ഇടുക്കിയെ തമിഴ്നാടിനോട് ചേര്‍ക്കണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്ന ഇടുക്കി ജില്ല തമിഴ്നാടിനോടു ചേര്‍ക്കണമെന്ന് തമിഴ്നാട്ടിലെ കോണ്‍ഗ്രസ് എംപിമാര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കണ്ട് ആവശ്യപ്പെട്ടു. ഇടുക്കി ജില്ലയില്‍ ഹിതപരിശോധന നടത്തിയാല്‍ ഭൂരിപക്ഷം ജനങ്ങളും അനുകൂലമായി വിധിയെഴുതുമെന്നും എംപിമാര്‍ പ്രധാനമന്ത്രിയോട് പറഞ്ഞു. തേനി എംപി ജെ എം ആറൂണ്‍ റഷീദ്, ദിണ്ഡിഗല്‍ എംപി എന്‍ എസ് വൈ ചിത്തന് എന്നിവരാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രധാനമന്ത്രിയെ കണ്ടത്.
മുല്ലപ്പെരിയാറില്‍നിന്നുള്ള വെള്ളം ഉപയോഗിച്ച് കൃഷിനടത്തുന്ന ജില്ലകളാണ് ദിണ്ഡിഗലും തേനിയും. ആഭ്യന്തരമന്ത്രി ചിദംബരത്തിന്റെ അനുവാദത്തോടെയാണ് എംപിമാര്‍ പ്രധാനമന്ത്രിയെ കണ്ടതെന്ന് റിപ്പോര്‍ട്ടുണ്ട്. ചിദംബരത്തിന്റെ മണ്ഡലമായ ശിവഗംഗയും ഈ മേഖലയിലാണ്. ഇടുക്കിയിലെ ജനങ്ങളില്‍ നല്ലൊരു വിഭാഗം തമിഴ്വംശജരാണ്. അവിടുത്തെ ഭൂരിപക്ഷ ജനതയും തമിഴ്നാടിനെ പിന്തുണയ്ക്കുന്നു. ഹിതപരിശോധന നടത്തിയാല്‍ അതു തെളിയും. അടിയന്തരമായി ഹിതപരിശോധനയ്ക്ക് നടപടിയെടുക്കണം-എംപിമാര്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച് കേരളത്തിന്റെ ആവശ്യത്തില്‍ കഴമ്പില്ല. അവ അംഗീകരിക്കാനും പാടില്ല- അവര്‍ പറഞ്ഞു. തുടര്‍ന്ന്, എംപിമാര്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയെയും കണ്ടു. കൃഷ്ണസ്വാമി, വിശ്വനാഥന് , മാണിക്ക ടാഗോര്‍ തുടങ്ങി കോണ്‍ഗ്രസ് എംപിമാരും ആന്റണിയെ കണ്ട സംഘത്തിലുണ്ടായിരുന്നു. ഇരു സംസ്ഥാനങ്ങളും സുപ്രീംകോടതി വിധി വരാന്‍ കാത്തിരിക്കണമെന്ന് ആന്റണി പറഞ്ഞതായി എംപിമാര്‍ അറിയിച്ചു.
(ദിനേശ്വര്‍മ)
മുല്ലപ്പെരിയാര്‍ : യുഡിഎഫില്‍ വിള്ളല്‍
സംസ്ഥാനത്തെ ദശലക്ഷക്കണക്കിനു ജനങ്ങളെ ബാധിക്കുന്ന മുല്ലപ്പെരിയാര്‍ വിഷയത്തിലും ഭരണകക്ഷിയായ യുഡിഎഫില്‍ ഭിന്നതയും തമ്മില്‍ത്തല്ലും മൂര്‍ച്ഛിച്ചു. ഘടകക്ഷികളും മന്ത്രിമാരും അവരവര്‍ക്കു തോന്നുംപോലെ പ്രശ്നത്തില്‍ ഇടപെടുന്നത് കാര്യങ്ങള്‍ വഷളാക്കുന്നു. സര്‍ക്കാരിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസും മുഖ്യമന്ത്രിയുമാകട്ടെ നിസ്സംഗത തുടരുകയാണ്. കേരളത്തിലെ ജനങ്ങളുടെ ജീവന് ഭീഷണിയായ പ്രശ്നത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി പിന്തുണ നല്‍കിയിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ല. തര്‍ക്കം പരിഹരിക്കാന്‍ ആത്മാര്‍ഥത കാട്ടാത്ത കേന്ദ്രസര്‍ക്കാരിന്റെ നിലപാട് പ്രശ്നം അനുദിനം വഷളാക്കുന്നു.
