Tuesday, December 13, 2011

ഖദര്‍ പടയില്‍ പരാതിക്കാര്‍ വലഞ്ഞു

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ലക്ഷങ്ങള്‍ പൊടിപൊടിച്ച് മേള

പത്തനംതിട്ട: ഒരു വില്ലേജോഫീസറോ പഞ്ചായത്ത് സെക്രട്ടറിയോ താലൂക്ക് സപ്ലൈ ഓഫീസറോ വിചാരിച്ചാല്‍ പത്തോ പതിനഞ്ചോ മിനിറ്റുകൊണ്ട് പരിഹരിക്കാവുന്ന കാര്യങ്ങള്‍ . ലക്ഷങ്ങള്‍ പൊടിച്ച് നടത്തിയ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഹാരമായ പരാതികള്‍ ഏറെയും ഇത്തരത്തില്‍പെട്ടവ. എന്നാല്‍ , വിവിധ വകുപ്പുകളെ സംബന്ധിച്ചുള്ള പരാതികളും റോഡിന്റെയും കുടിവെള്ളത്തിന്റെയും പ്രശ്നങ്ങളും ജനസമ്പര്‍ക്കത്തില്‍ അവഗണിക്കപ്പെട്ടു. ആളുകൂട്ടാന്‍ യുഡിഎഫ് നേതാക്കളും ഉദ്യോഗസ്ഥരും മത്സരിച്ചപ്പോള്‍ വില്ലേജോഫീസിലും പഞ്ചായത്തിലും തീര്‍ക്കാവുന്ന പരാതികള്‍പോലും ജനസമ്പര്‍ക്ക പരിപാടിയിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. വികലാംഗരും വൃദ്ധരുമായ പരാതിക്കാര്‍ പലരും തളര്‍ന്നുവീണു. സ്ട്രെച്ചറും വീല്‍ചെയറും ആവശ്യപ്പെട്ടുള്ള അപേക്ഷ ഇടയ്ക്കിടെ മൈക്കിലൂടെ ഉയര്‍ന്നുകേട്ടു. നില്‍ക്കാന്‍ ഇടമോ കുടിക്കാന്‍ വെള്ളമോ ഇല്ലാതെ ജനങ്ങള്‍ നട്ടംതിരിഞ്ഞു. പത്തോളം പേര്‍ കുഴഞ്ഞുവീണു. ഇവര്‍ക്ക് ജനറല്‍ ആശുപത്രിയില്‍ പ്രാഥമികശുശ്രൂഷ നല്‍കി. വളന്റിയര്‍മാരായ വിദ്യാര്‍ഥികളും ഉച്ചയ്ക്കുമുമ്പേ തളര്‍ന്നു.


ഭവനരഹിതരായ 15 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് വീടുവയ്ക്കുന്നതിന് ജനസമ്പര്‍ക്ക പരിപാടിയില്‍ ധനസഹായം നല്‍കി. ഇന്ദിര ആവാസ് യോജനയില്‍ പെടുത്തിയാണ് ധനസഹായം നല്‍കിയത്. പട്ടികവര്‍ഗക്കാര്‍ക്ക് വീടുവയ്ക്കുന്നതിന് നിരവധി പദ്ധതികള്‍ നിലവിലുണ്ട്. വനംവകുപ്പും പട്ടിക വര്‍ഗക്കാര്‍ക്ക് വീടുവയ്ക്കാന്‍ ഭൂമി നല്‍കാറുണ്ട്. ഒരിടത്തും മുഖ്യമന്ത്രിയുടെയെന്നല്ല, എംഎല്‍എയുടെപോലും ഇടപെടല്‍ ആവശ്യമില്ല. ദേശീയ കുടുംബക്ഷേമ പദ്ധതി, ക്ഷേമ പെന്‍ഷനുകള്‍ , വിധവകളുടെ മക്കള്‍ക്ക് വിവാഹ ധനസഹായം, പട്ടയം എന്നുവേണ്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള സഹായവും ഉമ്മന്‍ചാണ്ടി ജനസമ്പര്‍ക്ക പരിപാടി വഴിയാക്കി.

