Saturday, December 10, 2011

കടക്കെണി മൂലം വയനാട്ടില്‍ ഒരു കര്‍ഷകന്‍ കൂടി ജീവനൊടുക്കി

ബത്തേരി: കൃഷിനാശവും കടക്കെണിയും മൂലം വയനാട്ടില്‍ ഒരുകര്‍ഷകന്‍കൂടി ആത്മഹത്യ ചെയ്തു. ചെതലയം വളാഞ്ചേരിക്കുന്നില്‍ താഴത്ത് മൂലയത്ത് മലമുകളില്‍ മണി (51) ആണ് വിഷം കഴിച്ച് മരിച്ചത്. വ്യാഴാഴ്ച വീട്ടില്‍നിന്ന് വിഷം കഴിച്ച മണി വെള്ളിയാഴ്ച രാവിലെയാണ് ബത്തേരി താലൂക്ക് ആശുപത്രിയില്‍ വെച്ച് മരിച്ചത്.

വീടിനടുത്ത് രണ്ടേക്കറില്‍ നെല്ലും ഒന്നരയേക്കറില്‍ വാഴയും ചെയ്തിരുന്ന മണിക്ക് ഒന്നര ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതെല്ലാം വ്യക്തികളില്‍നിന്ന് വാങ്ങിയതാണ്. അടക്ക പാട്ടത്തിനെടുത്ത് വില്‍ക്കുമ്പോള്‍ വിലകുറഞ്ഞതും വന്യജീവികള്‍ കൃഷി നശിപ്പിച്ചതും മണിയെ മാനസികമായി തളര്‍ത്തിയിരുന്നു. കടം വാങ്ങിയ തുക തിരിച്ചുകൊടുക്കാനാകാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്കിടയാക്കിയത്. മൃതദേഹം അമ്പലവയല്‍ ഗവ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ ചന്ദ്രാവതി. മക്കള്‍: നിഷ, നിത്യ. മരുമക്കള്‍: വിനോദ്, അനി. വയനാട്ടില്‍ കാര്‍ഷിക കടബാധ്യതയില്‍പ്പെട്ട് അടുത്തകാലത്ത്  ആത്മഹത്യചെയ്യുന്ന എട്ടാമത്തെ കര്‍ഷകനാണ് മണി. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പലതും കടലാസിലൊതുങ്ങുകയാണ്. കര്‍ഷകരുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നിലനില്‍ക്കെ കഴിഞ്ഞദിവസം വായ്പ കുടിശ്ശികയായ മൂന്നു കര്‍ഷകരെ പൊലീസ് അറസ്റ്റുചെയ്ത് കോടതി കയറ്റിയിരുന്നു.

janayugom 101211

No comments:

Post a Comment