Wednesday, December 7, 2011

ടൈറ്റ്ലര്‍ക്കൊപ്പം പുരസ്കാരം സ്വീകരിക്കുന്നതില്‍നിന്ന് സഞ്ജീവ് ഭട്ട് പിന്മാറി

1984ലെ സിഖ് വിരുദ്ധ കൂട്ടക്കൊലയില്‍ പങ്കാളിയായ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലര്‍ക്കൊപ്പം പുരസ്കാരം സ്വീകരിക്കുന്നതില്‍നിന്ന് ഗുജറാത്തിലെ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് പിന്മാറി. വംശഹത്യയ്ക്കെതിരെ നിലപാട് സ്വീകരിച്ചതിന് ഗുജറാത്തിലെ നരേന്ദ്രമോഡി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഭട്ടിനൊപ്പം പത്രപ്രവര്‍ത്തകന്‍ സഫര്‍ ആഗയും മൗലാന മുഹമ്മദലി ജോഹര്‍ അക്കാദമി പ്രഖ്യാപിച്ച അവാര്‍ഡ് നിരസിച്ചു.

സ്വാതന്ത്ര്യസമരസേനാനിയും എഐസിസി അധ്യക്ഷനുമായിരുന്ന മൗലാനാ മുഹമ്മദലി ജോഹറിന്റെ സ്മരണയ്ക്ക് ഡല്‍ഹിയിലെ മൗലാന മുഹമ്മദലി ജോഹര്‍ അക്കാദമിയാണ് സഞ്ജീവ് ഭട്ടും സഫര്‍ ആഗയും ടൈറ്റ്ലറുമടക്കം എട്ടുപേര്‍ക്ക് ഡിസംബര്‍ പത്തിന് പുരസ്കാരം നല്‍കാന്‍ തീരുമാനിച്ചത്. ടൈറ്റ്ലര്‍ക്കൊപ്പം പുരസ്കാരം സ്വീകരിക്കാനാകില്ലെന്ന് താന്‍ സംഘാടകരെ നേരത്തെ അറിയിച്ചിരുന്നെന്ന് ഭട്ട് പ്രതികരിച്ചു. ചില സാമൂഹ്യപ്രവര്‍ത്തകര്‍ ഈ ആവശ്യമുന്നയിച്ച് സഞ്ജീവ് ഭട്ടിനെ കണ്ടിരുന്നു. പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ എസ് വൈ ഖുറേഷി, ചീഫ് ഇന്‍കം ടാക്സ് കമീഷണര്‍ മുഹമ്മദ് നജീബ് അഷ്റഫ് ചൗധരി, ദിയോബന്ദ് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഹസീബ് സിദ്ദിഖി, കവി നുസ്റത്ത് ഗ്വാളിയോറി, സാമൂഹ്യപ്രവര്‍ത്തക ബീഗം രഹാന എന്നിവരോട് ചടങ്ങ് ബഹിഷ്കരിക്കാന്‍ പിയുസിഎല്‍ പ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

deshabhimani 071211

1 comment:

  1. 1984ലെ സിഖ് വിരുദ്ധ കൂട്ടക്കൊലയില്‍ പങ്കാളിയായ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലര്‍ക്കൊപ്പം പുരസ്കാരം സ്വീകരിക്കുന്നതില്‍നിന്ന് ഗുജറാത്തിലെ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് പിന്മാറി. വംശഹത്യയ്ക്കെതിരെ നിലപാട് സ്വീകരിച്ചതിന് ഗുജറാത്തിലെ നരേന്ദ്രമോഡി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഭട്ടിനൊപ്പം പത്രപ്രവര്‍ത്തകന്‍ സഫര്‍ ആഗയും മൗലാന മുഹമ്മദലി ജോഹര്‍ അക്കാദമി പ്രഖ്യാപിച്ച അവാര്‍ഡ് നിരസിച്ചു.

    ReplyDelete