ചൂഷണത്തിനെതിരെ നേഴ്സിങ് വിദ്യാര്‍ഥികളും
കൊച്ചി: അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ നേഴ്സിങ് വിദ്യാര്‍ഥികളും മാനേജ്മെന്റിന്റെ നിലപാടിനെതിരെ സമരത്തില്‍ . മഠത്തിലെ സന്ന്യാസിനിമാരുള്‍പ്പെടെ പെണ്‍കുട്ടികളോട് അസഭ്യംപറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് അമൃത നേഴ്സിങ് കോളേജിലെ വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ചമുതല്‍ ക്ലാസും ഡ്യൂട്ടിയും ബഹിഷ്കരിച്ച് സമരം ആരംഭിച്ചത്. രക്ഷാകര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ ഇവര്‍ മാപ്പുപറയാതെ ക്ലാസില്‍ കയറില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. നേഴ്സുമാര്‍ മൂന്നുദിവസം സമരംചെയ്തതിനെത്തുടര്‍ന്ന് തുടര്‍ച്ചയായി 16 മണിക്കൂര്‍വരെ ജോലിചെയ്യേണ്ടിവന്നതായി വിദ്യാര്‍ഥികള്‍ ബുധനാഴ്ച മാനേജ്മെന്റിനോട് പരാതിപ്പെട്ടു. എന്നാല്‍ , പരാതിപ്പെട്ടവരെ ഭീഷണിപ്പെടുത്തുകയാണുണ്ടായതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
പ്രിന്‍സിപ്പല്‍ വിളിപ്പിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ എട്ടിന് ചര്‍ച്ചയ്ക്കെത്തിയ വിദ്യാര്‍ഥികളെ വൈകിട്ട് നാലുവരെ ആശുപത്രിക്കുള്ളില്‍ കയറാന്‍ അനുവദിക്കാതെ തടഞ്ഞുവച്ചു. തുടര്‍ന്നാണ് സമരംചെയ്യുന്ന നേഴ്സുമാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒരുവിഭാഗം വിദ്യാര്‍ഥികള്‍ സമരക്കാരോടൊപ്പംചേര്‍ന്നത്. ഒരു ഡോക്ടറുടെയും സന്ന്യാസിനിമാരുടെയും നേതൃത്വത്തില്‍ ഇവരെ പണം നല്‍കി സ്വാധീനിക്കാനും ശ്രമമുണ്ടായി. "കോംപ്ലിമെന്റാണ് വാങ്ങിക്കോളൂ" എന്നുപറഞ്ഞ് 1001 രൂപയടങ്ങിയ കവര്‍ നിര്‍ബന്ധപൂര്‍വം ഏല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വീകരിച്ചില്ല. തുടര്‍ന്ന് സന്ന്യാസിനിമാര്‍ അസഭ്യംപറഞ്ഞു. ഭീഷണിയില്‍ ഭയന്ന് ഒരുവിഭാഗം വിദ്യാര്‍ഥികള്‍ കവര്‍ വാങ്ങി. പിന്നീട് രാത്രി ഹോസ്റ്റലിലെത്തിയും സന്ന്യാസിനിമാര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പലിന് പരാതി നല്‍കിയിട്ടുണ്ട്. നഴ്സിങ് കൗണ്‍സില്‍ പ്രതിനിധിസംഘം വെള്ളിയാഴ്ച ആശുപത്രി സന്ദര്‍ശിച്ചു.
നേഴ്സുമാരുടെ കുറഞ്ഞ വേതനം ഉടന്‍ നടപ്പാക്കണം: കെ കെ ശൈലജ
കൊച്ചി: സ്വകാര്യ ആശുപത്രികളില്‍ നേഴ്സുമാരുടെ കുറഞ്ഞ വേതനം ഉടന്‍ നടപ്പാക്കണമെന്നും തൊഴില്‍മന്ത്രി പറഞ്ഞതുപോലെ മൂന്നുമാസത്തെ സാവകാശം ആവശ്യമില്ലെന്നും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അതിന്മേലുള്ള കോടതി സ്റ്റേ നീക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ കുറഞ്ഞ വേതനം നടപ്പാക്കാന്‍ സര്‍ക്കാര്‍ കര്‍ശനമായി നിര്‍ദേശിച്ചാല്‍ മതി. സ്വകാര്യ ആശുപത്രി നേഴ്സുമാര്‍ക്കും അനുബന്ധ ജീവനക്കാര്‍ക്കും കുറഞ്ഞകൂലി നടപ്പാക്കുക, മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥകള്‍ ഉറപ്പാക്കുക തുടങ്ങി നേഴ്സിങ് മേഖലയിലെ ഗൗരവതരമായ ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉടന്‍ നിവേദനം നല്‍കും. തൊഴിലവകാശം സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നിയമംകൊണ്ടുവരണം.
