Tuesday, December 13, 2011

മേള നിയന്ത്രിക്കാന്‍ പൊലീസിറങ്ങി


സംഘാടനത്തിലെ പിഴവുമൂലം അലങ്കോലമായ രാജ്യാന്തരചലച്ചിത്രമേള നിയന്ത്രിക്കാന്‍ പൊലീസിറങ്ങി. പ്രതിഷേധിക്കുന്നവരെ ഗുണ്ടകളെ വച്ച് നേരിടുന്നതിനു പുറമെയാണ് മന്ത്രിയുടെ നിര്‍ദേശപ്രകാരം എല്ലാ തിയറ്ററിലും പൊലീസിനെ നിയോഗിച്ചത്. മേളയുടെ 16 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമാണ് പ്രദര്‍ശന വേദികളില്‍ ലാത്തിയും ഷീല്‍ഡുമായി പൊലീസ് സാന്നിധ്യം. മുഖ്യപ്രദര്‍ശനവേദിയായ കൈരളി തിയറ്ററില്‍ അമ്പതോളം പൊലീസുകാരെയാണ് വിന്യസിച്ചത്. മന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയാല്‍ പിടിക്കാന്‍ മഫ്തി പൊലീസും രഹസ്യപൊലീസും സജീവം. കൈരളിയില്‍ പുസ്തക പ്രദര്‍ശനത്തിനായി തയ്യാറാക്കിയ സ്റ്റാളുകള്‍ പൊലീസ് കൈയേറി. തിയറ്ററുകള്‍ക്ക് ഉള്ളിലും യൂണിഫോമില്‍ പൊലീസുകാരുണ്ട്. മേള പ്രതിഷേധത്തിന്റെ വേദിയായി പ്രതിനിധികള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കാനാണ് സംഘാടകരുടെ നീക്കം. ന്യൂ തിയറ്ററിലെ ഓപ്പണ്‍ഫോറം വേദിയും മുഴുവന്‍സമയം പൊലീസ് നിരീക്ഷണത്തിലാണ്.

രമ്യതിയറ്ററില്‍ സിനിമ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കെ പൊലീസുകാര്‍ പ്രതിനിധികളുടെ മുഖത്ത് ലൈറ്റ് അടിച്ചതും ബഹളത്തിനിടയാക്കി. പാസ് കാണിക്കാതെ ഉള്ളില്‍ കടന്നയാളെ പിടിക്കാനാണ് പ്രദര്‍ശനം നടക്കുമ്പോള്‍ ഇവര്‍ ടോര്‍ച്ചുമായി തിങ്ങിനിറഞ്ഞ തിയറ്ററിനുള്ളില്‍ പരിശോധന നടത്തിയത്. കാണികള്‍ ബഹളമുണ്ടാക്കിയതോടെ കൈയില്‍ കിട്ടിയെ യുവാവിനെ പിടികൂടി പൊലീസ് പുറത്തു കടന്നു. ആളുമാറിയന്ന് ബോധ്യപ്പെട്ടപ്പോള്‍ തടിതപ്പാനായിരുന്നു ശ്രമം. കാണികള്‍ കൂട്ടത്തോട ബഹളമുണ്ടാക്കിയപ്പോള്‍ പരാതിക്കാരെ വിരട്ടി പൊലീസ് മുങ്ങി. കേരളത്തിന്റെ മേളയില്‍ പങ്കെടുക്കാന്‍ സ്ഥിരമായി എത്താറുള്ള വിദേശികളെ പൊലീസ് സാന്നിധ്യം അത്ഭുതപ്പടുത്തി. മേളയ്ക്ക് തീവ്രവാദ ഭീഷണിയുണ്ടോ എന്ന് ഇവര്‍ കൈരളി തിയറ്ററിലെ സംഘാടക സമിതി ഓഫിസില്‍ വന്ന് അന്വേഷിച്ചു.

തെഹ്രിര്‍ , പ്രണയം, ഫുട്ബോള്‍ ...

