Thursday, December 8, 2011

കോംട്രസ്റ്റ് ഭൂമി വില്‍പ്പന നിയമവിരുദ്ധം: കലക്ടര്‍

കോമണ്‍വെല്‍ത്ത് ട്രസ്റ്റ് ഫാക്ടറി ഏറ്റെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചശേഷം ട്രസ്റ്റിന്റെ ഭൂമി കൈമാറ്റം ചെയ്തത് നിയമവിരുദ്ധമാണെന്ന് കലക്ടര്‍ ഡോ. പി.ബി സലീം പറഞ്ഞു. ഫാക്ടറിയുടെ മൂന്നേക്കറോളം സ്ഥലത്തില്‍ 1.23 ഏക്കര്‍ കഴിഞ്ഞ നവംബര്‍ രണ്ടിന് വില്‍പന നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഫാക്ടറി ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ച ശേഷമെടുക്കുന്ന എല്ലാ തീരുമാനങ്ങളും സര്‍ക്കാരിന്റെ അറിവോടെയായിരിക്കണമെന്ന് കലക്ടര്‍ വ്യക്തമാക്കി. ഫാക്ടറിയിലെ തൊഴിലാളി- മാനേജ്മെന്റ് പ്രതിനിധികളുടെയും രാഷ്ട്രീയകക്ഷി നേതാക്കളുടെയും യോഗത്തിലാണ് കലക്ടര്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഫാക്ടറി ഏറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണം. വില്‍പന നടത്തിയ ഭൂമി തിരിച്ചെടുക്കണമെന്നും തൊഴിലാളി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ബാങ്ക് കടം വീട്ടാനാണ് വിറ്റതെന്ന മാനേജ്മെന്റ് വാദം ശരിയല്ല. ഫാക്ടറി ഏറ്റെടുക്കുമെന്നായപ്പോള്‍ എടുത്ത തീരുമാനമാണിത്. പല കാരണങ്ങള്‍ പറഞ്ഞ് നേരത്തെ രണ്ട് തവണകളിലായി 85 സെന്റ് സ്ഥലം വേറെയും വിറ്റിട്ടുണ്ട്. വില്‍പനക്ക് പിന്നിലെ ഗൂഢാലോചനയും പുറത്തു കൊണ്ടുവരണമെന്ന് ഇവര്‍ ആരോപിച്ചു. അതേസമയം ഇന്ത്യന്‍ കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കോമണ്‍ വെല്‍ത്ത് ട്രസ്റ്റിന്റെ ഇടപാടുകള്‍ നടത്താന്‍ കമ്പനി നിയമം അനുശാസിക്കുംവിധം ഡയറക്ടര്‍ ബോര്‍ഡിന് അവകാശമുണ്ടെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ വിശദീകരിച്ചു. ട്രസ്റ്റിന്റെ എല്ലാ ഭൂമി കൈമാറ്റങ്ങളും വില്‍പ്പനയല്ല. സംയുക്ത സംരംഭ ഉടമ്പടിയും വില്‍പ്പനയായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. വില്‍പ്പന വഴി ലഭിച്ച തുകയില്‍ അഞ്ചര കോടി രൂപ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരമായും 12.75 കോടി രൂപ ഫെഡറല്‍ ബാങ്കിലെ കടം വീട്ടാനുമാണ് ഉപയോഗിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഭൂമി ഇടപാട് നടന്നത്. ഇതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നോയെന്ന് കലക്ടര്‍ അന്വേഷിക്കണം. കോമണ്‍വെല്‍ത്ത് ഫാക്ടറിയ്ക്ക് ഒരു പൈസപോലും ഇന്ന് കടമില്ല. ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് മാനേജ്മെന്റ് എതിരല്ല. എന്നാല്‍ ട്രസ്റ്റിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. ജോലിയെടുത്താലും ഇല്ലെങ്കിലും ശമ്പളവും ബോണസും കൊടുക്കേണ്ടി വന്നതാണ് കമ്പനിയെ ഇന്നത്തെ അവസ്ഥയിലെത്തിച്ചതെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു.