രാവിലെ കുറച്ചുപേര്‍ക്ക് ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തെങ്കിലും ഉച്ചക്ക്ശേഷം ആര്‍ക്കും നല്‍കിയില്ല. കൊണ്ടുവന്ന പണം തീര്‍ന്നുപോയെന്നാണ് പറഞ്ഞത്. ആനുകൂല്യം ലഭിക്കാനുള്ളവര്‍അടുത്ത ദിവസങ്ങളില്‍ താലൂക്ക് ഓഫീസുകളില്‍നിന്ന് വാങ്ങിക്കൊള്ളാന്‍ അറിയിപ്പുണ്ടായി. രോഷാകുലരായ ജനങ്ങള്‍ ഉമ്മന്‍ചാണ്ടിയെ ചീത്തവിളിക്കുകയും ബഹളം ഉണ്ടാക്കുകയും ചെയ്തശേഷമാണ് പിരിഞ്ഞുപോയത്. വീണ്ടും പണത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഫാക്സ് അയച്ചെങ്കിലും വൈകിട്ട് ആറരവരെ പണം അനുവദിച്ച് ഉത്തരവായില്ല. താലൂക്ക് ഓഫീസുകളില്‍ തീര്‍പ്പാക്കിയ ഫയലുകളാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഹാരം കണ്ടെത്തുമെന്ന് പറഞ്ഞ് കൊട്ടിഘോഷിച്ച് ആളെ കൂട്ടിയത്. മുഖ്യമന്ത്രിക്കുവേണ്ടി ആരോഗ്യമന്ത്രിയും എംപിയും പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാനുംവരെ പരാതികള്‍ നേരിട്ടു സ്വീകരിച്ചു. പാസ്പോര്‍ട്ട് ഓഫീസിന് കൗണ്ടര്‍ ഉണ്ടായിരുന്നെങ്കിലും അവിടെ ഉദ്യോഗസ്ഥര്‍ ആരുമില്ലായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് പുല്ലുവില പോലും കല്‍പ്പിച്ചില്ല.

ഖദര്‍ പടയില്‍ പരാതിക്കാര്‍ വലഞ്ഞു

പത്തനംതിട്ട: പരാതിക്കാരെയും തള്ളിമാറ്റി കോണ്‍ഗ്രസ് പട. ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിക്ക് ചുറ്റും കൂടിയ ഖദര്‍പടയില്‍ പരാതിക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ജില്ലാ പ്രാദേശിക നേതാക്കള്‍ സ്റ്റേജിലും തള്ളിക്കയറി പരിപാടി കോണ്‍ഗ്രസ് മേളയാക്കി. നേതാക്കളും അണികളും ചുറ്റും കുടിയത് പരാതി നല്‍കാനും ആനുകൂല്യം വാങ്ങാനും എത്തിയവരില്‍ അമര്‍ഷത്തിനടയാക്കി. നേതാക്കള്‍ വേദിയില്‍നിന്ന് മാറണമെന്ന് മൈക്കില്‍ കൂടി വിളിച്ചുപറഞ്ഞ് അനൗണ്‍സര്‍ മടുക്കുകയും ചെയ്തു. പിന്നീട് കലക്ടര്‍ മൈക്ക് കയ്യിലെടുത്ത് കര്‍ക്കശഭാഷയില്‍ അറിയിപ്പ് തുടര്‍ന്നപ്പോഴാണ് ഖദര്‍ കൂട്ടത്തില്‍ അല്‍പം അയവുവന്നത്. മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനും അച്ഛന്റെ സമ്പര്‍ക്ക പരിപാടി കാണാന്‍ എത്തിയിരുന്നു. ചാനല്‍ -മാധ്യമ കണ്ണുകളില്‍ മുഖ്യനോടൊപ്പം ഒട്ടിനില്‍ക്കാനുള്ള വെമ്പലും തള്ള് വര്‍ധിപ്പിച്ചു. ചില നേതാക്കള്‍ അണികളുടെ കൂട്ട അപേക്ഷയുമായാണ് രംഗത്തെത്തിയത്. അതിനാല്‍ പാവം പരാതിക്കാരന്‍ പുറത്തും നേതാക്കള്‍ അകത്തുമായി.

പരാതി മുഖ്യമന്ത്രിക്ക്; മറുപടി "പരിധിയിലല്ലാ"ത്ത ഓഫീസില്‍നിന്ന്

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് പരാതി നല്‍കിയയാള്‍ക്ക് കിട്ടിയത് ഈ പരാതി തന്റെ ഓഫീസിന്റെ പരിധിയിലല്ലെന്ന വൈദ്യുതി ബോര്‍ഡ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ മറുപടി. വൈദ്യുതി ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനീയറുടെ റാങ്ക്ലിസ്റ്റ് കാലാവധി കഴിയാറായിട്ടും അഞ്ഞൂറോളം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതില്‍ നിയമനം നടക്കുന്നില്ലെന്നുകാട്ടി കുമ്പഴ സ്വദേശി രാജു മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് പരാതി നല്‍കിയിരുന്നു. നവംബര്‍ 30 ന് നല്‍കിയ പരാതിക്ക് ജനസമ്പര്‍ക്ക ദിവസമായ തിങ്കളാഴ്ച കൊറിയറിലാണ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ മറുപടി കിട്ടിയത്. താന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ക്ക് പരാതി കൊടുത്തിട്ടില്ലെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന തട്ടിപ്പുവേല മാത്രമാണ് ജനസമ്പര്‍ക്ക പരിപാടിയെന്നും അദ്ദേഹം പറഞ്ഞു. ജലക്ഷാമവും റോഡിന്റെ ശോച്യാവസ്ഥയും ചൂണ്ടിക്കാട്ടിയ ഒരു നഗരസഭാംഗത്തിന് കിട്ടിയ മറുപടിയാകട്ടെ ഇതിന് മുനിസിപ്പല്‍ ഫണ്ട് ഉപയോഗിക്കാമെന്നും.