അണക്കെട്ട് പൊട്ടിയാല്‍ ദശലക്ഷക്കണക്കിനു ജനങ്ങളുടെ ജീവന് നഷ്ടപ്പെടുമെന്നു വിളിച്ചുപറഞ്ഞ സര്‍ക്കാര്‍ ഹൈക്കോടതിയിലെ സത്യവാങ്മൂലത്തില്‍ പറഞ്ഞത് മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഇടുക്കി താങ്ങിക്കോളുമെന്നാണ്. ഇത് വിവാദമായപ്പോള്‍ കഴിഞ്ഞ ദിവസം റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് താന്‍ അറിയാതെയാണ് സത്യവാങ്മൂലം നല്‍കിയതെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു. എന്നാല്‍ , റവന്യൂസെക്രട്ടറി നിവേദിത പി ഹരന്റെ തിരുത്തല്‍ ഉള്‍പ്പെടെയാണ് സത്യവാങ്മൂലം നല്‍കിയത്. മന്ത്രി അറിഞ്ഞുകൊണ്ടാണ് ഇത് നല്‍കിയത്. സര്‍ക്കാര്‍ അറിഞ്ഞുകൊണ്ട് നല്കിയ സത്യവാങ്മൂലമായതിനാല്‍ അഡ്വക്കറ്റ് ജനറലിനെതിരെ നടപടി എടുക്കാനായില്ല. സത്യവാങ്മൂലത്തിനു പുറമെ എജി കടത്തിപ്പറഞ്ഞ കാര്യങ്ങളും സര്‍ക്കാരിന് അംഗീകരിക്കേണ്ടി വന്നു. ഇത് വിവാദമായപ്പോള്‍ തിരുത്തല്‍ സത്യവാങ്മൂലം നല്കാന് മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ട് ഒരാഴ്ചയായെങ്കിലും അതും നല്‍കിയില്ല.
ഇതിനിടെ, കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് സ്വന്തം നിലയില്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചു. 15നകം തീരുമാനമായില്ലെങ്കില്‍ രണ്ടാംഘട്ടം സമരം തുടങ്ങുമെന്നാണ് പറയുന്നത്. ഡല്‍ഹിയില്‍ 25നു ശേഷം അനിശ്ചിതകാല നിരാഹാരം കിടക്കുമെന്ന് മന്ത്രി ജോസഫും പറയുന്നു. ഘടകക്ഷികള്‍ വെവ്വേറെ സമരം ചെയ്യുന്നതിനെതിരെ ആര് ബാലകൃഷ്ണപിള്ള രംഗത്തെത്തി. ജെഎസ്എസും പ്രശ്നത്തില്‍ ഉടക്കിനില്‍ക്കുന്നു. ഈ സാഹചര്യം മുതലെടുത്ത് അഞ്ചാം മന്ത്രി എന്ന ആവശ്യം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വന്ന മുസ്ലിംലീഗ് കോണ്‍ഗ്രസിന്റെ തലവേദന ഇരട്ടിപ്പിച്ചു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനകത്തുതന്നെ വ്യക്തമായ നിലപാടില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തലയും രണ്ടു വഴിക്കാണ്. 2006ല്‍ യുഡിഎഫ് ഭരണകാലത്തെ അനാസ്ഥ കാരണം സുപ്രീംകോടതി തമിഴ്നാടിന് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടത്തിയ നിയമയുദ്ധങ്ങളെത്തുടര്ന്നാണ് പ്രശ്നം ഭരണഘടനാ ബെഞ്ചിന് ഉള്‍പ്പെടെ വിടാനായത്. വിവിധ പഠനങ്ങള്‍ നടത്തി അണക്കെട്ടിനു ബലക്ഷയമുണ്ടെന്നു സ്ഥാപിക്കാനുമായി. ഭൂചലനങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടി. എന്നാല്‍ , യുഡിഎഫ് സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കുന്നതിനു പകരം പ്രശ്നം വൈകാരികമായി എടുക്കാനും ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള നല്ല ബന്ധം തകര്‍ക്കാനുമാണ് ശ്രമിച്ചത്. ഇക്കാര്യത്തില്‍ മന്ത്രിമാരും കോണ്‍ഗ്രസ് പോഷക സംഘടനകളും മത്സരിച്ചു. അതിര്‍ത്തിയില്‍ ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചതിനു പിന്നിലും യുഡിഎഫിന്റെ ഈ രാഷ്ട്രീയക്കളിയാണ്. യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ തമിഴ്നാട്ടില്‍നിന്നുള്ള വാഹനങ്ങള്‍ തടയുകയും മുല്ലപ്പെരിയാറിലേക്കുള്ള വെള്ളം വഴിതിരിച്ചുവിടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തത് തമിഴ്നാടിനെ പ്രകോപിപ്പിച്ചു. തുടര്‍ന്നാണ് തമിഴ് അതിര്‍ത്തിഗ്രാമങ്ങളില്‍ സംഘര്‍ഷം തുടങ്ങിയത്.
