത്. 1942ല്‍ ഉയര്‍ന്ന ചെത്തുതൊഴിലാളി പ്രസ്ഥാനത്തിന്റെ സമരകാഹളം 1946ല്‍ നാടിനെ ഇളക്കിമറിച്ച കുലമുറിസമരത്തിലാണ് കലാശിച്ചത്. "42ലെ കുംഭമാസ സമരവും ഏറ്റുമുട്ടലും അറസ്റ്റുമാണ് സംഭവപരമ്പരകളുടെ തുടക്കം. കൂലിവര്‍ധനയ്ക്കുവേണ്ടി ചെത്തുതൊഴിലാളികള്‍ നാലുദിവസം പണിമുടക്കി. പൊലീസിനേയും ഗുണ്ടകളേയും ഇറക്കിയാണ് സര്‍ക്കാര്‍ സമരത്തെ നേരിട്ടത്. പൊലീസ് സംരക്ഷണത്തില്‍ കള്ളുകൊണ്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി മുറ്റിച്ചൂര്‍ പടിയത്ത് 15 കോണ്‍ട്രാക്ടര്‍മാരെ ഇറക്കി. ഇതിനെ നേരിടാന്‍ യൂണിയന്‍ തീരുമാനിച്ചു. പൊലീസ് സംരക്ഷണയില്‍ കൊണ്ടുവന്ന കള്ളുകുടങ്ങള്‍ സമരക്കാര്‍ തല്ലിയുടച്ചു; പൊലീസിനെ തല്ലിയോടിച്ചു. ജീപ്പില്‍ കയറാന്‍ കഴിയാതിരുന്ന ഒരു പൊലീസുകാരനെ പിടിച്ചുനിര്‍ത്തി "ഇന്‍ക്വിലാബ്" വിളിപ്പിച്ചശേഷം വിട്ടയച്ചു. തുടര്‍ന്ന് പട്ടാളം റൂട്ട്മാര്‍ച്ച് നടത്തി. യൂണിയന്‍ നേതാക്കളെ വേട്ടയാടാന്‍ തുടങ്ങി. യൂണിയന്‍ പ്രസിഡന്റ് കണ്ണംപറമ്പില്‍ രാമന്‍ ഉള്‍പ്പെടെ 28 സഖാക്കളെ പൊലീസ് അറസ്റ്റ്ചെയ്ത് ആറുമാസം തടവുവിധിച്ചു. പിടികൊടുക്കാത്തവരുടെ നേതൃത്വത്തില്‍ പാര്‍ടിയും യൂണിയനും സമരം തുടര്‍ന്നു. ടി ഡി ഗോപിമാസ്റ്റര്‍ , കാരേമാക്കല്‍ പുഷ്പാംഗദന്‍ , കെ പി പ്രഭാകരന്‍ , കെ ഈശന്‍ , വി ജി മാധവന്‍ , കെ ജി കേളന്‍ , പി സി അച്യുതന്‍ , കെ ജി ദാമോദരന്‍ , എന്‍ ഡി നമ്പൂതിരി തുടങ്ങിയവര്‍ സമരത്തെ തളരാതെ മുന്നോട്ടു നയിച്ചവരില്‍ പ്രമുഖരാണ്.

ചെത്തുതൊഴിലാളി യൂണിയന്‍ നിരോധിച്ചപ്പോള്‍ കള്ളുതൊഴിലാളി യൂണിയന്‍ എന്ന പേരില്‍ പുതിയ സംഘടന രൂപീകരിച്ചെങ്കിലും അതും നിരോധിച്ചു. നിരോധനം 1946 വരെ നീണ്ടു. മൂന്നുമാസം നീണ്ട (1122 കുംഭം, മീനം, മേടം) സമരത്തിനൊടുവിലാണ് ചരിത്രപ്രസിദ്ധമായ കുലമുറി സമരം നടന്നത്. ഷാപ്പ് തുറക്കണമെന്നാവശ്യപ്പെട്ട് കൊച്ചി തൊഴില്‍ -ധനമന്ത്രി പനമ്പിള്ളി ഗോവിന്ദമേനോനും എക്സൈസ് മന്ത്രി സഹോദരന്‍ അയ്യപ്പനും നിവേദനം സമര്‍പ്പിക്കാന്‍ അന്തിക്കാട്ടുനിന്നും പോയ എന്‍ സി ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘത്തെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. യൂണിയന്‍ പിരിച്ചുവിട്ടാലേ സര്‍ക്കാര്‍ സമരത്തില്‍ ഇടപെടൂ എന്ന് ചീഫ് സെക്രട്ടറി രേഖാമൂലം അറിയിച്ചു. ഇതില്‍ പ്രതിഷേധിച്ച് 1122 എടവം 12ന് രണ്ടായിരത്തില്‍പ്പരം തൊഴിലാളികള്‍ ഒറ്റരാത്രികൊണ്ട് ഏഴായിരത്തോളം തെങ്ങുകളുടെ കുല മുറിച്ചിട്ടു. തുടര്‍ന്ന് കര്‍ഫ്യൂവും അറസ്റ്റും മര്‍ദനവുമായി നാട് കലങ്ങിമറിഞ്ഞു. ഓരോ വില്ലേജിലും പൊലീസ് ക്യാമ്പ് തുടങ്ങി. വിചാരണപോലുമില്ലാതെ രണ്ടുവര്‍ഷത്തിലേറെ സമരസേനാനികള്‍ തടവില്‍ കിടന്നു. പാര്‍ടിനേതാക്കള്‍ ദീര്‍ഘകാലം ഒളിവില്‍ക്കഴിഞ്ഞു. 1947 ആഗസ്ത് 15ന്റെ സ്വാതന്ത്ര്യപ്പുലരി കാണാന്‍ സമരസഖാക്കള്‍ക്ക് കഴിഞ്ഞില്ല. ഏതാനും ദിവസം കഴിഞ്ഞാണ് കോടതി ജാമ്യം അനുവദിച്ചത്. സ്വാതന്ത്ര്യസമര ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമായി അന്തിക്കാട് ചെത്തു തൊഴിലാളി സമരത്തെ കാലം തിരുത്തിക്കുറിച്ചു. ജില്ലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കും അന്തിക്കാട് സമരം വഴിമരുന്നിട്ടു.

deshabhimani 171211

1 comment:

  1. കേരളത്തിലെ തൊഴിലാളിവര്‍ഗത്തിന്റെ സമരോത്സുകതയെ ത്രസിപ്പിച്ച നാടാണ് അന്തിക്കാട്. നാടിന്റെ മോചന പോരാട്ടങ്ങളില്‍ ശ്രദ്ധേയമായ ചെത്തുതൊഴിലാളി സമരത്തിന്റെ ആസ്ഥാനം. കയ്യൂരിന്റെയും കരിവള്ളൂരിന്റെയും പുന്നപ്ര-വയലാറിന്റെയുംചോര തിളയ്ക്കുന്ന സമരാവേശം ഏറ്റെടുത്ത ചരിത്രഭൂമി. ബ്രീട്ടിഷ് ഭരണത്തേയും മര്‍ദക വാഴ്ചയേയും വെല്ലുവിളിച്ച അന്തിക്കാടന്‍ പോരാളികളുടെ സമരവീര്യം തലമുറകളിലൂടെ ആവേശ പ്രവാഹമായി ഒഴുകുന്നു

    ReplyDelete