മുല്ലപ്പൂവിപ്ലവത്തിന്റെ ആവേശമുള്‍ക്കൊണ്ടവര്‍ ഈജിപ്റ്റില്‍ ഹോസ്നി മുബാറക്കിനെ വീഴ്ത്തിയതിന്റെ ഉശിരന്‍ ചരിത്രവുമായ് തെഹ്രിര്‍ 2011, ഫുട്ബോള്‍ ആവേശം സിരകളില്‍ പടര്‍ത്തിയ വില്‍ , റണ്‍ ലോല റണ്‍ എന്ന ചിത്രത്തിലൂടെ ഒരിക്കല്‍ കേരളത്തിന്റെ മേളയെ ഇളക്കിമറിച്ച സംവിധായകന്‍ ടോം ടെയ്ക്കൂറിന്റെ ത്രികോണ പ്രണയചിത്രം ത്രി, ദാമ്പത്യത്തിന്റെ നേരും നുണയും ഇഴകീറിയ സെപ്പറേഷന്‍ ചലച്ചിത്രമേളയുടെ നാലാംദിനം ഓര്‍ത്തുവയ്ക്കാന്‍ സിനിമാപ്രേമികള്‍ക്ക് ഇവ മതി.

മൂന്ന് ദശകം അധികാരം അനുഭവിച്ച ഹോസ്നി മുബാറക്ക് നിലംപതിക്കുന്നതിന്റെ മൂന്ന് വീക്ഷണകോണുകള്‍ മൂന്ന് സംവിധായകരിലൂടെ തെഹ്രിര്‍ കാട്ടിത്തരുന്നു. വിപ്ലവത്തിന്റെ യഥാസമയദൃശ്യങ്ങള്‍ , പൊലീസിന്റെ ഇടപെടല്‍ , മുബാറക്കിന്റെ രാഷ്ട്രീയം എന്നിവ മൂന്ന് ഖണ്ഡങ്ങളായി അവതരിപ്പിക്കുന്നു. ആദ്യ പ്രദര്‍ശനത്തില്‍ത്തന്നെ കാണികളെ പിടിച്ചിരുത്തിയ ഇറാനിയന്‍ ചിത്രം സെപ്പറേഷന്‍ നിറഞ്ഞസദസ്സില്‍ വീണ്ടും പ്രദര്‍ശിപ്പിച്ചു. ചിത്രകാരനായ കൊച്ചുകുട്ടിയുടെ കഥയിലൂടെ എഴുപതുകളിലെ ചിലിയന്‍ രാഷ്ട്രീയത്തിലേക്ക് വെളിച്ചം വീശിയ പെയിന്റിങ് ലസണ്‍ രണ്ടാംപ്രദര്‍ശനത്തിലും തരംഗം സൃഷ്ടിച്ചു.

കിടപ്പറയിലേക്ക് നീളുന്ന ത്രികോണ പ്രണയത്തിന്റെ പ്രതിസന്ധിയാണ് സമകാലീന സിനിമയിലെ അതികായനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ടോം ടെയ്ക്കൂറിന്റെ ത്രീ പങ്കുവച്ചത്. പതിനൊന്നുകാരന്റെ ഫുട്ബോള്‍ പ്രണയത്തിന്റെ കഥ പറഞ്ഞ യുകെ ചിത്രം വില്‍ യുവ പ്രേക്ഷകരില്‍ ആവേശമുയര്‍ത്തി. ഫിപ്രസി വിഭാഗത്തില്‍ "ദി സെയില്‍സ്മാന്‍" ,"ദ മില്‍ക്ക് ഓഫ് സോറെ" എന്നിവ ശ്രദ്ധിക്കപ്പെട്ടു. വിഖ്യാത റഷ്യന്‍ സംവിധായകന്‍ സുക്രോവിന്റെ ഫൗസ്റ്റ് സാധാരണ പ്രേക്ഷകരുടെ നെറ്റി ചുളിപ്പിച്ചപ്പോള്‍ സിനിമാനിരൂപകരെ ഏറെ സ്വാധീനിച്ചു. മത്സരവിഭാഗത്തില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ഫ്യൂച്ചര്‍ ലാസ്റ്റ് ഫോര്‍ എവര്‍ കാര്യമായ പ്രതികരണമുണ്ടാക്കിയില്ല.

deshabhimani 131211

1 comment:

  1. സംഘാടനത്തിലെ പിഴവുമൂലം അലങ്കോലമായ രാജ്യാന്തരചലച്ചിത്രമേള നിയന്ത്രിക്കാന്‍ പൊലീസിറങ്ങി. പ്രതിഷേധിക്കുന്നവരെ ഗുണ്ടകളെ വച്ച് നേരിടുന്നതിനു പുറമെയാണ് മന്ത്രിയുടെ നിര്‍ദേശപ്രകാരം എല്ലാ തിയറ്ററിലും പൊലീസിനെ നിയോഗിച്ചത്. മേളയുടെ 16 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമാണ് പ്രദര്‍ശന വേദികളില്‍ ലാത്തിയും ഷീല്‍ഡുമായി പൊലീസ് സാന്നിധ്യം.

    ReplyDelete