ഇസ്രത് ജഹാനും മലയാളിയായ പ്രാണേഷ്കുമാറും ഉള്‍പ്പടെ നാലുപേരെ ഭീകരരെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് വീണ്ടും തിരിച്ചടി. 2004ല്‍ ഉണ്ടായ സംഭവം സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറാന്‍ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടു.
അന്വേഷണത്തില്‍ ഗുജറാത്ത് പൊലീസിനെ വിശ്വാസത്തിലെടുക്കാനാകില്ലെന്ന് ഹൈക്കോടതി വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞു. സംഭവത്തില്‍ ഗുജറാത്ത് പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തണം. ദേശീയ ഐക്യത്തിന് ഭീഷണിയായേക്കാവുന്ന പ്രത്യക കേസായി ഈ സംഭവം പരിഗണിക്കണം-കോടതി പറഞ്ഞു.
ഇസ്രത് ജഹാന്‍ അടക്കം നാലുപേരെയും വ്യാജ ഏറ്റുമുട്ടലിലൂടെയാണ് കൊലപ്പെടുത്തിയതെന്ന് പ്രത്യേക അന്വേഷകസംഘം ഏതാനും ദിവസംമുമ്പ് കോടതിമുമ്പാകെ വെളിപ്പെടുത്തിയിരുന്നു. കേസില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ജയന്ത് പട്ടേല്‍ , ജസ്റ്റിസ് അഭിലാഷ കുമാരി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പ്രത്യേക അന്വേഷകസംഘത്തോട് ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കകം പുതിയ എഫ്ഐആര്‍ ഫയല്‍ ചെയ്യാനും കേസിന്റെ വിശദാംശങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് കൈമാറാനുമാണ് ഉത്തരവ്.
മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാനെത്തിയ ലഷ്കര്‍ ഭീകരര്‍ എന്നാരോപിച്ചാണ് 2004 ജൂണ്‍ 15ന്, താനെയില്‍നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥിനിയായ ഇസ്രത് ജഹാന്‍ , മലയാളിയായ ജാവേദ് ഷെയ്ക്ക് എന്ന പ്രാണേഷ്കുമാര്‍ , അംജദ് അലി റാണ, സീഷണ്‍ ജോഹര്‍ എന്നിവരെ പൊലീസ് പോസ്റ്റില്‍ വെടിവച്ചുകൊന്നത്. ഇവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഗുജറാത്ത് ഭീകരവിരുദ്ധ പൊലീസ് സേനയുടെ ഭാഷ്യം. അന്വേഷണം ഗുജറാത്ത് പൊലീസ്, എന്‍ഐഎ, പ്രത്യേക അന്വേഷകസംഘം എന്നിവയിലേതെങ്കിലും ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കണമെന്ന ആവശ്യം കോടതി തള്ളി. ഈ കേസ് സിബിഐക്ക് കൈമാറണമെന്ന ഉത്തരവിന് കാരണമായി നിരവധി വസ്തുതകള്‍ സിബിഐ എടുത്തുകാട്ടി. അന്വേഷണം സംസ്ഥാന പൊലീസിനെ ഏല്‍പ്പിക്കാതിരിക്കാനുള്ള 12 കാരണങ്ങളും കോടതി ചൂണ്ടിക്കാട്ടി.
സിഡികള്‍ ഹാജരാക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍വിളികളുടെ വിശദാംശം ഉള്‍ക്കൊള്ളുന്ന സിഡി സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസന്വേഷണത്തില്‍ നിര്‍ണായകമായ സിഡികള്‍ സിബിഐക്ക് കൈമാറാതിരുന്ന ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയെ സുപ്രീംകോടതി വിമര്‍ശിച്ചു. അടുത്ത ബുധനാഴ്ചയ്ക്കകം സിഡികള്‍ സിബിഐക്ക് കൈമാറണമെന്ന് ജസ്റ്റിസുമാരായ അഫ്താബ് അലം, രഞ്ജന ദേശായിയും നിര്‍ദേശിച്ചു. സിഡി കൈമാറാതിരുന്ന സര്‍ക്കാര്‍ നടപടി ഖേദകരമാണെന്നും ഇതൊരു ഗുരുതരമായ വിഷയമാണെന്നും രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു.
സൊറാബുദ്ദീന്‍ കേസ് സിബിഐക്ക് വിട്ട ജഡ്ജിയുടെ നടപടിയെ ചോദ്യംചെയ്ത മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ, അദേഹത്തിന്റെ അഭിഭാഷകനായ രാംജെത്മലാനി എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യനടപടി ആരംഭിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് തരുണ്‍ ചാറ്റര്‍ജിക്കെതിരെയാണ് അമിത് ഷാ ആരോപണമുയര്‍ത്തിയത്. കോടതിയലക്ഷ്യനടപടി എടുക്കണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിര ജെയ്സിങ്ങാണ് ആവശ്യപ്പെട്ടത്.
deshabhimani 021211
ഇസ്രത് ജഹാനും മലയാളിയായ പ്രാണേഷ്കുമാറും ഉള്‍പ്പടെ നാലുപേരെ ഭീകരരെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് വീണ്ടും തിരിച്ചടി. 2004ല്‍ ഉണ്ടായ സംഭവം സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറാന്‍ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടു.
ReplyDelete