Tuesday, December 20, 2011

കനല്‍ വഴികള്‍ താണ്ടിയ കരുത്തുമായി ഇവര്‍ ഇന്നും കര്‍മനിരതര്‍

പോരാട്ടത്തിന്റെ കനല്‍വഴികളിലൂടെ ജീവിത സായന്തനത്തിലും ഇവര്‍ കര്‍മനിരതരാണ്. 20-ാം പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായി നടക്കുന്ന  പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ പ്രതിനിധികളായ അഡ്വ. ഏബ്രഹാം മണ്ണായിക്കലിനും കെ എസ് പണിക്കര്‍ക്കും പറയാനുള്ളത് അഞ്ചര പതിറ്റാണ്ടിലധികം നീളുന്ന സമര ചരിത്രം. സ്കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ തനിക്കു ചുറ്റുമുള്ള നീതികേടുകള്‍ക്കെതിരെ പ്രതികരിച്ചിരുന്ന ഏബ്രഹാം മണ്ണായിക്കല്‍അഭിഭാഷക പഠനം പൂര്‍ത്തിയായതോടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായത്. ഒരു വിഭാഗം ക്രിസ്ത്യാനികള്‍ കമ്മ്യൂണിസ്റ്റാകുന്നതും അവരെ സഹായിക്കുന്നതും സഹവര്‍ത്തിത്വവും പാപമെന്നു കരുതിയിരുന്ന യാഥാസ്ഥിതിക ചുറ്റുപാടില്‍ 1954ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി ചേര്‍ന്നു. ചെറുകോല്‍ പഞ്ചായത്തിലെ കീക്കൊഴൂരില്‍ തുടക്കം കുറിച്ചപാര്‍ടി പ്രവര്‍ത്തനം പിന്നീട് പത്തനംതിട്ടയിലേക്ക് പറിച്ചുനടുകയായിരുന്നു. പാര്‍ടി അംഗം എന്നനിലയില്‍ പിന്നിട്ട 57 വര്‍ഷങ്ങള്‍ സംഭവ ബഹുലമായിരുന്നു. 1960ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ റാന്നി നിയോജക മണ്ഡലം പ്രസിഡന്റായും പാര്‍ടി ഏരിയ കമ്മിറ്റി അംഗമായും, കര്‍ഷകസംഘം ജില്ലാ ഉപാധ്യക്ഷനായുമൊക്കെ പാര്‍ടി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിഞ്ഞതിലും ആ പ്രവര്‍ത്തനത്തിലും 83 ന്റെ നിറവിലെത്തിയ മണ്ണായിക്കല്‍ വക്കീലിന് അഭിമാനമാണ്.പിന്നിട്ട കാലത്ത് എണ്ണിയാലൊടുങ്ങാത്ത സമരങ്ങളില്‍ പങ്കെടുക്കാനും കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നടന്ന ഒട്ടെല്ലാ പാര്‍ടി സമ്മേളനങ്ങളിലും പ്രതിനിധിയാകാനും കഴിഞ്ഞത് ഭാഗ്യമാണെന്നാണ് ഇദ്ദേഹം പറയുന്നത്.

പാവപ്പെട്ടവരുടെ പടത്തലവനായ എകെജിയുമായുള്ള ഹൃദയബന്ധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗം വലിച്ചെറിഞ്ഞ് കമ്മ്യൂണിസ്റ്റ് പാര്‍ടി അംഗമായി മാറിയ കെ എസ് പണിക്കര്‍ക്കും പറയാനുള്ളത് ജ്വലിക്കുന്ന ഓര്‍മകള്‍ മാത്രം. മലബാറില്‍ പിഡബ്ല്യുഡി ജീവനക്കാരനായി സേവനം ചെയ്യുന്നതിനിടെയാണ് എകെജിയുമായി പരിചയപ്പെടുന്നത്. ചുറ്റുപാടുകളിലെ ദുരന്ത ചിത്രങ്ങള്‍ ആകുലതകളായി മനസ്സില്‍ നിറയുന്നതിനിടയിലാണ് ഈ സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കു മാത്രമേ കഴിയൂ എന്ന പാഠം എകെജിയില്‍നിന്ന് മനസ്സിലാക്കുന്നത്. അതോടെ ഇരുപതാം വയസ്സില്‍ ലഭിച്ച സര്‍ക്കാര്‍ ജോലി രണ്ടുവര്‍ഷം പിന്നിട്ട് 1955ല്‍ ഉപേക്ഷിച്ച് നാട്ടിലെത്തി. തിരുവല്ലയില്‍ എത്തിയതോടെ പി കെ ചന്ദ്രാനന്ദനുമൊത്തായി പ്രവര്‍ത്തനങ്ങള്‍ . 1956ല്‍ പാര്‍ടി അംഗമായി. നിരണത്ത് നടന്ന തീപാറുന്ന കര്‍ഷകത്തൊഴിലാളി പ്രക്ഷോഭങ്ങളില്‍ പങ്കാളിയായി. നിരണം പടയുടെ കുറുവടി കീഴിലൂടെ അന്ന് സഖാക്കള്‍ നടത്തിയ സമരങ്ങള്‍ ത്യാഗോജ്വലം തന്നെയായിരുന്നു.

കൂലിക്കും വേലയ്ക്കും വേണ്ടി അപ്പര്‍കുട്ടനാടന്‍ പാടങ്ങളില്‍ ഇത്തരം നിരവധി പോര്‍മുഖങ്ങളാണ് താണ്ടിയത്. 40 വര്‍ഷം ചുമട്ടുതൊഴിലാളി യൂണിയന്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കാന്‍ കഴിഞ്ഞ നാടിന്റെ പണിക്കരു ചേട്ടനാണ് തിരുവല്ലയില്‍ ചുമട്ടു തൊഴിലാളി, ഓട്ടോറിക്ഷാ യൂണിയനുകള്‍ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കിയത്. ട്രേഡ് യൂണിയന്‍ രംഗത്തും ദീര്‍ഘകാലം സേവനം അനുഷ്ഠിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. തിരുവല്ലയില്‍ പാര്‍ടി സെക്രട്ടറിയായും ജില്ലാ കമ്മിറ്റിയംഗമായുമൊക്കെ പ്രവര്‍ത്തിച്ച കെ എസ് പണിക്കര്‍ 56നുശേഷം നടന്ന മുഴുവന്‍ ജില്ലാ സമ്മേളനങ്ങളിലും ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ പങ്കെടുത്തിരുന്നു. നാലു പ്രാവശ്യം സംസ്ഥാന സമ്മേളന പ്രതിനിധിയായി പങ്കെടുക്കാനും എണ്‍പതിലെത്തിയ കെ എസ് പണിക്കര്‍ക്ക് അവസരം ലഭിച്ചു.

ബാബു തോമസ് deshabhimani 201211

No comments:

Post a Comment