deshabhimani 131211

2 comments:

  1. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പകുതിയിലധികം അപേക്ഷകളും മാറ്റിവച്ചു. സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട പരാതികളാണ് പരിഹരിക്കാതെ മാറ്റിവച്ചത്. ഡിസംബര്‍ 11ന് മുമ്പുതന്നെ ലഭിച്ച നാല്‍പ്പതിനായിരത്തിലധികം അപേക്ഷകളില്‍ ഇരുപത്തി ആറായിരത്തോളം അപേക്ഷകള്‍ എപിഎല്ലില്‍നിന്ന് ബിപിഎല്ലിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടതായിരുന്നു. സര്‍ക്കാര്‍ , സര്‍ക്കാരിതര ഏജന്‍സികളുടെ വിവിധങ്ങളായ ആനുകൂല്യങ്ങള്‍ ഈ റേഷന്‍ കാര്‍ഡുകളുടെ അടിസ്ഥാനത്തിലാണ് ലഭിക്കുന്നത്. നിത്യപട്ടിണിയില്‍ അകപ്പെട്ടവരും അനാഥരും വിധവകളും ഉള്‍പ്പെടെയുള്ളവര്‍ എപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. ഇങ്ങനെ എപിഎല്ലില്‍ പെട്ടവരാണ് തങ്ങളെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് വിവിധ സര്‍ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷിച്ചിരുന്നത്. എന്നാല്‍ , ഈ അപേക്ഷകള്‍ നിഷ്കരുണം മാറ്റിവെച്ച സംഘാടകര്‍ 26000ത്തോളം അപേക്ഷകരോട് കാട്ടിയത് നീതികേടാണ്. പാവങ്ങളെ സഹായിക്കാന്‍ കഴിയാതെ എന്ത് ജനസമ്പര്‍ക്കം എന്നാണ് ഈ പാവങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യം

    ReplyDelete
  2. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി പ്രഹസനമായെങ്കിലും തിങ്കളാഴ്ചയും പുതിയ പരാതികള്‍ സ്വീകരിക്കുമെന്ന അധികൃതരുടെ അറിയിപ്പ് "അപേക്ഷ എഴുത്തുകാര്‍ക്ക്" ചാകരയ്ക്ക് വകയൊരുക്കി. ജനസമ്പര്‍ക്ക പരിപാടി നടന്ന ഹാളിലേക്ക് കോളേജ് ജങ്ഷന് സമീപത്തുനിന്നുള്ള വഴി അപേക്ഷ എഴുത്തുകാര്‍ കയ്യടക്കി. വഴിവാണിഭക്കാരെ വെല്ലുന്ന കരവിരുതും പാടവവുമായി ഇക്കൂട്ടര്‍ ഇവിടെ നിരന്നു. പഞ്ചായത്തുകളിലും വില്ലേജ് ഓഫീസുകളിലും അപേക്ഷയെഴുതി നല്‍കി ജീവിതം പുലര്‍ത്തുന്നവര്‍ ഈ സന്ദര്‍ഭം ഏറെ മുതലെടുത്തു. സമ്പര്‍ക്ക പരിപാടിയിലും ഉദ്യോഗസ്ഥരും പരാതിക്കാരോട് ചട്ടപ്പടി സമീപനം തുടര്‍ന്നപ്പോള്‍ പരാതിക്കാരെ ദയയോടെ വരവേറ്റത് അപേക്ഷ എഴുത്തുകാരാണ്. ആണും പെണ്ണും അടങ്ങിയ ഇരുപതിലധികം എഴുത്തുകാരാണ് നിലത്തിരുന്ന് അപേക്ഷയെഴുതി പരാതിക്കാരെ സഹായിച്ചത്. അപേക്ഷയൊന്നിന് 10 രൂപയാണ് പടി. എന്നാല്‍ പുതിയ അപേക്ഷ സ്വീകരിക്കുന്ന കൗണ്ടറിലെ കുത്തഴിഞ്ഞ സംവിധാനം പുതിയ അപേക്ഷകരെ ബുദ്ധിമുട്ടിക്കുകയും ചെയ്തു.

    ReplyDelete