രാജ്യത്താകമാനം സ്വകാര്യ ആശുപത്രി നേഴ്സുമാരുടെ തൊഴില്‍പ്രശ്നങ്ങള്‍ രൂക്ഷമാണ്. ഈ രംഗത്ത് വിവരണാതീതമായ പീഡനമാണ് നടമാടുന്നത്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. നേഴ്സിങ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ 18 എണ്ണമേയുള്ളൂ. സ്വകാര്യ മേഖലയില്‍ 450ഉം. നേഴ്സിങ് പഠനത്തിന് 75,000 രൂപവരെ ഫീസ് ഈടാക്കുകയാണ്. 46,000 രൂപയാണ് നിശ്ചിത ഫീസ്. പക്ഷേ, നേഴ്സുമാര്‍ക്കുള്ള ശമ്പളം ഏറിയാല്‍ 4000 രൂപ. മിക്കവരും ബാങ്ക് വായ്പ എടുത്താണ് പഠിക്കുന്നത്. അവസാനം വായ്പ തിരിച്ചടയ്ക്കാന്‍പോലും നിര്‍വാഹമില്ലാത്ത അവസ്ഥയാണ്. പൊറുതിമുട്ടി സമരത്തിനു നിര്‍ബന്ധിതരാകുന്ന നേഴ്സുമാരോട് ക്രൂരമായാണ് മാനേജ്മെന്റുകള്‍ പെരുമാറുന്നത്. കൊച്ചി അമൃത ആശുപത്രിയിലെ സമരത്തിലും ഇതേ അനുഭവമായിരുന്നു. സമരം തല്‍ക്കാലം ഒത്തുതീര്‍പ്പിലെത്തിയിട്ടുണ്ട്. എന്നാല്‍ അവിടത്തെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ശൈലജ ആവശ്യപ്പെട്ടു. അസോസിയേഷന്‍ നേതാക്കളായ സോണി കോമത്ത്, കെ ആര്‍ പത്മം, കെ കെ മാലതി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 101211
സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്റ്റാഫ് നേഴ്സുമാരുടെ ജോലി ഭാരം കുറയ്ക്കുന്നതിനും സര്‍ക്കാര്‍ ആശുപത്രികളില്‍ നേഴ്സുമാര്‍ക്ക് നല്‍കുന്ന ശമ്പള സ്കെയില്‍ അനുവദിക്കണമെന്നും സ്റ്റാഫ് നേഴ്സ് അസോസിയേഷന്‍ ഓഫ് കേരള ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എട്ടുമണിക്കൂര്‍ ജോലിക്ക് പകരം സ്റ്റാഫ് നേഴ്സുമാര്‍ക്ക് 16 മണിക്കൂര്‍ ജോലി ചെയ്യേണ്ട അവസ്ഥയാണുള്ളത്. അധിക ജോലി ചെയ്യുന്നവര്‍ കൂടുതല്‍ ശമ്പളം ആവശ്യപ്പെട്ടാല്‍ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും വന്‍ പീഡനമാണുണ്ടാകുന്നത്. ജോലി നഷ്ടപ്പെടുമെന്ന ഭയത്താല്‍ പലരും പീഡനങ്ങള്‍ പുറത്തുപറയുന്നില്ല. നാലു രോഗികള്‍ക്ക് ഒരു നേഴ്സ് എന്ന നിയമമുണ്ടെങ്കിലും 15 രോഗികള്‍ക്ക് ഒരാള്‍ എന്ന ആനുപാതത്തിലാണ് സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യിക്കുന്നത്. സ്വകാര്യ ആശുപത്രി മാനേജ്മെന്റിനെതിരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കുന്നുണ്ടെങ്കിലും നടപടിയുണ്ടാകാറില്ല. വാര്‍ത്താസമ്മേളനത്തില്‍ വിനീത് കൃഷ്ണന്‍ , ജോമി ജേക്കബ്, എസ് ശ്രീനാഥ്, സല്‍മ കെ സെബാസ്റ്റ്യന്‍ , വരുണ്‍ ജോണ്‍ , സനില്‍ സെബാസ്റ്റ്യന്‍ , കെ ജിതീഷ് എന്നിവര്‍ പങ്കെടുത്തു.
ReplyDelete