ഭൂചലനം: ഇടുക്കിയില്‍ സുരക്ഷിതമേഖല അടയാളപ്പെടുത്തല്‍ ആരംഭിച്ചു
ഇടുക്കി: ഭൂചലനംമൂലം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ദുരന്തമുണ്ടായാല്‍ രക്ഷപ്പെടാനുള്ള സുരക്ഷിതമേഖല അടയാളപ്പെടുത്തല്‍ ഇടുക്കിയില്‍ ആരംഭിച്ചു. 17 ഭൂമിശാസ്ത്ര അധ്യാപകരും പരിശീലനം ലഭിച്ച 11 കുട്ടികളുമടക്കം 32 അംഗ ഫ്ളഡ് ഫീല്‍ഡ് മാപിങ് യൂണിറ്റാണ് അടയാളപ്പെടുത്തല്‍ നടത്തുന്നത്. പെരിയാര്‍ നദിയില്‍ നിന്ന് 41 മീറ്റര്‍(132 അടി) ഉയരത്തില്‍ ഫ്ളൂറസെന്റ് പെയിന്റുപയോഗിച്ച് വീട്, മതില് , വൈദ്യുതിപോസ്റ്റ് എന്നിവിടങ്ങളില്‍ അടയാളം രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ ഇവിടെ പിന്നീട് ബോര്‍ഡ് പ്രദര്‍ശിപ്പിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ട് മുതല്‍ വണ്ടിപ്പെരിയാര്‍ മ്ലാമല വരെയുള്ള പ്രദേശങ്ങളില്‍ അടയാളപ്പെടുത്തല്‍ പൂര്‍ത്തിയായി. ഇടുക്കി തടാകം വരെയുള്ള ജനവാസമേഖലകളിലും അടയാളപ്പെടുത്തും. ഈ പ്രദേശങ്ങളിലെല്ലാം സൈറണും സ്ഥാപിക്കും. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അടയാളപ്പെടുത്തല്‍ പൂര്‍ത്തീകരിക്കും. എന്നാല്‍ , അടയാളപ്പെടുത്തല്‍ താല്‍ക്കാലിക നടപടിയാണെന്നും ഡാം ബ്രേക്ക് അനാലിസിസ് നടത്തിയാല്‍ മാത്രമേ പരമാവധി ജലനിരപ്പ് അറിയാന്‍ കഴിയൂ എന്നും വിദഗ്ധര്‍ പറഞ്ഞു. സൈറണ്‍ മുഴങ്ങുമ്പോള്‍ ജനങ്ങള്‍ സുരക്ഷിത മേഖലയിലേക്ക് ഓടി രക്ഷപ്പെടാനാണ് അടയാളപ്പെടുത്തുന്നത്. അണക്കെട്ട് തകര്‍ന്നാല്‍ പെരിയാര്‍ നദിയില്‍ 132 അടി ഉയരത്തില്‍ പ്രളയ ജലമെത്തുമെന്നാണ് പ്രാഥമിക നിഗമനം.
deshabhimani 131211
സംസ്ഥാനത്തെ ദശലക്ഷക്കണക്കിനു ജനങ്ങളെ ബാധിക്കുന്ന മുല്ലപ്പെരിയാര്‍ വിഷയത്തിലും ഭരണകക്ഷിയായ യുഡിഎഫില്‍ ഭിന്നതയും തമ്മില്‍ത്തല്ലും മൂര്‍ച്ഛിച്ചു. ഘടകക്ഷികളും മന്ത്രിമാരും അവരവര്‍ക്കു തോന്നുംപോലെ പ്രശ്നത്തില്‍ ഇടപെടുന്നത് കാര്യങ്ങള്‍ വഷളാക്കുന്നു. സര്‍ക്കാരിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസും മുഖ്യമന്ത്രിയുമാകട്ടെ നിസ്സംഗത തുടരുകയാണ്. കേരളത്തിലെ ജനങ്ങളുടെ ജീവന് ഭീഷണിയായ പ്രശ്നത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി പിന്തുണ നല്‍കിയിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ല. തര്‍ക്കം പരിഹരിക്കാന്‍ ആത്മാര്‍ഥത കാട്ടാത്ത കേന്ദ്രസര്‍ക്കാരിന്റെ നിലപാട് പ്രശ്നം അനുദിനം വഷളാക്കുന്നു.
ReplyDelete