ആതുരശുശ്രൂഷാ രംഗത്ത് ലോകമാകെ പ്രകീര്‍ത്തിക്കപ്പെടുന്നവരാണ് മലയാളി നഴ്‌സുമാര്‍. മനുഷ്യസ്‌നേഹത്തിന്റെയും ജീവകാരുണ്യത്തിന്റെയും പ്രഭാവലയത്തിനു പിന്നില്‍ അതീവഗുരുതരമായ ചുഷണത്തിന്റെയും അടിമസമാനവും വിശ്രമരഹിതമായ കഠിനാധ്വാനത്തിന്റെയും കഥകളാണ് ഇന്നത്തെ തലമുറയിലെ നഴ്‌സുമാര്‍ക്ക് ഏറെ പറയാനുണ്ടാവുക. വ്യവസ്ഥാപിതവും നിയമാനുസൃതവുമായ സേവന വേതന വ്യവസ്ഥകളുടെ അഭാവത്തില്‍ കഠിനമായ ചൂഷണത്തിന്റെ ഇരകളാണ് ഇവരില്‍ ഏറെയും.
നഴ്‌സിംഗ് രംഗത്ത് കാലങ്ങളായി നിലനില്‍ക്കുന്ന ബോണ്ട് വ്യവസ്ഥ നിര്‍ബന്ധിത അടിമപ്പണിയായി മാറിയിരിക്കുന്നു. പഠനകാലയളവില്‍ പ്രായോഗിക പരിശീലനത്തിന്റെ പേരില്‍ കഠിനാധ്വാനം ചെയ്യാന്‍ നിര്‍ബന്ധിതരായ നഴ്‌സുമാര്‍ ബോണ്ടിന്റെ പേരില്‍ തുടര്‍ന്നും വര്‍ഷങ്ങളോളം തുഛമായ പ്രതിഫലത്തില്‍ അടിമപ്പണി തുടരേണ്ടിവരുന്നു. ആതുരസേവനത്തിന്റെയും സമുദായനന്മയുടെയുമൊക്കെ പേരില്‍ നടത്തുന്ന സ്വകാര്യ ചികിത്സാകേന്ദ്രങ്ങളിലെല്ലാം വ്യാപകമായി ഈ പ്രാകൃത സംവിധാനം ഇപ്പോഴും തുടരുന്നുവെന്നത് പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ല.
കേരളത്തിലെ സ്വകാര്യ ആശുപത്രികളെ തരംതിരിച്ച് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മിനിമം വേതനവും സേവന വ്യവസ്ഥയും നടപ്പാക്കാന്‍ മഹാഭൂരിപക്ഷം ആശുപത്രികളും തയ്യാറായിട്ടില്ല. അത്തരം സ്ഥാപനങ്ങളില്‍ പരിശോധന നടത്തി ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഫലപ്രദമായ യാതൊരു സംവിധാനവും സര്‍ക്കാര്‍ തലത്തില്‍ നിലവിലില്ല. സഹികെട്ട് ഹൈക്കോടതിയെ സമീപിച്ച നഴ്‌സുമാരുടെ സങ്കടപരിഹാരത്തിനു നടപടിസ്വീകരിക്കേണ്ട ഗവണ്‍മെന്റ് കുറ്റകരമായ അനാസ്ഥയാണ് തുടര്‍ന്നുവരുന്നത്.
സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ മാത്രമല്ല ജീവകാരുണ്യത്തിന്റെയും ആതുരശുശ്രൂഷയുടെയും പേരില്‍ നടത്തുന്ന സ്ഥാപനങ്ങളും നഴ്‌സുമാരെ ചൂഷണം ചെയ്യുന്നതില്‍ അടിമഉടമകളുടെ സമീപനം തന്നെയാണ് സ്വീകരിക്കുന്നത്. ഇതിനപവാദമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ അപ്പാടെ വിസ്മരിക്കുന്നില്ല. മതിയായ വേതനവും ആനുകൂല്യങ്ങളുമില്ലാതെ വിശ്രമരഹിതമായി പണിയെടുക്കാന്‍ നിര്‍ബന്ധിതരാവുന്ന ഇവര്‍ക്ക് മാന്യമായ ഹോസ്റ്റല്‍ സൗകര്യംപോലും നിഷേധിക്കപ്പെടുന്നുവെന്നത് അത്യന്തം ദയനീയമായ യാഥാര്‍ഥ്യമാണ്. അതിനെ ചോദ്യം ചെയ്യാനും ഏറ്റവും മിതവും ന്യായവുമായ ആവശ്യങ്ങളും ആവലാതികളും ബന്ധപ്പെട്ട അധികാരികളില്‍ എത്തിക്കാന്‍ കൂട്ടായ ശ്രമം നടന്നാല്‍ മതത്തിന്റെയും ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ അവരെ അടിച്ചമര്‍ത്താന്‍ മടിക്കില്ലെന്നതാണ് എറണാകുളത്തും കൊല്ലത്തും അരങ്ങേറിയ ഗുണ്ടാ അതിക്രമങ്ങള്‍ വ്യക്തമാക്കുന്നത്. സംഘടിക്കാനും കൂട്ടായി വിലപേശാനുമുള്ള മൗലിക അവകാശമാണ് ഇവിടെ അടിച്ചമര്‍ത്തപ്പെടുന്നത്.
നഴ്‌സിംഗ് രംഗത്തെ അടിമപ്പണിയും സംഘടനാ സ്വാതന്ത്ര്യ നിഷേധവും ഗുണ്ടാ അക്രമവും അപലപനീയമാണ്, തുടരാന്‍ അനുവദിക്കാനാവാത്തതാണ്. ബോണ്ട് വ്യവസ്ഥയ്ക്കും മിനിമം കൂലി നിഷേധത്തിനും അടിമപ്പണിക്കുമെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. എറണാകുളത്തെ സംഭവത്തിന് ഉത്തരവാദികളായ ഗുണ്ടകളെ കസ്റ്റഡിയിലെടുത്ത് വിചാരണ ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണം. നഴ്‌സുമാരുടെ മനുഷ്യരെപോലെ പണിയെടുക്കാനും ജീവിക്കാനും സംഘടിക്കാനുമുള്ള അവകാശം സംരക്ഷിക്കപ്പെടണം. നീതിക്കുവേണ്ടിയുള്ള ഈ സമരത്തില്‍ ട്രേഡ് യൂണിയന്‍ - ബഹുജന സംഘടനകളുടെ പിന്തുണ നഴ്‌സുമാര്‍ക്ക് ഉണ്ടാവണം. രാഷ്ട്രീയ പാര്‍ട്ടികളുടെ ശക്തമായ ഇടപെടല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ സഹായകമാവും.
janayugom editorial 081211
കഴിഞ്ഞ ദിവസം എറണാകുളത്തെ അമൃത ആശുപത്രിക്കുള്ളില്‍ പുതിയതായി രൂപീകരിച്ച നഴ്‌സുമാരുടെ സംഘടനാ ഭാരവാഹികളെ ബി ജെ പി - ആര്‍ എസ് എസ് ഗുണ്ടകള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവം സമൂഹത്തിന്റെയും ഗവണ്‍മെന്റിന്റെയും സത്വര ശ്രദ്ധ അര്‍ഹിക്കുന്നു. നഴ്‌സുമാര്‍ക്കും അവരുടെ ട്രേഡ് യൂണിയന്‍ സംഘടനകള്‍ക്കും നേരെ നടക്കുന്ന ഈ അക്രമം ഒറ്റപ്പെട്ട ഒന്നല്ല. കേരളത്തില്‍ തന്നെ സമീപകാലത്ത് കൊല്ലത്തെ രണ്ട് അറിയപ്പെടുന്ന ആശുപത്രികളില്‍ എറണാകുളത്തെ തോതില്‍ അല്ലെങ്കിലും സമാന സംഭവങ്ങള്‍ അരങ്ങേറുകയുണ്ടായി. മുംബൈയിലും കൊല്‍ക്കത്തയിലും ഡല്‍ഹിയിലും നഴ്‌സുമാര്‍ക്കെതിരെ നടന്ന അതിക്രമങ്ങളും അനീതികളും തുടര്‍ന്നുള്ള സമരങ്ങളും ദേശീയ മാധ്യമങ്ങളില്‍ പ്രാധാന്യത്തോടെ സ്ഥാനം പിടിച്ചിരുന്നു.
ReplyDelete