Tuesday, December 13, 2011

രവിയെ നീക്കി; വ്യോമയാനം അജിത്സിങ്ങിന്

വ്യോമയാന വകുപ്പിന്റെ ചുമതലയില്‍നിന്ന് വയലാര്‍ രവിയെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നീക്കി. യുപിഎയില്‍ പുതിയ ഘടക കക്ഷിയായി ചേര്‍ന്ന രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത്സിങ് പുതിയ വ്യോമയാന മന്ത്രിയാകും. 18ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിയെന്ന നിലയില്‍ പ്രകടനം മോശമാണെന്ന വിമര്‍ശനങ്ങള്‍ രവിക്ക് തിരിച്ചടിയായി. ലോക്സഭയില്‍ അഞ്ച് അംഗങ്ങളുള്ള ആര്‍എല്‍ഡി തിങ്കളാഴ്ച യുപിഎയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ആര്‍എല്‍ഡിയുടെ യുപിഎ പ്രവേശം.

പടിഞ്ഞാറന്‍ യുപിയില്‍ സ്വാധീനമുള്ള ആര്‍എല്‍ഡിക്ക് നിയമസഭാതെരഞ്ഞെടുപ്പില്‍ 45 സീറ്റാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്. യുപിഎയില്‍ ചേരാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ച് അജിത്സിങ് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തുനല്‍കിയെന്നും ഇത് അംഗീകരിച്ചെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ്സിങ് അറിയിച്ചു. ആര്‍എല്‍ഡിയുടെ വരവോടെ ലോക്സഭയില്‍ യുപിഎയുടെ അംഗസംഖ്യ 277 ആയി. യുപിയില്‍ അമ്പതോളം സീറ്റും കേന്ദ്രത്തില്‍ പ്രധാന വകുപ്പുമാണ് അജിത്സിങ് മുന്നോട്ടുവച്ച ഉപാധികള്‍ . വാണിജ്യം, ഭക്ഷ്യ- പൊതുവിതരണം, വ്യോമയാനം എന്നീ മൂന്നുവകുപ്പുകളില്‍ ഒന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വാണിജ്യവകുപ്പ് ആനന്ദ് ശര്‍മയും ഭഭക്ഷ്യ- പൊതുവിതരണം കെ വി തോമസുമാണ് കൈകാര്യം ചെയ്യുന്നത്. തീവ്രസാമ്പത്തിക പരിഷ്കരണവാദിയായ ആനന്ദ് ശര്‍മ പ്രധാനമന്ത്രിക്ക് പ്രിയപ്പെട്ട മന്ത്രിയാണ്. കെ വി തോമസിനാകട്ടെ സോണിയയുടെ സംരക്ഷണവും ലഭിച്ചു. മോശം പ്രകടനം വയലാര്‍ രവിക്ക് തിരിച്ചടിയായി.

കഴിഞ്ഞ അഴിച്ചുപണിയിലാണ് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിനെ മാറ്റി വയലാര്‍ രവിക്ക് വ്യോമയാന വകുപ്പിന്റെ ചുമതലകൂടി നല്‍കിയത്. എന്നാല്‍ എയര്‍ഇന്ത്യയുടെ പ്രതിസന്ധിയും കിങ്ഫിഷര്‍ അടക്കം സ്വകാര്യ കമ്പനികള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ രവിക്ക് വീഴ്ച വന്നെന്ന പരാതി കോണ്‍ഗ്രസില്‍ത്തന്നെയുണ്ടായി. സ്വകാര്യകമ്പനികള്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍ കൂടിയായതോടെ രവിയെ നീക്കാന്‍ സമ്മര്‍ദം ശക്തിപ്പെടുകയായിരുന്നു. പ്രവാസികാര്യ വകുപ്പ് രവി തുടര്‍ന്നും കൈകാര്യം ചെയ്യും.
(എം പ്രശാന്ത്)

deshabhimani 131211

1 comment:

  1. രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത് സിങ് കേന്ദ്ര വ്യോമയാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. അഞ്ച് എംപിമാരുള്ള ആര്‍എല്‍ഡിയുടെ പ്രവേശനത്തോടെ യുപിഎ അംഗങ്ങളുടെ എണ്ണം 277 ആയി. പടിഞ്ഞാറന്‍ യുപിയിലെ ജാട്ട് സമുദായക്കാര്‍ക്കിടയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള നേതാവാണ് അജിത് സിങ്. 2007 ലെ യുപി തെരഞ്ഞെടുപ്പില്‍ കേവലം 21 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. അജിത് സിങുമായി ചേര്‍ന്ന് യുപിയില്‍ മുന്നേറ്റമുണ്ടാക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.

    ReplyDelete