മാത്യൂ പാലമറ്റം (സി.ഐ.ടി.യു) ഇ.സി സതീശന്‍ (എ.ഐ.ടി.യു.സി), കെ.സി രാമചന്ദ്രന്‍ (ഐ.എന്‍ .ടി.യു.സി), യു.പോക്കര്‍ (എസ്.ടി.യു), ഗംഗാധരന്‍ മാസ്റ്റര്‍ (ബി.എം.എസ്), നീലിയോട്ട് നാണു(എച്ച്.എം.എസ്), ഒ.എം വസന്തകുമാര്‍ (എം.ഇ.ഇ), വി ചന്ദ്രന്‍ നായര്‍ (ടൈല്‍ എംപ്ലോയീസ് യൂണിയന്‍), ഇ.കെ ഗോപാലകൃഷ്ണന്‍ (കോണ്‍ . ഐ), പങ്കജാക്ഷന്‍ (സി.പി.ഐ), മനയത്ത് ചന്ദ്രന്‍ (സോഷ്യലിസ്റ്റ് ജനത), എം.എ റസാഖ് (മുസ്ലിം ലീഗ്), പി രഘുനാഥ് (ബി.ജെ.പി), സി.പി ഹമീദ് (കോണ്‍ . എസ്), പി.ടി ആസാദ് (ജനതാദള്‍ എസ്), മാനേജ്മെന്റിനുവേണ്ടി എം.പി ജനാര്‍ദ്ദനന്‍ , പി സുബ്രഹ്മണ്യന്‍ നായര്‍ , കെ.ജി ഗോപിനാഥ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

യോഗം ബഹിഷ്കരിച്ചെന്ന വാര്‍ത്ത തെറ്റ്: സിപിഐ എം

കോഴിക്കോട്: കോമണ്‍വെല്‍ത്ത് ട്രസ്റ്റ് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗം സിപിഐ എം ബഹിഷ്കരിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാകമ്മിറ്റി വ്യക്തമാക്കി. കലക്ടര്‍ വിളിച്ചു ചേര്‍ക്കുന്ന യോഗങ്ങളെ സംബന്ധിച്ച് സാധാരണഗതിയില്‍ എഴുത്തു മുഖേനയും ഫോണിലൂടെയും അറിയിപ്പ് ലഭിക്കാറുണ്ട്. എന്നാല്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തെ സംബന്ധിച്ച് ഒരുവിധത്തിലുമുള്ള അറിയിപ്പും ലഭിച്ചിട്ടില്ല. വസ്തുത ഇതായിരിക്കെ സിപിഐ എം ബഹിഷ്കരിച്ചുവെന്ന വാര്‍ത്ത ശരിയല്ല. യോഗം സംബന്ധിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തയല്ലാതെ തനിക്ക് വിവരം കിട്ടിയില്ലെന്ന് മേയര്‍ എ കെ പ്രേമജവും പറഞ്ഞു.

deshabhimani 081211

1 comment:

  1. കോമണ്‍വെല്‍ത്ത് ട്രസ്റ്റ് ഫാക്ടറി ഏറ്റെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചശേഷം ട്രസ്റ്റിന്റെ ഭൂമി കൈമാറ്റം ചെയ്തത് നിയമവിരുദ്ധമാണെന്ന് കലക്ടര്‍ ഡോ. പി.ബി സലീം പറഞ്ഞു. ഫാക്ടറിയുടെ മൂന്നേക്കറോളം സ്ഥലത്തില്‍ 1.23 ഏക്കര്‍ കഴിഞ്ഞ നവംബര്‍ രണ്ടിന് വില്‍പന നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഫാക്ടറി ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ച ശേഷമെടുക്കുന്ന എല്ലാ തീരുമാനങ്ങളും സര്‍ക്കാരിന്റെ അറിവോടെയായിരിക്കണമെന്ന് കലക്ടര്‍ വ്യക്തമാക്കി. ഫാക്ടറിയിലെ തൊഴിലാളി- മാനേജ്മെന്റ് പ്രതിനിധികളുടെയും രാഷ്ട്രീയകക്ഷി നേതാക്കളുടെയും യോഗത്തിലാണ് കലക്ടര്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

    ReplyDelete