Tuesday, December 13, 2011

ഒടുവില്‍ അക്കാദമി വഴങ്ങി; "ആദിമധ്യാന്തം" ഇന്ന്

മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തില്‍ നിന്ന് പുറംതള്ളിയ ആദിമധ്യാന്തംസിനിമ ചൊവ്വാഴ്ച മേളയില്‍ പ്രദര്‍ശിപ്പിക്കും. പകല്‍ 3.15ന് ശ്രീകുമാര്‍ തിയറ്ററിലാണ് സിനിമ കാണിക്കുക. ചലച്ചിത്രപ്രവര്‍ത്തകരുടെ കൂട്ടായ അഭ്യര്‍ഥനയെ തുടര്‍ന്നാണ് സിനിമ ചലച്ചിത്ര അക്കാദമിതന്നെ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതേത്തുടര്‍ന്ന് സംവിധായകന്‍ ഷെറി കൈരളി തിയറ്ററിനു മുന്നില്‍ നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു.

ആദിമധ്യാന്തം സിനിമ ഏറ്റെടുത്ത് കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംവിധായകന്‍ രഞ്ജിത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതലാണ് കൈരളി തിയറ്ററിന് മുന്നില്‍ ഷെറി നിരാഹാരസമരം തുടങ്ങിയത്. വൈകിട്ട് സംവിധായകരായ ടി വി ചന്ദ്രന്‍ , രഞ്ജിത് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ നിരാഹാരസമരം അവസാനിപ്പിക്കാനും സിനിമ കാണിക്കാനും തീരുമാനിക്കുകയായിരുന്നു. ആദിമധ്യാന്തം സിനിമ ജനങ്ങളെ കാണിക്കുന്നതിന് ചലച്ചിത്രപ്രവര്‍ത്തകരുടെ എല്ലാ സഹായവും നല്‍കുമെന്ന് ടി വി ചന്ദ്രന്‍ പറഞ്ഞു. മലയാളത്തിലെ അപൂര്‍വമായ ചിത്രമാണ് ആദിമധ്യാന്തമെന്ന് സംവിധായകന്‍ രഞ്ജിത് പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജും സ്ഥലത്തെത്തി സമരത്തെ അഭിവാദ്യംചെയ്തു.

ആദിമധ്യാന്തം പ്രദര്‍ശിപ്പിക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം മന്ത്രി കെ ബി ഗണേശ്കുമാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ , ഷെറി നിരാഹാരസമരം ആരംഭിച്ചതോടെയാണ് മന്ത്രിക്കും അക്കാദമിക്ക് ഈ നിലപാടില്‍ നിന്ന് പിന്നോട്ടു പോകേണ്ടിവന്നത്. ചലച്ചിത്രോത്സവത്തിന്റെ ചരിത്രത്തിലാദ്യമായി കനത്ത പൊലീസ് വലയത്തിലാണ് മേള നടക്കുന്നത്. മേള നടക്കുന്ന പ്രധാന തിയറ്ററുകളായ കൈരളി, ശ്രീ തിയറ്ററുകളുടെ പരിസരം തിങ്കളാഴ്ച പൊലീസുകാരെ കൊണ്ടു നിറഞ്ഞു. ലാത്തിയും ഷീല്‍ഡുമായാണ് ഫെസ്റ്റിവല്‍ വേദിയില്‍ പൊലീസ് നിലയുറപ്പിച്ചത്. ഓപ്പണ്‍ഫോറം നടക്കുന്ന ന്യൂ തിയറ്റര്‍ പരിസരവും പൊലീസ് വലയത്തിലാണ്. സംഘാടകനെ കൈയേറ്റം ചെയ്തെന്ന ആരോപണത്തെ തുടര്‍ന്ന് രമ്യ തിയറ്ററില്‍ ത്രീ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ പൊലീസ് തിയറ്ററില്‍ കയറിയതും കാണികളുടെ മുഖത്തേക്ക് ടോര്‍ച്ചടിച്ചതും ബഹളത്തിനിടയാക്കി. മര്‍ദിച്ചവര്‍ എന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകനെ പൊലീസ് പിടികൂടുകയും പിന്നീട് ആളുമാറി എന്നു പറഞ്ഞ് തടിതപ്പുകയും ചെയ്തു. മേളയുടെ നാലാം ദിവസമായ തിങ്കളാഴ്ച വിവിധ തിയറ്ററുകളിലായി 51 ചിത്രമാണ് പ്രദര്‍ശിപ്പിച്ചത്. ചിലിയന്‍ സംവിധായകന്‍ പാബ്ലോ പെരിമാന്റെ ദി പെയിന്റിങ് ലെസണ്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടി.
(സുമേഷ് കെ ബാലന്‍)

deshabhimani 131211

2 comments:

  1. മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തില്‍ നിന്ന് പുറംതള്ളിയ ആദിമധ്യാന്തംസിനിമ ചൊവ്വാഴ്ച മേളയില്‍ പ്രദര്‍ശിപ്പിക്കും. പകല്‍ 3.15ന് ശ്രീകുമാര്‍ തിയറ്ററിലാണ് സിനിമ കാണിക്കുക. ചലച്ചിത്രപ്രവര്‍ത്തകരുടെ കൂട്ടായ അഭ്യര്‍ഥനയെ തുടര്‍ന്നാണ് സിനിമ ചലച്ചിത്ര അക്കാദമിതന്നെ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതേത്തുടര്‍ന്ന് സംവിധായകന്‍ ഷെറി കൈരളി തിയറ്ററിനു മുന്നില്‍ നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു.

    ReplyDelete
  2. Nirahara Samaram Nirodhikkan High Courtil Petition Kodukkan Aalochikkavunnathanu

    ReplyDelete